Tuesday, 24 February 2015

സൃഷ്ടി = ഇണകളുടെ പാരസ്പര്യം | സ്രഷ്ടാവ് = ഏകന്‍; അദ്വിതീയന്‍

ജീവജാലങ്ങള്‍ക്ക് വസിക്കാന്‍ വേണ്ട സകലവിധ സംവിധാനങ്ങളും തയാര്‍ ചെയ്തുകൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുള്ള ഗോളമാണല്ലോ ഭൂമി. ഇവിടെ ജീവനുള്ളതും ഇല്ലാത്തതുമായ ഒട്ടനവധി വസ്തുക്കളുണ്ട്. ഈ വസ്തുക്കളെല്ലാം പ്രത്യക്ഷമോ പരോക്ഷമോ ആയി മനുഷ്യനുമായി ബന്ധമുള്ളവയാണ്. അതുകൊണ്ടുതന്നെ പണ്ടുമുതലേ തന്റെ ചുറ്റുപാടുമുള്ള വസ്തുക്കളെക്കുറിച്ച് മനുഷ്യന്‍ പഠനമാരംഭിച്ചിട്ടുണ്ട്. തനിക്ക് ചുറ്റും കാണപ്പെടുന്ന വസ്തുക്കള്‍ വ്യത്യസ്ത സ്വഭാവങ്ങളുള്‍ക്കൊള്ളുന്നതായി മനുഷ്യന്‍ മനസ്സിലാക്കുന്നു.
അമൂല്യമായ രത്‌നങ്ങളും വിലകുറഞ്ഞ കരിക്കട്ടയും; കഠിനമായ വജ്രവും മൃദുലമായ പഞ്ഞിയും; ജീവന്‍ നിലനില്‍ക്കാന്‍ അത്യാവശ്യമായ വായുവും വെള്ളവും; ആയുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഇരുമ്പും ആഭരണങ്ങള്‍ നിര്‍മിക്കുവാനുപയോഗിക്കുന്ന സ്വര്‍ണവും; സുലഭമായ മണ്ണും ദുര്‍ലഭമായ പ്ലാറ്റിനവും; നിത്യോപയോഗ സാധനങ്ങളായ കറിയുപ്പും പഞ്ചസാരയും. ഇങ്ങനെ മൂന്ന് ലക്ഷത്തോളം വരുന്ന വസ്തുക്കളുണ്ടീ ഭൂമിയില്‍! ഇവയെല്ലാം എവിടെനിന്ന് വന്നു? എങ്ങനെയുണ്ടായി? എന്തുകൊണ്ടാണിവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്? ഇവയുടെ സ്വഭാവവൈവിധ്യത്തിന്റെ അടിസ്ഥാനമെന്താണ്? ഇത്തരം ചോദ്യങ്ങള്‍ പണ്ടു മുതല്‍തന്നെ മനുഷ്യര്‍ ചോദിക്കുവാനാരംഭിച്ചിരുന്നു. പദാര്‍ഥത്തിന്റെ പൊരുള്‍ തേടിയുള്ള മനുഷ്യധിഷണയുടെ അന്വേഷണത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് പറയാം.
ഭൂമിയില്‍ പദാര്‍ഥങ്ങളെല്ലാം മൂന്ന് അവസ്ഥകളിലാണ് സ്ഥിതിചെയ്യുന്നതെന്ന് കുറെ മുമ്പുതന്നെ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. ഖര പദാര്‍ഥങ്ങളില്‍ പലതിനെയും ദ്രാവകങ്ങളും വാതകങ്ങളുമാക്കി മാറ്റാനാകുമെന്നും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രകൃതിയില്‍ ശുദ്ധ വസ്തുക്കളും മിശ്രിതങ്ങളുമുണ്ടെന്നും അവര്‍ മനസ്സിലാക്കി.  ജലവും മണലും ശുദ്ധ വസ്തുക്കളും, ചളി അവയുടെ ഒരു മിശ്രിതവുമാണ്.  ശുദ്ധവസ്തുക്കളെയും ഘടകങ്ങളാക്കി മാറ്റാമെന്നും നമ്മുടെ പൂര്‍വികന്മാര്‍ മനസ്സിലാക്കി. ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കാമെന്ന് കണ്ടുപിടിക്കപ്പെട്ടു. ഇതേപോലെതന്നെ മറ്റുപല ശുദ്ധപദാര്‍ഥങ്ങളെയും വിഘടിപ്പിക്കുന്ന വിദ്യകളും അവര്‍ കണ്ടുപിടിച്ചു. ഇതിന്നിടക്ക് ഘടകങ്ങളായി വേര്‍തിരിക്കാന്‍ കഴിയാത്ത ചില ശുദ്ധവസ്തുക്കളുമുണ്ടെന്ന കാര്യവും അവരുടെ ശ്രദ്ധയില്‍പെട്ടു. ഇത്തരം ശുദ്ധവസ്തുക്കള്‍ ചേര്‍ന്നാണ് മറ്റു ശുദ്ധ വസ്തുക്കള്‍ ഉണ്ടായിട്ടുള്ളതെന്ന് പരീക്ഷണങ്ങളിലൂടെ അവര്‍ പഠിച്ചു. ഇതില്‍നിന്ന്, ശുദ്ധവസ്തുക്കള്‍ രണ്ടായി തരംതിരിക്കപ്പെട്ടു. ഒന്ന്, ഘടകങ്ങളായി വേര്‍തിരിക്കാന്‍ കഴിയാത്ത ശുദ്ധവസ്തുക്കള്‍. രണ്ട്, ഘടകങ്ങളായി വേര്‍തിരിക്കാന്‍ കഴിയുന്ന ശുദ്ധവസ്തുക്കള്‍. ഇതില്‍ ഒന്നാമത്തെ തരത്തിലുള്ള ശുദ്ധവസ്തുക്കള്‍ക്കാണ് മൂലകങ്ങള്‍ (ELEMENTS) എന്ന് പറയുന്നത്. ഈ പേരിന്റെ ഉപജ്ഞാതാവ് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച അയര്‍ലന്റുകാരനായ റോബര്‍ട്ട് ബോയിലാണ്. രണ്ടാമത്തെ തരത്തിലുള്ള ശുദ്ധ വസ്തുക്കളാണ് സംയുക്തങ്ങള്‍ (COMPOUNDS). രണ്ടോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ശുദ്ധവസ്തുക്കളാണ് സംയുക്തകങ്ങള്‍.
