‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു’. (49:10) യെന്നാണ് ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. വിശ്വാസികള്‍ തമ്മില്‍ നിലനില്ക്കേണ്ട സാഹോദര്യബന്ധത്തെക്കുറിച്ച് മുഹമ്മദ് നബി(സ) വിശദീകരിച്ചത് ഇങ്ങനെയാണ്: ‘സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരം പോലെയാണ്. അതില്‍ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദു:ഖത്തില്‍ പങ്കുകൊള്ളും.(1) ‘ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് കെട്ടിടം പോലെയാണ്. അത് പരസ്പരം ബലപ്പെടുത്തുന്നു’(2) വെന്നാണ് മറ്റൊരിക്കല്‍ നബി(സ) വിശ്വാസികള്‍ തമ്മിലുണ്ടാകേണ്ട ബന്ധത്തെക്കുറിച്ച് പറഞ്ഞത്. പരസ്പരം സഹോദരങ്ങളാവണമെന്ന് വിശ്വാസികളെ ശക്തമായി ഉപദേശിച്ചുകൊണ്ട് പ്രവാചകന് (സ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനോട് അക്രമം കാണിക്കുകയില്ല; അവനെ കൈവെടിയുകയില്ല; അവനെ നിസ്സാരനായി കാണുകയില്ല; എന്നിട്ട് മൂന്നു തവണ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് പ്രവാചകന്(സ) പറഞ്ഞു: ഇവിടെയാണ് തഖ്വ. തന്റെ സഹോദരനായ മുസ്ലിമിനെ നിന്ദിക്കുന്നതുതന്നെ തിന്മയായി ഒരാള്‍ക്ക് മതി. തന്റെ സഹോദരന്റെ രക്തവും സമ്പത്തും അഭിമാനവുമെല്ലാം ഓരോ മുസ്ലിമിനും നിഷിദ്ധമാണ്. (3)
വിശ്വാസികള്‍ തമ്മില്‍ നിലനില്ക്കേണ്ട സ്നേഹബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രവാചകവചനങ്ങള്‍ ഏതൊരു മുസ്ലിമിന്റെയും മനസ്സിനെ കോള്മയിര് കൊള്ളിക്കുന്നതും അതിരില്ലാതെ പരസ്പരം സ്നേഹിക്കുവാന്‍ പ്രചോദിപ്പിക്കുന്നതുമാണ്. മറ്റൊരു തണലും ലഭിക്കാത്ത വിചാരണനാളില്‍ അല്ലാഹുവിന്റെ തണലു ലഭിക്കുന്ന ഏഴു വിഭാഗത്തില്‍ ഒരു വിഭാഗമായി പ്രവാചകന്(സ) എണ്ണിയത് ‘അല്ലാഹുവിനെ മുന്‍നിര്‍ത്തി പരസ്പരം അടുക്കുകയും സ്നേഹിക്കുകയും മരണംവരെ അത് നിലനിര്‍ത്തുകയും ചെയ്ത രണ്ടുപേര്‍’ (4) എന്നാണെന്ന വസ്തുത വിശ്വാസത്തിന്റെ ലാഞ്ചനയെങ്കിലും മനസ്സിലുള്ള ആരെയും മറ്റ് വിശ്വാസികളെ ഉള്ളുതുറന്ന് സ്നേഹിക്കുവാന്‍ പ്രചോദിപ്പിക്കുന്നതാണ്. അന്ത്യനാളില്‍ പ്രതാപിയും മഹാനുമായ അല്ലാഹു ഇങ്ങനെ ചോദിക്കുമത്രെ: ‘എന്റെ മഹത്വതെ മുന്‍നിര്‍ത്തി പരസ്പരം സ്നേഹിക്കുന്നവരെവിടെ? എന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഇന്ന് ഞാന്‍ അവര്‍ക്ക് തണലേകും.’(5). ഉമര്‍ (റ) നിവേദനം ചെയ്ത ഒരു നബിവചനം ഇങ്ങനെയാണ്: ‘പുനരുത്ഥാനനാളില്‍ അല്ലാഹുവിന്റെ ദാസന്മാരായ പ്രവാചകന്മാരോ രക്തസാക്ഷികളോ അല്ലാത്ത ചിലര്‍ക്ക് അല്ലാഹു നല്കുന്ന സ്ഥാനമാനങ്ങള്‍ കാണുമ്പോള്‍ പ്രവാചകന്മാര്ക്കും രക്തസാക്ഷികള്‍ക്കും അവരോട് അസൂയ തോന്നും. കുടുംബ ബന്ധമോ സാമ്പത്തിക കൊള്ളക്കൊടുക്കലുകളോ മൂലമല്ലാതെ അല്ലാഹുവിന് മാത്രമായി പരസ്പരം സ്നേഹിച്ചവരാണ് അവര്‍. അവരുടെ മുഖങ്ങള്‍ പ്രകാശമാനമായിരിക്കും. മഒരുടെ പീഠങ്ങള്‍ പ്രകാശിക്കുന്നതായിരിക്കും. ജനങ്ങള്‍ ഭയപ്പാടിലാകുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഭയമൊന്നുമുണ്ടാവുകയില്ല. ജനങ്ങള്‍ ഭീതിയിലായിരിക്കുമ്പോഴും അവര്‍ സമാധനാചിത്തരായിരിക്കും’ ഇത് പറഞ്ഞുകൊണ്ട് പ്രവാചകന് (സ) ‘ശ്രദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല; അവര്‍ ദു:ഖിക്കേണ്ടിവരികയുമില്ല.’ (10/62) എന്ന ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു’(6).
വിശ്വാസികള്‍ തമ്മിലുള്ള സ്നേഹം നിലനിര്‍ത്തേണ്ടത് എങ്ങനെയാണെന്ന് പ്രവാചകന്(സ) പഠിപ്പിച്ചിട്ടുണ്ട്. ‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, ചരക്കിനെ പ്രശംസിച്ച് വിലകൂട്ടി പറയരുത്, പരസ്പരം കോപിക്കരുത്, പരസ്പരം പിണങ്ങി മാറി നില്‍ക്കരുത്, ഒരാളുടെ കച്ചവടത്തിനുമേല്‍ കച്ചവടം നടത്തരുത്’(7) എന്നിങ്ങനെ വിശ്വാസികളോടായുള്ള പ്രവാചകനിര്‍ദേശങ്ങള്‍ സ്നേഹബന്ധത്തെ തകര്ക്കാതിരിക്കുന്നതിനായുള്ള നിഷേധ പാഠങ്ങളാണ്. ഈ പാഠങ്ങള്‍ അനുസരിക്കുവാന്‍ പ്രവാചകാനുയായികളെല്ലാം സന്നദ്ധമാവുകയാണെങ്കില്‍ അവര്‍ തമ്മില്‍ നിലനില്‍ക്കുന്ന സ്നേഹബന്ധം തകരാതെ സൂക്ഷിക്കുവാന്‍ കഴിയും. മുസ്ലിംകള് തമ്മില്‍ പാലിക്കേണ്ട ബാധ്യതകളായി പ്രവാചകന്(സ) പഠിപ്പിച്ച ‘കണ്ടുമുട്ടിയാല്‍ സലാം പറയുക, തുമ്മുകയും അയാള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ അവന് കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ ജനാസ പിന്തുടരുക’(8) എന്നീ ആറു കാര്യങ്ങളിലുള്ള നിഷ്കര്ഷമൂലം മനസ്സുകളില്‍ സ്നേഹം നിറയുകയും സംതൃപ്തമായ സഹവര്‍ത്തിത്വത്തിന് നിമിത്തമാവുകയും ചെയ്യും.
