Monday, 23 February 2015

വിശ്വാസ പരിണാമ സിദ്ധാന്തം അടിസ്ഥാനരഹിതം

മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും ഉല്‍പത്തിയെയും പരിണാമത്തെയും സംബന്ധിച്ച് ഭൗതികവാദത്തിന് അതിന്റേതായ ഒരു കാഴ്ചപ്പാടുണ്ട്. സാമൂഹ്യ പരിണാമത്തെ അളക്കുവാന്‍ ഭൗതികവാദം നിശ്ചയിച്ച അളവുകോലുപയോഗിച്ചുകൊണ്ടാണ് ഭൗതികവാദികള്‍  മതപരിണാമത്തെയും അളക്കാറുള്ളത്. തങ്ങളുടെ മുന്‍ധാരണകള്‍ക്കനുസൃതമായി  ഗവേഷണങ്ങളെയും നിരീക്ഷണങ്ങളെയും വ്യാഖ്യാനിക്കുവാന്‍ ഭൗതികവാദികള്‍ സമര്‍ഥരാണ്.  ഒരു നിലയ്ക്കും വ്യാഖ്യാനിച്ചൊപ്പിക്കാന്‍ കഴിയാത്ത ഗവേഷണ ഫലങ്ങള്‍  തങ്ങളുടെ തത്ത്വങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ മാത്രം മൂടിവെക്കുവാനും അവര്‍ക്ക് മടിയൊന്നുമില്ല. സത്യത്തില്‍, മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പരിണാമത്തെ സംബന്ധിച്ച ഭൗതികവാദത്തിന്റെ വീക്ഷണത്തിനെതിര് നില്‍ക്കുന്നവയാണ് പുതിയ ഉല്‍ഖനന ഗവേഷണഫലങ്ങളില്‍ മിക്കതുമെന്നതാണ് വസ്തുത. എന്നാല്‍ ഇവയില്‍ അധികവും  മറച്ചുവെക്കുകയും തങ്ങളുടെ മുന്‍ധാരണകള്‍ക്ക് ഉപോല്‍ബലകമായവമാത്രം പൊടിപ്പും തൊങ്ങലുംവെച്ച് വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് ഭൗതികവാദികള്‍ തങ്ങളുടെ ആശയ പ്രചരണത്തിന് കോപ്പുകൂട്ടാറുള്ളത്.

ഗോത്രവര്‍ഗങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള സമരത്തിനിടയ്ക്ക് ഉയര്‍ന്നുവന്ന ഒരു സാമൂഹ്യസ്ഥാപനമാണ് മതമെന്ന അടിത്തറയില്‍ നിന്നുകൊണ്ടാണ് ഭൗതികവാദം ദൈവവിശ്വാസത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഉല്‍പാദനോപകരണങ്ങളുടെ ആഗമനത്തോടുകൂടി അധ്വാനിക്കുന്ന വര്‍ഗം, ഭരണവര്‍ഗം  എന്ന തരംതിരിവ് പ്രത്യക്ഷപ്പെടുകയും  ഭരണകൂടമെന്ന സംവിധാനമുണ്ടാവുകയും  ചെയ്തപ്പോള്‍ ജനമനസ്സുകളെ ചൂഷണം ചെയ്തുകൊണ്ട് ഭരണകൂടത്തെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം നല്‍കപ്പെട്ട ആയുധങ്ങളിലൊന്നാണ് മതമെന്ന ആശയമാണ് കാറല്‍മാര്‍ക്‌സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്നെഴുതിയ 'ജര്‍മന്‍ പ്രത്യയശാസ്ത്രം' എന്ന പുസ്തകത്തില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ വ്യാഖ്യാനത്തിന് അവലംബമാക്കപ്പെട്ടിരിക്കുന്നത് യൂറോപ്പിലെ ക്രൈസ്തവ നവീകരണാശയങ്ങളു(PROTESTANTANISM)ടെചരിത്രത്തെ മാത്രമാണ്. മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പാടെ അവഗണിച്ചുകൊണ്ട് നടത്തിയ ഈ വിലയിരുത്തല്‍ നൂറുശതമാനം അബദ്ധമാണെന്നത്രെ പ്രാഗ്ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഉല്‍ഖനന ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
മതോല്‍പത്തി സിദ്ധാന്തങ്ങള്‍
മതത്തിന്റെ അടിത്തറ ദൈവവിശ്വാസമാണല്ലോ. ഈ വിശ്വാസത്തിന്റെ ഉല്‍പത്തി എങ്ങനെയായിരുന്നു? അത് പരിണമിച്ചതെങ്ങനെ? ഇക്കാര്യത്തില്‍ ഒട്ടനവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. പലരും പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായങ്ങളില്‍ അധികവും ഭൗതികവാദത്തിന്റെ അളവുകോല്‍ ഉപയോഗിച്ചുകൊണ്ട് ദൈവവിശ്വാസത്തിന്റെ ചരിത്രം വിശദീകരിക്കുവാന്‍ വേണ്ടി ശ്രമിച്ചവരുടേതായിരുന്നു. ഏറ്റവും ഉന്നതമായ ദൈവസങ്കല്‍പം ഏകദൈവത്വമാണെന്നും താഴ്ന്നത് ബഹുദൈവവാദമാണെന്നും ഇവരെല്ലാവരും അംഗീകരിക്കുന്നു. താഴ്ന്നതില്‍ നിന്ന് മുകളിലേക്കാണ് എല്ലാ വസ്തുക്കളും സങ്കല്‍പങ്ങളും പരിണമിക്കുന്നത് എന്നതുപോലെ ദൈവവിശ്വാസവും ബഹുദൈവാരാധനയില്‍നിന്ന് പടിപടിയായി പുരോഗമിച്ച് ഏകദൈവത്വത്തിലെത്തുകയാണ് ഉണ്ടായതെന്നാണ് അവരുടെ വാദം. ഈ വാദത്തിന് അനുകൂലമായ തെളിവുകള്‍ കണ്ടെത്തുകയും അവ വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് വ്യത്യസ്ത ഭൗതിക ചിന്തകന്മാര്‍ ദൈവവിശ്വാസതിന്റെ ഉല്‍പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി മധ്യേഷ്യയിലെ ആര്യഗോത്രങ്ങളു (INDO GERMANS)ടെ  ചരിത്രം വെളിച്ചം കണ്ടു. അവരുടെ മതവിശ്വാസത്തെക്കുറിച്ച സംവാദങ്ങളില്‍ നിന്നാണ് 'മതവിശ്വാസത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും കുറിച്ച പഠനം' എന്ന സ്വതന്ത്ര ശാസ്ത്രശാഖ രൂപം കൊണ്ടത്. പ്രകൃതി പുരാണ(NATURE MYTHS)ങ്ങളില്‍നിന്നും പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കിയതിന്റെ ഫലമായി ദേവന്മാരും പിന്നീട് ദേവന്മാരുടെ ദേവനായ ഒരു ഏകദൈവത്തെയും മനുഷ്യന്‍ സങ്കല്‍പിച്ചുവെന്നതായിരുന്നു ആദ്യകാല നിഗമനം.
ആഫ്രിക്കയിലെയും അമേരിക്കയിലെയും ആദിവാസികളുടെ വിശ്വാസങ്ങളെക്കുറിച്ച് പഠിച്ച ഡി ബ്രോസ്സെസ് വെളിച്ചത്തുകൊണ്ടുവന്ന ഭൂതാരാധനാ സമ്പ്രദായമാണ് ദൈവവിശ്വാസത്തിന്റെ ആദിമ രൂപമെന്ന് വാദിക്കപ്പെട്ടു. 1851ല്‍ എ. ക്യാമട്ട് ഭൂതാരാധനാ സമ്പ്രദായത്തില്‍നിന്നാണ് ദൈവവിശ്വാസത്തിന്റെ ഉല്‍പത്തിയെന്ന് സ്ഥാപിക്കുന്ന ഒരു സിദ്ധാന്തം ആവിഷ്‌കരിച്ചു. ഫെറ്റിഷിസം  (FETISHISM) എന്നറിയപ്പെട്ട പ്രസ്തുത സിദ്ധാന്തം അക്കാലത്ത് പൊതുവെ സ്ഥിരീകരിക്കപ്പെട്ടു. ദുര്‍ഭൂതങ്ങളുടെ ഭൗതികമൂര്‍ത്തിയെ പൂജിക്കുന്നതില്‍ നിന്നും അവയുടെ സേവനം സ്വായത്തമാക്കാമെന്ന വിശ്വാസം പരിണമിച്ചാണ് ദൈവവിശ്വാസമുണ്ടായതെന്നാണ് െഫറ്റിഷിസത്തിന്റെ വക്താക്കളുടെ വാദം. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള കിരാത ഗോത്രങ്ങളുടെ ആരാധനാലയങ്ങളില്‍ തടി, വൈക്കോല്‍, കളിമണ്ണ് തുടങ്ങിയവകൊണ്ട് നിര്‍മിച്ച ഭൂതപ്രതിമകള്‍ സ്ഥാപിക്കുന്നുവെന്നവസ്തുതയെ തങ്ങളുടെ സിദ്ധാന്തത്തിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്തത്.
