Monday, 29 December 2014

ഇന്റര്‍നെറ്റ്‌; പ്രബോധകര്‍ ശ്രദ്ധിക്കേണ്ടത്‌

വൈജ്ഞനികരംഗത്ത്‌ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക മനുഷ്യന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌ ഇന്റര്‍നെറ്റിന്റെ ആഗമനമെന്ന കാര്യത്തില്‍ സംശയമൊന്നും തന്നെയില്ല. അമേരിക്കയിലെ ഡിഫന്‍സ്‌ അഡ്‌വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ ഏജന്‍സി, വിവര കൈമാറ്റത്തിനു വേണ്ടി 1969 മുതല്‍ ഉപയോഗിക്കാനാരംഭിച്ചിരുന്ന കംപ്യൂട്ടര്‍ ശൃംഖലയായ ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍ സ്യൂട്ടിനെ (TCP/IP) ആധാരമാക്കി ലോക വ്യാപകമായ വൈജ്ഞാനിക വിനിമയത്തിനു പറ്റുന്ന ഇന്റര്‍നെറ്റ്‌ എന്ന സംവിധാനം 1982ല്‍ പ്രവര്‍ത്തനക്ഷമമായതു മുതല്‍ ആഗോളഗ്രാമമെന്ന സങ്കല്‍പം സാക്ഷാല്‍ക്കരിക്കപ്പെടുകയായിരുന്നു. ലോകത്തെവിടെയും സൂക്ഷിക്കപ്പെട്ടിരിക്കുന്ന വിജ്ഞാന ഭണ്ഡാരങ്ങള്‍ സ്വന്തം മേശപ്പുറത്തിരുന്ന്‌ തുറക്കാനാവുകയെന്ന അത്ഭുതലോകത്തെ ആലീസിനു പോലും കഴിയാതിരുന്ന അത്ഭുതമാണ്‌, ഇന്റര്‍നെറ്റു വഴി, ഏതൊരു സാധാരണക്കാരനും കഴിയുമെന്ന അവസ്ഥ സംജാതമാക്കിയത്‌. 2011 ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ 32.7ശതമാനം (226.7 കോടി) ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ്‌ (Internet usage statistics-www.internetworldstats.com). 2000 ത്തില്‍ നിന്ന്‌ 2011 ലെത്തുമ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 528.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്‌. എന്ന വസ്‌തുത അത്‌ എത്രത്തോളം വലിയ സ്വാധീനമാണ്‌ ജനങ്ങളില്‍ ഉണ്ടാക്കുന്നത്‌ എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌.
2011 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 36,68,48,493 വെബ്‌ സൈറ്റുകളും 314.6 കോടി ഇ.