Monday, 29 December 2014

ഇത് കെണിയാണെന്ന് തിരിച്ചറിയുക!


2004 ഡിസംബറില്‍ അടുത്ത പതിനഞ്ചുവര്‍ഷക്കാലത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് അമേരിക്കയിലെ  നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ (എന്‍. ഐ. സി) പുറത്തിറക്കിയ മാപ്പിംഗ് ദി ഗ്രോബല്‍ ഫ്യൂച്ചര്‍ എന്ന 121 പുറങ്ങളുള്ള രേഖ നല്‍കുന്ന വിവരങ്ങള്‍ ഇന്നത്തെ ലോകസംഭവങ്ങളുമായി പുലര്‍ത്തുന്ന സാമ്യം അത്ഭുതകരമാണ്. തങ്ങളുടെ വിദേശകാര്യബന്ധങ്ങള്‍ എങ്ങനെയാകണമെന്നും ദേശീയ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും തീരുമാനിക്കുവാന്‍ അമേരിക്കന്‍ രാഷ്ട്രനേതൃത്വത്തെ സഹായിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന പതിനേഴ് സ്വതന്ത്രാധികാര സംഘങ്ങളുടെ കൂട്ടമായ ‘യുനൈറ്റഡ് സ്റ്റേറ്റ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി’യിലെ പ്രബലമായ ഒരംഗം ഔദ്യോഗികമായി പുറത്തിറക്കിയ രേഖയില്‍ പറയുന്നത് പ്രകാരമാണ് ലോകസംഭവങ്ങളില്‍ അധികവും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്ന നിരീക്ഷണം, സംഭവങ്ങള്‍ നേരത്തെ തിരക്കഥ തയ്യാറാക്കി സംവിധാനിക്കപ്പെട്ടതാണെന്ന് സംശയിക്കുവാന്‍ ഇട നല്‍കുന്നതാണെന്ന് കടുത്ത സാമ്രാജ്യത്വ പക്ഷപാതികള്‍ പോലും സമ്മതിക്കും. 1979ല്‍ ഏകധ്രുവലോകത്തിന്റെ ഉദയത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ രൂപീകരിക്കപ്പെട്ട എന്‍. ഐ. സിയുടെ പ്രധാനപ്പെട്ട പണി മാറിവരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് അടുത്ത പതിനഞ്ചുവര്‍ഷത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പഠിപ്പിക്കുന്ന ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ട് നല്‍കലാണെന്ന് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് മുമ്പായി സമര്‍പ്പിക്കപ്പെടുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട് എന്ന വസ്തുത അതിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ് പ്രസിഡണ്ട് ആരാണെന്ന് തീരുമാനിക്കപ്പെട്ട വ്യക്തിക്ക്, സ്ഥാനാരോഹണത്തിന് ശേഷമുള്ള കൃത്യാന്തര ബാഹുല്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പു ലഭിക്കുന്ന ഒഴിവു സമയത്ത് യഥേഷ്ടം സമയമെടുത്ത് ഈ രേഖ പഠിക്കുവാന്‍ കഴിയണമെന്നതുകൊണ്ടാവാം പ്രസ്തുത സമയം തന്നെ രേഖാസമര്‍പ്പണത്തിന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍  തെരഞ്ഞെടുക്കുന്നത്്. ഗ്ലോബല്‍ ട്രന്‍ഡ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ചത് 1996 മുതലാണ്. 2010 വരെയുള്ള വരെയുള്ള ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ഒന്നാമത്തെ റിപ്പോര്‍ട്ട് ബില്‍ക്ലിന്റനു മുമ്പിലാണ് ആദ്യമായി സമര്‍പിക്കപ്പെട്ടത്. 