Friday, 10 January 2014

സ്വവര്‍ഗരതി: നിയമയുദ്ധവും ചതിക്കുഴികളും


3
"സ്വവര്‍ഗരതി കുറ്റകരമാണെന്ന് പ്രസ്താവിക്കുന്ന ഇന്ത്യന്‍
ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന
വ്യക്തിസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും എതിരാണെന്ന വാദം
ശരിയല്ലെന്നും പ്രസ്തുത വകുപ്പ് ഭരണഘടനാപരം തന്നെയാണെന്നും
സ്വവര്‍ഗലൈംഗികതയെ കുറ്റകൃത്യമായി കാണാതിരിക്കണമെങ്കില്‍ പാര്‍ലമെന്റ്
പ്രത്യേകമായ നിയമനിര്‍മാണം നടത്തേണ്ടി വരുമെന്നുള്ള സുപ്രീംകോടതിയുടെ
പരാമര്‍ശം സൃഷ്ടിച്ച കോലാഹലങ്ങള്‍ തുടരുകയാണ്. ജസ്റ്റിസ് ജി.എസ്.
സിങ്ങ്‌വി, എസ്.ജെ ഉപാധ്യായ എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്
2013 ഡിസംബര്‍ 11ന് പുറപ്പെടുവിച്ച വിധിന്യായത്തിന്റെ മഷി
ഉണങ്ങുന്നതിനുമുമ്പുതന്നെ, ഏതാനും മണിക്കൂറുകള്‍ക്കകം ഈ വിധിയെ
നയതന്ത്രപരമായി വിമര്‍ശിക്കുകയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍
സംരക്ഷിക്കുവാന്‍ അംഗരാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന്
പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി
മൂണിന്റെ പ്രസ്താവന പി.ടി.ഐ പുറത്തുവിടുകയുണ്ടായി.(1) പിന്നീട്
വിമര്‍ശനങ്ങളുടെ പ്രവാഹമായിരുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ഖാന്‍,
ജോണ്‍ അബ്രഹാം, സംവിധായകരായ ഒനിര്‍, മധുര്‍ ഭണ്ടാര്‍ക്കര്‍ എന്നിവര്‍
സുപ്രീംകോടതി വിധിയെ വിശേഷിപ്പിച്ചത് ദിനോസര്‍ കാലത്തേക്ക് ജനങ്ങളെ
പിന്‍തള്ളുന്നത് എന്നാണ്.(2) ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള
ശക്തമായ സമ്മര്‍ദങ്ങള്‍ ഇവ്വിഷയകമായി
ഇന്ത്യനേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ പ്രതികരണങ്ങള്‍
വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കണം, ഈ വിഷയകമായി
സര്‍ക്കാര്‍ അതിന്റെ പരമാധികാരമുപയോഗിക്കേണ്ടതുണ്ടെന്നും പാര്‍ലമെന്റ്
ഗൗരവതരമായി വിഷയത്തെ പഠനവിധേയമാക്കണമെന്നും നിയമമന്ത്രി കപില്‍ സിബല്‍
പ്രസ്താവിച്ചത്.(3) സ്വവര്‍ഗ ലൈംഗികതയെ പ്രകൃതിപരവും സ്വാഭാവികവുമായി
കാണുകയും അത് അനുവദിക്കാതിരിക്കുന്നത് മനുഷ്യാവകാശ ധ്വംസനമായി
മനസ്സിലാക്കുകയും ചെയ്യണമെന്ന് ലോകത്തെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരിക്കുന്
മനുഷ്യാവകാശമുഖംമൂടിയിട്ട സ്വതന്ത്രലൈംഗികതയുടെ വക്താക്കള്‍
സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റിനുമുമ്പില്‍
പിടിച്ചുനില്‍ക്കുവാന്‍ എത്രകാലം ഇന്ത്യക്ക് കഴിയുമെന്ന് കണ്ടറിയുകതന്നെ
വേണം. ലൈംഗിക ന്യൂനപക്ഷങ്ങളെ മുന്നില്‍ നിര്‍ത്തി ഏതുതരത്തിലുമുള്ള രതി
ഏതു സമയത്തും ആസ്വദിക്കുവാനാവുന്ന സ്ഥലങ്ങളിലൊന്നാക്കി ഇന്ത്യയെയും
മാറ്റാന്‍വേണ്ടിയുള്ള രാഷ്ട്രീയയുദ്ധം എത്രത്തോളം ശക്തമാണെന്ന്
ഇക്കാര്യത്തിനുവേണ്ടി നിയമയുദ്ധം നടത്തുന്നവരുടെ വേരും വരവും
പരിശോധിച്ചാല്‍ മനസ്സിലാകും. ഐക്യരാഷ്ട്രസഭയടക്കം സ്വവര്‍ഗലൈംഗികതയുടെ
അംഗീകാരത്തിനുവേണ്ടി ശബ്ദിക്കുന്നവരോടൊപ്പമാണെന്ന വസ്തുത ഏറെക്കാലം
ഇന്ത്യക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ലെന്നുതന്നെയാണ്
വ്യക്തമാക്കുന്നത്. സ്വവര്‍ഗലൈംഗികതയുടെ രാഷ്ട്രീയം മനസ്സിലാക്കാന്‍
കഴിവുള്ള ദിശാബോധമുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ
നട്ടെല്ലുനിവര്‍ത്തി നിന്ന് ഞങ്ങളുടെ രാജ്യത്തിന് ഇതുവേണ്ടായെന്ന്
പറയാനാകൂ.
സ്വവര്‍ഗലൈംഗികതയെ കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ
16ാം അധ്യായം 377ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക്
നല്‍കിയിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരാണെന്ന ഡല്‍ഹി ഹൈകോടതി
വിധിക്കെതിരെ അന്തരിച്ച മുന്‍ പാര്‍ലമെന്റ് അംഗം ബി.പി സിംഗാള്‍,
ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്ണൂര്‍, സമാജിക് ഏകതാ പാര്‍ട്ടി, ഓള്‍
ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ട്രസ്റ്റ് ഗോഡ് മിഷനറീസ്,
അപ്പോസ്തലിക് ചര്‍ച്ച് അലയന്‍സ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ്
സുപ്രീംകോടതിയുടെ പുതിയ വിധിയുണ്ടായിരിക്കുന്നത്. 2009 ജൂലൈ 2ന് ഡല്‍ഹി
ഹൈകോടതി ചീഫ് ജസ്റ്റിസ് അജിത്ത് പ്രകാശ് ഷായും ജസ്റ്റിസ് എസ്. മുരളീധരനും
കൂടി പുറപ്പെടുവിച്ച സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ വിധി വലിയൊരു
ചരിത്രസൃഷ്ടിയായി കൊണ്ടാടിയിരുന്ന സ്വതന്ത്രചിന്തകരുടെ വേഷമിട്ട
ഉദാരലൈംഗികതയുടെ വക്താക്കള്‍ ആ വിധി വന്നയുടനെ തയ്യാറാക്കിയ ഒരു ബ്ലോഗ്
പോസ്റ്റിംഗിന്റെ തലക്കെട്ട് ”ഇന്ന് ചരിത്രം
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (History is created today)(4)
എന്നായിരുന്നു. പ്രസ്തുത വിധിയിലേക്ക് നയിച്ച കാര്യങ്ങളെയും അതിനുവേണ്ടി
ശ്രമിച്ച നാസ് ഫൗണ്ടേഷനെയും ശരിയായി  മനസ്സിലാക്കുമ്പോഴാണ് ഈ
‘ചരിത്രസൃഷ്ടി’ എത്രത്തോളം മാരകമാണെന്ന് നമുക്ക് അറിയാന്‍ കഴിയുക.