മെയില്‍ വിലാസങ്ങളുമുള്ള വലിയൊരു ലോകമാണ്‌ ഇന്റര്‍നെറ്റിന്റേത്‌. വൈജ്ഞാനിക വിസ്‌ഫോടനമെന്നാണ്‌ ഇന്റര്‍നെറ്റിന്റെ ലോകത്തെക്കുറിച്ച്‌ പറയാറുള്ളതെങ്കിലും അത്‌ ഇന്ന്‌ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്‌. വളരുന്ന തലമുറയെ തിന്‍മകളിലേക്ക്‌ നയിക്കുവാനും തലച്ചോറിനെ വാണിജ്യവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ്‌. ആകെയുള്ള വെബ്‌സൈറ്റുകളില്‍ പന്ത്രണ്ട്‌ ശതമാനത്തോളം പച്ചയായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നവയാണ്‌. പോര്‍ണോഗ്രാഫിക്‌ വെബ്‌സൈറ്റുകള്‍ എന്ന്‌ സ്വയം വിളിക്കുന്നവ കൂടാതെ എന്റര്‍ടൈന്‍മെന്റും, മാട്രിമോണിയല്‍, ഡേറ്റിംഗ്‌ തുടങ്ങിയ തലക്കെട്ടിനു കീഴെ ലൈംഗികതയിലേക്കു നയിക്കുന്ന സൈറ്റുകളുടെ എണ്ണം ഇതിലും എത്രയോ അധികമാണ്‌. വെബ്‌സൈററുകളില്‍ സെര്‍ച്ച്‌ ചെയ്യപ്പെടുന്നതില്‍ 25 ശതമാനവും പോര്‍ണോഗ്രാഫിയാണ്‌ എന്ന കണക്ക്‌ നല്‍കുന്ന ഭീഷണമായ അറിവ്‌ വിജ്ഞാനവിസ്‌ഫോടനമല്ല, പ്രത്യുത ധാര്‍മികത്തകര്‍ച്ചയാണ്‌ ഇത്‌ കൊണ്ട്‌ ഉണ്ടാവാന്‍ പോകുന്നത്‌ എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന 15 മുതല്‍ 17 വരെ വയസുകള്‍ക്കിടയിലുള്ളവരില്‍ 80 ശതമാനം പോര്‍ണോഗ്രാഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണെന്നും അത്തരക്കാര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തുടങ്ങുന്നത്‌ ശരാശരി പതിനൊന്നാം വയസ്സിലാണെന്നുമുള്ള സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്‌. ഓരോ സെക്കന്റിലും 28,258 പേര്‍ ഇന്റര്‍നെറ്റ്‌ പോര്‍ണോഗ്രഫി ആസ്വദിക്കുമ്പോള്‍ അത്‌ വിറ്റു കാശാക്കുന്നവരുടെ മേശവലിപ്പിലെത്തുന്നത്‌ 3075.64 കോടിയോളം ഡോളറാണെന്നാണ്‌ കണക്ക്‌. ഓരോ ദിവസവും 27 കോടിയോളം ഡോളര്‍ (1328 കോടി ഇന്ത്യന്‍ രൂപ) ക്യാമറക്ക്‌ മുന്നില്‍ വെച്ച്‌ തുണിയഴിക്കുന്നവര്‍ സമ്പാദിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികതയാണ്‌ യഥാര്‍ഥത്തില്‍ അഴിഞ്ഞുപോകുന്നതെന്നും അതുവഴി ഉണ്ടാകാന്‍ പോകുന്ന ദുരന്തം കണക്കു കൂട്ടാവുന്നതിലുമപ്പുറമാണെന്നുമുള്ള വസ്‌തുതകള്‍ എല്ലാവരും വിസ്‌മരിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരുപാട്‌ നന്മകള്‍ക്ക്‌ സാധ്യതകളുള്ള ഇന്റര്‍നെറ്റിന്റെ ലോകം തിന്‍മകളുടെ കൂത്തരങ്ങായിത്തീരുന്നതാണ്‌ ഇവിടെ നാം കാണുന്നത്‌.