പരേതരായ മുന്‍ഗാമികളോടുള്ള ബഹുമാനവും ഭക്ത്യാദരവും അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നതിലേക്കും അവരെ പൂജിക്കുന്നതിലേക്കും മനുഷ്യരെ നയിക്കുകയും അതില്‍ നിന്ന് ദൈവവിശ്വാസമുണ്ടാവുകയും ചെയ്തുവെന്ന മറ്റൊരു സിദ്ധാന്തവും ഇക്കാലത്തുതന്നെ വെളിക്കുവന്നു. പിതുരാരാധനയില്‍ നിന്നാണ് ദൈവവിശ്വാസമുണ്ടായതെന്ന സിദ്ധാന്തം 'മാനിസം' (MANISM) എന്നാണ് അറിയപ്പെടുന്നത്. ചൈനയിലെ ആദിവാസികള്‍ പിതുരാരാധകന്മാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാനിസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്1870ല്‍ ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ തന്റെ പ്രേതാരാധന സിദ്ധാന്തം (GHOSTTHEORY) അവതരിപ്പിച്ചത്. പിതാക്കളുടെ പ്രേതങ്ങളെ പ്രീതിപ്പെടുത്തുന്നതിലൂടെ പലതും നേടിയെടുക്കാമെന്ന വിശ്വാസത്തില്‍ നിന്നാണ് ദൈവവിശ്വാസത്തിന്റെ ഉല്‍പത്തിയെന്നാണ് സ്‌പെന്‍സറുടെ വാദം.
പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കും ആത്മാവും ബോധവുമുണ്ടെന്നുള്ള വിശ്വാസത്തില്‍നിന്ന് ആത്മസംതൃപ്തിക്കുവേണ്ടി പൂര്‍വപിതാക്കളെയും വൃക്ഷലതാദികളെയും ആരാധിക്കുന്ന അവസ്ഥയും പിന്നീട് പരിണാമ ഘട്ടങ്ങളിലൂടെ കടന്നുവന്ന് ദൈവവിശ്വാസവുമുണ്ടായി എന്ന ഇ.ബി. ടെയ്‌ലറുടെ സങ്കല്‍പം അഥവാ ആനിമിസ(ANIMISM) മാണ് ദൈവവിശ്വാസത്തിന്റെ ഉല്‍പത്തിയെകുറിച്ച സിദ്ധാന്തങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചത്. 1872ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'പ്രാകൃത സംസ്‌കാരം' (PRIMITIVE CULTURE) എന്ന പുസ്തകത്തിലൂടെ മനുഷ്യന്റെ ശാരീരിക ജീവിതത്തിന് പുറമെ മറ്റൊരു ആത്മീയ ജീവിതം കൂടിയുണ്ടെന്ന ധാരണയിലാണ് ദൈവവിശ്വാസത്തിന്റെ അടിവേരുകള്‍ സ്ഥിതിചെയ്യുന്നതെന്ന് ടെയ്‌ലര്‍ സമര്‍ഥിച്ചപ്പോള്‍ അത് സ്വീകരിക്കുവാനും അതിന്റെ പ്രചാരകരാകുവാനും ഒട്ടേറെപേര്‍ സന്നദ്ധരായി.
നൈല്‍ നദി, യൂഫ്രട്ടീസ്-ടൈഗ്രീസ് നദികള്‍ തുടങ്ങിയവയുടെ തീരപ്രദേശങ്ങളില്‍ വളര്‍ന്നുവന്ന പുരാതന നാഗരികതകളെക്കുറിച്ച പഠനങ്ങളില്‍ നിന്ന് അവിടെ ജീവിച്ചിരുന്നവര്‍ പ്രകൃതിപൂജകരായിരുന്നുവെന്ന് മനസ്സിലായി. അതോടെ ഈ സിദ്ധാന്തങ്ങളെല്ലാം വലിച്ചെറിഞ്ഞ് 'ജ്യോതിര്‍ഗോള-പ്രകൃതി പുരാണം' (ASTRAL AND NATURAL MYTHOLOGY) എന്ന തത്ത്വത്തിന് പിന്നില്‍ എല്ലാവരും ഒരുമിച്ചുകൂടി. ഉപരിമണ്ഡലത്തിലെ ജ്യോതിര്‍ഗോളങ്ങളോടുള്ള ഭക്ത്യാദരങ്ങളും പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റിയുള്ള ഭയവുമാണ് മനുഷ്യരെ ദൈവവിശ്വാസത്തിലെത്തിച്ചത് എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.മാനവ സമുദായത്തിന്റെ ആദ്യ ജീവിതത്തില്‍ വിവിധ വസ്തുക്കളും ജീവികളുമായി മനുഷ്യനുണ്ടായിരുന്ന ബന്ധവും വേഴ്ചയും പിന്നീട് ആ വസ്തുക്കളെ വന്ദിക്കുവാനും ആരാധിക്കുവാനും അവനെ പ്രേരിപ്പിക്കുകയും അതില്‍നിന്നും ദൈവവിശ്വാസം ഉടലെടുക്കുകയും ചെയ്തുവെന്ന 'ഗണചിഹ്‌നസിദ്ധാന്ത' (TOTEMISM) മാണ് ഈ രംഗത്ത് എടുത്തുകാട്ടപ്പെടേണ്ട മറ്റൊരു സിദ്ധാന്തം. ഭാരതത്തിലെ പശുവിനെയും ഈജിപ്തിലെ മുതലയെയും മരുഭൂവാസികളുടെ വെളുത്ത കാളക്കിടാവിനെയും ഉത്തരമേഖലയിലെ കരടിയെയുമെല്ലാം, റ്റോട്ടമിസ്റ്റ് സങ്കല്‍പമാണ് ദൈവവിശ്വാസത്തിന് കാരണമായതെന്ന് സ്ഥാപിക്കുവാന്‍ വേണ്ടി ഈ സിദ്ധാന്തത്തിന്റെ പിതാവായ റോബര്‍ട്ട് സണ്‍സ്മിത്ത് എടുത്തുകാണിക്കുന്നു.
ഏതാണ്ട് ഈ കാലത്തുതന്നെയാണ് കാറല്‍മാര്‍ക്‌സ് തന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന് ചരിത്രത്തിന്റെ ഗതിയെ വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ തുടങ്ങിയത്. വൈരുധ്യവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്  മതവിശ്വാസത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും വിശദീകരിക്കുവാന്‍ തുനിഞ്ഞ മാര്‍ക്‌സ് പ്രധാനമായും അവലംബിച്ചത് 'മാനിസ'ത്തെയും 'ആസ്ട്രല്‍ ആന്റ് നാച്ചുറല്‍ മിത്തോളജി'യെയുമാണ്. ഇവ രണ്ടും കൂടാതെ ജെ. എച്ച് കനോഗിന്റെ ആനിമിസത്തിന് മുമ്പുള്ള (PRE-ANIMISM) കാലഘട്ടത്തെക്കുറിച്ച സിദ്ധാന്തങ്ങളും അദ്ദേഹത്തിന് പ്രചോദനം നല്‍കിയിട്ടുണ്ടാവണം. ആദ്യകാലത്തുള്ള ഇന്ദ്രജാല പ്രവര്‍ത്തനങ്ങളിലൂടെ ദിവ്യശക്തിയെക്കുറിച്ച് ബോധമുണ്ടാവുകയും പിന്നീട് അത് ആത്മീയ ശക്തികളുടെ രൂപം പൂണ്ട് ദൈവങ്ങളായിത്തീരുകയും ചെയ്തുവെന്നാണ് കനോഗിന്റെ തത്ത്വം. മാന്ത്രിക വിദ്യകളിലുള്ള മനുഷ്യന്റെ വിശ്വാസമാണ് അവനെ മതവിശ്വാസത്തിലേക്ക് നയിച്ചതെന്ന് മാര്‍ക്‌സും പറയുന്നുണ്ട്. പക്ഷേ, അതിന്ന് പിന്നിലും അദ്ദേഹം സാമ്പത്തികവും ഉല്‍പാദനപരവുമായ കാരണങ്ങള്‍ കണ്ടെത്തുന്നുവെന്ന് മാത്രം.