വിശ്വാസികള്‍ തമ്മില്‍ നിലനില്ക്കേണ്ട സാഹോദര്യത്തെക്കുറിച്ച് പഠിപ്പിക്കുകയും സഹോദരങ്ങള്‍ തമ്മില്‍ രജ്ഞിപ്പുണ്ടാക്കണമെന്ന് കല്പിക്കുകയും ചെയ്യുന്ന ക്വുര്‍ആന്‍ പ്രസ്തുത സാഹോദര്യത്തെ തകര്‍ക്കുന്ന ആറു കാര്യങ്ങളില്‍നിന്ന് വിട്ടുനില്ക്കണമെന്നുകൂടി നിഷ്കര്‍ഷിക്കുന്നുണ്ട്. പരസ്പരം പരിഹസിക്കാതിരിക്കുക, അപമാനിക്കാതിരിക്കുക, കുത്തുവാക്കുകള്‍ പറയാതിരിക്കുക, ഊഹിച്ച് പറയാതിരിക്കുക, ചാരവൃത്തി നടത്താതിരിക്കുക, പരദൂഷണം പറയാതിരിക്കുക എന്നിവയാണ് സാഹോദര്യം തകരാതിരിക്കുന്നതിനുള്ള ക്വുര്‍ആനിന്റെ ഷഡ് നിര്‍ദേശങ്ങള്‍. (ക്വുര്‍ആന്‍ 49:10-12). ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കാന്‍ നാം ശ്രദ്ധിക്കുകയാണെങ്കില്‍ സാഹോദര്യവും സ്നേഹവും നിലനില്‍ക്കുമെന്നുറപ്പാണ്. വിശ്വാസിയെ പരിഹസിക്കുകയും അയാളുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും അയാളുടെ സ്വകാര്യതയെ ചുഴിഞ്ഞന്വേഷിച്ച് അത് ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നവര്‍ ഭൂമിയില്‍വെച്ച് വെറുപ്പിന്റെ പ്രചാരകരും പ്രസാരകുരമായി നിലനില്ക്കുന്നവരും പരലോകത്തുവെച്ച് അല്ലാഹുവിന്റെ വെറുപ്പിന് പാത്രമായിത്തീരുന്നവരുമായിരിക്കുമെന്ന വസ്തുതയിലേക്കാണ് ക്വുര്‍ആന്‍ ഇവിടെ വിരല്‍ചൂണ്ടുന്നതെന്ന് മനസ്സിലാക്കുവാനും പ്രസ്തുത തിന്മകളില്നിന്ന് മാറി നില്ക്കുവാനും വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.
പരസ്പരസ്നേഹം വിശ്വാസികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണെന്ന് പഠിപ്പിച്ച പ്രവാചകന്(സ) അത് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:
1. സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക. ‘അനസി(റ)ല്‍നിന്ന്: നബി(സ) അരുളി: തനിക്കുണ്ടാകണമെന്ന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല.’(9)
2. പരസ്പരം നാവുകൊണ്ട് അക്രമിക്കാതിരിക്കുക. ‘ അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന്: നബി(സ) അരുളി: ആരുടെ കൈയില്‍നിന്നും നാവില്‍നിന്നും മുസ്ലിംകള് സുരക്ഷിതരാണോ അവനാണ് (സമ്പൂര്‍ണനായ) മുസ്ലിം. അല്ലാഹു വിലക്കിയത് വര്‍ജിക്കുന്നവനാണ് മുഹാജിര്‍.’(10)
3. പരസ്പരം ന്യൂനതകള്‍ മറച്ചുവെക്കുക. ‘അബൂഹുറയ്റ(റ)യില്നിന്ന്: നബി(സ) പറഞ്ഞു: അടിമ മറ്റൊരാളുടെ ന്യൂനതകള്‍ ഇഹലോകത്ത് മറച്ച് വെക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹു അവന്റെ ന്യൂനതകള്‍ മറച്ച് വെക്കും.’(11).
4. അസൂയ,വെറുപ്പ്, പിണക്കം എന്നിവ ഉണ്ടാകാതെ സൂക്ഷിക്കുക. ‘അനസി(റ)ല്‍നിന്ന്: നബി(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം ദേഷ്യപ്പെടുകയോ അസൂയ കാണിക്കുകയോ അന്യോന്യം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക. മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനുമായി (മുസ്ലിമുമായി) പിണങ്ങിനില്ക്കല് മുസ്ലിമിന് അനുവദനീയമല്ല.’ (12)
5. ചുഴിഞ്ഞന്വേഷിച്ച് തെറ്റുകുറ്റങ്ങള്‍ പ്രചരിപ്പിക്കരുത്. ‘അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: ഊഹത്തെ നിങ്ങള്‍ കരുതിയിരിക്കുക. ഊഹം സംസാരത്തിലെ ഏറ്റവും വലിയ കള്ളമാണ്. നിങ്ങള്‍ മറഞ്ഞ കാര്യങ്ങളും സ്ഥിതിഗതികളും തേടി നടക്കരുത്. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം മത്സരിക്കരുത്. അസൂയ കാണിക്കരുത്. ദേഷ്യപ്പെടരുത്. പരസ്പരം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കരുത്. അല്ലാഹുവിന്റെ ദാസന്മാരെ, നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക.’(13)