ഇന്റര്‍നെറ്റിലൂടെയുള്ള ഇസ്ലാമികപ്രബോധന സാധ്യതകളെ മുസ്‌ലിംലോകം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിലും, ശ്രദ്ധേയമായ ചില കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വസ്‌തുത എടുത്തു പറയാതെ വയ്യ. അറബി ഭാഷ മനസ്സിലാക്കാനാവുന്നവര്‍ക്ക്‌ ഇസ്ലാമിക പ്രമാണങ്ങളുടെയും പണ്ഡിതന്‍മാരുടെ ഫത്‌വകളുടെയും പ്രഭാഷണങ്ങളുടെയും വ്യാഖ്യാനങ്ങളുടെയുമെല്ലാം ഒരു ബൃഹത്തായ ശേഖരം തന്നെ ഇന്റര്‍നെറ്റിലൂടെ ലഭിക്കും. ഒരു മഹാപണ്ഡിതനാകുവാനാവശ്യമായ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ശേഖരം ഇന്റര്‍നെറ്റിലുണ്ട്‌. പല സൈറ്റുകളിലും സെര്‍ച്ച്‌ സംവിധാനമുള്ളതിനാല്‍ അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എവിടെയാണുള്ളതെന്ന്‌ കൃത്യമായി കണ്ടെത്തുവാനും പരിശേധിച്ച്‌ പഠിക്കുവാനും അതുവഴി സാധിക്കും. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ പണ്ഡിതന്‍മാരുടെ ഫത്‌വകള്‍, ആധുനിക പ്രശ്‌നങ്ങളില്‍ എന്തു നിലപാട്‌ സ്വീകരിക്കണമെന്നതിന്‌ മുസ്‌ലിംകള്‍ക്ക്‌ വഴികാട്ടിയായി ഭവിക്കുന്നുണ്ട്‌. എന്നാല്‍ അറബിയല്ലാത്ത ഭാഷകളില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ ഇന്റര്‍നെറ്റിലൂടെ ഇസ്‌ലാമികപ്രബോധനം നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷില്‍ ശ്രദ്ധേയമായ ചില കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇസ്‌ലാം വിരുദ്ധവും ഇസ്‌ലാമിനെക്കുറിച്ച തെറ്റുധാരണകള്‍ സൃഷ്‌ടിക്കുന്നതുമായ സൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമികപ്രബോധന സൈറ്റുകളല്ലാത്തവ കൂടി നിര്‍വഹിക്കുന്ന സേവനം മൊത്തത്തില്‍ കുറവു തന്നെയാണ്‌. എങ്കിലും ഇന്റര്‍നെറ്റിലൂടെയുള്ള ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക്‌ മൊത്തത്തില്‍ മറുപടി പറയുകയും മുസ്‌ലിംകളെ ഇവ്വിഷയകമായി സജ്ജീകരിക്കുകയും ചെയ്യുന്നതിന്‌ ഇംഗ്ലിഷ്‌ ഇസ്‌ലാമിക്‌ സൈറ്റുകള്‍ക്ക്‌ സാധിക്കുന്നുണ്ട്‌. ഇസ്‌ലാമിനെ തെറി പറയുകയും തമസ്‌കരിക്കുകയും ചെയ്യുന്നതിനായി ഇന്റര്‍നെറ്റില്‍ കളിക്കുന്ന മലയാളികള്‍ പടച്ചു വിടുന്ന സൈറ്റ്‌-ബ്ലോഗ്‌ ആഭാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി കണ്ടെത്തുകയും ചെയ്യുന്നതിനുവേണ്ടി സംവിധാനിക്കപ്പെട്ട മലയാളം സൈറ്റുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവ തന്നെയാണ്‌. മലയാളത്തിന്റെ വിഫുലമായ ഉപയോഗവും പ്രവാസിസമൂഹമെന്ന നിലയ്‌ക്ക്‌ അന്താരാഷ്‌ട്രീയമായി സ്വാധീനിക്കുവാനുള്ള ശേഷിയും പരിഗണിക്കുമ്പോള്‍ ഈ രംഗത്തെ മലയാളീ മുസ്‌ലിം സാന്നിധ്യം വേണ്ടത്രയായിട്ടില്ലെന്നതു തന്നെയാണ്‌ യാഥാര്‍ത്ഥ്യം.