ഈ സിദ്ധാന്തങ്ങളെല്ലാം ബഹുദൈവാരാധന പരിണമിച്ചിട്ടാണ് ഏകദൈവ വിശ്വാസമുണ്ടായതെന്നാണ് സമര്‍ഥിക്കുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നടന്ന ഉല്‍ഖനന ഗവേഷണങ്ങള്‍ ഈ തത്ത്വങ്ങളുടെയെല്ലാം അടിത്തറ തകര്‍ക്കുന്ന ഫലങ്ങളാണ് നല്‍കിയത്. പ്രകൃതി പ്രതിഭാസങ്ങളെ ആരാധിക്കുന്ന സമ്പ്രദായത്തിനും പിതുരാരാധന ആരംഭിക്കുന്നതിനും ഇന്ദ്രജാലങ്ങളിലുള്ള വിശ്വാസം രൂപപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ആദിമ മനുഷ്യരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഏകദൈവ സങ്കല്‍പമാണുണ്ടായിരുന്നത് എന്ന വസ്തുതയാണ് പുതിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. വിയന്നാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡബ്ല്യു. ഷ്മിറ്റ് എഴുതുന്നത് കാണുക: ''നരവംശ ശാസ്ത്രത്തി(ETHNOLOGY) ന്റെ സാമ്രാജ്യത്തില്‍ പഴയ പരിണാമ പ്രസ്ഥാനം പാപ്പരായിരിക്കുന്നു. പുതിയ ചരിത്ര പ്രവണതകളുടെ വിമര്‍ശനത്തിന് മുമ്പില്‍, വലിയ ഒരുക്കത്തോടുകൂടി അവര്‍ നിമിച്ചെടുത്ത സുന്ദരവും സുദീര്‍ഘവുമായ നൂലിഴകള്‍ പൊട്ടിത്തകര്‍ന്ന് കീഴ്‌മേല്‍ പറഞ്ഞിരിക്കുന്നു''. 
അദ്ദേഹം തുടരുന്നു: ''പുരാതന നാഗരികതകളിലെ പരാശക്തി ഏകദൈവാദര്‍ശത്തില്‍ അധിഷ്ഠിതമായ ദൈവവും അവയുള്‍ക്കൊണ്ടിരുന്ന മതം ശുദ്ധമായ ഏകദൈവത്വത്തില്‍ അധിഷ്ഠിതമായ മതവുമായിരുന്നു. ഒരുപാട് ഗ്രന്ഥകാരന്മാരുടെ ശക്തമായ എതിര്‍പ്പിന് പാത്രമായ ഒരു വിഷയമാണിത്. സാക്ഷാല്‍ ഏകദൈവസങ്കല്‍പത്തിലുള്ള പരാശക്തിയുടെ സ്വഭാവം തന്നെയാണ് അതിപ്രാചീന ഗോത്രവര്‍ഗങ്ങളില്‍ മിക്കതിന്റെയും ദൈവത്തിനുള്ളതെന്ന് ഒരു ഉപരിപ്ലവ വീക്ഷണത്തില്‍ പോലും വ്യക്തമാവുന്നുവെന്നതിനാല്‍ ഈ എതിര്‍പ്പ് നേരിടുക ഇന്ന് പ്രയാസകരമല്ല. പുരാതന കിരാതവര്‍ഗങ്ങളായ ടിറഡല്‍ ഫ്യൂജിയന്മാരും (TIERRADEL FUEGIANS), പ്രാചീന ബുഷ്മാനും (BUSHMAN), യൂയിന്‍ (YUIN) വര്‍ഗങ്ങളും കൊര്യാക്കു(ഗഛഞഥഅഗട) കളല്ലാത്ത ആര്‍ട്ടിക് സംസ്‌കാരവര്‍ഗങ്ങളും വടക്കന്‍ അമേരിക്കയിലെ ഒരുവിധമെല്ലാ പുരാതന വര്‍ഗങ്ങളും വിശ്വസിച്ചിരുന്ന പരാശക്തിയുടെ സ്വഭാവം ഏകദൈവത്തിന്റേതാണെന്നതാണ് വാസ്തവം'' (W. SCHMIDT: THE ORIGIN AND GROWTH OF RELIGION, FACTS AND THEORIES (LONDON 1931), Page 8-Quoted by MAULANA ABUL KAL AM AZAD: THE TARJUMAN AL-QURAN. Vol. 1 Page 102).

സത്യത്തില്‍, ആദിമമനുഷ്യന്റെ മതം ശുദ്ധമായ ഏകദൈവ വിശ്വാസമായിരുന്നുവെന്ന ഇസ്‌ലാമികാധ്യാപനത്തിന്റെ സത്യതയ്ക്കുള്ള തെളിവുകളാണ് പുതിയ പഠനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ശുദ്ധമായ പ്രകൃതിയാണ് ഏകദൈവവിശ്വാസം. നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാന്‍ മനുഷ്യര്‍ക്ക് സ്വാഭാവികമായുള്ള ത്വര ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ ഏകദൈവ വിശ്വാസികളുടെ അടുത്ത തലമുറകള്‍ ബഹുദൈവാരാധനയിലേക്ക് വഴിമാറി. മുകളില്‍ പറഞ്ഞ സിദ്ധാന്തങ്ങളെല്ലാം ശരിയാവുന്നത് ബഹുദൈവാരാധനയുടെ കാര്യത്തില്‍ മാത്രമാണ് പ്രകൃതി ശക്തികളോടുള്ള ഭയവും പുണ്യപുരുഷന്മാരോടുള്ള ആദരവും സസ്യമൃഗാദികളുമായുള്ള സഹവാസവുമെല്ലാം അവയോടുള്ള ആരാധനാ മനോഭാവം വളര്‍ത്തുകയും അവയെ ദൈവങ്ങളാക്കുന്നതിലേക്ക് ക്രമേണ നയിക്കുകയും ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, ഈ ആരാധനാ മനോഭാവങ്ങളെല്ലാം വളരുന്നതിന് വളരെ മുമ്പുതന്നെ സകലവിധ പ്രതിഭാസങ്ങളുടെയും നാഥനായ ഏകദൈവത്തിലുള്ള വിശ്വാസം നിലനിന്നിരുന്നുവെന്ന് കാണാന്‍ കഴിയും. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ പരിണാമം നടന്നിരിക്കുന്നത് ഏകദൈവ വിശ്വാസത്തില്‍നിന്ന് ബഹുദൈവാരാധനയിലേക്കാണെന്നതാണ് വസ്തുത. പ്രാകൃത  സമൂഹങ്ങളുടെ ദൈവ വിശ്വാസത്തെക്കുറിച്ച പഠനങ്ങള്‍ മാത്രമല്ല, ഇന്ന്‌നിലനില്‍ക്കുന്ന സംഘടിത മതങ്ങളില്‍ ബഹുദൈവാരാധന വളര്‍ന്നുവന്നതിന്റെ ചരിത്രം പരിശോധിച്ചാലും ഇക്കാര്യം സുതരാം ബോധ്യമാവും.
പ്രാക്തന വര്‍ഗങ്ങളിലെ ദൈവസങ്കല്‍പം
രണ്ടരലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതിയിലെ  മറ്റേതൊരു ജീവിയെയും പോലെതന്നെ ഒരു ഭക്ഷ്യശേഖരനായി മാത്രം ജീവിച്ച ഒരു ഘട്ടം മാനവ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട് എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. പുരാതത്വശാസ്ത്രജ്ഞന്മാര്‍ പ്രാചീന ശിലായുഗം അഥവാ പാലിയോലിഥിക യുഗം (PALEOLITHIC AGE) എന്നും ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ പ്ലൈസ്റ്റസീന്‍ യുഗമെന്നും  വിളിക്കുന്ന ഈ കാലഘട്ടത്തിലാണ് മനുഷ്യ ചരിത്രത്തിന്റെ 98 ശതമാനവും കഴിഞ്ഞുകൂടിയത് എന്നാണ് പ്രഗത്ഭ പുരാതത്വശാസ്ത്രജ്ഞനും ചരിത്ര വ്യാഖ്യാതാവുമായ ഗോര്‍ഡന്‍ ചൈല്‍ഡിന്റെ അഭിപ്രായം (ഗോര്‍ഡന്‍ ചൈല്‍ഡ്: ചരിത്രത്തില്‍ എന്ത് സംഭവിച്ചു? പുറം 21). പ്രഗത്ഭ നരവംശശാസ്ത്രജ്ഞനായ മോര്‍ഗന്‍ 'കാടത്തം' (ലെവിസ് ഹെന്റി മോര്‍ഗന്‍: പ്രാചീന മനുഷ്യസമൂഹം) എന്ന് വിളിച്ച ഈ സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് പര്യാപ്തമായ ലിഖിത രേഖകളോ മറ്റോ ലഭ്യമല്ല. അക്കാലത്ത് അക്ഷരവിദ്യയോ മറ്റേതെങ്കിലും രൂപത്തില്‍ ആശയങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായങ്ങളോ നിലനിന്നിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ സാംസ്‌കാരിക ചരിത്രമോ മറ്റോ നമുക്ക് ഉപലബ്ധമല്ല. എങ്കിലും, പ്രാചീന ശിലായുഗ സംസ്‌കാരം സ്വീകരിച്ചിരിക്കുന്ന വിഭാഗങ്ങള്‍ ഇന്നും മലയായിലെയും മധ്യാഫ്രിക്കയിലെയും വനാന്തരങ്ങളിലും വടക്കുപടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെയും തെക്കേ ആഫ്രിക്കയിലെയും മരുഭൂമികളിലും ആര്‍ട്ടിക് പ്രദേശങ്ങളിലും ജീവിച്ചിരിപ്പുണ്ട്. ആ സമൂഹങ്ങള്‍ രണ്ടുലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ അതേ സംസ്‌കാരവും ജീവിത രീതിയുമാണ് പിന്തുടരുന്നത് എന്നതിനാല്‍ പ്രാചീന ശിലായുഗത്തെക്കുറിച്ച പഠനങ്ങള്‍ക്ക് നരവംശശാസ്ത്രജ്ഞന്മാര്‍ പ്രധാനമായും അവലംബിക്കുന്നത് ഈ വിഭാഗങ്ങളുടെ ജീവിത രീതിയെയാണ്. പ്രാചീന ശിലായുഗ കാലഘട്ടത്തിലെ ദൈവസങ്കല്‍പമായിരിക്കുമല്ലോ മനുഷ്യന്റെ പ്രഥമ ദൈവസങ്കല്‍പം. പ്രസ്തുത സങ്കല്‍പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഇന്ന് ജീവിച്ചിരിക്കുന്ന പുരാതന ശിലായുഗ സംസ്‌കാരം സ്വീകരിച്ചിരിക്കുന്നവരുടെ ദൈവസങ്കല്‍പത്തെക്കുറിച്ച് പഠിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുംതന്നെയില്ല.