1861 മുതല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുകയും
സ്വാതന്ത്ര്യം ലഭിച്ച ശേഷം അറുപത്തിരണ്ട് ആണ്ടുകള്‍ നിരാക്ഷേപം
നിലനില്‍ക്കുകയും ചെയ്ത ഒരു ശിക്ഷാനിയമം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന
പൗരാവകാശങ്ങളെ കുറിക്കുന്ന 21, 14, 15 വകുപ്പുകള്‍ക്ക് എതിരാണെന്ന രണ്ട്
ന്യായാധിപന്മാരുടെ 2009ലെ കണ്ടെത്തല്‍ പുതിയൊരു ചരിത്രത്തെ സൃഷ്ടിക്കുക
തന്നെയാണ് ചെയ്തത്്. പക്ഷേ പ്രസ്തുത ചരിത്രസൃഷ്ടി നാടിനും
നാട്ടുകാര്‍ക്കും എത്രത്തോളം ഗുണദായകമായിരിക്കുമെന്ന് വസ്തുനിഷ്ഠമായി
പരിശോധിക്കുവാന്‍ വിധി പുറപ്പെടുവിച്ചവര്‍ വേണ്ടത്ര അവധാനത
കാണിച്ചിട്ടില്ലെന്ന ാണ് പ്രസ്തുത വിധിന്യായം(5) സൂക്ഷ്മമായി
പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുക. ഐപിസി 377ാം ഭാഗം
ഉരുത്തിരിഞ്ഞുവന്ന സാഹചര്യത്തേയും ചരിത്രത്തേയും അത് രൂപപ്പെടുത്തിയ
മെക്കോളാ പ്രഭുവിന്റെ നാട് ഇന്ന് സ്വവര്‍ഗരതിയോടു പുലര്‍ത്തുന്ന
സമീപനത്തേയും സ്വവര്‍ഗരതീവിരുദ്ധ നിയമങ്ങളുടെ ചരിത്രത്തേയും അവയുടെ
പരിണാമത്തേയുമെല്ലാം കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ചുകൊണ്ടുള്ള
വിധിന്യായത്തില്‍, ഇതേ പാത പിന്തുടര്‍ന്ന രാജ്യങ്ങളിലുണ്ടായ
ധാര്‍മിക-നൈതിക-മാനവിക പ്രശ്‌നങ്ങളെ കുറിച്ചോ അവിടങ്ങളിലെ
സാമൂഹികശാസ്ത്രജ്ഞന്മാരുടെ ഇവ്വിഷയകമായ എതിരഭിപ്രായങ്ങളെപ്പറ്റിയോ
പരാമര്‍ശിക്കുന്നേയില്ല. അവകൂടി പരമാര്‍ശിക്കപ്പെട്ടിരുന്നുവെങ്കില്‍
സ്വവര്‍ഗരതി അനുവദിക്കുന്ന നിയമനിര്‍മാണം വഴി ഉണ്ടാകാന്‍ പോകുന്ന
ചരിത്രസൃഷ്ടി എത്രത്തോളം ഭീകരമായിരിക്കുമെന്ന് പ്രസ്തുത വിധിന്യായം വഴി
തന്നെ വ്യക്തമാകുമായിരുന്നു.
”സ്വകാര്യമായി ഉഭയകക്ഷി സമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ നടത്തുന്ന
ലൈംഗികവേഴ്ചകളെ കുറ്റകരമായി കാണുന്ന ഐപിസി 377ാം ഭാഗം ഭരണഘടനയുടെ
21,14,15 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന് ഞങ്ങള്‍
പ്രഖ്യാപിക്കുന്നു”വെന്നു പറഞ്ഞുകൊണ്ടാണ് അന്നത്തെ വിധിപ്രസ്താവനയിലെ
അവസാനത്തെ ഖണ്ഡിക ആരംഭിക്കുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമല്ലാത്ത
ലിംഗ-യോനീബാഹ്യസുരതങ്ങള്‍ക്കും പ്രായപൂര്‍ത്തിയാവാത്തവര്‍
ഉള്‍ക്കൊള്ളുന്ന ലിംഗ-യോനീബാഹ്യസുരതങ്ങള്‍ക്കും ഐപിസി 377ാം വകുപ്പ്
തുടര്‍ന്നും പ്രയോഗക്ഷമമായിരിക്കുമെന്നും, പ്രായപൂര്‍ത്തിയായവര്‍
എന്നതുകൊണ്ടുള്ള വിവക്ഷ പതിനെട്ടു വയസ്സു തികഞ്ഞവരാണെന്നും കൂടി ഈ 132ാം
ഖണ്ഡികയില്‍ തുടര്‍ന്നു പ്രസ്താവിക്കുന്നുണ്ട്. എയിഡ്‌സ്
ബാധിതര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ചികില്‍സിക്കാനും
പുനരധിവസിപ്പിക്കാനുമെല്ലാം ഐപിസി 377ാം വകുപ്പ് പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് ഡല്‍ഹി ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ് നല്‍കിയ
പരാതിയിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ചു കൊണ്ടുള്ളതാണ് കോടതിവിധി.
ജനാധിപത്യാവകാശങ്ങള്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നതിനായി തങ്ങള്‍ 2001
മുതല്‍ നടത്തിവരുന്ന നിയമപോരാട്ടത്തിന്റെ വിജയമാണ് ഈ കോടതിവിധി എന്ന്
നാസ് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. ലോയേഴ്‌സ് കളക്ടീവ്, ഹ്യൂമന്‍
റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍
ഗേ ആന്റ് ലെസ്ബിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ എന്നീ മനുഷ്യാവകാശ
പ്രസ്ഥാനങ്ങളുടെ സഹായസഹകരണങ്ങളോടെയാണ് തങ്ങള്‍ ഈ നിയമയുദ്ധം
നടത്തിയെതെന്നും, ലൈംഗികാവകാശങ്ങളുടെ നിഷേധത്തിനെതിരെ ഇവരെയെല്ലാം
ഒന്നിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും നാസ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ്
വ്യക്തമാക്കുന്നു.(6)
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം സെക്ഷന്‍
എടുത്തുമാറ്റുന്നതിനുവേണ്ടിയുള്ള  പോരാട്ടം യഥാര്‍ഥത്തില്‍
എന്തിനുവേണ്ടിയുള്ളതായിരുന്നു? പുരുഷന്മാരുമായി
ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരുടെ (MSM- Male Sex with Male)
ലൈംഗികാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നുവെന്നാണ് പോരാട്ടത്തിനു
നേതൃത്വം നല്‍കിയവര്‍ക്ക് പറയാനുള്ള ഒന്നാമത്തെ കാര്യം.
സ്വവര്‍ഗാനുരാഗികള്‍ ഈ ക്രിമിനല്‍ നിയമത്തിന്റെ പേരില്‍
പീഡിപ്പിക്കപ്പെടുന്നുവെന്നാണ് വാദം. ഈ വാദത്തില്‍ എന്തുമാത്രം
കഴമ്പുണ്ടെന്ന് പരിശോധിക്കുവാന്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍
എത്രത്തോളം പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ മതി.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ സ്വവര്‍ഗരതിയിലേര്‍പ്പെട്ടുവെന്
പേരില്‍ ഒരാള്‍പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്
സ്വവര്‍ഗാനുരാഗികളുടെ അവകാശസംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന
വിക്കിപീഡിയ ലേഖനം(7) തന്നെ വ്യക്തമാക്കുന്നത്. സ്വവര്‍ഗരതി
കുറ്റകരമാണെന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ‘ഹ്യൂമന്‍
റൈറ്റ്‌സ് വാച്ച്’ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് 2006
ജനുവരി 10ന് അയച്ച കത്തില്‍(8) ഈ വകുപ്പുമൂലം പീഡിപ്പിക്കപ്പെട്ട രണ്ട്
സംഭവങ്ങളാണ് എടുത്തുപറഞ്ഞിട്ടുള്ളത്. 2006 ജനുവരി 4ന് നാലുപേരെ
അറസ്റ്റുചെയ്ത ലക്‌നൗ പോലീസിന്റെ നടപടിയാണ് ഇതില്‍ ഒന്നാമത്തേത്. 2001
ജൂലൈ മാസത്തില്‍ എയിഡ്‌സ് രോഗികള്‍ക്കിടയില്‍ സേവനം
നടത്തിക്കൊണ്ടിരിക്കുന്ന നാസ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണലിന്റേയും ബറോഡ
ട്രസ്റ്റിന്റേയും നാലു പ്രവര്‍ത്തകരെ 47 ദിവസം ജയിലില്‍ പാര്‍പ്പിച്ച
സംഭവമാണ് രണ്ടാമത്തേത്. ഈ രണ്ടു സംഭവങ്ങളെ കുറിച്ചും ഹ്യൂമണ്‍ റൈറ്റ്‌സ്
വാച്ചിന്റെ ‘ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ആന്റ്ട്രാന്‍സ്‌ജെന്‍ഡര്‍
റൈറ്റ്‌സ് പ്രോഗ്രാം’ ഡയരക്ടര്‍ സ്‌കോട്ട് ലോംഗ് എഴുതിയത് അപ്പടി
മുഖവിലക്കെടുത്താല്‍ പോലും സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍
കാര്യമായ നിയമനടപടികളൊന്നും നടക്കുന്നില്ലെന്ന വസ്തുതയല്ലാതെ മറ്റൊന്നും
തന്നെ ഈ കത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ല. സ്‌കോട്ട് ലോംഗ്
എഴുതിയത് പ്രകാരം 2001നും 2006നുമിടക്ക് ഇന്ത്യയില്‍ ഐപിസി 377ാം വകുപ്പ്
പ്രയോഗിക്കപ്പെട്ടത് രണ്ടേ രണ്ട് തവണ മാത്രമാണ്. അതാകട്ടെ
സ്വവര്‍ഗരതിക്കാരെ പീഡിപ്പിക്കുവാന്‍ വേണ്ടിയല്ല; പ്രത്യുത
അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ
പ്രയാസപ്പെടുത്തുവാന്‍ വേണ്ടിയാണ് താനും. കൃത്യമായി രേഖപ്പെടുത്തപ്പെട്ട
നിയമങ്ങള്‍ക്ക് തികച്ചും വിരുദ്ധമായി നിയമകൂടവും നിയമപാലകന്മാരും
പ്രവര്‍ത്തിക്കുന്നത് നിത്യസംഭവമായിത്തീരുന്ന ഭാരതത്തില്‍
അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന രണ്ടു സംഭവങ്ങള്‍ തെളിവാക്കിയെടുത്ത്
സ്വവര്‍ഗാനുരാഗികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നത് എന്തുമാത്രം
വലിയ പാതകമല്ല!
അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ 377ാം വകുപ്പ് വഴി പീഡിപ്പിക്കപ്പെട്ടുവെന്ന്
പറയുന്ന രണ്ട് സംഭവങ്ങളെടുത്ത് പരിശോധിക്കുക. www.guys4men.com എന്ന
വെബ്‌സൈറ്റിലേക്ക് ആണുങ്ങളെ ആകര്‍ഷിക്കുകയും കൗമാരപ്രായത്തിലുള്ളവരെ
പ്രലോഭിപ്പിക്കുകയും പുരുഷന്മാരെ സ്വവര്‍ഗരതിക്ക് പ്രേരിപ്പിക്കുകയും
ചെയ്തുവെന്നതാണ് 2006 ജനുവരി നാലിന് അറസ്റ്റുചെയ്യപ്പെട്ട നാല്
പേര്‍ക്കെതിരെ പോലീസ് ചുമത്തിയ കുറ്റം. ഇവരാരും തന്നെ
മനുഷ്യാവകാശപ്രവര്‍ത്തകരോ എയിഡ്‌സിനെതിരെ ബോധവല്‍ക്കരണത്തിന്
ശ്രമിക്കുന്നവരോ അല്ല; അങ്ങിനെയാണെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ
സ്‌കോട്ട് ലോംഗ് പോലും അവകാശപ്പെടുന്നുമില്ല. എന്നിട്ടും അറസ്റ്റുചെയ്ത്
ഒരാഴ്ച കഴിയുന്നതിനുമുമ്പു തന്നെ അവര്‍ നിരപരാധികളാണെന്ന്
പ്രഖ്യാപിക്കുവാനും അവരെ വിട്ടയക്കാതിരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനും
സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍
നടത്തുന്നവരെന്നവകാശപ്പെടുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് കഴിയുന്നതെന്തുകൊണ്ടാണ്?
ഒറ്റപ്പെട്ട പ്രസ്തുത സംഭവത്തിന്റെ പേരില്‍ ഒന്നരനൂറ്റാണ്ടിലധികം കാലം
ഇന്ത്യയില്‍ നിലനിന്ന ഒരു നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടാന്
കാരണമെന്താണ്? ഐപിസി 377ാം വകുപ്പ് നീക്കം ചെയ്യപ്പെട്ടാല്‍
സ്വവര്‍ഗരതിക്കുവേണ്ടി പ്രലോഭിപ്പിക്കുകയും അതിന് ആണുങ്ങളേയും
പെണ്ണുങ്ങളേയും പ്രേരിപ്പിക്കുകയും അങ്ങനെയുള്ളവരെ കൂട്ടിയിണക്കാന്‍
അന്താരാഷ്ട്ര വലകളുണ്ടാക്കുകയും ചെയ്യുന്നവരെ നിയമനടപടികള്‍ക്ക്
വിധേയമാക്കുവാന്‍ ഇന്ത്യയില്‍ കഴിയുകയില്ലെന്നാണോ? അങ്ങനെയാണെങ്കില്‍
ഐ.പി.സി 377ാം വകുപ്പ് നീക്കം ചെയ്യപ്പെട്ടാല്‍ ഇന്ത്യയിലെ കൗമാരക്കാരുടെ
അവസ്ഥയെന്തായിരിക്കും? അവരെ ചിറകിനുള്ളിലാക്കി സംരക്ഷിക്കേണ്ട
ഗതിയായിത്തീരുമോ ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ക്ക്?
2001 ജൂലൈ മാസത്തില്‍ നടന്നുവെന്ന് പറയുന്ന അറസ്റ്റും ഇതേപോലുള്ള
നിരവധിചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരോടൊപ്പം
നാസ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ഡയറക്ടറായ ആരിഫ്
ജാഫറുമുണ്ടായിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍
പ്രവര്‍ത്തിക്കേണ്ടതെങ്ങിനെയാണെന്ന് പരിശീലിപ്പിക്കുന്നതിനിടയിലാണ്
തന്നെയും സഹപ്രവര്‍ത്തകരേയും പോലീസ് പിടിച്ചെതെന്നാണ് ആരിഫ് ജാഫര്‍
പറയുന്നത്.(9) ക്രിമിനല്‍ ഗൂഡാലോചന, സ്വവര്‍ഗാനുരാഗികളെ
പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍
ചെയ്തുകൊടുക്കുകയും ചെയ്യുക, പുരുഷസ്വവര്‍ഗാനുരാഗികളുടെ ഒരു റാക്കറ്റ്
നടത്തുക, അശ്ലീലപുസ്തകങ്ങള്‍ കൈവശം വെച്ച് വിതരണവും വില്‍പനയും നടത്തുക
തുടങ്ങിയവയായിരുന്നു ആരിഫ് ജാഫറിനും നാല്
സഹപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കുറ്റപത്രം.(10) ഐപിസി 377ാം വകുപ്പ്
പ്രകാരമാണ് ഈ കേസും റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അതിനാല്‍ പ്രസ്തുത
വകുപ്പ് തന്നെ എടുത്തുകളയണമെന്നും വാദിക്കുന്നവര്‍ ഉത്തരം നല്‍കേണ്ട
നിരവധി ചോദ്യങ്ങളുണ്ട്. അതു നല്‍കാതെ ചോദ്യങ്ങള്‍ക്കു നേരെ മുഖം
ചുളിച്ചതു കൊണ്ടു കാര്യമില്ല. ഐപിസി 377ാം വകുപ്പ് എടുത്ത്
മാറ്റിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും സ്വവര്‍ഗാനുരാഗികളെ
പ്രോല്‍സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്ക്
രമിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യാന്‍ പറ്റുന്ന
അവസ്ഥ സംജാതമാവുമോ? സ്വവര്‍ഗാനുരാഗികളെ സംഘടിപ്പിച്ച് പരസ്പരം കൈമാറുകയും
ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന റാക്കറ്റ് നടത്താന്‍
ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടാവുന്ന അവസ്ഥയുണ്ടാവുമോ? എയ്ഡ്‌സ്
വ്യാപനത്തിനെതിരെയുള്ള ബോധവല്‍ക്കരണം എന്ന പേരില്‍
സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ ആഭാസകരമായ ചിത്രങ്ങളും പരാമര്‍ശങ്ങളും
പ്രലോഭനങ്ങളും അടങ്ങുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും വില്‍ക്കുകയും
ചെയ്യാനുമുള്ള അവകാശം എല്ലാവര്‍ക്കും ലഭ്യമാകുമോ? അങ്ങനെയാണെങ്കില്‍
ഐപിസി 377ാം വകുപ്പ് നീക്കം ചെയ്യുന്നതിലൂടെ ചരിത്രം മാത്രമല്ല
സൃഷ്ടിക്കപ്പെടുക; പ്രത്യുത കുറ്റവാളികളേയും മനോരോഗികളേയും പരസ്പരം
തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥ കൂടിയായിരിക്കും.