ഇന്റര്‍നെറ്റ്‌ സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും ചാറ്റ്‌ റൂമുകളിലൂടെയും ബൈലക്‌സ്‌ലൂടെയും യൂട്യൂബിലൂടെയുമെല്ലാം ഇസ്‌ലാമിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക്‌ എത്തിച്ചുകൊടുക്കുവാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ ചെയ്യുന്നത്‌ ദഅ്‌വത്ത്‌ എന്ന മഹാസേവനമാണെന്ന കാര്യത്തില്‍ സംശയമില്ല. സഹജീവികളെ അല്ലാഹുവിന്റെ ശാപകോപതാപങ്ങളില്‍ നിന്ന്‌ കരകയറ്റി നിത്യനരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ വലിയ മനുഷ്യസേവനമെന്താണ്‌ ! അതിവിപുലമായ പ്രബോധന സാധ്യതകളുള്ള ഇന്റര്‍നെറ്റിലൂടെ ഇസ്‌ലാമിനെ അവതരിപ്പിക്കുകയും ആദര്‍ശവിരോധികളുമായി സംവദിക്കുകയും ആശയസംഘട്ടനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍, പക്ഷെ, ഇസ്‌ലാമികമായ മര്യാദകള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണെന്ന കാര്യം ആ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരൊന്നും മറന്നുകൂടാ. മറ്റുള്ളവരെ നരകത്തില്‍ നിന്ന്‌ രക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍, തങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി സ്വയം നരകത്തില്‍ ആപതിക്കുന്ന അവസ്ഥയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ആദര്‍ശ പ്രബോധനരംഗവും ആശയസംഘട്ടനത്തിന്റെ രീതിശാസ്‌ത്രവുമെല്ലാം എന്താണെന്ന്‌ കൃത്യമായി പഠിപ്പിക്കപ്പെടുകയും ആ രംഗത്ത്‌ പാലിക്കപ്പെടേണ്ട മര്യാദകള്‍ കൃത്യമായി നിഷ്‌കര്‍ഷിക്കപ്പെടുകയും ചെയ്‌തവരാണ്‌ മുസ്‌ലിംകള്‍. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത കുറുക്കുവഴികളും പ്രവാചകനില്‍ നിന്ന്‌ മതം പഠിച്ചവര്‍ക്ക്‌ പരിചയമില്ലാത്ത മാന്യമല്ലാത്ത മാര്‍ഗങ്ങളും മതപ്രബോധനത്തിന്‌ എന്ന പേരില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അവ ധാര്‍മികവും സ്വീകാര്യവുമാകുമെന്ന്‌ കരുതാന്‍ ന്യായങ്ങളൊന്നുമില്ല. അല്ലാഹുവിലേക്ക്‌ ജനങ്ങളെ ക്ഷണിക്കേണ്ടത്‌ എങ്ങിനെയെന്ന്‌ അല്ലാഹു തന്നെ മുസ്‌ലിംകളെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ. “യുക്തിദീക്ഷയോടു കൂടിയും, സദൂപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌ തന്റെ മാര്‍ഗം വിട്ട്‌ പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.” (ക്വുര്‍ആന്‍ 16:125).
ബൗദ്ധികമായ സത്യസന്ധതയില്ലായ്‌മ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ കണ്ടുവരുന്ന വ്യാപകമായ ഒരു അസുഖമാണ്‌. ‘ഗൂഗിള്‍’ സര്‍ച്ച്‌ എഞ്ചിനും വിക്കിപ്പീഡിയയുമുണ്ടെങ്കില്‍ സ്വന്തം മേശപ്പുറത്തിരുന്ന്‌, കസേരയില്‍നിന്ന്‌ എഴുന്നേല്‍ക്കാതെ ഏതു ശാസ്‌ത്രവിഷയത്തിലുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കാം എന്ന ഒരു ചൊല്ലുണ്ട്‌, ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്കിടയില്‍. ഇസ്‌ലാമിക പ്രബോധന രംഗത്തുള്ളവര്‍ക്ക്‌ തീരെ ഉണ്ടാവാന്‍ പാടില്ലാത്ത സുഖക്കേടാണിത്‌. സ്വന്തം ആദര്‍ശമെന്താണെങ്കിലും അത്‌ സ്ഥാപിക്കുവാനും സമര്‍ത്ഥിക്കുവാനുമെല്ലാം