ആഫ്രിക്കന്‍ ആദിവാസികളുടെ 
ദൈവസങ്കല്‍പം
ആഫ്രിക്കന്‍ ആദിവാസികളായ സുലു (ZULU) കള്‍ ദൈവത്തെ വിളിക്കുന്നത് ഉംവലിന്‍ക്വന്‍ഗി (UMVELIN QANGI) എന്നാണ്. ആരാണ് ഉംവലിന്‍ ക്വന്‍ഗി എന്ന ചോദ്യത്തിന സുലുകള്‍ നല്‍കുന്ന ഉത്തരം, ദക്ഷിണാഫ്രിക്കയിലെ പ്രഗത്ഭ ഇസ്‌ലാമിക പ്രവര്‍ത്തകനായ അഹ്മദ് ദീദാത്ത് തന്റെ ഒരു ചെറുഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ''ഉംവലിന്‍ ക്വന്‍ഗി വിശുദ്ധനും പരിശുദ്ധാത്മാവുമാണ്. അവന്‍ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. അവനെപ്പോലെ ആരുംതന്നെയില്ല'' (AHMED DEEDAT: WHAT IS HIS NAME? Page 7).
മറ്റ് ആഫ്രിക്കന്‍ ആദിവാസി വര്‍ഗങ്ങളും ഏകനും വിശുദ്ധനുമായ ദൈവത്തില്‍ തന്നെയാണ് വിശ്വസിക്കുന്നത്. സാംബസി നദിയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന ആദിവാസി വര്‍ഗങ്ങള്‍ ടിക്‌സോ(TIXO),   മോഡിമോ (MODIMO),  ഉന്‍കുലുന്‍കുലു (UNKULUNKULU) തുടങ്ങിയ വ്യത്യസ്ത പേരുകളില്‍ ഏകദൈവത്തെ സംബോധന ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം പരിശുദ്ധനും സര്‍വശക്തനുമായ ദൈവത്തെക്കുറിച്ച സങ്കല്‍പംതന്നെയാണുള്‍ക്കൊള്ളുന്നത്. ഇവരാരും തന്നെ ദൈവത്തിന് പ്രതിനിധകളെയോ പ്രതിപുരുഷന്മാരെയോ കല്‍പിക്കുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ചെളികൊണ്ടും മരത്തടികൊണ്ടുമുള്ള പ്രതിമ നിര്‍മാണത്തില്‍ വിദഗ്ധരും ലോഹ സംസ്‌കരണത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ അറിയുന്നവരുമാണ് ഇവരെങ്കിലും പ്രതിമകളെ ആരാധിക്കുന്ന സമ്പ്രദായം ഇവര്‍ക്കില്ല. ദൈവത്തിന് പ്രതിബിംബം നിര്‍മിക്കാത്തതെന്താണെന്ന ചോദ്യത്തിന് ഒരു സുലു വൃദ്ധന്‍ നല്‍കിയ മറുപടി ശ്രദ്ധിക്കൂ: ''അജയ്യനായ ദൈവത്തിന്റെ പ്രതിബിംബങ്ങളെ നാം എങ്ങനെ പ്രതിഷ്ഠിക്കും? നമുക്കറിയാം, അവന്‍ ഒരു മനുഷ്യന്റെ മാതിരിയല്ലെന്ന്; കുരങ്ങിനെയോ ആനയെയോ പാമ്പിനെയോ പോലെയല്ലെന്ന്. അവന്‍ നമുക്ക് ചിന്തിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യാന്‍ കഴിയുന്ന ഒന്നിനെയും പോലെയല്ല. അവന്‍ വിശുദ്ധനും പരിശുദ്ധാത്മാവുമത്രെ''(Ibid, Page 8). 
ആഫ്രിക്കന്‍ ആദിവാസികള്‍ ദൈവത്തെ വിളിക്കുന്ന മറ്റൊരു പേരാണ് 'ഉന്‍കുലുന്‍കുലു'വെന്ന് പറഞ്ഞുവല്ലോ. 'മഹാന്മാരില്‍ മഹാനും അജയ്യരില്‍ അജയ്യനു'മെന്നാണ് ഈ പദത്തിന്റെ ഭാഷാര്‍ഥം. അവരുടെ പ്രതിജ്ഞയുടെ പ്രധാന ഭാഗത്ത് `INKO si phe-zulu' എന്ന് അവര്‍ ചൊല്ലുന്നു. 'ഞാന്‍ സത്യമാണ് പറയുന്നതെന്ന് ഉന്നതങ്ങളിലുള്ളവന്‍ അറിയുന്നു'വെന്നാണ് ഇതിന്നര്‍ഥം. ഇതില്‍നിന്നെല്ലാം ആഫ്രിക്കന്‍ ആദിവാസികള്‍ ഏകദൈവ വിശ്വാസികളാണെന്ന് മനസ്സിലാക്കാം.
എന്നാല്‍, ഉംവലിന്‍ ക്വന്‍ഗിയുടെ നാമം ആഫ്രിക്കന്‍ ആദിവാസികള്‍ കൂടുതലായി ഉപയോഗിക്കുന്നില്ല. അവന്‍ വളരെ വിശുദ്ധനും ഉന്നതനുമായതിനാല്‍ അവന്റെ നേര്‍ക്ക് നേരിട്ട് അടുക്കുവാന്‍ സാധ്യമല്ലെന്നാണ് അവരുടെ വിശ്വാസം. അതിന് അവര്‍ ഉംവലിന്‍ ക്വന്‍ഗിയുമായി അടുത്തവരായിരുന്ന പൂര്‍വപിതാക്കളുടെ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി വിളിച്ച് തേടുന്നു. ഈ ആത്മാക്കളൊന്നും തന്നെ ദൈവങ്ങളാണെന്ന് അവര്‍ക്ക് അഭിപ്രായമില്ല. അവര്‍ പരിശുദ്ധരായ ദൈവദാസന്മാരാണ്. അവരിലൂടെ സാധാരണക്കാര്‍ക്ക് ദൈവത്തിലേക്ക് അടുക്കാമെന്ന് മാത്രമേയുള്ളൂ. പുരാതന ശിലായുഗത്തിലെ സാംസ്‌കാരക ജീവിതം നയിക്കുന്ന ആഫ്രിക്കന്‍ ആദിവാസികളുടെ ദൈവസങ്കല്‍പം ഏകത്വാധിഷ്ഠിതമാണെങ്കിലും അവരില്‍ 'ആത്മപൂജ' കണ്ടുവരുന്നതിന് കാരണമിതാണ്. ഇത് ദൈവവിശ്വാസത്തിന്റെ പ്രാഗ്‌രൂപമെന്ന നിലയ്ക്കല്ല, പരിശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള വ്യതിയാനമെന്ന നിലയ്ക്കാണ് നോക്കിക്കാണേണ്ടത്. ദൈവത്തിലേക്ക് അടുപ്പിക്കുവാന്‍ വേണ്ടി പരേതാത്മാക്കളെ വിളിക്കുന്നതില്‍നിന്ന് തുടങ്ങിയ സുലുകള്‍ ക്രമേണ അവരെ പൂജിക്കുകയും ദിവ്യവത്കരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. അങ്ങനെയാണ് അവരില്‍ ആത്മപൂജ കടന്നുവന്നത്. പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സമൂഹങ്ങള്‍ ഇങ്ങനെതന്നെയായിരുന്നു ഏകദൈവ വിശ്വാസത്തില്‍നിന്ന് വഴിതെറ്റിയതെന്നതിന് ജീവിക്കുന്ന തെളിവുകള്‍ തന്നെ ധാരാളമുണ്ടല്ലോ.