ഡാള്‍ട്ടന്റെ അണുസിദ്ധാന്തം
മൂലകങ്ങള്‍ വ്യത്യസ്ത അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് എല്ലാ ശുദ്ധവസ്തുക്കളും നിര്‍മിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ വ്യത്യസ്ത മൂലകങ്ങള്‍ നിര്‍മിക്കപ്പെട്ടത് എങ്ങനെയാണെന്ന പ്രശ്‌നം ശാസ്ത്രജ്ഞന്മാരെ ചിന്തിപ്പിച്ചു. ഈ പ്രശ്‌നത്തിനുള്ള ഉത്തരമായാണ് ബ്രിട്ടീഷ് രസതന്ത്രജ്ഞനായ ജോണ്‍ ഡാള്‍ട്ടണ്‍ അണുസിദ്ധാന്തം (ATOMIC THEORY) അവതരിപ്പിച്ചത്. പദാര്‍ഥങ്ങളെല്ലാം ആറ്റങ്ങളെന്ന് വിളിക്കപ്പെടുന്ന അതിസൂക്ഷ്മ കണങ്ങളാല്‍ നിര്‍മിക്കപ്പെട്ടവയാണെന്ന് ഡാള്‍ട്ടണ്‍ സിദ്ധാന്തിച്ചു. അറിയപ്പെടുന്ന രാസമാര്‍ഗങ്ങളിലൂടെയൊന്നും വീണ്ടും വിഭജിക്കാന്‍ സാധിക്കാത്തതും രാസപ്രവര്‍ത്തനങ്ങളില്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതുമായ കണങ്ങളാണ് ആറ്റങ്ങള്‍. നിര്‍മിക്കുവാനോ നശിപ്പിക്കുവാനോ കഴിയാത്ത ആറ്റങ്ങളെ പുനഃസംഘടിപ്പിക്കുക മാത്രമാണ് രാസപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും ഡാള്‍ട്ടണ്‍ പറഞ്ഞു. യഥാര്‍ഥത്തില്‍, അതിസൂക്ഷ്മ കണങ്ങളാലാണ് പദാര്‍ഥങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന തത്ത്വം വളരെ പുരാതനമാണ്. ക്രിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഡെമോക്രിറ്റസ് എന്ന ഗ്രീക്ക് ദാര്‍ശനികനും ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചയാളെന്ന് കരുതപ്പെടുന്ന ഭാരതീയ ദാര്‍ശനികനായ കണാദനുമെല്ലാം പദാര്‍ഥത്തിന്റെ അവിഭാജ്യമായ മൂലതത്ത്വത്തെക്കുറിച്ച് പറഞ്ഞിരുന്നു. ദര്‍ശനലോകത്ത് മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന അണുസിദ്ധാന്തത്തിന് ഒരു ശാസ്ത്ര തത്ത്വത്തിന്റെ രൂപവും ഭാവവും നല്‍കിയതാണ് ഈ രംഗത്തെ ഡാള്‍ട്ടന്റെ സംഭാവനയെന്ന് പറയാം.
