Friday, 10 January 2014

പെണ്‍കുഞ്ഞുങ്ങളെ ജനിക്കാനനുവദിക്കുക

നബിതിരുമേനി(സ) അരുളി: ”ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായിട്ട് അവളെ കുഴിച്ചുമൂടാതെ, നിന്ദിക്കാതെ, ആണ്‍കുട്ടികള്‍ക്ക് അവളേക്കാള്‍ മുന്‍ഗണന നല്‍കാതെ വളര്‍ത്തിയാല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീര്‍ച്ചയായി.” (അബൂദാവൂദ്)  പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ പോലും അവകാശമില്ലാത്ത നാടായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുകയാണ്. പെണ്‍ഭ്രൂണഹത്യ കൊലക്കുറ്റമായി പരിഗണിച്ച് നിയമഭേദഗതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയും പെണ്‍ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങളുടെ മനോഭാവം തിരുത്താന്‍ ശക്തമായ നടപടികളുണ്ടാകണമെന്നും സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്ത അതേ കാലയളവില്‍ തന്നെയാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഓടയില്‍നിന്ന് പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുക്കപ്പെട്ടതും ഭ്രൂണഹത്യയടക്കം ലോകത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം അതിക്രമം നടക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തേക്ക് നമ്മുടെ രാജ്യം ‘ഉയര്‍ന്നതും’ എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.  ഇന്ത്യയില്‍ ഏറ്റവുമധികം പെണ്‍ഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നും ദിനംപ്രതി ആയിരം ഗര്‍ഭഛിദ്രങ്ങള്‍ ഇവിടെ നടക്കുന്നുവെന്നുമുള്ള ഒരു പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്  അടുത്തകാലത്താണ് നാം വായിച്ചത്. നിയമനിര്‍മാണങ്ങളേക്കാള്‍ മനോഭാവങ്ങളിലും സമീപനങ്ങളിലുമുള്ള മാറ്റത്തിനാണ് നാം പരിശ്രമിക്കേണ്ടതെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.  തനിക്ക് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോള്‍ അപമാനഭാരത്താല്‍ തല കുനിക്കുന്നവരായിരുന്നു മുഹമ്മദ് നബി(സ) നിയോഗിക്കപ്പെടുന്ന കാലത്തെ അറബ് സമൂഹം. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരും അവരിലുണ്ടായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ അതിനെ ശക്തമായി അപലപിക്കുകയും വിരോധിക്കുകയും ചെയ്തിട്ടുണ്ട്. ”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടുപോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (16:58, 59). ”താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് (ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് (പരലോകത്തുവെച്ച്) ചോദിക്കപ്പെടുമ്പോള്‍”(81:8,9).  ജനിച്ചയുടനെ വായില്‍ നെന്‍മണിയിട്ടും ചില ചെടികളുടെ ഒട്ടിപ്പിടിക്കുന്ന പശ വായിലൊഴിച്ചും പെണ്‍കുഞ്ഞുങ്ങളെ കൊല ചെയ്യുന്ന ക്രൂരത  ഇന്ത്യയിലേറ്റവും കൂടുതല്‍ അബോര്‍ഷനുകള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയില്‍ വ്യാപകമാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ സംസ്‌കൃതരെന്നവകാശപ്പെടുന്നവരുടെ സ്വാര്‍ഥമായ സാമ്പത്തിക താല്‍പര്യങ്ങളുടെ ക്രൂരമുഖമാണ് അനാവരണം ചെയ്യുന്നത്. സ്വന്തം സുഖാഡംബരങ്ങളുടെ സംരക്ഷണമാണ് ഏറ്റവും വലുത് എന്ന ചിന്തയില്‍നിന്നാണ് ഗര്‍ഭഛിദ്രത്തിന് നിയമപ്രാബല്യം വേണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നവരെ ശിക്ഷിക്കണമെന്നുമെല്ലാമുള്ള ‘ബില്ലുകള്‍’ രൂപപ്പെടുന്നത്.  പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളെപ്പോലെ ജനിക്കുവാനുള്ള അവകാശമുണ്ടെന്നും അവളെ അവമതിക്കാതെ തുല്യനീതിയോടെ വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്നും  പഠിപ്പിച്ച മുഹമ്മദ് നബി(സ) ഇസ്‌ലാമിന്റെ മാനവിക മുഖമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. അവിടുന്ന് പറഞ്ഞു: ”പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക് സ്വര്‍ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍നിന്ന് അയാളെ മോചിപ്പിക്കുകയോ ചെയ്യും”(മുസ്‌ലിം). പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും അവരെ മാന്യമായി വിവാഹം ചെയ്തയക്കണമെന്നും അവരോട് ലിംഗവ്യത്യാസത്തിന്റെ പേരില്‍ അനീതി കാണിക്കരുതെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തന അജണ്ടകളില്‍ ഇനിയും കടന്നുവരാത്ത നിരവധി അവകാശപ്രശ്‌നങ്ങളില്‍ പതിനാല് നൂറ്റാണ്ട് മുമ്പ് ഇടപെടുകയും എല്ലാവിധ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ നീതിപൂര്‍ണമായ നിയമങ്ങള്‍ പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ ആദര്‍ശമല്ലാതെ മറ്റേതാണ് സ്ത്രീകള്‍ക്ക് കരണീയമായിട്ടുള്ളത്; സ്ത്രീവിരുദ്ധമെന്ന് അത് എത്ര അധിക്ഷേപിക്കപ്പെട്ടാലും?

0 comments:

Post a Comment