ആസ്‌ട്രേലിയന്‍ കിരാത വര്‍ഗങ്ങളുടെ ദൈവവിശ്വാസം
പ്രാചീന ശിലായുഗ സംസ്‌കാരം സ്വീകരിച്ചിരിക്കുന്ന മറ്റൊരു ആദിവാസി വര്‍ഗമാണ് വടക്കുപടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ മരുഭൂമികളില്‍ ജീവിക്കുന്നത്. സംസ്‌കൃത മനുഷ്യന്റെ മാനസിക വികാസത്തോട് ബന്ധപ്പെട്ട പുരോഗമിച്ച കണ്ണികളൊന്നും അവരില്‍ കാണപ്പെടുന്നില്ല. പ്രാചീന ശിലായുഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ സകല സവിശേഷതകളും കാണപ്പെടുന്ന ഇവരുടെ മതസങ്കല്‍പവും ദൈവസങ്കല്‍പവും തീരെ പരിമിതമാണ്. ഐതിഹ്യങ്ങളില്‍ പോലും പുരോഗമനപരമായ യാതൊരു ഘടനയും കാണപ്പെടാത്ത ഇവരുടെ ദൈവസങ്കല്‍പം ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മൗലാനാ ആസാദ് എഴുതുന്നത് കാണുക: ''ഭൂമിയെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും തുടങ്ങി തങ്ങള്‍ക്ക് ചുറ്റും കാണപ്പെടുന്ന സകല വസ്തുക്കളെയും സൃഷ്ടിക്കുകയും തങ്ങളുടെ ജീവിതത്തെയും മരണത്തെയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സത്തയിലാണ് ആസ്‌ട്രേലിയയിലെ നാഗരികതയുടെ അയലത്തുപോലുമെത്താത്ത ഗോത്രവര്‍ഗങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്' (MAULANA ABUL KALAM AZAD: THE TARJUMAN AL- QUR'AN Vol-1, Page-102).  
ആസ്‌ട്രേലിയന്‍ ആദിവാസികള്‍ ഏകദൈവത്തെ വിളിക്കുന്ന പേര് അട്‌നാട്ടു (ATNATU) വെന്നാണ്. 'മലദ്വാരമില്ലാത്തവന്‍' എന്നാണ് അട്‌നാട്ടുവിന്റെ ഭാഷാപരമായ അര്‍ഥം. ഭക്ഷണ പദാര്‍ഥങ്ങളോ മറ്റോ ആവശ്യമില്ലാതെ നിലനില്‍ക്കുന്നവന്‍ എന്ന ആശയം പ്രാകൃത വര്‍ഗക്കാരുടെ ഭാഷയില്‍ പുറത്ത് വന്നപ്പോഴാണ് ദൈവത്തിന്റെ നാമം 'അട്‌നാട്ടു' എന്നായിത്തീര്‍ന്നതെന്നാണ് പണ്ഡിതനായ അഹ്മദ് ദീദാത്തിന്റെ (AHMED DEEDAT: WHAT IS HIS NAME? Page-12)  പക്ഷം. ഏതായിരുന്നാലും മോഹങ്ങളില്‍ നിന്നും വികാരങ്ങളില്‍ നിന്നും പാരതന്ത്ര്യത്തില്‍ നിന്നുമെല്ലാം പരിശുദ്ധനായ ഒരു അസ്തിത്വത്തെയാണ് ആസ്‌ട്രേലിയന്‍ കിരാത വര്‍ഗങ്ങള്‍ ദൈവമായി വ്യവഹരിക്കുന്നത് എന്ന് വ്യക്തമാണ്.
നദീതട സംസ്‌കാരങ്ങളിലെ 
ദൈവസങ്കല്‍പം
ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍, യൂ്രഫട്ടീസ്, ടൈഗ്രീസ്, സിന്ധു തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങള്‍ പട്ടണങ്ങളായി മാറിയതോടെയാണ് നാഗരിക യുഗത്തിന് ആരംഭം കുറിക്കപ്പെടുന്നത്. നാഗരികതയുടെ ആദ്യത്തെ രണ്ടായിരം കൊല്ലങ്ങള്‍ക്കാണ് വെങ്കലയുഗം എന്ന് പറയുന്നത്. ചെമ്പും വെങ്കലവു(ചെമ്പിന്റെയും തകരത്തിന്റെയും ഒരു സങ്കരം)മായിരുന്നു അന്ന് ആയുധ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ലോഹങ്ങള്‍. ജലസേചനം കൊണ്ട് നടത്തുന്ന പരിമിതമായ കൃഷിയില്‍ നിന്ന് ലഭിക്കുന്ന മിച്ചം കൊണ്ടായിരുന്നു നാഗരികതയ്ക്ക്  അനിവാര്യമായ ഉദ്യോഗസ്ഥന്മാരെ സമൂഹം നിലനിര്‍ത്തിയിരുന്നത്. നക്ഷത്ര നിരീക്ഷണവും കാലാവസ്ഥാ നിര്‍ണയവും ആരംഭിച്ചതും എഴുത്തും വായനയും തുടങ്ങിയതും വെങ്കല യുഗത്തിലായിരുന്നുവെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പ് സംസ്‌കരിക്കുന്ന രീതി കണ്ടുപിടിച്ചതോടെ ഇരുമ്പ് യുഗത്തിന്  നാന്ദി കുറിക്കപ്പെട്ടു. നാണയങ്ങളുടെ ഉല്‍പാദനത്തിന് ഇത് കാരണമായി. അത് വിനിമയരംഗത്തെ വമ്പിച്ച വിപ്ലവങ്ങള്‍ക്ക് നിമിത്തമായി മാറി. വ്യക്തമായ ശിലാലിഖിങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും വെളിച്ചത്തില്‍ നദീനട നാഗരികതകളെക്കുറിച്ച് ഒട്ടൊക്കെ സ്പഷ്ടമായി നമുക്ക് ഇന്ന് പറയുവാന്‍ സാധിക്കും. നദീതട സംസ്‌കാരങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഭാഷകളില്‍ പലതും നമുക്ക് ഇന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംബന്ധിച്ച ഒട്ടനവധി വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ആദിവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ ദേവന്മാരെ ആരാധിച്ചിരുന്നവരായിരുന്നു നദീതട നാഗരികതകളില്‍ മിക്കതിലും ജീവിച്ചിരുന്നവരെന്നാണ് ശിലാലിഖിതങ്ങളും നഗരാവശിഷ്ടങ്ങളും വ്യക്തമാക്കുന്നത്. എന്നാല്‍ അതിസൂക്ഷ്മമായി വിശകലനം ചെയ്താല്‍ അവരുടെ ദൈവസങ്കല്‍പത്തിന്റെയും അടിത്തറ ഏകത്വാധിഷ്ഠിതമായിരുന്നുവെന്ന് കാണാനാവും. ദേവന്മാരെ യഥാര്‍ഥ ദൈവത്തിലേക്ക് അടുപ്പിക്കുന്നവരായിട്ടാണ് അവര്‍ കരുതിയിരുന്നത്. ഇഹലോക ചെയ്തികള്‍ക്ക് മരണശേഷം പരലോകത്തുവെച്ച് വിശദീകരണം നല്‍കേണ്ടിവരുമെന്നും ആ പരലോകത്തിന്റെ നാഥന്‍ ഏകനായ ശക്തി മാത്രമാണെന്നുമുള്ള വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. സ്ഥാപന മതങ്ങളുടെ ഗതികേടായ പൗരോഹിത്യം നദീതട സംസ്‌കാരങ്ങളിലും മനുഷ്യരെ ബഹുദൈവത്വത്തിലേക്ക് നയിച്ചുകൊണ്ട് ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നിരിക്കണം. എങ്കിലും, ഈ ഇരുട്ടറകള്‍ക്കതീതമായി ഏകദൈവ വിശ്വാസത്തിന്റെ പൊന്‍വെളിച്ചം നദീതട സംസ്‌കാരങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടത്തിലെ ദൈവസങ്കല്‍പം
യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരപ്രദേശത്ത് ക്രിസ്തുവിന് ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന, ചരിത്രമറിയുന്ന ഏറ്റവും പുരാതനമായ നാഗരികതയുടെ സാരഥികളാണ് സുമേരിയക്കാര്‍. യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളിലൂടെ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അടിഞ്ഞുകൂടിയ മണ്ണുകൊണ്ട് രൂപപ്പെട്ടുവന്ന കരയാണ് സുമേര്‍. ബൈബിളില്‍ സുമേരിയക്ക് പറഞ്ഞിട്ടുള്ള പേര് 'ഷിനാര്‍' എന്നാണ്. നദികള്‍ക്കിടയിലുള്ള പ്രദേശമെന്ന അര്‍ഥമുള്‍ക്കൊള്ളുന്ന ഗ്രീക്ക് നാമമുള്ള 'മെസപ്പൊട്ടോമിയ'യിലായിരുന്നു സുമേരിയക്കാരുടെ താമസം. അവിടെ നാഗരികത  വളര്‍ന്നുവന്ന കാലത്തുള്ള മണ്ണ് വളരെയേറെ പശിമയുള്ളതായിരുന്നു. ഓടക്കാടുകള്‍ നിറഞ്ഞ ചതുപ്പ് നിലമായിരുന്നുവത്രെ അത്. ഓടക്കാടുകളിലൂടെ ഒഴുകിയിരുന്ന ചെളിവെള്ളത്തിലെ മത്‌സ്യങ്ങളും ഓടക്കാട്ടിലെ വേട്ടമൃഗങ്ങളും അടുത്തുള്ള മണല്‍ പ്രദേശത്തെ സമൃദ്ധമായ ഈത്തപ്പനകളും നൂറിരട്ടി ആദായമുണ്ടാക്കുവാന്‍ പോന്ന പശിമയുള്ള മണ്ണുമെല്ലാം ഈ പ്രദേശത്തെ ജനബാഹുല്യത്തിന് കാരണമായി എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് അവിടെ ഒരു നാഗരികത രൂപപ്പെട്ടത്.