2000 ഡിസംബറില്‍ 2015 വരെയുള്ള ലോകക്രമത്തെക്കുറിച്ചും 2004 ഡിസംബറില്‍ 2020 വരെയുള്ള ലോകക്രമത്തെകുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത് ജോര്‍ജ് ബുഷിനും 2008 നവംബറില്‍ 2025 വരെയുള്ളതും 2012ല്‍ 2030 വരെയുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ബരാക്ക് ഒബാമക്കുമാണ് സമര്‍പ്പിക്കപ്പെട്ടത്. ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ച 1996ല്‍ തന്നെയാണ് ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മില്‍ നിലനില്‍ക്കുന്നത് സംസ്‌കാരങ്ങളുടെ സംഘട്ടനമാണെന്ന് സമര്‍ഥിച്ചുകൊണ്ടുള്ള സാമുവല്‍ പി ഹണ്ടിംഗ്ടന്റെ ദി ക്ലാഷ് ഓഫ് സിവിലൈസേഷന്‍ ആന്റ് ദി റി മേക്കിംഗ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍ എന്ന കൃതി പുറത്തിറങ്ങിയത് എന്നത് യാദൃഛികതയാകാം. എന്നാല്‍ ഈ കൃതിയും ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകളും മുന്നില്‍ വെച്ച് ഒരു താരതമ്യത്തിന് വിധേയമാക്കിയാല്‍ ‘നാളെ എങ്ങനെയാകു’മെന്ന പ്രവചനപ്രസ്താവനകളുടെ വരികള്‍ക്കിടയിലൂടെ അമേരിക്ക ആഗ്രഹിക്കുന്ന വിധത്തിലുള്ള ലേകക്രമത്തിന് ‘നാളെ എങ്ങനെയാകണം’ എന്ന ശക്തമായ വിധിപ്രസ്താവനകളാണ് നമുക്ക് വായിക്കാനാവുക.
ഇസ്‌ലാമിക ഭീകരതയെന്ന് സാമ്രാജ്യത്വവും കൂട്ടരും വിളിക്കുന്ന പ്രതിഭാസം പ്രചാരത്തിലാകുന്നതിന് മുമ്പ്, 1996ല്‍ തയ്യാറാക്കിയ ഒന്നാമത്തെ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടില്‍ തന്നെ 2010വരെ ലോകത്ത് നിലനില്‍ക്കാന്‍ പോകുന്ന ഭീകരതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അല്‍ ക്വാഇദയുടെ ആദ്യത്തെ അമേരിക്കന്‍ ആക്രമണമായി അറിയപ്പെടുന്ന കിഴക്കേ ആഫ്രിക്കന്‍ നഗരങ്ങളായ ദാറുസ്സലാമിലും നെയ്‌റോബിയിലുമുള്ള അമേരിക്കന്‍ എംബസികള്‍ തകര്‍ത്ത സംഭവം നടക്കുന്നത് റിപ്പോര്‍ട്ടിന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 1998 ഓഗസ്റ്റ് ഏഴിനായിരുന്നുവെന്നോര്‍ക്കുക. ഭീകരത ഒരു ആഗോള പ്രതിഭാസമായി അറിയപ്പെട്ടുതുടങ്ങിയിട്ടില്ലാത്ത കാലത്ത് 2010 വരെയുള്ള ലോകക്രമത്തില്‍ ഭീകരത വലിയൊരു പ്രശ്‌നമായിരിക്കുമെന്നും മധ്യപൗരസ്ത്യദേശത്തെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വര്‍ധിച്ച തോതില്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ഇറാക്വില്‍ സദ്ദാം ഹുസൈന്റെ കാലം അവസാനിക്കുമെന്നുമെല്ലാം ദീര്‍ഘദര്‍ശനം നടത്തണമെങ്കില്‍ അത്യപാരമായ പ്രവചനശേഷിയുണ്ടാവണം! അതല്ലെങ്കില്‍ തങ്ങള്‍ക്ക് ആഗ്രഹമുള്ളത് സ്വപ്‌നം കാണുവാനും അതിനെ പ്രവചനമായി അവതരിപ്പിക്കുവാനും അത്തരം അവസ്ഥ സൃഷ്ടിക്കാനാവശ്യമായ രീതിയിലുള്ള കരുനീക്കങ്ങള്‍ നടത്തുവാനുമുള്ള അധികാരവും കഴിവുമുണ്ടാവണം. അമേരിക്കയുടെ കയ്യിലുള്ളത് രണ്ടാമത്തേതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?!!