ഭൂമിയില്‍ കാണപ്പെടുന്ന മൂലകങ്ങളുടെ പല സ്വഭാവങ്ങളും തമ്മില്‍ സാമ്യതയുണ്ടെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞന്മാര്‍ ഈ സാമ്യതയുടെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ വര്‍ഗീകരിച്ച് പഠിക്കാന്‍ വേണ്ടി ശ്രമിച്ചു. മൂലകങ്ങളുടെ ചില സ്വഭാവങ്ങള്‍ ചില പ്രത്യേക ഇടവേളകളില്‍ ആവര്‍ത്തിച്ച് വരുന്നതായി ഈ പഠനം വ്യക്തമാക്കി. ഈ ആവര്‍ത്തനത്തിന് നിദാനമായ നിയമങ്ങളെക്കുറിച്ച അന്വേഷണത്തിലാണ് ഈ പഠനം ശാസ്ത്രജ്ഞന്മാരെ എത്തിച്ചത്. പലതരം നിയമങ്ങളും ഇക്കാര്യത്തില്‍ നിര്‍മിക്കപ്പെട്ടു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് മെന്‍ഡലിയേഫിന്റെ നിയമമായിരുന്നു. 1869-ലാണ് ശാസ്ത്രലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മെന്‍ഡലിയേഫിന്റെ നിഗമനങ്ങള്‍ പുറത്തുവന്നത്. അന്ന് അറിയപ്പെട്ടിരുന്ന അറുപത്തിമൂന്ന് മൂലകങ്ങളെ ആറ്റോമികഭാരത്തിന്റെ ആരോഹണക്രമത്തില്‍ അദ്ദേഹം വര്‍ഗീകരിച്ചു. ഇങ്ങനെ വര്‍ഗീകരിച്ചപ്പോള്‍ ഒരേ സ്വഭാവങ്ങളുള്ള മൂലകങ്ങള്‍ ചില നിശ്ചിത ഇടവേളകള്‍ക്കുശേഷം ആവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രസിദ്ധമായ ആവര്‍ത്തനനിയമം  അദ്ദേഹം ആവിഷ്‌കരിച്ചത്. 'മൂലകങ്ങളുടെ രാസസ്വഭാവങ്ങള്‍ ആറ്റോമിക ഭാരം കൂടുന്ന ക്രമമനുസരിച്ച് ചില നിശ്ചിത ഇടവേളകള്‍ക്കുശേഷം ആവര്‍ത്തിക്കുന്നു'വെന്നതായിരുന്നു ആ നിയമം. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ആവര്‍ത്തന പട്ടിക (PERIODICTABLE) നിര്‍മിക്കുവാനും പ്രസ്തുത പട്ടികയുടെ വെളിച്ചത്തില്‍ പല പ്രവചനങ്ങള്‍ നടത്തുവാനും മെന്‍ഡലിയേഫിന് കഴിഞ്ഞു. എന്നാല്‍ ആവര്‍ത്തന പട്ടികയില്‍ എന്തുകൊണ്ടാണ് നിശ്ചിത ഇടവേളകള്‍ക്കുശേഷം സമാനസ്വഭാവങ്ങളുള്ള മൂലകങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് വിശദീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആറ്റം അവിഭാജ്യമായ കണമാണെന്ന് കരുതപ്പെട്ടിരുന്ന കാലത്താണ് മെന്‍ഡലിയേഫ് തന്റെ നിഗമനങ്ങള്‍ നടത്തിയതെന്നോര്‍ക്കുക. ആറ്റത്തിന്റെ ഘടന കണ്ടുപിടിച്ച ശേഷമാണ് ആവര്‍ത്തന സ്വഭാവത്തിന്റെ അടിസ്ഥാനമെന്താണെന്ന് ശാസ്ത്രലോകത്തിന് മനസ്സിലായത്.
ഇലക്‌ട്രോണിന്റെ കണ്ടുപിടിത്തം
ഇലക്‌ട്രോണുകളുടെ കണ്ടുപിടുത്തമാണ് പദാര്‍ഥത്തിന്റെ മൗലികമായ അഭാജ്യകണമാണ് ആറ്റമെന്ന ഡാള്‍ട്ടന്റെ സിദ്ധാന്തത്തെ കടപുഴക്കിയത്. 1862-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ജെ. പ്ലക്കര്‍, ഗ്ലാസ് കുഴലുകളില്‍ വാതകങ്ങളുടെ മര്‍ദം കുറച്ച് അതിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അതിലെ ഋണ ഇലക്‌ട്രോഡായ (NEGATIVE  ELECTRODE) കാഥോഡി (CATHODE) ന് എതിരെയുള്ള ഭാഗത്ത് ഒരു ദീപ്തിയുണ്ടാവുന്നുവെന്ന് കണ്ടുപിടിച്ചതാണ് ഇലക്‌ട്രോണിന്റെ കണ്ടുപിടുത്തത്തിന് നിമിത്തമായിത്തീര്‍ന്നത്. കാഥോഡില്‍നിന്ന് പുറപ്പെടുന്ന ഏതോ അദൃശ്യ രശ്മികളാണ് ഈ ദീപ്തിക്ക് കാരണമെന്ന് ഹിറ്റോര്‍ഫ്, ഗോള്‍ഡ് സ്‌റ്റൈല്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. 1897-ല്‍ ജെ.ജെ. തോംസണ്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ കാഥോഡ് രശ്മികളെക്കുറിച്ച് വിശദമായി പഠിക്കുകയും അവയുടെ സ്വഭാവങ്ങളെക്കുറിച്ച വ്യക്തമായ ചില നിഗമനങ്ങളിലെത്തുകയും ചെയ്തു. കാന്തിക മണ്ഡലത്തിലും വൈദ്യുത മണ്ഡലത്തിലും സ്ഥാനചലനം കാണിക്കുന്ന ഏതോ തരം കണികകളുടെ പ്രവാഹമാണ് കാഥോഡ് രശ്മികളെന്ന് തോംസണ്‍ കണ്ടുപിടിച്ചു. പിന്നീട് തോംസണ്‍, ക്രൂക്‌സ്, മില്ലിക്കണ്‍, വില്‍സണ്‍ തുടങ്ങിയ അനേകം പ്രഗത്ഭ ശാസ്ത്രജ്ഞന്മാരുടെ ശ്രമഫലമായി കാഥോഡ് രശ്മികളെക്കുറിച്ച കുറെയേറെ വിവരങ്ങള്‍ ലഭ്യമായി. ഇലക്‌ട്രോണുകളുടെ പ്രവാഹമാണ് കാഥോഡ് രശ്മികളെന്നും (അന്നത്തെ സങ്കല്പ പ്രകാരം വൈദ്യുതിയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ഇലക്‌ട്രോണ്‍) ഒരു ഇലക്‌ട്രോണ്‍ കണികയുടെ ഭാരം ഹൈഡ്രജന്‍ ആറ്റത്തിന്റെ ഭാരത്തിന്റെ ഏകദേശം 1/1837 ആണെന്നും അവയുടെ ചാര്‍ജായ ഋണചാര്‍ജ് ഇലക്‌ട്രോണുകളുടെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്വഭാവമാണെന്നും വ്യക്തമാക്കിയത് ഇവരുടെ ഗവേഷണങ്ങളായിരുന്നു.