സുമേരിയന്‍ 'സിഗുരുത്തു' (ബാബിലോണിയന്‍ ക്ഷേത്ര ഗോപുരത്തിന്റെ പേര്)കളില്‍ നിന്നാണ് അക്കാലത്തെ ദൈവവിശ്വാസത്തെക്കുറിച്ച അറിവ് നമുക്ക് ലഭിക്കുന്നത്. അതിപുരാതനമായ ഒരു സിഗുരുത്തിന്റെ അവിശിഷ്ടങ്ങള്‍ ഉല്‍ഖനനത്തില്‍നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍നിന്ന് സുമേരിയയില്‍ ദൈവപ്രതിനിധളകായി വിലസിയിരുന്ന പൗരോഹിത്യം നിലനിന്നിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. പുണ്യാത്മാക്കളില്‍ പലരും അവിടെ ആരാധിക്കപ്പെട്ടിരുന്നു. എങ്കിലും ദേവന്മാരുടെ ദേവനും സകലവിധ ശക്തികളുടെയും ഉടമസ്ഥനുമായ ഒരു ഏകദൈവത്തെക്കുറിച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ആ ദൈവത്തെ അവര്‍ 'ഇയാ'യെന്നും 'നിങ്കര്‍സു'വെന്നും വിളിച്ചു. എല്ലാം അറിയുന്നവനായ 'ഇയാ'യാണ് ജനങ്ങളെ അക്ഷരവിദ്യയും ഗണിതയും പഠിപ്പിച്ചത്; ദൈവങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ചതും സൂര്യ- ചന്ദ്രന്മാരടങ്ങുന്ന പ്രപഞ്ചത്തിന് ഘടന നിശ്ചയിച്ചതും 'ഇയാ'തന്നെ. സര്‍വശക്തനായ 'ഇയാ' ഇഛിക്കുന്നതെല്ലാം നൊടിയിടയില്‍ ഉണ്ടാവും. ഇതായിരുന്നു സുമേരിയക്കാരുടെ വിശ്വാസം. എങ്കിലും പൗരോഹിത്യം നിലനിന്നിരുന്നതിനാല്‍ അതിന്റെ അനിവാര്യ ഫലമായ ദേവന്മാരെക്കുറിച്ച വിശ്വാസവും യൂഫ്രട്ടീസ്-ടൈഗ്രീസ് തീരവാസികളിലുണ്ടായിരുന്നു. ആദ്യകാലത്ത് നിലനിന്നിരുന്ന ശുദ്ധമായ ഏകദൈവാരാധനയില്‍ നിന്നുള്ള വ്യതിചലനമായിരുന്നു ഇത്.
നാഗരികതയുടെ ഫലമായിട്ടാണ് മെസപ്പൊട്ടോമിയയില്‍ ക്ഷേത്രങ്ങളും പുരോഹിതന്മാരുമുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയെല്ലാം ഉണ്ടാവുന്നതിന് മുമ്പുള്ള സുമേരിയയിലെ ആദിവാസികളുടെ ദൈവവിശ്വാസം ശുദ്ധമായ ഏകത്വത്തില്‍ അധിഷ്ഠിതമായിരുന്നുവെന്ന വസ്തുത മൗലാനാ അബുല്‍ കലാം ആസാദ് വ്യക്തമാക്കുന്നുണ്ട്. ''ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഉല്‍ഖനന  ഗവേഷണങ്ങള്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് കരയില്‍ ജീവിച്ചിരുന്നവര്‍ പലതരം ദൈവങ്ങളിലല്ല; പ്രത്യുത സകലവിധ ശക്തികളുടെയും ഉടമസ്ഥനായ ഏകദൈവത്തിലായിരുന്നു വിശ്വസിച്ചിരുന്നത് എന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. കാല്‍ദിയന്മാരുടെയും സുമേരിയന്മാരുടെയും മുന്‍ഗാമികള്‍ സൂര്യനെയോ ചന്ദ്രനെയോ അല്ല; അവയുടെ സ്രഷ്ടാവിനെയായിരുന്നു ആരാധിച്ചിരുന്നത്'. (MAULANA ABUL KALAM AZAD-TARJUMAN, Page 103).

നൈല്‍ നദീതടത്തിലെ ദൈവവിശ്വാസം
സുമേരിയന്‍ സംസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന നാഗരികതയാണ് നൈല്‍ നദിയുടെ തീരപ്രദേശങ്ങളില്‍ ക്രിസ്തുവിന് ഏകദേശം മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഈജിപ്ഷ്യന്‍ സംസ്‌കാരം. പിരമിഡുകളുടെ കുംഭഗോപുരങ്ങളും ശവകുടീരങ്ങളുമാണ് ഈ സംസ്‌കാരത്തെക്കുറിച്ച് നമുക്ക് അറിവ് തരുന്ന വസ്തുക്കള്‍.
നൈദല്‍ നദീതടത്ത് ഒരു നാഗരികത പച്ചപിടിച്ച് വളരുന്നതിനും വളരെ മുമ്പ് ഈജിപ്തില്‍ നവീന ശിലായുഗ ജനസമൂഹത്തിന്റേതിനോട് കിടപിടിക്കുന്ന സാംസ്‌കാരിക നിലവാരം പുലര്‍ത്തിയിരുന്ന മനുഷ്യര്‍ ജീവിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. നൈല്‍നദിയിലെ വെള്ളപ്പൊക്കം ബാധിക്കാത്ത ചെറു മരുപ്രദേശങ്ങളില്‍നിന്ന് താഴെയുള്ള ചതുപ്പ് നിലങ്ങളില്‍ പണിയെടുത്ത് അവയെ ഉപയുക്തമാക്കി മാറ്റിയ ഇവര്‍ 'രാജവംശപൂര്‍വ ഈജിപ്തുകാര്‍' (Pre-dynastic Egyptian)  എന്നാണ് വിളിക്കപ്പെടുന്നത്. എണ്ണായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ സമതലങ്ങളില്‍ വസിച്ചിരുന്ന ഇവരായിരിക്കണം ഇവിടത്തെ ആദിവാസികള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ ഏകദൈവാരാധകരായിരുന്നുവെന്ന് മൗലാനാ ആസാദ് തന്റെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ പ്രസ്താവിക്കുന്നുണ്ട്.
