'ഹലോ... അസ്സലാമു അലൈക്കും....'
'വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു'.
'എം.എം. അക്ബറല്ലേ..?'
'അതെ'.
'നിച്ച് ഓഫ് ട്രൂത്ത് ഒരു പ്രബോധക കൂട്ടായ്മയല്ലേ.... അതില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും സാധാരണക്കാരല്ലേ? (പണ്ഡിതന്മാരല്ലല്ലോ!)'.
'അതെ! സത്യമതപ്രബോധനം ഒരു ബാധ്യതയാണെന്ന് തിരിച്ചറിയുന്ന കുറെ സത്യവിശ്വാസികളാണ് നിച്ച് ഓഫ് ട്രൂത്ത് എന്ന ബാനറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പണ്ഡിതന്മാരും പാമരന്മാരുമെല്ലാം ഉണ്ട്'.
'പണ്ഡിതന്മാരാണ് പ്രബോധനം ചെയ്യേണ്ടതെന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ടല്ലോ. പണ്ഡിതന്മാരല്ലാത്തവര് പ്രബോധനം ചെയ്താല്‍ വമ്പിച്ച കുഴപ്പങ്ങളാണുണ്ടാവുകയെന്നും മഹാന്മാര് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് കുഴപ്പത്തിന് നേതൃത്വം വഹിക്കുകയല്ലേ?'
'താങ്കള്‍ എന്ത് ചെയ്യുന്നു?'
'പഠിക്കുന്നു'.
'എന്തിന്'.
'പി.ജിക്കാണ്'.
'താങ്കള്‍ പണ്ഡിതനാണോ?'
'അല്ല; അതുകൊണ്ടുതന്നെ ഞാനിപ്പോള്‍ ദഅ്വാ പ്രവര്‍ത്തനങ്ങളിലൊന്നും പങ്കെടുക്കാറില്ല'.
'പിന്നെ എന്നെ വിളിച്ചതെന്തിനാണ്?'
'അത്.... താങ്കളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അക്രമമാണെന്ന് അറിയിക്കുവാന്‍....'
'ദഅ്വാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് അക്രമമാണെന്ന് എനിക്ക് പറഞ്ഞുതരാന്‍ പണ്ഡിതനല്ലാത്ത താങ്കള്‍ക്ക് പാടുണ്ടോ?'
'ഇതൊരു നസ്വീഹത്താണ്; ദഅ്വത്തല്ല'.
'താങ്കള്‍ക്ക് എന്നോട് ഗുണകാംക്ഷയുണ്ട്. ഞാന്‍ തെറ്റു ചെയ്ത് നരകത്തില്‍ പോകുന്നതില്‍ താങ്കള്‍ക്ക് സങ്കടവും വേവലാതിയുമുണ്ട്. അതിനാല്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതായി നിങ്ങള്‍ കരുതുന്ന തിന്മയായ 'ദഅ്വത്ത്' ചെയ്യുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിക്കുവാന് ശ്രമിക്കുകയാണ്...അല്ലേ...?'
'അതെ.... ഞാന്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു....അതുകൊണ്ട്....'
'സുഹൃത്തേ.... എനിക്ക് ചുറ്റുമുള്ള എന്റെ സഹോദരങ്ങള്‍ ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. ശിര്‍ക്ക് ചെയ്തുകൊണ്ടാണ് ഒരാളുടെ മരണമെങ്കില്‍ അയാള്‍ക്ക് നരകത്തില്‍നിന്ന് മോചനമില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
മുമ്പ് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താങ്കള്‍ എന്നു പറഞ്ഞല്ലോ. അന്ന് നിങ്ങള്‍ പ്രബോധനം ചെയ്തത് 'ലാ ഇലാഹ ഇല്ലല്ലാ'യുടെ സന്ദേശമായിരുന്നു. ഇന്നും നിങ്ങള്‍ സജീവമാണ്. 'ദഅ്വത്ത് പാടില്ല'യെന്ന പ്രബോധനത്തിനാണ് ഇപ്പോള്‍ സമയം വിനിയോഗിക്കുന്നതെന്ന് മാത്രം'.
'അപ്പോള്‍ പിന്നെ, ദഅ്വത്ത് നടത്തേണ്ടത് പണ്ഡിതന്മാരാണെന്ന് മഹാന്മാരായ പലരും പറഞ്ഞിട്ടുണ്ടല്ലോ...? അത്...!'
