”അവന് (അല്ലാഹു) തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ
രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ്
കഴിവുള്ളവനാകുന്നു.” (ക്വുര്‍ആന്‍ 25:54)
കുടുംബം ദൈവാനുഗ്രഹമാണ്. കുടുംബം അതിലെ അംഗങ്ങള്‍ക്ക് സമ്മാനിക്കുന്നത് മധുരതരമായ ആസ്വാദനങ്ങളാണ്. ലോകം ആഗോളഗ്രാമമായി ചുരുങ്ങുകയും മനുഷ്യര്‍ കടപ്പാടുകളെക്കുറിച്ച് ചിന്തിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് കുടുംബം സ്ഥാപനവല്ക്കരണത്തിന്റെ ഭീതികള്ക്കുമീതെയാണ് നിലകൊള്ളുന്നത്. ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്റെ അവസ്ഥയിലേക്ക് കുടുംബവും കുടുംബബന്ധങ്ങളും കൂടുമാറിയിരിക്കുന്നു. അല്പകാലം ഒന്നിച്ചുകഴിയാനും ഇഷ്ടമുള്ളപ്പോള്‍ പിരിഞ്ഞുപോകാനും സാധിക്കുന്ന (ഹശ്ശിഴ ീേഴലവേലൃ) സൗകര്യപ്രദമായ കച്ചവടബന്ധമായി കുടുംബമെന്ന അനുഗ്രഹത്തിന്റെ, ബന്ധത്തിന്റെ, അനുഭവതലങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നു നമ്മള്.
ഊഷ്മളമായ ബന്ധത്തിന്റെ ഉള്ളും പുറവും സമ്മാനിക്കുന്ന, നന്മയുടെ വിളനിലമാകേണ്ടുന്ന, കുടുംബസംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ, ദൈവത്തിന്റെ മഹത്തായൊരു അനുഗ്രഹത്തിനുനേരെയാണ് നിങ്ങള്‍ വാളോങ്ങുന്നത് എന്നോര്‍മിപ്പിക്കുകയാണ് പരിശുദ്ധ ക്വുര്‍ആന്‍: ”അവന് തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.” (25: 54)
ഇണകള്‍, മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങി പാരസ്പര്യത്തിന്റെ സ്നേഹക്കൈമാറ്റം സാധ്യമാകേണ്ടുന്ന ബന്ധങ്ങളാണ് കുടുംബത്തിന്റെ സ്രോതസ്സ്. ഇണകള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുണ്ടാകേണ്ടുന്ന ശക്തമായ ബന്ധത്തെ ഊട്ടിയുറപ്പിക്കാനാണ് ഇസ്ലാം കല്പിക്കുന്നത്. അവിടെ ഒരു സ്ഥാപനമെന്നതിനപ്പുറം വൈവാഹിക ബന്ധത്തിന്റെയും രക്തബന്ധത്തിന്റെയും ഈട്, ദൈവകല്പനയുടെയും ദൈവിക സംവിധാനത്തിന്റെയും ഭാഗമായിട്ടാണ് വീട് എന്ന മേല്‍ക്കൂരക്ക് താഴെ തങ്ങള്‍ ഒന്നിച്ചിരിക്കുന്നത് എന്ന ബോധ്യമാണ്. രാഷ്ട്രനേതാക്കളും കായികതാരങ്ങളും സിനിമാ ചക്രവര്‍ത്തിമാരും വരെ തുച്ഛമായ ലാഭമോഹങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പേരില്‍ പൊട്ടിച്ചിതറുന്ന കുടുംബത്തകര്‍ച്ചയുടെ ഇരകളാവുന്ന കാഴ്ച ലോകത്ത് നിത്യേനം നാം കണ്ടുകൊണ്ടിരിക്കുന്നു.
ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കേണ്ടുന്ന സ്നേഹത്തിന്റെ സ്വര്ണനൂലിഴകള്ക്ക് ക്ഷതം പറ്റുമ്പോഴാണ് അവ തകരുന്നത്. സ്നേഹവും പരസ്പര ധാരണയും നഷ്ടപ്പെടുന്നിടത്താണ് വീട് ഉണങ്ങിവരണ്ട ഒരു കെട്ടിടം മാത്രമായി അവശേഷിക്കുന്നത്; സ്നേഹബന്ധത്തില്‍ വാചാലമാകേണ്ടുന്ന വികാരങ്ങള്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബായി പരിവര്ത്തിക്കപ്പെട്ടുകൊണ്ടിരി ക്കുന്നത്.
വ്യക്തി സുരക്ഷിതനാകുമ്പോഴാണ് കുടുംബം സുരക്ഷിതമാവുന്നത്. കുടുംബത്തിന്റെ സുരക്ഷിതത്വം സാമൂഹ്യസുരക്ഷിതത്വത്തിന്റെ സുപ്രധാനഘടകമാണ്. ഒരുപാട് പണമോ, വലിയ കെട്ടിടങ്ങളോ, സ്ഥാനമാനങ്ങളോ കൊണ്ടുമാത്രം കുടുംബത്തിന്റെ ഭദ്രതയും സുരക്ഷിതത്വവും സാധ്യമാകുന്നില്ല.
0 comments:
Post a comment