ഈജിപ്ഷ്യന്‍ പുരാതനാവശിഷ്ടങ്ങള്‍ ആധുനിക ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ടതും പഴയതുമായ അമൂല്യ ലിഖിതരേഖയാണ് 'പ്രേത പുസ്തകം' (Dr. E.A.T. BUDGE: THE BOOK OF THE DEAD (LONDON 1933) പുരാതന ഈജിപ്ഷ്യന്‍ മതസങ്കല്‍പങ്ങളെല്ലാം വ്യവസ്ഥാപിതമായി ക്രോഡീകരിച്ചുള്ള പ്രസ്തുത കയ്യെഴുത്ത് രേഖയില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള മതവിശ്വാസങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ സംസ്‌കാരത്തെക്കാള്‍ പഴക്കം കൂടും. ഇതിന്റെ പഴമക്ക് കാലം നിശ്ചയിക്കുക ദുസ്സാധ്യമാണെന്നാണ് ഗവേഷകന്മാരുടെ പക്ഷം. ഈ പുസ്തകത്തില്‍ നൈല്‍നദീ താഴ്‌വരയില്‍ പടര്‍ന്നുപിടിച്ച 'ഓസിറസ്' എന്ന അദൃശ്യ സത്വത്തെക്കുറിച്ച വിവരണങ്ങള്‍ കാണാം. മഹാദേവന്‍, പരലോകാധിപന്‍, നന്മയുടെ ദേവത, അനശ്വരാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് രേഖയില്‍ ഓസിറസിന് നല്‍കപ്പെട്ടിരിക്കുന്നത്. നൈല്‍ നദീതട സംസ്‌കാരത്തിന്റെ തുടക്കത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഏകദൈവ വിശ്വാസികളായിരുന്നു ഈജിപ്തുകാര്‍ എന്ന വസ്തുതയാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
നൈല്‍നദീതട സംസ്‌കാര കാലത്ത് ജീവിച്ചിരുന്നവരുടെ ജീവിതരീതിയെയും വിശ്വാസപ്രമാണങ്ങളെയും കുറിച്ച ചിത്രം നല്‍കുന്നത് പിരമിഡുകളും ശവകുടീരങ്ങളോട് ബന്ധപ്പെട്ട ആല്‍ബങ്ങളും മറ്റ് ലിഖിത രേഖകളുമാണ്. രാജകീയ ശവകുടീരങ്ങള്‍ക്കകത്ത് സംഭരിക്കപ്പെട്ടിട്ടുള്ള പഴങ്ങള്‍, ധാന്യം നിറച്ചുവെച്ച ഭരണികള്‍, മദ്യം, കല്ലുകള്‍ കൊണ്ടും വിലപിടിച്ച ലോഹങ്ങള്‍ കൊണ്ടും നിര്‍മിക്കപ്പെട്ടിട്ടുള്ള പാത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വൈരക്കല്ലുകള്‍, ആയുധങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അവര്‍ മരണാനന്തര ജീവിതത്തില്‍ ശക്തമായി വിശ്വസിച്ചിരുന്നവരായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നു. ഇത്തരം ശവശരീരങ്ങളില്‍ പലതും ലേപനങ്ങള്‍ ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഈജിപ്ഷ്യന്‍ മമ്മി എന്നറിയപ്പെടുന്നത്. രാജകീയ ശവകുടീരങ്ങളിലാണ് ആദ്യത്തെ ലിഖിത രേഖകള്‍ പ്രത്യക്ഷപ്പെടുന്നത്. അന്ന് ഒരു എഴുത്തുരീതി-ചിത്രലിപി(HIEROGLYPHIC SCRIPT) കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. ഈ എഴുത്തുരീതിയില്‍ ഒരാള്‍ തന്റെ ശവകുടീരത്തില്‍ എഴുതിവെച്ച കാര്യങ്ങള്‍ ഗോര്‍ഡന്‍ ചൈല്‍ഡ് ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ''ഞാ ന്‍  മറ്റുള്ളവരുടെ യാതൊന്നും ഒരുകാലത്തും എടുത്തിട്ടില്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയില്‍ ഞാന്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല. വിശക്കുന്നവര്‍ക്ക് ഞാന്‍ അപ്പം കൊടുത്തിട്ടുണ്ട്. നഗ്‌നന് ഞാന്‍ വസ്ത്രം കൊടുത്തിട്ടുണ്ട്. സ്വന്തം സ്വത്ത് കൈവശം വച്ചിരുന്ന ആരെയും ഞാന്‍ ഒരിക്കലും മര്‍ദിച്ചിട്ടില്ല'' (ചരിത്രത്തില്‍ എന്ത് സംഭവിച്ചു? പുറം 159). ഇതില്‍നിന്ന് മരണാനന്തര ജീവിതത്തിലും ഇവിടെനിനുള്ള നന്മകള്‍ക്കും തിന്മകള്‍ക്കും പരലോകത്തുവെച്ച് പ്രതിഫലം ലഭിക്കുമെന്ന കാര്യത്തിലും അവര്‍ക്ക് സുദൃഢമായ വിശ്വാസമുണ്ടായിരുന്നുവെന്ന് കാണാന്‍ കഴിയുന്നുണ്ട്.
ഈജിപ്ഷ്യന്‍ നാഗരികതയില്‍ ജീവിച്ചിരുന്ന ജനങ്ങള്‍ ബഹുദൈവാരാധകരായിരുന്നുവെന്ന വസ്തുത പിരമിഡുകളിലെ ലിഖിതങ്ങള്‍ തന്നെ സുതരാം വ്യക്തമാക്കുന്നുണ്ട്. പല ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന അവരുടെ ജീവിതത്തില്‍ പുരോഹിതന്മാര്‍ക്കുള്ള സ്വാധീനം വളരെ വലിയതായിരുന്നു. എന്നാല്‍ പല ദേവന്മാരില്‍ വിശ്വസിച്ചിരുന്ന ഈജിപ്ഷ്യന്മാര്‍ തന്നെ ഒരു ഉന്നതനായ ഏകദൈവത്തെക്കുറിച്ച സങ്കല്‍പമുള്ളവരായിരുന്നുവെന്ന് കാണാന്‍ കഴിയുന്നുണ്ട്. തങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്ന ദേവന്മാരുടെ മുഴുവന്‍ ദൈവമായ ഏക സത്വത്തിനാണ് മരണാനന്തര ജീവിതത്തിന്റെ അധീശാധികാരം എന്നായിരുന്നു അവരുടെ വിശ്വാസമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഗോര്‍ഡന്‍ ചൈല്‍ഡ് എഴുതുന്നു: ''ദൈവങ്ങളുടെ ലോകമാകെ ഒരു ഉന്നത ദൈവത്തിന്റെ ആധിപത്യത്തിന് കീഴിലുള്ള സാമ്രാജ്യമായി സങ്കല്‍പിക്കപ്പെട്ടിരുന്നു'' (ചരിത്രത്തില്‍ എന്ത് സംഭവിച്ചു? പുറം 186). ഏകദൈവ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച് ബഹുദൈവാരാധനയിലേക്ക് നീങ്ങിക്കഴിഞ്ഞ ഒരു സമൂഹത്തിന്റെ ചിത്രമാണ് ഈജിപ്ഷ്യന്‍ നാഗരികത നമുക്ക് നല്‍കുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
സിന്ധു നദീതടത്തിലെ ദൈവവിശ്വാസം
സിന്ധുനദിയില്‍നിന്നും അതിന്റെ അഞ്ച് പോഷക നദികളില്‍നിന്നും വെള്ളം കയറുന്ന പഞ്ചാബിലെ സമതലപ്രദേശത്ത് ക്രിസ്തുവിന് രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന നാഗരികതയെയാണ് സിന്ധു നദീതട സംസ്‌കാരം എന്ന് വിളിക്കുന്നത്. പടിഞ്ഞാറ് ബലൂചിസ്ഥാനിലെയും വസിറിസ്ഥാനിലെയും പര്‍വതങ്ങള്‍, വടക്ക് ഹിമാലയന്‍ പര്‍വതനിരകള്‍, കിഴക്ക് ഥാര്‍ മരുഭൂമി എന്നിവയ്ക്കിടയില്‍ സുമേറിനെക്കാള്‍ നാലിരട്ടി വിസ്താരമുള്ള ത്രികോണാകൃതിയിലുള്ള ഭൂപ്രദേശത്ത് വളര്‍ന്നുവന്ന മോഹന്‍ജൊദാരോ-ഹാരപ്പ നഗര സംസ്‌കൃതിയെക്കുറിച്ച ഒട്ടനവധി വിവരങ്ങള്‍ നമുക്ക് ഇന്നറിയാം. എന്നാല്‍ സുമേരിയന്‍ നാഗരികതയെയോ ഈജിപ്ഷ്യന്‍ നാഗരികതയെയോ പോലെ സിന്ധുനദീതട നാഗരികത വേണ്ടത്ര വിശദീകരിക്കപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. അതിന് കാരണമുണ്ട്. വര്‍ഷങ്ങളോളമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സുമേരിയയിലെയും ഈജിപ്തിലെയും ചിത്രലിപികള്‍ വായിക്കുവാനും അതിന്റെ അടിസ്ഥാനത്തില്‍ അവിടങ്ങളില്‍ നിലനിന്നിരുന്ന സംസ്‌കൃതിയെക്കുറിച്ച് ഏതാണ്ടെല്ലാം അറിയുവാനും സാധിച്ചിട്ടുണ്ട്. സൈന്ധവ ലിപിയുടെ കാര്യം അതല്ല. അത് വായിക്കുവാനുള്ള മുഴുവന്‍ ശ്രമങ്ങളും പരാജയത്തിലാണ് കലാശിച്ചിരിക്കുന്നത്. സൈന്ധവ ലിപി വായിച്ചുവെന്ന് പലരും ഇടയ്ക്കിടക്ക് അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും പ്രസ്തുത വായനകളെല്ലാം അപൂര്‍ണമാണെന്നാണ് അവസാന വിശകലനത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിനാല്‍ സൈന്ധവ ലിപി ഇന്നും അജ്ഞാത ലിപികളെക്കുറിിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ ക്രിപ്‌റ്റോളജി (CRYPTOLO GY) ക്ക് കീഴിലാണുള്ളത്.