നടേ പറഞ്ഞവയൊന്നും എയിഡ്‌സ് രോഗികളെ പുനരധിവസിപ്പിക്കുവാന്‍ വേണ്ടി
ശ്രമിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ ചെയ്തതല്ലെന്നും കഥകളെല്ലാം
പോലീസ് കെട്ടിച്ചമച്ചതാണെന്നും വാദിക്കാവുന്നതാണ്. ഈ വാദം ഐപിസി 377ാം
വകുപ്പ് എടുത്തുകളയേണ്ടതാണെന്ന വാദത്തിന്റെ നട്ടെല്ലൊടിക്കുവാന്‍
പോന്നതാണെന്നാണ് സത്യം. ഈ വകുപ്പ് എടുത്ത് കളഞ്ഞാലും
സ്വവര്‍ഗരതിക്കുവേണ്ടി പ്രലോഭിപ്പിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും
പരിശീലിപ്പിക്കുന്നതും അവരുടെ കൂട്ടായ്മകളുണ്ടാക്കി കൂട്ടിെക്കാടുപ്പ്
നടത്തുന്നതും കുറ്റകരമായി തുടരുമെന്നാണെങ്കില്‍ പ്രസ്തുത നിയമത്തിന്റെ
മറവില്‍ എയിഡ്‌സ് ബോധവല്‍ക്കരണം നടത്തുന്ന സാമൂഹികസംഘങ്ങള്‍
പീഡിപ്പിക്കപ്പെടുകയില്ലെന്ന് എന്താണ് ഉറപ്പ്? അത്തരം നിയമങ്ങളോ
നിയന്ത്രണങ്ങളോ ഇല്ലാതെ സ്വവര്‍ഗാനുരാഗികളുടെ ‘അവകാശ’സംരക്ഷണം മാത്രം
രാഷ്ട്രബാധ്യതയായിക്കണ്ട് മുന്നോട്ടുപോകുവാനാണ് നിയമകൂടവും ഭരണകൂടവും
ധൃഷ്ടമാവുന്നതെങ്കില്‍ സമൂഹത്തിലുണ്ടാവുക ഭീതിദമായ
അരാജകത്വമാവുമെന്നതില്‍ സംശയമില്ല. എച്ച് ഐ വി ബാധിതരെ
പുനരധിവസിപ്പിക്കുവാന്‍ ശ്രമിക്കുന്ന സന്നദ്ധസംഘടനകളുടെ സൗകര്യവും
പ്രവര്‍ത്തനസ്വാതന്ത്ര്യവുമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ അതിന്
ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് നീക്കം ചെയ്യുകയല്ല; അവര്‍ക്ക്
പ്രവര്‍ത്തനസൗകര്യവും സ്വാതന്ത്ര്യവും ലഭിക്കുവാന്‍ തക്ക നിയമനിര്‍മാണം
നടത്തുകയാണ് ചെയ്യേണ്ടത്. സന്നദ്ധസേവനത്തിന്റെ പേരില്‍ സ്വവര്‍ഗാനുരാഗവും
പ്രകൃതിവിരുദ്ധ ലൈംഗികതയും വിവാഹേതരരതിയും പ്രചരിപ്പിക്കുകയും
പ്രോല്‍സാഹിപ്പിക്കുകയും അതിന്റെയെല്ലാം ഗുണഭോക്താക്കളാവുകയുമാണ്
ലക്ഷ്യമെങ്കില്‍ അതിന് 377ാം വകുപ്പിന്റെ നിഷ്‌കാസനത്തില്‍ കുറഞ്ഞ
മാര്‍ഗമൊന്നുമില്ല താനും!
”പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ആരെങ്കിലും ബോധപൂര്‍വവും
ശാരീരികവുമായ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍
അയാളെ ജീവപര്യന്തം തടവിനോ പത്തുവര്‍ഷം വരെയുള്ള തടവിനും പിഴക്കുംകൂടിയോ
ശിക്ഷിക്കാവുന്നതാണ്” എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പതിനാറാം
അധ്യായത്തിലെ 377ാം ഭാഗം പറയുന്നത്. ലിംഗപ്രവേശം മാത്രമാണെങ്കിലും ഈ
വകുപ്പിലെ ശിക്ഷക്ക് പാത്രമാവുന്നതാണെന്ന വിശദീകരണവുമുണ്ട്. ഈ
നിയമപ്രകാരം സ്വവര്‍ഗരതി നടത്തുകയോ, മൃഗഭോഗത്തിലേര്‍പ്പെടുകയോ ചെയ്ത
ഒരാള്‍പോലും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക്
ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന വസ്തുത നാം മനസ്സിലാക്കി. ഇതിനര്‍ഥം ഇവിടെ
സ്വവര്‍ഗരതി നടക്കുന്നില്ലെന്നല്ല; അത് സമൂഹത്തില്‍
നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഒരിക്കല്‍ പോലും
ശിക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രം. ഇന്ത്യയിലെ
മനുഷ്യാവകാശധ്വംസനത്തിന്റെ ഒന്നാം നമ്പര്‍ ഉദാഹരണമാണ് ഐ പി സി 377ാം
വകുപ്പിന്റെ നിലനില്‍പ്പെന്ന് സ്ഥാപിക്കുന്നതിനായി, 2002 ജൂലൈ മാസത്തില്‍
‘ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്’ പുറത്തിറക്കിയ ‘ഇന്‍ഡ്യ-എപിഡെമിക് ഓഫ്
അബ്യൂസ്: പൊലീസ് ഹരാസ്‌മെന്റ് ഓഫ് എച്ച് ഐ വി/എയിഡ്‌സ് ഔട്ട്‌റീച്ച്
വര്‍ക്കേഴ്‌സ് ഇന്‍ ഇന്‍ഡ്യ’(11)യെന്ന 33 പുറമുള്ള വിശദമായ രേഖയില്‍
സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതിന് രണ്ടുപുരുഷന്മാരോ സ്ത്രീകളോ
ശിക്ഷിക്കപ്പെട്ട ഒരു സംഭവം പോലും എടുത്തുദ്ധരിക്കുന്നില്ല;
സ്വവര്‍ഗരതിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ കള്‍ക്ക്
നേരിടേണ്ടിവന്നിട്ടുള്ള പ്രയാസങ്ങളാണ് പ്രസ്തുത രേഖയുടെ ഉള്ളടക്കം.
പ്രസ്തുത പ്രയാസങ്ങള്‍ നീക്കുവാന്‍ ഐ പി സി 377ാം വകുപ്പ് നീക്കം
ചെയ്യുകയാണ് വേണ്ടതെന്ന ഉപസംഹാരത്തിലാണ് ഈ രേഖ എത്തിപ്പെടുന്നത് എന്ന
കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
‘എന്‍ ജി ഒ കളും ഐ പി സി 377ാം വകുപ്പും തമ്മിലെന്ത്?’ എന്ന ഗൗരവതരമായ
ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്. സൈനികനടപടികളിലൂടെ രാഷ്ട്രീയമായ
അധീശത്വത്തിനും, ഐ എം എഫിനേയും ലോകബാങ്കിനേയും പോലെയുള്ള ഫണ്ടിംഗ്
ഏജന്‍സികളിലൂടെ സാമ്പത്തിക മേല്‍ക്കോയ്മക്കും പരിശ്രമിക്കുന്നതുപോലെ
സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകളിലൂടെ (Non-governmental
Organizations-NGO) സാമ്രാജ്യത്വം പരിശ്രമിക്കുന്നത് സാംസ്‌കാരികമായ
അധീശത്വത്തിനാണെന്ന വസ്തുത ഇത്തരം സംഘടനകളെ സൂക്ഷ്മമായ നിരീക്ഷണത്തിന്
വിധേയമാക്കിയാല്‍ ബോധ്യപ്പെടും. പ്രകൃതിവാദവും മനുഷ്യാവകാശവും
പുനരധിവാസവും സന്നദ്ധസേവനവുമെല്ലാം മുഖമുദ്രയാക്കി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഒകളില്‍ മിക്കതും
പാശ്ചാത്യസംസ്‌കാരം ജനങ്ങളറിയാതെ മൂന്നാംലോകത്തിലുള്ളവരുടെ
രക്തത്തിലേക്ക് കുത്തിക്കയറ്റിക്കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ
രാഷ്ട്രീയമായ അധീശത്വത്തിന്റേയും സാമ്പത്തികമേല്‍ക്കോയ്മയുടേയും
ദുരിതങ്ങളനുഭവിക്കുന്നവര്‍ക്കിടയിലേക്ക് സാമ്രാജ്യത്വവിരുദ്ധ അജണ്ട എന്ന
മുഖംമൂടിയിട്ടുകൊണ്ടാണ് എന്‍ ജി ഒ കള്‍ കടന്നുവരിക. മൂന്നാംലോകത്തിലെ
തെരുവോരങ്ങളില്‍ മാത്രം നടക്കുന്ന സാമ്രാജ്യത്വവിരുദ്ധസമരങ്ങളെക്കൊണ്ട്
അധികാരത്തിനോ അധീശത്വത്തിനോ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന്
കൃത്യമായി അറിയുന്നവരാണ് എന്‍ ജി ഓകളെ തീറ്റിപ്പോറ്റുന്നവര്‍.
