താബീഈ പണ്ഡിതനായ ഹസനുല്‍ ബസ്വരി(റ)യുടെ ശിഷ്യന്മാരില് ഒരാളായ വസ്വിലുബ്നു അത്വാആണ് മുഅ്തസലി പ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളില്‍ പലതിനേയും നിഷേധിക്കുകയും ബൂദ്ധിപരമായ അപഗ്രഥനത്തിലൂടെ ഹദീഥിന്റെ സ്വീകാര്യത നിര്‍ണയിക്കണമെന്ന് വാദിക്കുകയും കര്‍മങ്ങള്‍ മലക്കുകള്‍ എഴുതി സൂക്ഷിക്കുന്നുണ്ടെന്നും ക്വബറില്‍ ചോദ്യങ്ങളുണ്ടെന്നും രക്ഷാശിക്ഷകളുണ്ടെന്നും പരലോകത്തുവെച്ച് വിശ്വാസികള്‍ അല്ലാഹുവിനെ കാണുമെന്നും, അവിടെ കര്‍മങ്ങള്‍ തൂക്കിനോക്കപ്പെടുമെന്നും വിശ്വാസികള്‍ക്കായി തയാര്‍ ചെയ്യപ്പെട്ട ഹൗദുല്‍ കൗസറിലെ പാനീയമുണ്ടെന്നും നന്മ ചെയ്യുന്നവര്‍ക്ക് എളുപ്പം കടന്നുപോകാനുള്ള സ്വിറാത്തുണ്ടെന്നും അന്ത്യനാളിനോടനുബന്ധിച്ച് ഈസാ നബി (അ)യുടെ പുനരാഗമനമുണ്ടാകുമെന്നും ദജ്ജാലിന്റെയും യഅ്ജൂജ്-മഅ്ജൂജിന്റെയും പുറപ്പെടല്‍ സംഭവിക്കുമെന്നും സ്വര്‍ഗവും നരകവുമെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള സ്വഹീഹായ ഹദീഥുകളാല്‍ സ്ഥാപിക്കപ്പെട്ട വസ്തുതകള്‍ ബൗദ്ധികമായി അസ്വീകാര്യമാണെന്ന് നിഷ്കര്‍ഷിക്കുകയും ക്വര്‍ആന്‍ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുകയും വന്‍പാപങ്ങള്‍ ചെയ്തവര്‍ ഇസ്ലാമില്‍നിന്ന് പുറത്ത് പോയവരായതിനാല്‍ ശാശ്വതമായി നരകത്തിലായിരിക്കുമെന്ന് പ്രചരിപ്പിക്കുകയും ചെയ്ത അഹ്ലുസുന്നയുമായി പില്കാലത്ത് ഏറെ അകന്നുപോയ മുഅ്തസിലുകളുടെ മാര്‍ഗഭ്രംശത്തിന്റെ തുടക്കം ‘അല്‍ മന്സ്വിലത്തു ബൈനല്‍ മന്‍സിലത്തൈന്‍’ എന്ന് പില്കാലത്ത് അറിയപ്പെട്ട വന്‍പാപങ്ങള്‍ ചെയ്തവര്‍ വിശ്വാസികളിലോ അവിശ്വാസികളിലോ ഉള്‍പ്പെടുന്നില്ല എന്ന വാദത്തില്‍ നിന്നായിരുന്നു.