റേഡിയോ ആക്റ്റിവിറ്റി
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ റേഡിയോ ആക്റ്റിവിറ്റി (RADIO ACTIVITY) കണ്ടുപിടിക്കപ്പെട്ടതോടുകൂടിയാണ് ആറ്റം ഘടനയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ ഗൗരവമായി ചിന്തിക്കുവാനാരംഭിച്ചത്.  യൂറേനിയം ലവണങ്ങള്‍ സ്വയം പ്രകാശം ഉത്‌സര്‍ജിക്കുന്നുവെന്ന, ഫ്രാന്‍സുകാരനായ ഹെന്റി ബെക്വിരലിന്റെ കണ്ടുപിടുത്തമാണ് റേഡിയോ ആക്റ്റിവിറ്റിയെന്ന പ്രതിഭാസത്തെക്കുറിച്ച പഠനത്തിന് തുടക്കമിട്ടത്. സ്വയം പ്രകാശമുല്‍സര്‍ജിക്കുകയെന്ന ചില മൂലകങ്ങളുടെ സ്വഭാവത്തെ റേഡിയോ ആക്റ്റിവിറ്റിയെന്ന് വിളിച്ചത് 1898-ല്‍ മേരിക്യൂറിയാണ്. റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ പുറത്തുവിടുന്ന പ്രകാശ രശ്മികളെക്കുറിച്ച് വിശദമായി പഠിച്ച ന്യൂസിലാന്റുകാരനായ റഥര്‍ഫോര്‍ഡ് പ്രസ്തുത കിരണങ്ങളെ ആല്‍ഫാ, ബീറ്റാ എന്നിങ്ങനെ രണ്ടായി തരംതിരിക്കാമെന്ന് കണ്ടെത്തി. ഫ്രാന്‍സിലെ പി. വില്ലാര്‍ഡ് നടത്തിയ പരീക്ഷണങ്ങള്‍ ഗാമാ കിരണങ്ങളെന്ന് വിളിക്കപ്പെടുന്ന മൂന്നാമത് ഒരുതരം രശ്മികള്‍കൂടി റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ പുറത്തുവിടുന്നുണ്ടെന്ന് തെളിയിച്ചു. ഹെന്റി ബെക്വിരല്‍ വിശദമായ പരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ബീറ്റാ കിരണങ്ങള്‍ ഇലക്‌ട്രോണുകള്‍ തന്നെയാണെന്ന് പ്രഖ്യാപിച്ചു. റഥര്‍ഫോര്‍ഡും മറ്റും ആല്‍ഫാ കിരണങ്ങളെക്കുറിച്ച് നടത്തിയ പരീക്ഷണങ്ങള്‍ അവ ധനചാര്‍ജുള്ള കണങ്ങളാണെന്നും ഓരോ കണത്തിനും രണ്ട് ധനചാര്‍ജുണ്ടെന്നും അവയുടെ ഭാരം ഹൈഡ്രജന്‍ ആറ്റത്തിന്റെ ഭാരത്തിന്റെ നാലിരട്ടിയാണെന്നും വ്യക്തമാക്കി. റേഡിയോ ആക്റ്റിവിറ്റി ഒരു രാസപ്രവര്‍ത്തനമല്ലെന്നും ആറ്റങ്ങളുടെ സ്വയം വിഘടനം മൂലമുണ്ടാകുന്ന ഒരു പ്രതിഭാസമാണെന്നും റഥര്‍ഫോര്‍ഡും ഫ്രഡറിക് സോഡിയും കൂടി നടത്തിയ ഗവേഷണങ്ങള്‍ തെളിയിച്ചു. റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ആറ്റങ്ങള്‍ അസ്ഥിരങ്ങളാണെന്നും അവ സ്വയം വിഘടിച്ച് മറ്റൊരു മൂലകമായി മാറുന്നുവെന്നും അവര്‍ സിദ്ധാന്തിച്ചു. ഈ വിഘടനത്തില്‍ പദാര്‍ഥത്തിന്റെ ഒരുഭാഗം ഊര്‍ജമായി മാറുന്നതിനാലാണ് ആല്‍ഫാകണങ്ങള്‍ക്ക് കൂടിയ പ്രവേഗമുള്ളതെന്നും ഊര്‍ജരൂപമായ ഗാമാകണങ്ങളുണ്ടാവുന്നതെന്നും കണ്ടുപിടിക്കപ്പെട്ടു. റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം വിഘടിച്ചുണ്ടാവുന്ന റഡോണ്‍ കണ്ടുപിടിക്കപ്പെട്ടതോടുകൂടി റഥര്‍ഫോര്‍ഡിന്റെയും ഫ്രഡറിക്‌സോഡിയുടെയും സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചു. ഇതോടുകൂടി പദാര്‍ഥത്തിന്റെ മൗലിക കണങ്ങളാണ് ആറ്റങ്ങളെന്ന ഡാള്‍ട്ടന്റെ ആറ്റംസിദ്ധാന്തം കടപുഴകി വീണു. ആറ്റം വിഘടിക്കുന്നുവെങ്കില്‍ അതിനുള്ളില്‍ എന്താണെന്ന പ്രശ്‌നമായി പിന്നീട് ശാസ്ത്രലോകത്തെ ചര്‍ച്ച. ആറ്റത്തിനകത്തേക്ക് എത്തിനോക്കുവാന്‍ പ്രകൃതിതന്നെ തുറന്ന ഒരു വാതായനമായിരുന്നു റേഡിയോ ആക്റ്റിവിറ്റി എന്ന് പറയാം.
