Saturday, 14 February 2015

ആത്മാര്‍ഥതയുടെ അനിവാര്യത


മതങ്ങളും അവയുടെ വിശ്വാസാചാരങ്ങളും കര്‍മാനുഷ്ഠാനങ്ങളുമെല്ലാം ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്; മതവും മതചിഹ്നങ്ങളും ചൂഷണോപാധികളായി സ്വീകരിക്കുവാനും തങ്ങളുടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ മറയ്ക്കപ്പെടുന്ന മുഖംമൂടിയായി അവയെ കൊണ്ടുനടക്കാനും എമ്പാടും ആളുകളുള്ള കാലം. ഇത്തരത്തില്‍, ആത്മാര്‍ഥതയുടെ കണികപോലുമില്ലാത്ത വിശ്വാസങ്ങള്‍കൊണ്ടും ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ഭൗതികമായ നേട്ടങ്ങള്‍ ലഭിച്ചേക്കാം. ഒരു യഥാര്‍ഥ സത്യവിശ്വാസി അവന്റെ വിശ്വാസമനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുന്നതും ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതുമൊന്നും ഐഹികവിഭവങ്ങളെ കാമിച്ചുകൊണ്ടും മോഹിച്ചുകൊണ്ടുമായിരിക്കില്ല; ആകുവാന്‍ പാടില്ല. കാരണം, ഐഹികജീവിതത്തിന്റെ നിസ്സാരതയും നശ്വരതയും അല്ലാഹുവും അവന്റെ ദൂതനും മനസ്സിലാക്കിത്തന്നിട്ടുണ്ട്. വിശുദ്ധഖുര്‍ആന്‍ പറയുന്നു: ''ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയൂം സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ക്കുള്ളതായ പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയില്ല'' (47:36). ''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനംനടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടത് തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്'' (57:20).
''എന്നാല്‍ ആര് അതിരുകവിയുകയും ഇഹലോകജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം'' (79: 37-39). ''സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും'' (18:46). നബി(ല) പറഞ്ഞു: ''പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതത്തിന്റെ ഉദാഹരണം, നിങ്ങളി ലൊരാള്‍ സമുദ്രത്തില്‍ കൈവിരല്‍ മുക്കുന്നതുപോലെയാണ്. അതെന്താണ് തിരിച്ചുകൊണ്ടുവരുന്നതെന്ന് അവന്‍ നോക്കട്ടെ'' (മുസ്‌ലിം, ഇബ്‌നുമാജ). ഈ യാഥാര്‍ഥ്യം ഉള്‍കൊണ്ടുകൊണ്ടുള്ള വിശ്വാസവും തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും കാപട്യരഹിതമായിരിക്കും. ഐഹികജീവിത വിഭവസമാഹരണത്തിനായി വിശ്വാസത്തെയും സല്‍കര്‍മങ്ങളെയും ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയില്ല. അങ്ങനെയായിരിക്കണം വിശ്വാസി എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ജനങ്ങളെ വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ സ്രഷ്ടാവിനെ വഞ്ചിക്കാന്‍ ആര്‍ക്കും കഴിയില്ല. ''....... നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുകതന്നെ ചെയ്യും...'' (2:284). ഒരാള്‍ യഥാര്‍ഥ സത്യവിശ്വാസിയായിത്തീരുന്നത് അവന്റെ വിശ്വാസം ആത്മാര്‍ഥമായതാകുമ്പോഴാണ്; അവന്റെ സല്‍കര്‍മങ്ങള്‍ കാപട്യത്തിന്റെ കലര്‍പ്പിലാത്തതും ഉദ്ദേശ്യശുദ്ധിയുള്ളതുമാകുമ്പോഴാണ്. നബി(ല) പറഞ്ഞു: ''നിശ്ചയമായും കര്‍മങ്ങളെല്ലാം (സ്വീകരിക്കപ്പെടുന്നത്) അവയുടെ ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ് ലഭിക്കുക'' (ബുഖാരി, മുസ്‌ലിം). ആരാധനകള്‍ വെറും പുറംപൂച്ചായിക്കൂടെന്നും തികച്ചും ആത്മാര്‍ഥമായിരിക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു: ''കീഴ്‌വണക്കം അല്ലാഹുവിനുമാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിറുത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം'' (98:5). ''പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാല്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്'' (39:11). ഇക്കാര്യം വിസ്മരിച്ചുെകാണ്ട് ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി മതത്തെയും സല്‍കര്‍മങ്ങളെയും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അല്ലാഹു താക്കീത് നല്‍കുന്നു: ''എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തില്‍ ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം'' (107:4-7). ''ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്ത് ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുെട കൂട്ടാളിയെങ്കില്‍ അവന്‍ എത്ര ദുഷിച്ച ഒരു കൂട്ടുകാരന്‍!'' (4:38). ഓരോ സത്യവിശ്വാസിയും, വിശിഷ്യാ പ്രബോധകനും ജാഗ്രതപുലര്‍ത്തേണ്ട കാര്യമാണിത്. നമ്മള്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ നമുക്ക് നേടിത്തരുന്നത് ശിക്ഷയാണെങ്കില്‍ അതിനെക്കാള്‍ വലിയ ദൗര്‍ഭാഗ്യം മറ്റെന്താണുള്ളത്? പ്രബോധനം ഒരു ബാധ്യതയാണ്; വളരെ പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമാണ്. ഭൗതികമായ താല്‍പര്യങ്ങളായിരിക്കരുത് ഒരു പ്രബോധകനെ നയിക്കേണ്ടത്. ലോകമാന്യത്തിന്റെ കറപുരളാത്ത, ഭൗതികതാല്‍പര്യങ്ങള്‍ തൊട്ടുതീണ്ടാത്ത, പടച്ചതമ്പുരാന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ടുള്ള ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെയുള്ള പ്രവര്‍ത്തനമായിരിക്കണം 'ദഅ്‌വത്ത്'. സര്‍വശക്തനായ തമ്പുരാന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

0 comments:

Post a Comment