സാമ്രാജ്യത്വാധീശത്വത്തിന്റെ ദുരിതങ്ങള്‍ പേറുന്നവര്‍ക്കിടയില്‍ എളുപ്പം
കടന്നുകയറാന്‍ കഴിയുന്ന ‘സാമ്രാജ്യത്വവിരുദ്ധ’ അജണ്ടകളുമായി തുടങ്ങുന്ന
എന്‍ ജി ഓകള്‍ അടിസ്ഥാനവര്‍ഗങ്ങളുടെ മസ്തിഷ്‌കത്തിലും മജ്ജയിലും
പാശ്ചാത്യസംസ്‌കാരം കുത്തിക്കയറ്റി അവരെ സാംസ്‌കാരികമായി
അടിമകളാക്കിത്തീര്‍ക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
1999ലെ കണക്കുപ്രകാരം മൂന്നാംലോകത്തു പ്രവര്‍ത്തിക്കുന്ന
അമ്പതിനായിരത്തിലധികം എന്‍ ജി ഓകളിലൂടെ ഒരോ വര്‍ഷവും ചുരുങ്ങിയത്
നൂറുകോടി ഡോളറാണ് പാശ്ചാത്യലോകം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങള്‍
വിലമതിക്കുന്ന വാഹനങ്ങളും കോര്‍പ്പറേറ്റ് കമ്പനി മാനേജര്‍മാരോട്
കിടപിടിക്കുന്ന ശമ്പളവും നല്‍കി എന്‍ ജി ഓകളെ നയിക്കാന്‍ ആളുകളെ
നിയമിക്കുന്ന പാശ്ചാത്യന്‍ ഏജന്‍സികള്‍ ഇതെല്ലാം ചെയ്യുന്നത്
മൂന്നാംലോകത്തുള്ളവരുടെ ദുരിതങ്ങള്‍ തീര്‍ക്കാനാണെന്ന് ആരെങ്കിലും
കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നാണ് ന്യൂയോര്‍ക്ക്
ബിംഗാംപ്ട്ടണ്‍ സര്‍വകലാശാലയിലെ അധ്യാപകനായ ജെയിംസ് പെട്രാസ്
തുറന്നെഴുതുന്നത്.(12) പാശ്ചാത്യസര്‍ക്കാറുകളും അവയെ പിന്താങ്ങുന്ന
കോര്‍പ്പറേറ്റ് ഭീമന്മാരുമാണ് ഇടയാളസംഘങ്ങളിലൂടെ മൂന്നാംലോകത്തെ
സന്നദ്ധസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതെന്നും പ്രസ്തുത
സഹായങ്ങള്‍ വഴി തങ്ങളുടെ സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കുകയാണ്
സാമ്രാജ്യത്വം ചെയ്യുന്നതെന്നും പെട്രാസ് വസ്തുതകള്‍ നിരത്തി
സമര്‍ഥിക്കുന്നുണ്ട്.
ജര്‍മനിയിലെ ട്രയര്‍ സര്‍വകലാശാലാ സാമൂഹ്യശാസ്ത്രാധ്യാപകനായ ഡോ:
ബേര്‍ണ്ഡ് ഹാമും കാനഡയിലെ മനിട്ടോവ സര്‍വകലാശാലാ
സാമൂഹ്യശാസ്ത്രാധ്യാപകനും ക്രിമിനോളജിസ്റ്റുമായ ഡോ: റസ്സല്‍ ചാള്‍സ്
സ്മാന്‍ഡിക്കും ചേര്‍ന്ന് ക്രോഡീകരിച്ച സാംസ്‌കാരിക
സാമ്രാജ്യത്വ(13)മെന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ”സാംസ്‌കാരിക
സാമ്രാജ്യത്വം: ചരിത്രവും ഭാവിയും” എന്ന തലക്കെട്ടിലുള്ള രണ്ടാം ഭാഗത്ത്
ശ്രീലങ്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ സൂസാന്ത ഗോനാതിലകെ എങ്ങിനെയാണ് എന്‍ ജി
ഓകളെ ഉപയോഗിച്ച് സാംസ്‌കാരികമായ അധീശത്വത്തിന് സാമ്രാജ്യത്വം
പരിശ്രമിക്കുന്നത് എന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്.(14) ബുദ്ധമത
സംഘടനയെന്ന മുഖംമൂടിയുമായി 1970കളില്‍ ശ്രീലങ്കയില്‍ സജീവമായിരുന്ന
‘സര്‍വോദയ’യെന്ന എന്‍ ജി ഒ എങ്ങിനെയാണ് പാശ്ചാത്യന്‍
സാമ്പത്തികസഹായങ്ങളുപയോഗിച്ച് ശ്രീലങ്കന്‍ സാധാരണക്കാരുടെമേല്‍
സാംസ്‌കാരികമായ അധിനിവേശത്തിന് ശ്രമിച്ചെതെന്ന് അദ്ദേഹം തെളിവുകള്‍
നിരത്തി സമര്‍ഥിക്കുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും ‘സര്‍വോദയ ശ്രമദാന
മൂവ്‌മെന്റ്’ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളാണ് ശ്രീലങ്കയിലെ
ഏറ്റവും വലിയ ജനകീയ സംഘടനയെന്ന് അവകാശപ്പെടുന്ന അവര്‍
നടത്തിക്കൊണ്ടിരിക്കുന്ന ‘സാമൂഹ്യസേവന’പ്രവര്‍ത്തനങ്ങളെപ്പറ്റി
വിശദമായിത്തന്നെ അവരുടെ വെബ്‌സൈറ്റിലുണ്ട്.(15)
ഇന്ത്യയില്‍ നൂറുകണക്കിന് എന്‍ ജി ഓകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അമ്പത് സന്നദ്ധസംഘടനകളുടെ
ലിസ്റ്റ് ‘എന്‍ ജി ഓസ് ഇന്ത്യ’ എന്ന വെബ്‌സൈറ്റിലുണ്ട്.(16) ഇന്ത്യയില്‍
പ്രവര്‍ത്തിച്ചുവരുന്ന എന്‍ ജി ഓകളില്‍ മിക്കതിനും വിദേശസഹായം
ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍
എങ്ങിനെയൊക്കെയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത് എന്ന് കൃത്യമായി
മനസ്സിലാക്കുവാനുള്ള സംവിധാനങ്ങളൊന്നും നമ്മുടെ സര്‍ക്കാര്‍
മെഷിനറിയിലില്ല. (ലോകത്ത് മുഴുവന്‍ ചാരപ്രവര്‍ത്തനം നടത്തുന്നതില്‍
അഗ്രേസരന്മാരായ ഇസ്രായേലില്‍ നടക്കുന്ന എന്‍ ജി ഓകളുടെ പ്രവര്‍ത്തനം
നിരീക്ഷിക്കുവാനും അത് ഇസ്രായീലി താല്‍പര്യങ്ങള്‍ക്കെതിരാണോ എന്ന്
പരിശോധിക്കാനും വേണ്ടി അവിടെ എന്‍ ജി ഒ മോണിറ്റര്‍(17) എന്ന സംഘടന തന്നെ
പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ഇതോടു ചേര്‍ത്തുമനസ്സിലാക്കേണ്ടതാണ്).