'അതെ! ദഅ്വത്ത് നടത്തേണ്ടത് വിവരമുള്ളവരാണ്. സംശയമൊന്നുമില്ല. താന്‍ പറയുന്ന കാര്യം ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചതുതന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രമെ ഒരു മുസ്ലിം അത് പ്രബോധനം ചെയ്യാവൂ. ഓരോരുത്തര്‍ക്കും തോന്നിയതെല്ലാം മതത്തിന്റെ പേരില്‍ പഠിപ്പിക്കുകയല്ല ചെയ്യേണ്ടത്. താന്‍ പറയുന്ന കാര്യം പ്രമാണബദ്ധമാണോയെന്ന് കൃത്യമായി ഉറപ്പ്വരുത്തണം. ദൃഢബോധ്യമുള്ള (ബസ്വീറത്ത്) കാര്യങ്ങളെ പറയാവൂ. മഹാപണ്ഡിതന്മാര് പറയേണ്ട കാര്യങ്ങള്‍ അവര്‍ തന്നെയാണ് പറയേണ്ടത്. എന്നാല്‍ സര്വശക്തന് മാത്രമാണ് ആരാധ്യനെന്ന വസ്തുത ഏത് മുസ്ലിമിനാണ് അറിയാത്തത്? അല്ലാഹുവിന്റെ മാത്രം ആരാധ്യതയില്‍ ദൃഢബോധമില്ലാത്തവന് മുസ്ലിമാകുമോ? ഓരോരുത്തര്‍ക്കും ദൃഢമായ ജ്ഞാനമുള്ള കാര്യങ്ങള്‍ മാത്രമാണ് ഓരോരുത്തരും പ്രബോധനം ചെയ്യേണ്ടത്.
ഇതാണ് പണ്ഡിതന്മാര് പറഞ്ഞത്. അല്ലാതെ മഹാപണ്ഡിതന്മാര് മാത്രമെ ദഅ്വത്ത് നടത്താവൂയെന്ന് ഒരു മഹാപണ്ഡിതനും പറഞ്ഞിട്ടില്ല'.
'അപ്പോള്‍ ദഅ്വത്തിന് ഇല്മ് വേണമെന്ന് നിങ്ങളും സമ്മതിക്കുന്നു....?'
'എന്താണ് സംശയം? ദഅ്വത്തിന് അറിവ് അത്യാവശ്യമാണ്. താന്‍ പറയുന്നത് ഖുര്‍ആനും സുന്നത്തും പറഞ്ഞുതരുന്നത് തന്നെയാണെന്ന അറിവ്. ഈ അറിവ് ദഅ്വത്തിന് മാത്രമല്ല വേണ്ടത്. മുസ്ലിമാകുവാന്‍ തന്നെ ഇല്മ് വേണം. അല്ലാഹുവിലുള്ള വിശ്വാസമാണ് ഒന്നാമത്തെ വിശ്വാസകാര്യം. അല്ലാഹു ആരെന്നും എങ്ങനെയുള്ളവനെന്നും അറിയാത്തവന് അല്ലാഹുവില്‍ വിശ്വസിക്കുന്നതെങ്ങനെ? മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യനാളിലും ദൈവവിധിയിലുമെല്ലാമുള്ള വിശ്വാസത്തിന്റെ സ്ഥിതിയും ഇതുതന്നെ. ശഹാദത്ത് എന്താണ് അര്ഥമാക്കുന്നതെന്നറിയാത്തവന് മുസ്ലിമാകാന് കഴിയില്ല. നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയെക്കുറിച്ചെല്ലാം അറിവുണ്ടായാലാണ് ഒരാള്‍ക്ക് ഇവയെല്ലാം കളങ്കരഹിതവും പൂര്‍ണവുമായി ചെയ്യാനാവുക. ഇതേപോലെത്തന്നെയാണ് ദഅ്വത്ത്. താന്‍ എന്താണ് പറയുന്നതെന്ന് പൂര്‍ണബോധ്യം പ്രബോധകനുണ്ടാവണം. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലൂടെ തന്നെയാണോ തന്റെ സഞ്ചാരമെന്ന് അയാള്‍ എപ്പോഴും ആത്മവിചാരണ നടത്തിക്കൊണ്ടിരിക്കണം. തനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അത് തനിക്കറിയില്ലെന്ന് പറയാനും അറിയാവുന്നവരില്‍നിന്ന് ചോദിച്ച് പഠിക്കാനും അയാള്‍ സന്നദ്ധനാകണം. ഇതാണ് ദഅ്വത്തിന് അറിവും വിനയവും അനിവാര്യമാണെന്ന് പറയുന്നതുകൊണ്ടുള്ള വിവക്ഷ'.
0 comments:
Post a comment