ഇറാഖിലെ ബസ്വറയില്‍ അധ്യാപനം നിര്‍വഹിച്ചുകൊണ്ടിരുന്ന ഹസനുല്‍ ബസ്വരിയോട് ‘വന്‍പാപങ്ങള്‍ ചെയ്തവരെ വിശ്വാസികളെന്നോ അതല്ല അവിശ്വാസികളെന്നോ എന്താണ് വിളിക്കേണ്ടത്?’ എന്ന ഒരാളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നതിന് മുമ്പ് ‘വന്‍പാപങ്ങള്‍ ചെയ്തവര്‍ യഥാര്‍ഥ വിശ്വാസികളോ പൂര്‍ണമായ അവിശ്വാസികളോ അല്ല; ഇത് രണ്ടിനുമിടയിലുള്ള ഒരു മധ്യമനിലയിലാണ് അത്തരക്കാര്‍ ഉണ്ടാവുക’യെന്ന് നബി(സ) പറഞ്ഞുതന്നതിന് വിരുദ്ധമായ അഭിപ്രായപ്രകടനം നടത്തുകവഴി ഗുരുവില്‍നിന്ന് വേറിട്ടുപോയി അധ്യാപനം നടത്തിക്കൊണ്ടാണ് വാസ്വിലുബ്നു അത്വാഅ് തന്റെ വാദങ്ങള്‍ പ്രചരിപ്പിക്കാനാരംഭിച്ചത്. അതീവ ഗുരുതരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാത്ത, ചെറിയൊരു വ്യതിയാനത്തില്‍നിന്ന് തുടങ്ങിയ മുഅ്തസിലി പ്രസ്ഥാനം പില്ക്കാലത്ത് എത്തിക്കപ്പെട്ട വഴിപിഴച്ച വാദങ്ങളുടെ ആഴത്തെക്കുറിച്ച് മനസ്സിലാക്കുന്നത് ക്വര്ആനും സുന്നത്തും വരച്ച്കാണിക്കുന്ന പാതയില്‍നിന്ന് അല്പംപോലും വ്യതിചലിക്കാതെ സൂക്ഷിക്കുവാന്‍ മുസ്ലിംകള്ക്ക് പ്രചോദനമാകേണ്ടതാണ്. വ്യതിയാന ങ്ങള് പലപ്പോഴും അപകടകരമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോകുന്ന, ക്വുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ വാദത്തില്നിന്നാണ് തുടങ്ങാറുള്ളതെന്ന വസ്തുതയാണ് മുഅ്തസിലുകളുടെ ചരിത്രം വ്യക്തമാക്കുന്നത്.
പ്രവാചകന്(സ) മുന്നറിയിപ്പ് നല്കിയ മുസ്ലിം സമൂഹത്തില്‍നിന്നുണ്ടായ ആദ്യത്തെ വ്യതിയാന കക്ഷിയായ ഖവാരിജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ക്വര്‍ആനിലെ ആയത്തുകളുദ്ധരിച്ചുകൊണ്ട് ‘ഭരണാധികാരം അല്ലാഹുവിന് മാത്രമാണെന്ന്’ സമര്‍ഥിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പിഴച്ച വാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഖവാരിജുകളെ പറ്റി ‘വാക്യം സത്യമാണ്; അത് ഉപയോഗിക്കപ്പെടുന്നതാകട്ടെ അസത്യത്തിന് വേണ്ടിയും’ എന്നാണ് അലി(റ) പറഞ്ഞത്. ഇമാം മുസ്ലിം തന്റെ സ്വഹീഹിലെ അഞ്ചാം അധ്യായമായ കിത്താബുസ്സകാത്തിലെ രണ്ട് ബാബുകളിലായി (44,45) ഖവാരിജുകളെക്കുറിച്ച് ഇരുപത്തിമൂന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുന്നുണ്ട്. ഇസ്ലാമിക സമൂഹത്തിന്റെ നേതാവായിരുന്ന പ്രവാചകന്റെ(സ) നീതിബോധത്തെ ചോദ്യം ചെയ്തയാളില്നിന്നാണ് ഖവാരിജുകളുടെ തുടക്കം എന്നാണ് ഈ ഹദീഥുകള്‍ നല്കുന്ന ഒന്നാമത്തെ വിവരം. അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുമെങ്കിലും അതവരുടെ തൊണ്ടക്കുഴിക്ക് പുറത്തേക്ക് കടക്കുകയില്ല, അവരുടെ നമസ്കാരവും നോമ്പുമെല്ലാം മറ്റു മുസ്ലിംകളുമായി താരതമ്യം ചെയ്താല്‍ അതീവ ഭക്തിപാരവശ്യത്തോട് കൂടിയുള്ളതാണെന്ന് തോന്നും. അവരുടെ നമസ്കാരം സ്വന്തം തോളെല്ലിനപ്പുറത്തേക്ക് പോവുകയില്ല. തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനായി അവര്‍ ക്വര്‍ആന്‍ വചനങ്ങള്‍ ഓതുമെങ്കിലും അവ യഥാര്‍ഥത്തില്‍ അവര്‍ക്കെതിരായിരിക്കും. ഇരയില്‍നിന്ന് തെറിച്ചുപോവുന്ന അമ്പില്‍ അതിന്റെ രക്തമോ മാംസമോ പറ്റിപ്പിടിക്കാത്തതുപോലെ ഇസ്ലാമിന്റെ യാതൊന്നും തങ്ങളില്‍ അവശേഷിപ്പിക്കാത്തവിധം അവര്‍ ഇസ്ലാമില്‍നിന്ന് തെറിച്ചുപോകും, എന്നിവയായിരിക്കും ഖവാരിജുകളുടെ അടയാളങ്ങളെന്നാണ് നബി(സ) മുന്നറിയിപ്പ് നല്‍കിയത്.
പുറമെ കാണുന്ന മതപരമായ ഹാവ-ഭാവാദികളില്‍ ആകൃഷ്ടരായിക്കൊണ്ട്, അവര്‍ ഉദ്ധരിക്കുന്ന പ്രമാണങ്ങളിലെന്താണുള്ളതെന്ന് കൃത്യമായി മനസ്സിലാക്കാതെ വ്യതിയാനക്കാര്‍ക്ക് പിന്നില്‍ അണിനിരക്കുന്ന ദുരവസ്ഥയുണ്ടായാല്‍ ഇസ്ലാമിന്റെ അംശങ്ങളൊന്നും അവശേഷിക്കാത്തവിധം സമൂഹത്തില്‍നിന്ന് തെറിച്ചുപോകുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് വിശ്വാസികളെ പഠിപ്പിക്കുകയാണ് പ്രവാചകന്(സ) ചെയ്തതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് നടേ പറഞ്ഞ ഹദീഥുകള്‍.
അലി(റ)ക്കെതിരെ യുദ്ധം ചെയ്യാനായി ഒരുങ്ങിവന്ന ആറായിരത്തോളം വരുന്ന ഖവാരിജുകളോട് താന്‍ നടത്തിയതായി പ്രവാചകാനുചരന്മാരില് പ്രമുഖനായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) വെളിപ്പെടുത്തിയ സംവാദത്തെക്കുറിച്ച വിശദമായ വിവരണമടങ്ങിയ ദീര്‍ഘമായ ഹദീഥില്‍നിന്ന് (ഇമാം അബ്ദുല്‍റസാഖ് തന്റെ മുസന്നഫിലും (18678), ഇമാം അഹ്മദ് തന്റെ മുസ്നദിലും (1/243 നിവേദനം ചെയ്തത്) വ്യതിയാന കക്ഷികളുടെ സ്വഭാവങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
ഖവാരിജുകളുടെ കൂടാരത്തിനകത്തേക്ക് കയറിയ ഉടനെത്തന്നെ സഹാബിമാര്ക്കിടയിലെ പ്രമുഖനും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഇബ്നു അബ്ബാസിനെ (റ) അദ്ദേഹത്തിന്റെ സ്ഥാനമോ ആദരണീയതയോ പരിഗണിക്കാതെ, താന്‍ ധരിച്ച വൃത്തിയും വെടിപ്പുമുള്ള യമനി വസ്ത്രത്തെ കളിയാക്കിക്കൊണ്ട് സംസാരിച്ച അവരുടെ നടപടിയില്‍നിന്ന് പരിഹാസം ഇത്തരക്കാരുടെ സ്ഥിരം സ്വഭാവമാണെന്ന് വ്യക്തമാകുന്നുണ്ട്. സ്വഹാബിമാരെ തെറി പറയുന്നതില്‍ അഭിരമിക്കുന്ന ശിയാക്കളും താബിഉകളും തബഉത്താബിഉകളുമായ പണ്ഡിതന്മാരെ പരിഹസിക്കുന്നതില്‍ വിദഗ്ധരായ മുഅ്തസിലുകളുമെല്ലാം ഇവരുടെ പരിഹാസ പാരമ്പര്യം നിലനിര്‍ത്തിയവരാണ്. താന്‍ അവരുടെ കൂടാരത്തില്‍ കയറിയപ്പോള്‍ കണ്ടത് തലേന്ന് രാത്രിയില്‍ ഉറക്കമൊഴിച്ച് നമസ്കരിച്ചതിനാല്‍ മുഖത്ത് ഉറക്കക്ഷീണം പ്രകടമാവുകയും ദീര്‍ഘനേര നമസ്കാരത്താല്‍ നെറ്റിയിലും കാലുകളിലും തഴമ്പ് വരികയും വസ്ത്രത്തില്‍ പുരണ്ട അഴുക്കുപോലും ശ്രദ്ധിക്കാന്‍ മെനക്കെടാത്തവിധം വിരക്തരാവുകയും ചെയ്തവരാണെന്ന ഇബ്നു അബ്ബാസി(റ)ന്റെ സാക്ഷ്യം ‘അവരുടെ നമസ്കാരവും നോമ്പുമെല്ലാം നിങ്ങളെ ആശ്ചര്യഭരിതരാക്കും’ എന്ന പ്രവാചക പ്രവചനത്തിന്റെ പൂര്‍ത്തീകരണം വെളിപ്പെടുത്തുന്നതോടൊപ്പം പുറത്തേക്ക് കാണുന്ന ഭക്തിപാരവശ്യമല്ല ഒരാളുടെ ശരിയും തെറ്റും തീരുമാനിക്കുന്നതിന് ഉപയോഗിക്കേണ്ട മാനദണ്ഡമെന്ന വിവരവും നല്‍കുന്നുണ്ട്.
അലി(റ)ക്കെതിരെ ഖവാരിജുകള്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് താന്‍ മറുപടി പറയവെ ക്വര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചപ്പോള്‍ പ്രസ്തുത സൂക്തങ്ങള്‍ ആദ്യമായി കേള്‍ക്കുന്നതുപോലെയാണ് അവര്‍ പ്രതികരിച്ചതെന്ന ഇബ്നു അബ്ബാസിന്റെ വെളിപ്പെടുത്തല്‍ ‘അവര്‍ സുന്ദരമായി ക്വര്‍ആന്‍ പാരായണം ചെയ്യുമെങ്കിലും അത് തൊണ്ടക്കുഴിയില്‍നിന്ന് അകത്തേക്ക് കടക്കുകയില്ലാ’യെന്ന പ്രവാചക വചനത്തിന്റെ പൂര്‍ത്തീകരണം വ്യക്തമാക്കുന്നതോടൊപ്പം തങ്ങളുടെ ആശയങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി പ്രമാണങ്ങള്‍ ഉദ്ധരിക്കുകയും എന്നാല്‍ തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കേണ്ടവിധത്തില് അവ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാവാതിരിക്കുകയും ചെയ്യുന്നവരായിരിക്കും വ്യതിയാനക്കാരോടൊപ്പം കൂട്ടുചേരുന്നതെന്ന യാഥാര്‍ഥ്യവും മനസ്സിലാക്കിത്തരുന്നുണ്ട്. ക്വുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അവരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ അലി(റ)ക്കെതിരെ യുദ്ധം ചെയ്യാനെത്തിയവരില്നിന്ന് മുന്നിലൊന്ന് തിരിച്ചുപോയതായുള്ള ഇബ്നു അബ്ബാസിന്റെ വിവരണത്തില്‍നിന്ന് വ്യതിയാനക്കാരോടൊപ്പം ചേരുന്നത് പലപ്പോഴും വിവരമില്ലാത്ത നിഷ്കളങ്കരായിരിക്കുമെന്നും അവര്‍ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ സത്യമാര്‍ഗത്തിലേക്ക് തിരിച്ചുവരുമെന്നുള്ള വസ്തുതകള്‍ വ്യക്തമാകുന്നുണ്ട്.