6. പരസ്പരം പരദൂഷണം പറയരുത്. ‘അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: ‘ഗീബത്ത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?’ സ്വഹാബികള്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറെ അറിവുള്ളത്. അവിടുന്ന് പറഞ്ഞു: നിന്റെ സഹോദരനെ കുറിച്ച് അവര്‍ വെറുക്കുന്നത് പറയലാണ്. ഒരാള്‍ ചോദിച്ചു ‘ഞാന്‍ പറയുന്നത് സഹോദരനില്‍ ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്ന കാര്യം സഹോദരനില്‍ ഉള്ളതാണെങ്കില്‍ അതാണ് ഗീബത്ത് (പരദൂഷണം), അവനില്‍ ഇല്ലാത്തതാണെങ്കില്‍ അവനെ കുറിച്ച് നീ കളവ് പറഞ്ഞു.’ (14)
7. പരസ്പരം നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ‘സ്വഫ്വാനില്‍ (റ) നിന്ന്: അദ്ദേഹം അബ്ദുല്ലാഹിബ്നു സ്വഫ്വാന്റെ പുത്രനാണ്-അദ്ദേഹത്തിന്റെ ഭാര്യയാണ് ദര്‍ദാഅ്. അദ്ദേഹം പറഞ്ഞു: ഞാന്‍ ശാമില്‍ ചെന്നു. അബൂദ്ദര്‍ദാഇന്റെ വീട്ടില്‍ എത്തി. വീട്ടില്‍ അദ്ദേഹത്തെ കണ്ടില്ല. ഉമ്മുദ്ദര്‍ദാഇനെ കണ്ടു. അവര്‍ ചോദിച്ചു: ഈ വര്‍ഷം നീ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ? ഞാന്‍ പറഞ്ഞു: അതെ, അപ്പോള്‍ അവര്‍ ആവശ്യപ്പെട്ടു: ഞങ്ങള്‍ക്കുവേണ്ടി നന്മക്കായി നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. കാരണം നബി(സ) പറയാറുണ്ട്, തന്റെ സഹോദരന്റെ അഭാവത്തില്‍ അവനുവേണ്ടി ഒരു മുസ്ലിം നടത്തുന്ന പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലഭാഗത്ത് ഏല്‍പ്പിക്കപ്പെട്ട ഒരു മലക്കുണ്ട്. അവന് തന്റെ സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഏല്പിക്കപ്പെട്ട മലക്ക് പറയും: ‘ആമീന്‍, അതുപോലെ നിനക്കും പ്രതിഫലം ലഭിക്കും.’ അദ്ദഹം പറഞ്ഞു: അനന്തരം ഞാന്‍ അങ്ങാടിയിലേക്ക് പുറപ്പെട്ടു. അവിടെ അബുദ്ദര്‍ദാഇനെ കണ്ടുമുട്ടി. അദ്ദേഹവും നബി(സ)യില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഉമ്മുദ്ദര്‍ദാഅ് പറഞ്ഞതുപോലെ എന്നോട് പറഞ്ഞു.’(15)
ഈ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുവാന്‍ നാം സന്നദ്ധമായാല്‍ നമുക്ക് പരസ്പരം സ്നേഹിക്കുവാനാവും. അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്നേഹിക്കുവാന്‍ സാധിച്ചാല്‍ പരലോകത്ത് അസൂയാര്‍ഹമായ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം വെറുത്ത് അല്ലാഹുവിന്റെ വെറുപ്പിന് പാത്രമാവേണമോ, അതല്ല അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിച്ച് അവന്റെ സ്നേഹത്തിന് നിമിത്തമാകണമോയെന്ന്. പരസ്പരം സ്നേഹിക്കുകയും അങ്ങനെ അല്ലാഹുവിന്റെ സ്നേഹത്തിന് പാത്രമാവുകയും ചെയ്യാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).
————————————————————————-
1,2,3,5,7,8,11,12,13,14,15) സ്വഹീഹ് മുസ്ലിം
4) സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം
9,10) സ്വഹീഹുല്‍ ബുഖാരി
6) സുനനു അബൂദാവൂദ്-സ്വഹീഹാണെന്ന് ഇമാം അല്‍ബാനി സാക്ഷ്യപ്പെടുത്തിയത്
0 comments:
Post a comment