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഓകളില്‍ വിദേശസഹായം ലഭിക്കുന്ന
104 സംഘടനകള്‍ എയിഡ്‌സ് രോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു
പ്രവര്‍ത്തിക്കുന്നവയാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ
ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എയിഡ്‌സ്
കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ 1998ലെ കണക്ക്. ഇവര്‍ക്ക് ധനസഹായം
നല്‍കുന്നത് പ്രധാനമായും 22 വിദേശ ഏജന്‍സികളാണ്. ഇന്ത്യന്‍ ശിക്ഷാനിയമം
377ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിനിരയായി എന്നു പറയുന്ന
കേസുകളിലെ എന്‍ ജി ഓകളെല്ലാം വിദേശസഹായം പറ്റുന്നവയാണ്. പ്രസ്തുത
കേസുകളില്‍ പോലീസ് തയ്യാറാക്കിയ ഫയലുകള്‍ പരിശോധിച്ചാല്‍ ഇവയൊന്നും
എയിഡ്‌സ് രോഗികളെ ബോധവല്‍ക്കരിക്കുകയും പുനരധിവസിപ്പിക്കുകയും
ചെയ്യുകയെന്ന നിരുപദ്രവസേവനം മാത്രമായിരുന്നില്ല നിര്‍വഹിച്ചിരുന്നതെന്ന്
മനസ്സിലാവും. എന്‍ ജി ഓകള്‍ പറയുന്നത് അപ്പടി സ്വീകരിച്ചാല്‍പോലും
ബോധവല്‍ക്കരണത്തിന്റെ പേരില്‍ ഏറ്റവും ചുരുങ്ങിയത് സ്വവര്‍ഗരതിയെ
പാപമുക്തമാക്കി അവതരിപ്പിക്കുകയും അത് ചെയ്യുന്നവരെ അതില്‍തന്നെ
ഉറച്ചുനില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും, അത്തരം ആളുകള്‍ക്ക് ‘ഇണ’കളെ
കണ്ടെത്താനുള്ള സഹായങ്ങള്‍ നല്‍കുകയും കൂടി അവര്‍ ചെയ്തിരുന്നുവെന്ന്
തന്നെയാണ് മനസ്സിലാവുന്നത്. തങ്ങളെ തീറ്റിപ്പോറ്റുന്നവരുടെ ധാര്‍മ്മിക
വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുവാനും ഇന്ത്യയിലുള്ളവര്‍ക്ക് ഇതുവരെ
അന്യമായിരുന്നൊരു സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുമാണ് വിദേശസഹായം
ലഭിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഓകള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന്
അവരുടെ തന്നെ വാദങ്ങള്‍ അതേപടി സ്വീകരിച്ചാല്‍ പോലും
സമ്മതിക്കേണ്ടിവരുമെന്നര്‍ഥം.
ഡല്‍ഹി ഹൈക്കോടതിയില്‍ ഐ പി സി 377ാം വകുപ്പിനെതിരെ പോരാടി ജയിച്ച നാസ്
ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റിന്റെ സ്ഥിതി തന്നെ എടുക്കുക. 1994ല്‍
ചെന്നൈക്കാരിയായ അഞ്ജലി ഗോപാലന്‍ സ്ഥാപിച്ചതാണ് ഈ ട്രസ്റ്റ്. ഇന്ത്യയിലും
അമേരിക്കയിലും വെച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ജേണലിസത്തില്‍
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റില്‍
മാസ്റ്റേഴ്‌സും കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ എയിഡ്‌സ്
ബാധിതര്‍ക്കിടയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു
അവരെന്ന് അഞ്ജലിയെക്കുറിച്ച ബ്ലോഗ് പറയുന്നു.(18) 1995ല്‍ ഇന്ത്യയില്‍
തിരിച്ചെത്തിയ ശേഷം നാസ് ഫൗണ്ടേഷന്റെ മുഴുസമയപ്രവര്‍ത്തകയും
എക്‌സിക്യുട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു വരികയാണ് അഞ്ജലി
ഗോപാലന്‍. 2005ലെ നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആയിരം
പേരില്‍ ഒരാളായിരുന്നു അവര്‍. എച്ച് ഐ വി ബാധിതര്‍ക്കിടയിലെ
സേവനപ്രവര്‍ത്തനങ്ങളാണ് പ്രസ്തുത നാമനിര്‍ദ്ദേശത്തിന് പിന്നിലെന്ന്
നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെ കുറിച്ച്
വിവരിക്കുന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.(19) എയ്ഡ്‌സ്
രോഗികള്‍ക്കിടയിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവര്‍ക്കോ
സഹപ്രവര്‍ത്തകര്‍ക്കോ നേര്‍ക്കുനേരെ ഐ പി സി 377ാം വകുപ്പിന്റെ ‘ദുഷ്ടത’
അനുഭവിക്കേണ്ടി വന്നതായി അവരുടെ വെബ്‌സൈറ്റിലോ(20) അവര്‍ കോടതിയില്‍
നല്‍കിയ പരാതിയിലോ സംഭവങ്ങളുദ്ധരിച്ചുകൊണ്ട് പ്രസ്താവിക്കുന്നില്ലെന്ന
കാര്യം ശ്രദ്ധേയമാണ്. എയിഡ്‌സ് രോഗികള്‍ക്കിടയില്‍
ബോധവല്‍ക്കരണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതാണ് ഐ
പി സി 377ാം വകുപ്പ് എന്ന വാദത്തിന് ഉപോല്‍ബലകമായി ഉദ്ധരിക്കപ്പെട്ട
സംഭവങ്ങളാവട്ടെ, അതീവ ദുര്‍ബലങ്ങളാണ് താനും. സ്വവര്‍ഗരതിയും അതിനായുള്ള
ക്ലബ്ബുകളും അതിന്റെ റാക്കറ്റുമെല്ലാം നിലനില്‍ക്കുന്ന അമേരിക്കന്‍
സാമൂഹ്യാവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന അജണ്ടയല്ലാതെ മറ്റൊന്നും
തന്നെ 377ാം വകുപ്പിനെതിരെയുള്ള ചന്ദ്രഹാസങ്ങള്‍ക്കു പിന്നിലില്ലെന്ന
വസ്തുതയാണിതെല്ലാം വ്യക്തമാക്കുന്നത്.
എയിഡ്‌സ് ബോധവല്‍ക്കരണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം
വിദേശപണം ലഭിക്കുന്ന എന്‍ ജി ഓകളില്‍ ഒന്നാണ് നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ)
ട്രസ്റ്റ്. യുനൈറ്റെഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍
ഡവലെപ്‌മെന്റ് (USAID), ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ (FHI), ദി ഫോഡ്
ഫൗണ്ടേഷന്‍, ജോണ്‍ ഡി ആന്റ് കാതറിന്‍ ടി മെക് ആര്‍തര്‍ ഫൗണ്ടേഷന്‍
തുടങ്ങിയവയാണ് നാസ് ഫൗണ്ടേഷനെ സഹായിക്കുന്ന പ്രധാനപ്പെട്ട വിദേശ
ഏജന്‍സികള്‍.(21) എല്ലാം അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സികളാണ്. നാസ്
ഫൗണ്ടേഷനെ സഹായിക്കുന്ന അമേരിക്കന്‍ കുത്തകയാണ് ജോണ്‍സണ്‍ ആന്റ്
ജോണ്‍സണ്‍ എന്ന് പ്രസ്തുത കമ്പനിയുടെ എയ്ഡ്‌സിനെതിരെയുള്ള
പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്ന ബ്രോഷര്‍
വ്യക്തമാക്കുന്നു.(22) ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ഹോംപേജില്‍ തന്നെയുള്ള
മിഷന്‍ സ്റ്റേറ്റ്‌മെന്റിനോടൊപ്പം പ്രസിദ്ധ ഹോളിവുഡ് താരമായ റിച്ചാര്‍ഡ്
ഗീറിനെ പരിചയപ്പെടുത്തുന്നത് ‘ഞങ്ങളുടെ സഹായി’(Our supporter)യെന്നാണ്.