ആറ്റോമിക ഹൃദയം
കനം കുറഞ്ഞ സ്വര്‍ണപാളികളിലൂടെ ആല്‍ഫാ കണങ്ങളെ കടത്തിവിട്ടുകൊണ്ട് ആറ്റോമിക ഘടനയെക്കുറിച്ച് പഠിക്കുവാന്‍ ശ്രമിച്ച റഥര്‍ഫോര്‍ഡിന് ലഭിച്ച ഫലങ്ങളാണ് ആറ്റത്തിന്റെ ഹൃദയത്തെക്കുറിച്ച അറിവ് നല്‍കിയത്. ഭൂരിപക്ഷം ആല്‍ഫാകണങ്ങളും നേരെ സ്വര്‍ണപാളിയും കടന്ന് പുറത്ത് പോയതായി റഥര്‍ഫോര്‍ഡ് കണ്ടു. വളരെ കുറച്ച് ആല്‍ഫാ കണങ്ങള്‍ അവയുടെ പാത വിട്ട് അല്‍പം അകന്നുമാറി സഞ്ചരിക്കുന്നതായും അപൂര്‍വം ചിലവ എന്തിലോ തട്ടിയെന്നവണ്ണം തെറിച്ച് നേരെ എതിര്‍ദിശയിലേക്കോ അല്‍പം മാറിയോ തിരിച്ചുവരുന്നതായും അദ്ദേഹത്തിന് നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഹൈഡ്രജന്‍ ആറ്റത്തിന്റെ നാലിരട്ടി ഭാരവും ഒരു സെക്കന്റില്‍ 24000 കിലോമീറ്റര്‍ വേഗതയുമുള്ള ആല്‍ഫാ കണങ്ങളില്‍ ചിലവ സ്വര്‍ണതകിടുകളില്‍ തട്ടി തിരിച്ചുവരുന്നുവെന്ന വസ്തുത ചില സുപ്രധാന നിഗമനങ്ങളിലെത്താന്‍ റഥര്‍ ഫോര്‍ഡിനെ പ്രേരിപ്പിച്ചു. ഇതില്‍നിന്ന് ഒരു ആറ്റം മാതൃകക്ക് അദ്ദേഹം രൂപം നല്‍കി. ആറ്റത്തിന്റെ മുഴുവന്‍ ഭാരവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു ന്യൂക്ലിയസ് ഉണ്ടെന്നും അതിന്റെ വ്യാപ്തം വളരെ ചെറുതാണെന്നും പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിന് ചുറ്റും നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകള്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അനുമാനിച്ചു. ഇലക്‌ട്രോണുകളുടെ അപകേന്ദ്രബലവും ന്യൂക്ലിയസിലേക്കുള്ള ആകര്‍ഷണ ബലവും സമമായതിനാല്‍ ഇലക്‌ട്രോണുകള്‍ സ്ഥിരമായി ന്യൂക്ലിയസിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ന്യൂക്ലിയസിന്റെ ചാര്‍ജും വ്യാസവും ഏകദേശമായി കണ്ടെത്തുവാനുള്ള സമവാക്യങ്ങളുണ്ടാക്കുവാനും റഥര്‍ഫോര്‍ഡിന് കഴിഞ്ഞു. അദ്ദേഹത്തിന് മുമ്പും ജെ.ജെ. തോംസണ്‍, പി. ലെനാര്‍ഡ്, എച്ച്. നാഗോക്ക തുടങ്ങിയവര്‍ അവരുടേതായ ആറ്റം മാതൃകകള്‍ നിര്‍മിച്ചിരുന്നുവെങ്കിലും റഥര്‍ഫോര്‍ഡിന്റെ മാതൃകയോടുകൂടി അവയെല്ലാം അപ്രസക്തമായി. ആറ്റത്തെക്കുറിച്ച ആധുനിക സങ്കല്‍പങ്ങളുടെയെല്ലാം തുടക്കം റഥര്‍ഫോര്‍ഡിന്റെ ആറ്റം മാതൃകയായിരുന്നുവെന്ന് പറയാം.