2004 ഡിസംബറില്‍ ജോര്‍ജ് ഡബ്ലിയു ബുഷിനുമുമ്പില്‍ സമര്‍പിക്കപ്പെട്ട ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടിലാണ് 2020 വരെയുള്ള ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത്. ഈ റിപ്പോര്‍ട്ടിന് നല്‍കിയിട്ടുള്ള തലക്കെട്ട് ‘മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചര്‍’ എന്നാണെന്ന കാര്യ ശ്രേദ്ധേയമാണ്. ‘ആഗോള ഭാവിയുടെ ചിത്രീകരണം’ എന്നര്‍ഥം. ഇതിനുശേഷമുള്ള റിപ്പോര്‍ട്ടുകളുടെ തലക്കെട്ടുകള്‍ കൂടി പരിശോധിച്ചാല്‍ ഈ റിപ്പോര്‍ട്ടിലെ ‘മാപ്പിംഗ്’ കൊണ്ട് വിവക്ഷിച്ചതെന്തെന്ന് കൃത്യമായി മനസ്സിലാകും. ബരാക് ഒബാമക്ക് 2008ല്‍ സമര്‍പിക്കപ്പെട്ട 2025 വരെയുള്ള ലോകത്തെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ദി ട്രാന്‍സ്‌ഫോര്‍മ്ഡ് വേള്‍ഡ്’ എന്നും 2012ല്‍ സമര്‍പ്പിക്കപ്പെട്ട 2030 വരെയുള്ള റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ആള്‍ട്ടര്‍നേറ്റീവ് വേള്‍ഡ്’ എന്നുമാണ്. അമേരിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള ലോകക്രമത്തിലേക്ക് 2025 ഓടെ എത്തണമെന്നാണ് അവരുടെ സ്വപ്‌നമെന്ന് ഈ തലക്കെട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ലോകക്രമങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് 2020 വരെ ലോകത്ത് നടക്കുകയെന്ന് ‘ആഗോളഭാവിയുടെ ചിത്രീകരണ’ത്തില്‍ വ്യക്തമാണ്. 2025ല്‍ ഉണ്ടാകേണ്ട മാറിയ ലോകത്തിന് പറ്റിയ സാമൂഹിക ക്രമം സ്വാഭാവികമായി ഉണ്ടായിവരുന്നതാണെന്നും അമേരിക്കന്‍ ബുദ്ധിജീവികളുടെ ബുദ്ധിയില്‍ നേരത്തെ ഉദിച്ചതാണെന്നും കണ്ണടച്ച് വിശ്വസിക്കണമെങ്കില്‍ അതിരുകവിഞ്ഞ അമേരിക്കന്‍ പക്ഷാതിത്വം തന്നെ വേണം. നമ്മുടെ അക്കാദമിക ബുദ്ധിജീവികളില്‍ പലരും ബോധപൂര്‍വമോ അല്ലാതെയോ വെച്ചുപുലര്‍ത്തുന്നത് അതാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷെ, അതാണ് വസ്തുത.
മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചറില്‍ നാല് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ആഗോളീകരണത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റിയും രണ്ടാം ഭാഗത്ത് ഉയര്‍ന്നുവരുന്ന ആഗോളശക്തികളെയും അതോടനുബന്ധിച്ച് മാറുന്ന രാഷ്ട്രതന്ത്രത്തിന്റെ ചിത്രത്തെപ്പറ്റിയും മൂന്നാം ഭാഗത്ത് ഭരണനിര്‍വഹണ രംഗത്തെ പുതിയ വെല്ലുവിളികളെപ്പറ്റിയും നാലാം ഭാഗത്ത് വ്യാപകമാകുന്ന അരക്ഷിതത്വത്തെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഓരോ ഭാഗത്തിന്റെയും അന്ത്യത്തില്‍ ഓരോ കാല്‍പനിക ദൃശ്യരൂപങ്ങളും ഫിക്ഷന്‍ സിനാരിയോ എന്ന് തലക്കെട്ട് കൊടുത്തുകൊണ്ട് നല്‍കിയിട്ടുണ്ട്. 2020ന് മുമ്പ് ഉണ്ടാകാന്‍ പോവുന്ന നാല് സംഭവങ്ങളെ കുറിച്ച കാല്‍പനിക ദൃശ്യരൂപങ്ങളാണിവ. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ വെച്ച് 2020ല്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറം വര്‍ഷാന്തയോഗത്തില്‍ ഫോറം മേധാവി യു.എസ് ഫെഡറല്‍ റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാന് സമര്‍പ്പിക്കുന്ന കത്താണ് ‘ദാവോസ് വേള്‍ഡ്’ എന്ന ഒന്നാമത്തെ സാങ്കല്‍പിക ദൃശ്യം. 2020ല്‍ യു.എന്‍ സെക്രട്ടറി ജനറല്‍ എഴുതുന്ന ലോകത്തിന്റെ നേതൃത്വം അമേരിക്കയുടെ കയ്യില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള ‘പാക്ക്‌സ് അമേരിക്കാന’ എന്ന തലക്കെട്ടിലുള്ള സാങ്കല്‍പിക ഡയറിക്കുറിപ്പുകളാണ് രണ്ടാമത്തേത്. ബിന്‍ലാദന്റെ പൗത്രനായ സഈദ് മുഹമ്മദ് ബ്‌നു ലാദന്‍ 2020ല്‍ തന്റെ ഒരു കുടുംബ ബന്ധുവന് നിലനില്‍ക്കുന്ന ഖിലാഫത്തിനെ കുറിച്ച് എഴുതുന്ന സാങ്കല്‍പിക കത്താണ് ‘എ ന്യൂ കാലിഫേറ്റ്്’ എന്ന തലക്കെട്ട് നല്‍കിക്കൊണ്ടുള്ള മൂന്നാമത്തെ ദൃശ്യംശില്‍പം. മുസ്‌ലിം ലോകത്തിന് ആയുധം നല്‍കുന്ന ഒരു ആയുധ കള്ളക്കടത്തുകാരനും മറ്റൊരാളും തമ്മില്‍ 2020ല്‍ കൈമാറുന്നതായി സങ്കല്‍പിച്ചുകൊണ്ടുള്ള ഒരു കൂട്ടം ടെക്സ്റ്റ് മെസേജുകളാണ് ‘സൈക്കിള്‍ ദി ഫിയര്‍’ എന്ന തലക്കെട്ടിലുള്ള നാലാമത്തെ കാല്‍പനിക ദൃശ്യരൂപം.
നാല് കാല്‍പനിക ദൃശ്യരൂപങ്ങളിലും മുസ്‌ലിം ലോകവും മധ്യപൗരസ്ത്യ ദേശവുമാണ് വില്ലന്‍ റോളിലുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. 2020 വരെയുള്ള ലോകക്രമത്തില്‍ അവരുടെ ശത്രുത സ്വാഭാവികമാണെന്ന മട്ടിലാണ് ഒന്നാമത്തെ കാല്‍പനിക ദൃശ്യമായ ദാവോസ് വേള്‍ഡ് മുന്നോട്ടുപോവുന്നത്. ഊര്‍ജവില വര്‍ധനവിലൂടെ സ്വയം പര്യാപ്തത നേടിക്കൊണ്ടുള്ള മധ്യപൗരസ്ത്യ ദേശങ്ങളുടെ നില്‍പാണ് ആഗോളവത്കരണത്തിലേക്കുള്ള പ്രയാണത്തിന് ലോകത്തിന്റെ മുന്നിലെ പ്രധാന തടസ്സമെന്ന രൂപത്തിലാണ് 2020ലെ വേള്‍ഡ് എക്കണോമിക്ക് ഫോറം മേധാവിയുടെ കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ ശാന്തി എത്രത്തോളം നിലനില്‍ക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ 2020ലെ ഡയറിക്കുറിപ്പുകളില്‍ ലോകത്തിന് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കേണ്ട ശിആ-സുന്നി സന്തുലനമാണ് അമേരിക്കയും ചെനയും അടങ്ങുന്ന എണ്ണ ഉപഭോഗ രാഷ്ട്രങ്ങള്‍ക്കാവശ്യമെന്നും യൂറോപ്പും അമേരിക്കയോടൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഒരുമിക്കേണ്ടത് ആവശ്യമാണെന്നുമുള്ള മട്ടിലാണ് കാര്യങ്ങളുടെ അവതരണം. സഈദ് മുഹമ്മദ് ബ്ന്‍ ലാദന്‍ 2020ല്‍ എഴുതാന്‍ പോകുന്ന കത്തില്‍ കാര്യങ്ങള്‍ കുറേക്കൂടെ വ്യക്തമാണ്. വിവരസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച മുസ്‌ലിം ലോകവും പാശ്ചാത്യലോകവും തമ്മിലുള്ള സംഘട്ടനത്തെ തീവ്രതരമാക്കുകയും അതുവഴി ഒരു ഖലീഫയുടെ ഉദയം ഉണ്ടാവുകയും ചെയ്യും. ലോകത്തുള്ള മുസ്‌ലിംകളോടെല്ലാം തന്റെ പിന്നില്‍ അണിനിരക്കുവാന്‍ ഖലീഫ ആഹ്വാനം ചെയ്യുമെങ്കിലും വ്യത്യസ്ത ദേശങ്ങളിലെ മുസ്‌ലിംകള്‍ അതിനോട് പ്രതികരിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും. സുന്നി-ശിആ സംഘട്ടനങ്ങള്‍ തീവ്രമാവുകയും അതുവഴി ലക്ഷങ്ങള്‍ അഭയാര്‍ഥികളായിത്തീരുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. അതുവഴി മുസ്‌ലിംകളുടെ ഭീകരവകല്‍കരണം സജീവമാവും. ഇങ്ങനെ പോകുന്നു കത്തിലെ വിവരങ്ങള്‍.
2020ന് മുന്‍പ്  മുസ്‌ലിം ലോകത്ത് നടക്കുമെന്ന് അമേരിക്ക 2004ല്‍ പ്രവചിച്ചതുപോലെ സ്വാഭാവികമായും ഉണ്ടായിവന്നതാണ് ഖലീഫയും അനുബന്ധ കാര്യങ്ങളും എന്നാണോ നാം മനസ്സിലാക്കേണ്ടത്? അതല്ല, എണ്ണയുടെ മേലുള്ള തങ്ങളുടെ അധീശത്വം നിലനിര്‍ത്താനായി സാമ്രാജ്യത്വം പടച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഖലീഫയുടെ ആഗമനവും ഖിലാഫത്തിനുവേണ്ടിയുള്ള മുറവിളിയുമെന്നാണോ? സാമ്രാജ്യത്വത്തിന്റെ ചരിത്രവും അമേരിക്കന്‍ രേഖകളുടെ സൂക്ഷ്മമായ വായനയും നമുക്ക് മനസ്സിലാക്കി തരുന്നത് രണ്ടാമത്തേതിനാണ് സാധ്യതയെന്നാണ്. മുസ്‌ലിം ലോകത്തിന്റെ നാഡീമിടിപ്പുകളെ കുറിച്ച് ശരിക്കും പഠിച്ച ശേഷം അവര്‍ക്ക് തമ്മിലടിക്കുവാനും അവരെ തന്നെ ഉപയോഗിച്ച്  അവരെ നശിപ്പിക്കുവാനും വേണ്ടി സാമ്രാജ്യത്വം സൃഷ്ടിക്കുന്ന വലകളിലൊന്നാണ് പുതിയ ഖിലാഫത്ത് പ്രഖ്യാപനവും അതിനായുള്ള സമരാഹ്വാനങ്ങളുമെന്നുള്ള വസ്തുതയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ശിആക്കളെ അമുസ്‌ലിംകളായി പ്രഖ്യാപിക്കുകയും അവരെയും പാശ്ചാത്യരെയും കൊന്നൊടുക്കുകയാണ് ലക്ഷ്യം എന്ന് പറയുകയും പിടിക്കപ്പെട്ടവരെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും തങ്ങളുടെ കലാപങ്ങള്‍ക്കിടയില്‍ യുദ്ധത്തടവുകാരാണെന്ന് പ്രഖ്യാപിച്ച് അടിമകളോട് പെരുമാറുന്നത് പോലെ അവരോടും പെരുമാറണമെന്ന് പരസ്യമായി