അദ്ദേഹമാണ് ഫൗണ്ടേഷന്‍ നടത്തുന്ന എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്ക്
വേണ്ടിയുള്ള കെയര്‍ ഹോമിന്റെ പ്രധാനപ്പെട്ട സ്‌പോണ്‍സര്‍. ഹോളിവുഡിന്റെ
തിന്മകളെല്ലാം ജീവിതത്തില്‍ വഹിക്കുന്ന ഇദ്ദേഹം 2007 ഏപ്രില്‍ 15ന്
ജയ്പൂരില്‍ വെച്ചു നടന്ന എയ്ഡ്‌സ് ബോധവല്‍ക്കരണറാലിയുടെ വേദിയില്‍ വെച്ച്
ബോളിവുഡ് നടിയായ ശില്‍പാ ഷെട്ടിയെ പലതവണ ചുംബിച്ചത്
വിവാദമായിത്തീരുകയുണ്ടായി. അമേരിക്കന്‍ സ്‌പോണ്‍സര്‍മാരുടെ ധനസഹായം
കൈപ്പറ്റി ‘സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന’, അമേരിക്കന്‍ വിദ്യാഭ്യാസം
വഴി ധാര്‍മ്മികമായി ‘ഉല്‍ബുദ്ധയായ’, ഒരാളുടെ നേതൃത്വത്തിലുള്ള സമരമാണ് ഐ
പി സി 377ാം വകുപ്പിനെതിരെയുള്ള പോരാട്ടമെന്ന തിരിച്ചറിവാണ്
ഇക്കാര്യങ്ങളെല്ലാം നമുക്ക് നല്‍കുന്നത്.
സ്വവര്‍ഗാനുരാഗികളുടെ അവകാശസംരക്ഷണമോ എയിഡ്‌സ് രോഗികള്‍ക്കിടയില്‍
സന്നദ്ധസേവനം ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുകയോ അല്ല,
പ്രത്യുത അമേരിക്കയില്‍ നിലനില്‍ക്കുന്ന രീതിയിലുള്ള ലൈംഗിക
അരാജകത്വത്തിലേക്ക് നാടിനെ നയിക്കുകയാണ് ഐ പി സി 377ാം
വകുപ്പിനെതിരെയുള്ള പോരാട്ടത്തിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യമെന്ന വസ്തുത
മനസ്സിലാക്കിക്കൊണ്ടാവണം നമ്മുടെ നിയമകൂടങ്ങള്‍ ഈ പ്രശ്‌നത്തെ
സമീപിക്കേണ്ടത്. അതല്ലാതെ ഡല്‍ഹി ഹൈക്കോടതി മനസ്സിലാക്കിയതുപോലെ അവകാശം
നിഷേധിക്കപ്പെട്ട ഒരു ന്യൂനപക്ഷത്തിന്റെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള
പടപ്പുറപ്പാടൊന്നുമല്ല ഇത്. അമേരിക്കന്‍ മോഡല്‍ ലൈംഗികവിപ്ലവം നമുക്ക്
വേണമോയെന്ന് ചിന്തിക്കുവാനും അതിനനുസരിച്ച് മാത്രം 377ാം വകുപ്പില്‍
കൈവെക്കാനും നിയമകൂടങ്ങള്‍ക്ക് കഴിയാതിരുന്നാല്‍ അതിന്റെ തിക്തഫലങ്ങള്‍
അനുഭവിക്കേണ്ടി വരിക അടുത്ത തലമുറയായിരിക്കുമെന്ന് മനസ്സിലാക്കിയാല്‍
നന്ന്.
2001ല്‍ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയും അതിനോടനുബന്ധിച്ച വാദങ്ങളും
നടക്കുമ്പോള്‍ തന്നെ, അതിനു സമാനമായി ഇന്ത്യയില്‍ സ്വവര്‍ഗരതി
നിയമാനുസൃതമാക്കുന്നതിന്ന് പറ്റുന്ന രീതിയില്‍ ബുദ്ധിജീവികളുടേയും
നിയമവിശാരദന്മാരുടേയും തലച്ചോറിനെ പ്രോഗ്രാം ചെയ്യുന്നതിനായുള്ള
പ്രക്ഷാളനപരിപാടിയും നടന്നുവന്നിരുന്നു എന്നതാണ് വാസ്തവം. 2006
സെപ്തംബറില്‍ സ്വവര്‍ഗാനുരാഗിയായി അറിയപ്പെടുന്ന ഇന്ത്യന്‍ ഇംഗ്ലീഷ്
എഴുത്തുകാരന്‍ വിക്രം സേതിന്റെയും നൊബേല്‍ സമ്മാനജേതാവായ
അമൃത്യാസെന്നിന്റേയും ബുക്കര്‍പ്രൈസ് നേടിയ അരുന്ധതി റോയിയുടേയും
നേതൃത്വത്തില്‍ ഒരു സംഘം എഴുത്തുകാര്‍ പുറപ്പെടുവിച്ച തുറന്ന കത്ത്’(23)
ഇത്തരമൊരു മസ്തിഷ്‌ക പ്രക്ഷാളനം ലക്ഷ്യമാക്കിയിരുന്നു എന്നുവേണം
മനസ്സിലാക്കാന്‍. അതിനുശേഷം സ്വവര്‍ഗാനുരാഗം പ്രകൃതിപരവും ജനിതകവുമായി
നിശ്ചയിക്കപ്പെട്ടതാണെന്നും അതിന് എതിരുനില്‍ക്കുന്നത് അങ്ങനെ
ജനിച്ചവരോട് ചെയ്യുന്ന ക്രൂരതയാണെന്നുമെല്ലാം ഇന്ത്യന്‍ ജനതയെ
‘ബോധ്യപ്പെടുത്തുന്ന’ രീതിയിലുള്ള ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍
നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഇന്ത്യയിലെ സ്വവര്‍ഗാനുരാഗികളും അവരെ
പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശഫണ്ടു സ്വീകരിച്ച്
പ്രവര്‍ത്തിക്കുന്ന സംഘടനകളുമെല്ലാം ഈ മസ്തിഷ്‌കപ്രക്ഷാളനത്തിനാവശ്യമാ
ഊര്‍ജ്ജം നല്‍കി. 2008 ജൂണ്‍ 30ന് നടന്ന ഒരു ചടങ്ങില്‍ വെച്ച്
കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഐ പി സി 377ാം വകുപ്പ് നീക്കം
ചെയ്യേണ്ടതാണെന്നു തുറന്നു പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയെ വേദിയില്‍
ഇരുത്തിക്കൊണ്ടായിരുന്നു ഈ പ്രസ്താവന.(24) ലോകത്തെവിടെയും
നടക്കുന്നതുപോലെ ഒരു ഗേ റാലി ഇവിടെയും നടത്തുന്നതിന് കുഴപ്പമില്ലെന്ന്
2008 ജൂണ്‍ 29ന് നടന്ന പുരുഷസ്വവര്‍ഗരതിക്കാരുടെ പ്രകടനം തടയണമെന്ന
ആവശ്യം നിരാകരിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി എ കെ സിക്രി
പറഞ്ഞു.(25) 2008 ജൂലൈ 23ന് ബോംബൈ ഹൈക്കോടതി ജഡ്ജിയായ ബിയാല്‍ നാസ്‌കിയും
ഇന്ത്യയിലെ പ്രകൃതിവിരുദ്ധ ലൈംഗികനിയമം നീക്കണമെന്ന് പ്രസ്താവിച്ചു.(26)
മെക്‌സിക്കോസിറ്റിയില്‍ വെച്ച് 2008 ആഗസ്ത് 7ന് നടന്ന അന്താരാഷ്ട്ര
എയിഡ്‌സ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അന്നത്തെ
ആരോഗ്യമന്ത്രിയായിരുന്ന അന്‍പുമണി രാമദാസ് 377ാം വകുപ്പ് നീക്കം ചെയ്യല്‍
അനിവാര്യമാണെന്ന് പറയാന്‍ മടിച്ചില്ല.(27) അന്താരാഷ്ട്ര സംഘടനകളുടെയും
അമേരിക്കന്‍ ധനസഹായം വഴി ഇന്ത്യന്‍ ബുദ്ധിജീവികളെ മസ്തിഷ്‌കപ്രക്ഷാളനം
ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഒ കളുടേയും പരിശ്രമങ്ങളുടെ
ഫലമായിരുന്നു ഈ പ്രസ്താവനകളെല്ലാം തന്നെ.
