Wednesday, 25 February 2015

നന്മയേതും നിസ്സാരമാക്കരുത്

അബൂദര്‍റ് ജുന്‍ദബിബ്‌നുജുനാദഃ(t)യില്‍നിന്ന് നിവേദനം. നബി  (എന്നോട് പറഞ്ഞു: ''നന്മയില്‍ യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതുപോലും''.

നന്മയെയും തിന്മയെയും കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം മനുഷ്യലോകത്തില്‍ മാത്രമാണുള്ളത്.  ഇതര ജന്തുലോകത്തില്‍ നന്മ- തിന്മകളില്ല. നന്മകള്‍ കൈകൊള്ളുവാനും തിന്മക-ള്‍ വെടിയുവാനും മനുഷ്യന്‍ തയാറാകുന്നില്ലെങ്കില്‍ അവന്‍ വെറുമൊരു 'ജന്തു'വാണെ-ന്നര്‍ഥം. 
ഇസ്‌ലാം മനുഷ്യന്‍ മനുഷ്യനായിത്തീരുവാനുള്ള സകല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്തിമ പ്രവാചകന്‍() മുഖേന  അല്ലാഹു മാനവരാശിയെ നന്മ-തിന്മകളെക്കുറിച്ച് പഠിപ്പിച്ചു. മനുഷ്യരെ ചൊവ്വായ പാതയിലേക്ക് നയിക്കുവാന്‍ അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവന്‍ അവതരിപ്പിച്ചു.
''തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (17:9).
ദൈവദൂതന്മാര്‍ നന്മകളില്‍ ധൃതികാണിക്കുന്നവ-രായിരുന്നു:
''......തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) നന്മകളിലേക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു'' (21:90).
നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവരുടെ ഗുണങ്ങള്‍ അല്ലാഹു വിവരിക്കുന്നതു കാണുക:
''തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും'' (23: 57-61).
നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍ക്കാണ് വിജയം. അത് മഹത്തായ അനുഗ്രഹമാണ്:
''.......അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. അതുതന്നെയാണ് മഹത്തായ അനുഗ്രഹം'' (35: 32).
അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും രക്ഷയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് തിന്മകള്‍ വെടിയുവാനും നന്മകള്‍ ചെയ്യുവാനുമുള്ള പ്രചോദനം. അല്ലാഹുവും അവന്റെ ദൂതനും നന്മയായി പഠിപ്പിച്ചതെന്തോ അതെല്ലാം നന്മയും തിന്മയായി ചൂണ്ടിക്കാട്ടിയതെന്തോ അതെല്ലാം തിന്മയുമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഒരു സത്യവിശ്വാസി. അഥവാ ഇസ്‌ലാം തിന്മയെ-ന്നു പറഞ്ഞ ഒരു കാര്യം നന്മയാണെന്നോ നന്മയെന്നു പറഞ്ഞ ഒരു കാര്യം തിന്മയാണെന്നോ കരുതുവാനുള്ള അവകാശം ഒരു വിശ്വാസിക്കില്ല.
ചെറുതും വലുതുമായ അനവധി നന്മകള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പുണ്യകര്‍മമാണെന്ന്  ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബി () സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. 
മുകളില്‍ കൊടുത്ത നബിവചനം ശ്രദ്ധിക്കുക. ഇസ്‌ലാം നന്മകള്‍ക്കു നല്‍കുന്ന സ്ഥാനം അതില്‍നിന്നുതന്നെ വ്യക്തമാണ്. നല്ലതായ ഒരു കാര്യവും ഒരു മുസ്‌ലിം നിസ്സാരമായി ഗണിക്കേണ്ടതില്ല. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു സ്വീകരിക്കും. 
പുഞ്ചിരിയോടെ ഒരാളെ അഭിമുഖീകരിക്കുക എന്നതുപോലും അവഗണിക്കാവുന്നതല്ല. മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാത്തവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. ചില്ലറ പിണക്കം പോലും ഒരു പുഞ്ചിരിയില്‍ മാഞ്ഞുപോകുമെന്നതാണ് യാഥാര്‍ഥ്യം.  
സ്രഷ്ടാവിനോടുള്ള കടമകളും സൃഷ്ടികളോടുള്ള കടമകളും എന്തെല്ലാമെന്ന് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യല്‍ സത്യവിശ്വാസിയുെട കടമയാണ്. 
''.......നല്ലതെന്ത് നിങ്ങള്‍ പെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു'' (2:215).
''അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും'' (99:7).
''വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല'' (6:161).

0 comments:

Post a Comment