വിധിക്കുകയും ചെയ്യുന്നവര്‍ കാരുണ്യവാനായ അല്ലാഹുവിന്റെ ദൂതനായ കാരുണ്യത്തിന്റെ പ്രവാചകന്‍ പഠിപ്പിച്ച മതത്തെ പ്രതിനിധീകരിക്കുവന്നവരാണെന്നു കരുതുവാന്‍ ന്യായമൊന്നുമില്ല. സാമ്രാജ്യത്വത്തിന്റെ തലച്ചോറില്‍ വിരിഞ്ഞ പദ്ധതികള്‍ നടപ്പാക്കി ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യും വികലീകരിക്കുവാനുള്ള പരിശ്രമങ്ങളാണ് അറിയാതെ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഈ പാവം ‘ഏറുപടക്കങ്ങള്‍’ അറിയുന്നില്ലെന്നതാണ് ഏറെ സങ്കടകരം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഏറുപടക്കങ്ങളാവുകയല്ല തങ്ങളുടെ ദൗത്യമെന്ന് തിരിച്ചറിയാനെങ്കിലും ഇവര്‍ക്കായെങ്കില്‍ എന്നു പ്രത്യാശിക്കുക മാത്രമാണ് വിവേകമതികള്‍ക്കു മുന്നിലുള്ള മാര്‍ഗം.
പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നും അവയെ മനസ്സിലാക്കേണ്ടത് അവ പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ മനസ്സിലാക്കിയത് പോലെതന്നെയാകണമെന്നും തീരുമാനിച്ചുകഴിഞ്ഞാല്‍ മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകളുടെ നിലപാടുകള്‍ മാറുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയില്ല. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈവശമുള്ള റിമോട്ട് കണ്‍ട്രോളുകളാല്‍ നയിക്കപ്പെടുന്നവരായിത്തീരുന്നത് ഈ തീരുമാനമില്ലാത്തവരോ അതിനെ തെറ്റിദ്ധരിച്ചവരോ ആണ്. പണ്ഡിതക്കുപ്പായം ഇട്ടവരുടെ വാക്കുകള്‍ക്കൊന്നും അപ്രമാദിത്വമില്ലെന്ന് മനസ്സിലാക്കുവാനും പ്രവാചകന്‍ പഠിപ്പിച്ചതില്‍ നിന്നും അനുചരന്മാര്‍ മനസ്സിലാക്കിയതാണ് തന്റെ മതം എന്ന് തീരുമാനിക്കുവാനും കഴിഞ്ഞാല്‍ മാത്രമേ ശത്രുക്കളുടെ സമര്‍ഥമായ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തര്‍ക്കും കഴിയൂ. ഖിലാഫത്ത്, ഇമാമത്ത് തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴേക്കും അതിനു പിന്നില്‍ തടിച്ചുകൂടുകയും ആത്മഹത്യാ സ്‌ക്വാഡുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയാണ് അതല്ലെങ്കില്‍ സംജാതമാവുക. കാരുണ്യത്തിയുടെയും ശാന്തിയുടെയും മതത്തിന്റെ ജീവിക്കുന്ന പ്രതിനിധികളായിത്തീരുകയും അത് പ്രബോധനം ചെയ്യാന്‍ ജീവിതത്തെ സമര്‍പിക്കുകയുമാണ് ഖിലാഫത്തിന്റെ അര്‍ഥം പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ ചെയ്യുക. അത്തരക്കാരെയാണ് ഇന്ന് ലോകത്തിനാവശ്യം. ശത്രുക്കള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അത്തരക്കാരെയാണെന്ന് സാമ്രാജത്വത്തിന്റെ രേഖകളെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ബോധ്യമാവും. കാരുണ്യത്തിന്റെ മതം ജനങ്ങള്‍ക്കെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

0 comments:

Post a Comment