ക്വുര്‍ആനും സുന്നത്തും സ്ഥാപിച്ച ബലിഷ്ഠമായ ആദര്‍ശത്തില്‍നിന്ന് അറിവില്ലാത്തതിനാല്‍ വഴിതെറ്റിപ്പോകുന്നവരെ പ്രമാണങ്ങളുടെ പാതയിലേക്ക് നയിക്കേണ്ടത് വിവരമുള്ളവരുടെ ബാധ്യതയാണെന്നര്‍ത്ഥം. ഒരു നേര്‍രേഖയും അതിന് ഇടതും വലതുമായി നിരവധി രേഖകളും വരച്ച്, നേര്‍രേഖയെ ചൂണ്ടി ഇതാണ് പാതയെന്നും ഇതില്‍നിന്ന് പിഴച്ചുപോകുന്നവരുടെ പൈശാചികപാതകളാണ് മറ്റുള്ളവയെന്നും അവയിലേക്കെല്ലാം ക്ഷണിക്കുവാനായി പിശാചുക്കളുണ്ടായിരിക്കുമെന്നുമുള്ള പ്രവാചകനില്‍(സ) നിന്ന് ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത, ഇമാം അഹ്മദും ഇമാം ഹാക്കിമും ഉദ്ധരിച്ച സ്വഹീഹായ ഹദീഥ് വ്യതിയാനങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ച അമൂല്യമായ അറിവാണ് നല്‍കുന്നത്; നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാനായി പിശാചുക്കള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും ചെറിയ വ്യതിയാനങ്ങളിലൂടെയായിരിക്കും ഭീകരമായ മാര്‍ഗഭ്രംശത്തിലേക്ക് പിശാചുക്കള്‍ കൊണ്ട്പോവുകയെന്നുമുള്ള അറിവ് സത്യമാര്‍ഗത്തിലൂടെ ചരിച്ച് സ്വര്‍ഗപ്രവേശം നേടണമെന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അമൂല്യംതന്നെയാണ്. പ്രമാണങ്ങളുടെ പ്രോജ്ജ്വല പ്രകാശത്തിലൂടെ നടന്നുപോകുന്നതിനിടയില്‍ എപ്പോഴെങ്കിലും വഴിതെറ്റിപ്പോകുവാനുള്ള ക്ഷണമോ പ്രചോദനമോ ഉണ്ടാകുമ്പോള്‍ താന്‍ തെരഞ്ഞെടുക്കുന്നത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട പാത തന്നെയാണോയെന്നും അതല്ല പിശാചുക്കള്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനത്തിന്റെ മാര്ഗമാണോയെന്നും നിഷ്കൃഷ്ടമായി പരിശോധിക്കുവാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് ഈ അമൂല്യമായ അറിവാണ്. പ്രസ്തുത അറിവ് നല്കുന്ന വെളിച്ചം പ്രബോധകരുടെയെല്ലാം ജീവിതത്തെ പ്രകാശമാനമാക്കേണ്ടതുണ്ട്, അവരെ വഴിനടത്തേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍).
0 comments:
Post a comment