ഓരോരുത്തര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ മറ്റുള്ളവരെ ഇകഴ്‌ത്തുവാനും താഴ്‌ത്തിക്കെട്ടുവാനും വേണ്ടി അവരുടെ തന്നെ സംസാരങ്ങളെയും ഉദ്ധരണികളെയും മുറിച്ചും തങ്ങളുദ്ദേശിക്കുന്ന ആശയങ്ങളുമായി വിളക്കിച്ചേര്‍ത്തും അവതരിപ്പിക്കുന്നത്‌, സത്യവിശ്വാസികള്‍ ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ പാതകങ്ങളിലൊന്നാണ്‌. തങ്ങളുദ്ദേശിക്കുന്ന ആശയങ്ങള്‍ക്കനുസൃതമായി പണ്ഡിതന്‍മാരുടെ ഉദ്ധരണികളെയും ഫത്‌വകളെയും അവതരിപ്പിക്കുന്നതും തഥൈവ. അങ്ങനെ ചെയ്യുന്നവരില്‍ കണ്ടുവരുന്ന പ്രവണതയിതാണ്‌. ആദ്യം ഒരു ആശയം നിര്‍മിക്കുക; അത്‌ പ്രാമാണികമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുക; സെര്‍ച്ച്‌ എഞ്ചിനില്‍ പോയി തങ്ങള്‍ നിര്‍വചിച്ച ആശയത്തിനനുസൃതമായ രേഖകള്‍ പരിശോധിക്കുക; ആരെങ്കിലും എവിടെയെങ്കിലുമെല്ലാം തങ്ങളുദ്ദേശിച്ച ആശയങ്ങള്‍ക്ക്‌ അനുകൂലമായി വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ കോപ്പി ചെയ്യുക ഇങ്ങനെ കോപ്പി ചെയ്‌തവയെല്ലാം കൂടി ഒരു ഡോക്യുമെന്റിലേക്ക്‌ പേസ്റ്റ്‌ ചെയ്‌ത്‌ തങ്ങളുദ്ദേശിക്കുന്ന ആശയങ്ങള്‍ പ്രാമാണികമാണെന്ന്‌ സമര്‍ത്ഥിക്കുന്ന പ്രബന്ധം തയ്യാറാക്കുക; ഇങ്ങനെ തയ്യാറാക്കിയ പ്രബന്ധം വ്യത്യസ്‌ത ഇ-മെയില്‍, ചാറ്റ്‌ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുക. സാഹചര്യങ്ങളുടെയോ സമ്മര്‍ദങ്ങളുടെയോ അനുഭവങ്ങളുടെയോ അടിസ്ഥാനത്തിലല്ല, പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആശയരൂപീകരണം നടത്തുകയും അങ്ങനെ സുചിന്തിതമായി രൂപീകരിക്കപ്പെട്ട ആശയത്തിന്‌ അനുസൃതമായി ജീവിക്കുകയുമാണ്‌ മുസ്‌ലിം ചെയ്യേണ്ടത്‌ എന്ന ഇസ്‌ലാമിക രീതി അട്ടിമറിക്കപ്പെടുകയും ആശയരൂപീകരണം നടന്ന ശേഷം അത്‌ പ്രാമാണികമാണോയെന്ന്‌ പരിശോധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നുവെന്നതുമാണ്‌ ഇതിലെ ഒന്നാമത്തെ തെറ്റ്‌. പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയും പണ്ഡിതന്‍മാര്‍ നല്‍കുന്ന ഫത്‌വകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും പ്രസ്‌തുത സാഹചര്യമോ അവസരമോ പരിഗണിക്കാതെ ‘കോപ്പി ആന്റ്‌ പേസ്റ്റ്‌’ ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും അവര്‍ വിവക്ഷിച്ചതല്ലാത്ത അര്‍ത്ഥതലങ്ങളിലേക്കായിരിക്കും അത്‌ വായനക്കാരെ നയിക്കുകയെന്നത്‌ രണ്ടാമത്തെ തെറ്റ്‌. പുതിയ ആശയനിര്‍മിതിക്കനുസരിച്ച്‌ സമൂഹത്തെ നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും ഛിദ്രതകള്‍ക്കുമെല്ലാം അത്‌ കാരണമാകുമെന്നത്‌ മൂന്നാമത്തെ തെറ്റ്‌. നമ്മുടെ സാഹചര്യങ്ങളില്‍ അപ്രസക്തമോ അപ്രായോഗികമോ ആയ അഭിപ്രായങ്ങളെക്കുറിച്ച്‌ അനാവശ്യമായ ചര്‍ച്ചകളിലൂടെ വിരോധവും വിദ്വേഷവും അത്‌ വളര്‍ത്തുന്നുവെന്നത്‌ നാലാമത്തെ തെറ്റ്‌. അപ്രായോഗികമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരായി പണ്ഡിതന്‍മാരെ അവതരിപ്പിച്ച്‌ അവരെ സമൂഹമധ്യത്തില്‍ താറടിക്കുന്നത്‌ അഞ്ചാമത്തെ തെറ്റ്‌. ഇങ്ങനെ തെറ്റുകളുടെ നിര തന്നെയാണ്‌ ഇന്റര്‍നെറ്റിന്റെ ഇത്തരത്തിലുള്ള ഉപയോഗം വഴി ഉണ്ടായിത്തീരുന്നത്‌.