മോഹന്‍ജൊദാരോവിലും ഹാരപ്പയിലും ജീവിച്ചിരുന്നവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് വളരെ കുറച്ച് മാത്രമെ നമുക്ക് അറിയുകയുള്ളൂ. ഉള്ള അറിവിന്റെ അടിസ്ഥാനത്തില്‍, സൈന്ധവ നാഗരികതയുടെ നാശത്തിന് നിമിത്തമായ അധിനിവേശം നടത്തിയ ആര്യന്മാരുടെ വിശ്വാസാചാരങ്ങളുമായി സിന്ധുനദീതട വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മോഹന്‍ജൊദാരോ-ഹാരപ്പയിലെ ജനങ്ങളുടെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്നത് അവിടെനിന്ന് ലഭിച്ച സീലുകളാണ്. ഈ സീലുകളിലെ ചില ചിത്രങ്ങളുടെ അടിസഥാനത്തില്‍ സൈന്ധവ നിവാസികള്‍ അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നവരും ഉര്‍വരാരാധകരും ശിവഭക്തരുമായിരുന്നുവെന്നെല്ലാം പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സമീപകാലത്തെ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. സിന്ധുജനത വിഗ്രഹാരാധകരോ ക്ഷേത്രപ്രതിഷ്ഠകളില്‍ വിശ്വസിച്ചിരുന്നവരോ ആയിരുന്നെങ്കില്‍ ഉല്‍ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങളില്‍നിന്ന് പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും അഗ്‌നിമണ്ഡപങ്ങളും കണ്ടെടുക്കപ്പെടുമായിരുന്നു. എന്നാല്‍ അത്തരമൊരു വസ്തുവും അവിടങ്ങളില്‍നിന്ന് കിട്ടിയിട്ടില്ലെന്ന വസ്തുത സൈന്ധവ സംസ്‌കാരം വിഗ്രഹാരാധനയുടെയും പ്രകൃതി പൂജയുടെയും സംസ്‌കാരമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭ ചരിത്രഗവേഷകനായ ഡോ. എ.ടി. പുസല്‍ക്കാര്‍ എഴുതുന്നു: ''സംശയരഹിതമായി അമ്പലമെന്ന് ഗണിക്കാവുന്ന യാതൊരു എടുപ്പുകളും സിന്ധു നദീതടത്തില്‍നിന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കണക്കാക്കപ്പെട്ട കെട്ടിടങ്ങളില്‍ തന്നെ മതപരമായ പ്രതിഷ്ഠകളൊന്നും തന്നെയില്ല. വിഗ്രഹങ്ങളോ ആള്‍ത്താരകളോ മറ്റ് വ്യക്തമായ ആരാധ്യവസ്തുക്കളോ ഒന്നും അവയിലില്ല. പുരാതന നാഗരികതകളില്‍ മതത്തിന് എപ്പോഴും പ്രമുഖ സ്ഥാനമുണ്ടായിരുന്നിട്ടും കാലങ്ങളോളം ഭാരതത്തിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത പ്രധാന ഘടകം മതമായിരുന്നിട്ടും സിന്ധു നദീതടത്തില്‍നിന്നും യാതൊരു ആരാധ്യവസ്തുക്കളും കിട്ടിയിട്ടില്ലെന്നത് നിശ്ചയമായും വിചിത്രമാണ്്'' (A.D. PUSA LKAR: THE HISTORY AND CULTURE OF INDIAN PEOPLE. Vol. 1 Page-189).
 വിഗ്രഹങ്ങള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ മാത്രമാണ് മതഭാവനയെ വ്യക്തമാക്കുന്ന വസ്തുക്കള്‍ (POSITIVE RELIGIOUS MATERIALS) എന്ന് കരുതിക്കൊണ്ട് സിന്ധു നദീതടത്തെ സമീപിച്ചവരെല്ലാം തികഞ്ഞ ആശയക്കുഴപ്പത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അക്കാലത്ത് തീരെ മതമില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതി നിലനിന്നിരുന്നുവെന്ന് പറയാനുള്ള 'ധൈര്യം' ചരിത്രത്തിന്റെ ബാലപാഠം പഠിച്ചവര്‍ക്കൊന്നുമുണ്ടാവുകയില്ല. പിന്നെ എന്തുകൊണ്ട് സിന്ധുനദീതടത്തില്‍ വിഗ്രഹങ്ങളോ ശവകുടീരങ്ങളോ കാണപ്പെടുന്നില്ല? ഉത്തരം വ്യക്തമാണ്. വിഗ്രഹങ്ങളും ശവകുടീരങ്ങളും ആരാധിക്കപ്പെടാത്ത മതസങ്കല്‍പമായിരുന്നു മോഹന്‍ജൊദാരോ-ഹാരപ്പയിലെ ജനങ്ങളുടേത്. ശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ മതമായിരുന്നു സൈന്ധവരുടേതെന്ന വസ്തുതയാണ് നമുക്ക് ഇവിടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഇക്കാര്യം മൗലാനാ ആസാദ് വ്യക്തമാക്കുന്നത് കാണുക: ''മോഹന്‍ജൊദാരോവിലെ പൂര്‍ത്തിയാവാത്ത ഉല്‍ഖനനങ്ങളുടെ ഫലവും വ്യക്തമാക്കുന്നത് ഈ വസ്തുതന്നെയാണ്. മോഹന്‍ജൊദാരോവിലെ ജനങ്ങള്‍ പല ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. 'ഔം' എന്ന് വിളിക്കപ്പെട്ട സര്‍വശക്തനായ ദൈവത്തിലായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അതിന് തുല്യമായ സംസ്‌കൃത പദം 'ഇന്ദുവാന്‍' എന്നാണ്. എല്ലാം ഭരിക്കുന്നത് ഈ ഏകാസ്തിത്വമാണെന്നും അവന്റെ നിയമമനുസരിച്ചാണ് സകല വസ്തുക്കളും നിലനില്‍ക്കുന്നതെന്നുമായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അവന്റെ ഒരു ഗുണം 'വേദ്കുണ്‍' എന്നായിരുന്നു. 'എന്നെന്നും ഉണര്‍ന്നിരിക്കുന്നവന്‍' എന്നാണ് ഇതിന്റെ താല്‍പര്യം. 'മയക്കമോ ഉറക്കമോ ഇല്ലാത്തവന്‍' എന്ന ഖുര്‍ആനിക പ്രയോഗത്തിന് തുല്യമായ ഒരു പ്രയോഗമാണിത്'' (MAULANA AZAD: Page 103).
മാനവസമൂഹത്തിന്റെ ആദ്യത്തെ വിശ്വാസം ഏകദൈവത്വത്തിലധിഷ്ഠിതമായിരുന്നുവെന്ന് പ്രാക്തന വര്‍ഗങ്ങളുടെ സമ്പ്രദായങ്ങളില്‍നിന്ന് നാം മനസ്സിലാക്കി. മതപ്രവാചകന്മാരെല്ലാവരും അടിസ്ഥാനപരമായി ഏകദൈവ വിശ്വാസമാണ് പ്രബോധനം ചെയ്തിരുന്നതെന്നും പിന്നീട് മതസമൂഹങ്ങള്‍ ബഹുദൈവാരാധനയിലേക്ക് വഴിമാറുകയാണ് ചെയ്തതെന്നുമാണ് ആ രംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.  ബഹുദൈവാരാധനയില്‍ നിന്ന് പരിണമിച്ചാണ് ഏകദൈവ വിശ്വാസമുണ്ടായത് എന്ന മതപരിണാമ വാദത്തിന് സാമാന്യയുക്തിയുടെ പിന്‍ബലമുണ്ടെങ്കിലും തെളിവുകള്‍ അതിനെ പൂര്‍ണമായി തിരസ്‌കരിക്കുകയാണ് ചെയ്യുന്നത്. മതത്തിന്റെ പരിണാമത്തെക്കുറിച്ച് പഠിക്കുന്നതിന് ഭൗതികവാദം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ തീരെ പ്രാമാണികമല്ലെന്നാണ് ഇത് കാണിക്കുന്നത്. ദൈവിക മാര്‍ഗദര്‍ശനമെന്ന ആശയം തിരസ്‌കരിച്ചുകൊണ്ടുള്ള യാതൊരു വ്യാഖ്യാനവും മതപരിണാമത്തിന്റെ കാര്യത്തില്‍ അനുയോജ്യമാവുകയില്ല.

0 comments:

Post a Comment