സാമ്പത്തികസഹായങ്ങള്‍ നല്‍കി സാധാരണക്കാരെ വഴിതെറ്റിച്ചുകൊണ്ടും
ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടേയും ‘ശാസ്ത്രീയ’മായ
പഠനറിപ്പോര്‍ട്ടുകളിലൂടേയും നിയമവിശാരദരേയും ബുദ്ധിജീവികളേയും
മസ്തിഷ്‌കപ്രക്ഷാളനം ചെയ്തുകൊണ്ടുമാണ് സ്വവര്‍ഗരതി
വിലക്കുകളൊന്നുമില്ലാതെ ആസ്വദിക്കുവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക്
ഇന്ത്യയെ കൊണ്ടുവരാന്‍ സാമ്രാജ്യത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്
സാമ്രാജ്യത്വത്തിന്റെ അന്താരാഷ്ട്രഗൂഢാലോചനകളിലൊന്നിന്റെ
പ്രയോഗവല്‍ക്കരണമല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടുതന്നെയാണല്ലോ ഐ പി സി
377 നീക്കം ചെയ്യണമെന്ന് ഹൈക്കോടതി വിധിയുണ്ടായ ഉടനെ തന്നെ യു എന്‍
എയിഡ്‌സും(28) ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചു(29)മെല്ലാം പ്രസ്തുത വിധിയെ
സ്വാഗതം ചെയ്തത്. ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് അംഗീകരിക്കുകയും 377ാം
വകുപ്പ് ഒഴിവാക്കുകയും ചെയ്യാനാണ് സുപ്രീംകോടതിയും പാര്‍ലമെന്റുമെല്ലാം
സന്നദ്ധമാകുന്നതെങ്കില്‍ അഡീഷണല്‍ സോളിസിറ്റ് ജനറല്‍ പി.പി മല്‍ഹോത്ര
പറഞ്ഞതു തന്നെയായിരിക്കും സംഭവിക്കുക. 2008 സെപ്തംബര്‍ 26ന് അദ്ദേഹം
ഡല്‍ഹി ഹൈക്കോടതിയെ ബോധിപ്പിച്ചത് ഇങ്ങിനെയാണ്: ”സ്വവര്‍ഗരതി
സാമൂഹികതിന്മയാണ്; അത് നിയന്ത്രിക്കുവാന്‍ രാഷ്ട്രത്തിന് അധികാരമുണ്ട്.
സ്വവര്‍ഗരതിയെ കുറ്റകൃത്യമല്ലാതാക്കിത്തീര്‍ക്കുന്നതു വഴി സമാധാനലംഘനം
സൃഷ്ടിക്കപ്പെട്ടേക്കാം. എയിഡ്‌സിന്റേയും എച്ച് ഐ വിയുടേയും നാശങ്ങള്‍
കൂടുതല്‍ വ്യാപിക്കുന്നതിനും ജനങ്ങള്‍ക്ക് ദോഷകരമായിത്തീരുന്നതിനുമാണ്
അത് അനുവദിക്കുന്നത് നിമിത്തമായിത്തീരുക. വലിയതോതിലുള്ള ആരോഗ്യപരമായ
അപായങ്ങളിലേക്കും സമൂഹത്തില്‍ ധാര്‍മികമൂല്യങ്ങളുടെ തകര്‍ച്ചയിലേക്കുമാണ്
അത് നയിക്കപ്പെടുക.”(30)
സാമൂഹ്യവിരുദ്ധമായ സകലതിന്മകളും നടമാടുന്ന ആള്‍ക്കൂട്ടങ്ങളാണ്
അമേരിക്കയിലെ സ്വവര്‍ഗാനുരാഗസമൂഹങ്ങളെന്ന വസ്തുത അവിടെനിന്നുള്ള
സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളും
കലാപങ്ങളുമെല്ലാം പ്രസ്തുത സമൂഹത്തിന്റെ മുഖമുദ്രകളാണ്. എയിഡ്‌സിനേയും
ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനെയും പോലുള്ള രോഗങ്ങളാല്‍ അമേരിക്കന്‍
സ്വവര്‍ഗഭോഗസമൂഹം പൊറുതിമുട്ടുകയാണ്. കുടുംബത്തില്‍ നിന്നുള്ള
അകല്‍ച്ചയും സാമൂഹികബന്ധങ്ങളുടെ തകര്‍ച്ചയും സൃഷ്ടിക്കുന്ന
മാനസികസംഘര്‍ഷവും രോഗങ്ങളും ഇവകൂടാതെയുള്ള അവരുടെ പ്രശ്‌നങ്ങളാണ്.(31)
ഇരുപത് വയസ്സ് പ്രായമാകുമ്പോഴേക്ക് സ്വവര്‍ഗരതിയുടെ
പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും മുപ്പത്
വയസ്സിനുമുമ്പ് മരിക്കുകയോ, എയിഡ്‌സ് ബാധിതരായിത്തീരുകയോ
ചെയ്യുമെന്നുള്ളതാണ് കണക്ക്.(32) ഇന്ത്യയിലെ യുവാക്കളെ ഇതേ
പാളയത്തിലേക്ക് നയിക്കണമോ എന്നാണ് സ്വവര്‍ഗാനുരാഗികളുടെ
‘അവകാശ’നിഷേധത്തിന് നിമിത്തമാകുമെന്ന് പറഞ്ഞ് ഐ പി സി 377ാം വകുപ്പ്
നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന നിയമവിശാദരന്മാര്‍ ചിന്തിക്കേണ്ടത്.
അതല്ല, ചെറിയൊരു ശതമാനം സ്വവര്‍ഗഭോഗികളുടെ മാറ്റാനാവുന്ന
ദുഃസ്വഭാവത്തിനാണ് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ
സാമൂഹ്യസുസ്ഥിതിയേക്കാള്‍ പ്രാധാന്യമെന്ന് നിയമജ്ഞരും രാഷ്ട്രീയക്കാരും
കരുതുന്നുവെങ്കില്‍ വളരുന്ന തലമുറയെ രക്ഷപ്പെടുത്തുവാന്‍
ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍
കണ്ടെത്തേണ്ടിവരും, തീര്‍ച്ച.
കുറിപ്പുകള്‍:
1. ”UN chief Ban Ki-moon calls for equality for lesbians, gays and
bisexuals”, http://articles.economictimes.indiatimes.com/2013-12-12/news/45123244_1_lgbt-rights-ban-ki-moon-human-rights.
2. ‘Aamir Khan and John Abraham slam Supreme Court order against
homosexuality, say it’s a shame on Twitter”
http://indiatoday.intoday.in/story/apex-courts-anti-gay-verdict-upsets-bollywood/1/330651.html.
3. ”Govt considering options to restore Delhi HC verdict on
homosexuality: Kapil Sibal” ,
http://zeenews.india.com/news/nation/govt-considering-options-to-restore-delhi-hc-verdict-on-homosexuality-kapil-sibal_896232.html.
4.      www.sanjukta.wordpress.com.
5.      www.nazindia.org/judgement_377.pdf എന്ന വിലാസത്തില്‍
വിധിന്യായത്തിന്റെ കോപ്പി ലഭിക്കും.
6.      www.nazindia.org/advocacy.htm.
7. http://en.wikipedia.org/wiki/homosexuality_in_India#cite_ref-40.
8. Human Rights Watch January 11,2006.
9. http://en.news.yahoo.com/32/20090706/1056/377.html.
10. www.hrw.org/en/news/2006/01/10/india-repeal-colonial-era-sodomy-law.
11. INDIA: Epidemic of Abuse: Police Harassment of HIV/AIDS out reach
workers in India July 2002 (Vol 14 No:5).
12. James Petras: NGOs: In the Service of Imperialism: Journel of
Contemporary Asia Vol29, Issue4, 1999 pages 429-440.
13. Bernd Hamm and Russel Smandych: Cultural Imperialism (Feb 2005).
14. ibid page 47-49.
15. www.sarvodaya.org.
16. www.ngosindia.com.
17. www.ngo-monitor.com.
18. http://word.world-citizenship.org/wp-archive/1785.
19.      www.1000peacewomen.org.
20. www.nazindia.org.
21. www.usaid.gov/in/newsroom/press_releases/jul23_4.htm.
22.      Johnson & Johnson: Our HIV/AIDS Work in Asia-Pacific (2007).
23.      The Guardian 18, September 2006.
24.      The Economic Times, 2 july 2008.
25. Hindustan Times July04, 2008.
26. The Times of india25july2008.
27. The Times of india 09 Aug 2008.
28. www.religious intelligence.co.uk/news/? NewsID=4675.
29. www.hrw.org/en/news/2009/7/02/india-court-strikes-down-sodomy-law.
30. Times of India, 27 sept 2008.
31. Jeffry Satinover: Homosexuality and the Politics of Truth (1996).
32. Clinical Psychiatry News, Oct 1994.


0 comments:

Post a Comment