വൈജ്ഞാനിക വിപുലീകരണത്തിന്‍ അനന്തമായ സാധ്യതകള്‍ തുറന്ന്‌തരുന്ന ഇന്റര്‍നെറ്റ്‌ ഇന്ന്‌ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്‌ പോര്‍ണോഗ്രാഫിക്ക്‌ വേണ്ടിയായതു പോലെ ഇസ്‌ലാമികപ്രബോധത്തിന്‌ അനന്തസാധ്യതകള്‍ നല്‍കുന്ന ഈ രംഗത്തെ, കുഴപ്പങ്ങളുണ്ടാക്കുന്നതിനും തിന്‍മകള്‍ വിതറുന്നതിനും പ്രബോധകര്‍ക്കിടയില്‍ ഛിദ്രീകരണം സൃഷ്‌ടിക്കുന്നതിനും വേണ്ടി ഉപയോഗിക്കപ്പെടുന്നുവെന്ന സങ്കടകരമായ വസ്‌തുത പണ്ഡിതന്‍മാരുടെ സത്വര ശ്രദ്ധയാവശ്യമുള്ള കാര്യങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. പ്രമാണങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നോ വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സമൂഹത്തെ എങ്ങനെ നയിക്കണമെന്നോ വിവരമില്ലാത്ത ‘ഇന്റര്‍നെറ്റ്‌ മുഫ്‌തികളെയും മുജ്‌തഹിദുകളെയും’ അവര്‍ക്കാവശ്യമുള്ളത്‌ ആവശ്യമുള്ള ആവശ്യമുള്ള രീതിയില്‍ പറഞ്ഞുകൊടുക്കുന്ന ‘ഗൂഗ്‌ള്‍ ശൈഖി’നെയും ആദര്‍ശപ്രബോധനം ഏല്‍പിച്ചാല്‍ അത്‌ ഗൂരുതരമായ പ്രത്യാഘാതങ്ങളാണ്‌ സൃഷ്‌ടിക്കുക. പണ്ഡിതന്‍മാര്‍ ഇല്ലാതെയാകുമ്പോള്‍ മതവിധികള്‍ പറഞ്ഞു കൊടുക്കാനായി നേതാക്കന്‍മാരെ ജനം സമീപിക്കുമ്പോള്‍ വിവരമില്ലാത്ത അവര്‍ മതവിധി പറഞ്ഞുകൊടുത്തു കൊണ്ട്‌ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുമെന്ന്‌ നബി(സ) മുന്നറിയിപ്പ്‌ (സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ഇല്‍മ്‌) നല്‍കിയ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്നവരില്‍ ഉള്‍പ്പെടാതിരിക്കുവാന്‍ വിവരസാങ്കേതികവിദ്യയെ ഉപയോഗിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്‌. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍). 

0 comments:

Post a Comment