റഥര്‍ഫോര്‍ഡിന്റെ ആറ്റംഘടന
ആറ്റത്തെ കുറെയെല്ലാം വ്യാഖ്യാനിക്കുവാന്‍ റഥര്‍ഫോര്‍ഡിന് കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന് ഉത്തരം കാണാന്‍ കഴിയാത്ത കുറെ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ആറ്റം മാതൃകയോടൊപ്പമുണ്ടായി. വ്യത്യസ്ത ആറ്റങ്ങളുടെ ന്യൂക്ലിയസിലെ ധനചാര്‍ജുകള്‍ എത്രയാണ് എന്ന പ്രശ്‌നമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ധനചാര്‍ജുകളുടെ എണ്ണമറിഞ്ഞാല്‍ ഋണചാര്‍ജുള്ള ഇലക്‌ട്രോണുകളുടെയും എണ്ണമറിയാന്‍ സാധിക്കുകയും അങ്ങനെ മൂലകആറ്റങ്ങള്‍ തമ്മിലുള്ള ഘടനാപരമായ അന്തരമെന്താണെന്ന് മനസ്സിലാക്കുവാന്‍ കഴിയുകയും ചെയ്യുമെന്ന് റഥര്‍ഫോര്‍ഡിന് അറിയാമായിരുന്നു. ആല്‍ഫാകണങ്ങളുടെ പ്രകീര്‍ണനമുപയോഗിച്ച് ന്യൂക്ലിയസിലെ ധനചാര്‍ജുകളുടെ എണ്ണം ആറ്റോമിക ഭാരത്തിന്റെ ഏകദേശം പകുതിയാണെന്ന് റഥര്‍േഫാര്‍ഡും  സഹായികളുംകൂടി കണ്ടെത്തിയെങ്കിലും കൃത്യമായ വില നിശ്ചയിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. ഓരോ മൂലകത്തിലും കാഥോഡ് കിരണങ്ങള്‍  പതിയ്ക്കുമ്പോഴുണ്ടാകുന്ന എക്‌സ്‌റേകളുടെ തരംഗദൈര്‍ഘ്യം കണ്ട് അവ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് 1913-ല്‍ മോസ്‌ലെയാണ് ആറ്റോമിക ന്യൂക്ലിയസിലെ ധനചാര്‍ജുകളുടെ കൃത്യമായ എണ്ണം കണ്ടുപിടിക്കുകയും അതിന് ആറ്റോമിക നമ്പര്‍ (ATOMIC  NUMBER) എന്ന് പേര് നല്‍കുകയും ചെയ്തത്. അപ്പോഴും മറ്റൊരു പ്രശ്‌നം ബാക്കിയായിരുന്നു. ഏത് കണമാണ് ന്യൂക്ലിയസിന്  ധനചാര്‍ജ് നല്‍കുന്നതെന്ന പ്രശ്‌നം. ഗ്ലാസ്‌കുഴലുകളില്‍ വ്യത്യസ്ത വാതകങ്ങള്‍ നിറച്ചുകൊണ്ട് കാഥോഡ് കിരണങ്ങള്‍ക്ക് സമാനമായ ധനചാര്‍ജുള്‍ക്കൊള്ളുന്ന കിരണങ്ങളുണ്ടോയെന്നറിയാന്‍ വേണ്ടിയുള്ള പരീക്ഷണങ്ങളില്‍, കാഥോഡ് കിരണങ്ങള്‍ക്ക് ഋണചാര്‍ജാണുള്ളതെന്ന് കണ്ടെത്തിയത് മുതല്‍തന്നെ ശാസ്ത്രജ്ഞന്മാര്‍ ഏര്‍പ്പെട്ടിരുന്നു. കനാല്‍ കിരണങ്ങള്‍ എന്ന് വിളിക്കപ്പെട്ട കിരണങ്ങളുടെ അസ്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശയില്‍ തന്നെ തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഗ്ലാസ്ട്യൂബില്‍ വ്യത്യസ്ത വാതകങ്ങള്‍ നിറച്ചുകൊണ്ട് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വ്യത്യസ്ത പിണ്ഡങ്ങളുള്ള ധനകിരണങ്ങളാണ് ലഭിക്കുന്നതെന്ന വസ്തുത ശാസ്ത്രജ്ഞന്മാരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി.  ഇതിനനര്‍ഥം എല്ലാ ആറ്റങ്ങള്‍ക്കും പൊതുവായ ധനകണികകള്‍ ഇല്ലെന്നാണല്ലോ. ഗ്ലാസ്ട്യൂബില്‍ ഹൈഡ്രജന്‍ നിറച്ചുകൊണ്ട് പരീക്ഷണം നടത്തുമ്പോഴുണ്ടാകുന്ന ധനകണികകള്‍ക്കാണ് പിണ്ഡം ഏറ്റവും കുറവെന്ന് കണ്ടെത്തിയപ്പോള്‍ ആദ്യം കണ്ടെത്തിയ ധനകണികയെന്ന അര്‍ഥത്തില്‍ ഈ കണികകള്‍ക്ക് പ്രോട്ടോണ്‍ എന്ന പേര് നല്‍കി. (ഗ്രീക്ക് ഭാഷയില്‍ Protos എന്നാല്‍ ആദ്യത്തേത് എന്നാണര്‍ഥം).  ഹൈഡ്രജന്‍ ആറ്റത്തില്‍നിന്ന്  ഒരു ഇലക്‌ട്രോണ്‍ മാറ്റപ്പെടുമ്പോഴാണ് പ്രോട്ടോണ്‍ ഉണ്ടാവുന്നതെന്ന് മനസ്സിലായെങ്കിലും ബാക്കി കണികകളുടെ പിണ്ഡവ്യത്യാസം ഒരു പ്രഹേളികയായി തന്നെ തുടര്‍ന്നു. എങ്കിലും പരീക്ഷണ ഫലങ്ങള്‍ എല്ലാ ആറ്റങ്ങളിലും പ്രോട്ടോണുകള്‍ ഉണ്ടെന്ന് കരുതേണ്ട തെളിവുകള്‍ നല്‍കി. അതുപ്രകാരം ന്യൂക്ലിയസിനുള്ളില്‍ പ്രോട്ടോണുകളും പുറത്ത് ഇലക്‌ട്രോണുകളു-മാണുള്ളതെന്ന നിഗമനത്തില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നു.
ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ ഹൈഡ്രജന്‍ ആറ്റത്തില്‍ ഒരു പ്രോട്ടോണും ഒരു ഇലക്‌ട്രോണുമാണുള്ളതെന്ന സങ്ക-ല്‍പത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് മൂലകങ്ങളുടെ ആറ്റങ്ങളെ വിശദീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രശ്‌നം വീണ്ടും സങ്കീര്‍-ണമായി. പ്രോട്ടോണുകളുടെ പിണ്ഡമായിരുന്നു പ്രധാനപ്പെട്ട പ്രശ്‌നം. ആറ്റോമികനമ്പര്‍ പ്രകാരം പ്രോട്ടോണുകളുടെ എണ്ണം കണക്കാക്കിയപ്പോള്‍ പിണ്ഡവുമായി ഇത് പൊരുത്തപ്പെടു-ന്നില്ലെന്ന് ശാസ്ത്രജ്ഞന്മാര്‍ക്ക് വ്യക്തമായി. ഹൈഡ്രജന്‍ ഒഴിച്ചുള്ള മൂലകങ്ങളുടെ അറ്റോമിക ന്യൂക്ലിയസില്‍ പ്രോട്ടോണ്‍ കൂടാതെ ഏതെങ്കിലും കണമുണ്ടായിരിക്കണമെന്നും അതായി-രിക്കും അവയുടെ പിണ്ഡം വര്‍ധിപ്പിക്കുന്നതെന്നുമുള്ള നിഗമന-ത്തിലാണ് ശാസ്ത്രജ്ഞന്മാര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഡബ്ല്യു.സി. ഹാക്കിന്‍സ്, ഓര്‍മ് മാര്‍ഷല്‍, ഏണസ്റ്റ് റഥര്‍ഫോര്‍ഡ് തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ ഈ വിഷയം അവഗാഢമായി പഠിച്ച് അവസാനം എത്തിച്ചേര്‍ന്ന നിഗമനമാണിത്-'പ്രോട്ടോണിന്‍േറതിന് തുല്യമായ പിണ്ഡവും ചാര്‍ജ് പൂജ്യവുമായ ഇതുവരെ കണ്ടെത്തപ്പെടാത്ത കണികകള്‍ ഹൈഡ്രജന്‍ ഒഴിച്ചുള്ള മൂലകങ്ങളുടെ ന്യൂക്ലിയസില്‍ ഉണ്ടായിരിക്കണം. അതിന്റെ ചുറ്റുമുള്ള വൈദ്യുത മണ്ഡലം പൂജ്യമായിരിക്കുമെ-ന്നതിനാല്‍ അതിന് ദ്രവ്യത്തില്‍ കൂടി സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ കഴിയും. അതുകൊണ്ടുതന്നെ അതിന്റെ സാന്നിധ്യം തിരിച്ചറിയുക പ്രയാസകരമായിരിക്കും'. പ്രോട്ടോണും ഇലക്‌ട്രോണും ചേര്‍ന്നുണ്ടായ ഒരു ന്യൂട്രല്‍ കണത്തെപോ-ലെയാണ് ഇതിന്റെ സ്വഭാവമെന്നതിനാല്‍ ഇതിന് അവര്‍ ന്യൂട്രോണ്‍ എന്ന് നാമകരണം ചെയ്തു. നിരന്തരമായ പരീക്ഷണങ്ങള്‍ക്കുശേഷം 1932-ല്‍, ഇംഗ്ലണ്ടിലെ ജെയിംസ് ചാഡ്‌വിക്കാണ് ന്യൂട്രോണിന്റെ അസ്തിത്വം സംശയാതീതമായി തെളിയിച്ചത്.
ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ മൂന്ന് അടിസ്ഥാന കണങ്ങള്‍കൊണ്ടാണ് ആറ്റം നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന് ചാഡ്‌വി-ക്കിന്റെ കണ്ടുപിടുത്തത്തോടുകൂടി ശാസ്ത്രലോകം പൂര്‍ണമായി അംഗീകരിച്ചു. പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണികയായി കരുതപ്പെട്ടിരുന്ന ആറ്റം പോലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതിനെക്കാള്‍ ചെറിയ കണികകളാലാണെന്ന് വ്യക്തമായി. ആറ്റത്തിനകത്തെ ചാര്‍ജുള്ള കണികകളുടെ പാരസ്പര്യമാണ് അതിന്റെ നിലനില്‍പിനുതന്നെ ആധാരമെന്ന് ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കി. പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണിനെയും നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണിനെയും വിരുദ്ധകണങ്ങള്‍ എന്ന് പറയുന്നതിനെക്കാള്‍ ഇണകളെന്ന് വിളിക്കുന്നതാവും ശരി. അവ തമ്മിലുള്ള ബന്ധം സംഘട്ടനാത്മകമോ സംഹാരാത്മകമോ അല്ല; പ്രത്യുത സഹകരണാത്മകമായ പാരസ്പര്യത്തിന്‍േറ-താണ്. ഇണകളുടെ പാരസ്പര്യത്തില്‍നിന്ന് പദാര്‍ഥത്തെയും പ്രപഞ്ചത്തെയും പടച്ച സ്രഷ്ടാവിന്റെ വൈഭവത്തിന് മുമ്പില്‍ നമ്രശിരസ്‌കരാവുന്നതിലേക്കാണ് പദാര്‍ഥത്തെക്കുറിച്ച പഠനം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത.് ഇണകളുടെ പാരസ്പ-ര്യമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പിനുതന്നെ കാരണമെന്നാണ് ആധുനികശാസ്ത്രം വിധിയെഴുതുന്നത്. ഇക്കാര്യം സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: 
''എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി'' (51:49).
''എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യുവാനുള്ള കപ്പലുകളെയും കാലികളെയും ഏര്‍പ്പെടുത്തിത്തരികയും ചെയ്തവന്‍'' (43:12).
''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍' (36:36).
മറ്റൊരു കാര്യം കൂടി ഇവിടെ പ്രസ്താവ്യമാണ്. അണുവെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് പ്രകൃതിയുടെ മൂലതത്ത്വമെന്ന നിലയ്ക്കല്ല; വളരെ ചെറിയ ഒരു പരിണാമമെന്ന നിലയ്ക്ക് മാത്രമാണ്. 'ദര്‍റത്ത്' എന്നാണ് ഖുര്‍ആന്‍ അണുവിനെ വിളിച്ചിരിക്കുന്നത്. ആധുനിക അറബിയില്‍ 'ദര്‍റത്ത്' എന്നാല്‍ ആറ്റം എന്നാണര്‍ഥം. ഖുര്‍ആനിന്റെ അവതരണകാലത്തിന് കുറെ മുമ്പുതന്നെ പദാര്‍ഥത്തിന്റെ അവിഭാജ്യമായ മൂലതത്ത്വമെന്ന ആശയം ഗ്രീക്കുകാരും ഭാരതീയരും അവതരിപ്പിച്ചിരുന്നുവെന്ന് നാം കണ്ടു. എന്നാല്‍ ഖുര്‍ആനിലൊരിടത്തും 'ദര്‍റത്' അവിഭാജ്യമാണെന്ന പ്രസ്താവനയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മാത്രവുമല്ല, 'ദര്‍റത്ത്'നെക്കള്‍ ചെറിയ വസ്തുക്കള്‍ ഉണ്ടെന്നതിലേക്ക് സൂചനകളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്.
''ഭൂമിയിലോ ഉപരിലോകത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവില്‍ നിന്ന് വിട്ടുപോവുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടുത്താത്തതായി ഇല്ല'' (10:61).
ഭൗതിക വസ്തുവിന്റെ ഏറ്റവും ചെറിയ പരിണാമമായ അണുവിനെക്കാള്‍ ചെറുതായ ഒന്നിനെയും സങ്കല്‍പിക്കുവാന്‍ സാധിക്കാതിരുന്ന കാലത്താണ് ഖുര്‍ആന്‍ അണുവിനെക്കാള്‍ ചെറിയ വസ്തുവെക്കുറിച്ച് പ്രതിപാദിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അണുവിനെക്കാള്‍ ചെറിയ വസ്തുക്കള്‍പോലും സ്രഷ്ടാവിന്റെ ഇടപെടലുകളില്‍നിന്ന് മുക്തമല്ലെന്ന ഖുര്‍ആനിക വചനത്തിന്റെ സത്യതയ്ക്ക് മൗലിക കണങ്ങളെകുറിച്ച ആധുനിക പഠനങ്ങള്‍ സാ ക്ഷ്യം നില്‍ക്കുന്നു.
ബോറിന്റെ ആറ്റംഘടന
റഥര്‍ഫോര്‍ഡിന്റെ ആറ്റം മാതൃകയെക്കുറിച്ച് പറഞ്ഞുവല്ലോ. ആറ്റത്തിന്റെ നടുവിലെ ഒരു സെന്റിമീറ്ററിന്റെ പതിനായിരം കോടിയിലൊരംശം (10 -12cm) സ്ഥലത് മാത്രം കേന്ദ്രീകരിക്കപ്പെട്ട പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസും അതിന് പുറത്തെ വിശാലമായ മേഖലയില്‍ സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നപോലെ ചലിച്ചുകൊണ്ടിരിക്കുന്ന ഇലക്‌ട്രോണുകളുമുള്‍ക്കൊള്ളുന്നതാണ് റഥര്‍ഫോര്‍ഡിന്റെ മാതൃക. ആറ്റത്തിന്റെ സൗരയൂഥ മാതൃകയെന്ന് വിളിക്കപ്പെട്ട ഈ മാതൃക ഭൗതിക ശാസ്ത്രലോകത്ത് ആദ്യമെല്ലാം അംഗീകരിക്കപ്പെട്ടുവെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന തത്ത്വങ്ങളുമായി യോജിച്ച് പോകുന്നതല്ല പ്രസ്തുത മാതൃകയെന്ന് പിന്നീട് മനസ്സിലായി. അന്ന് നിലവിലുണ്ടായിരുന്ന വിദ്യുത്കാന്തികസിദ്ധാന്തപ്രകാരം ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഇലക്‌ട്രോണുകള്‍ക്ക് ഊര്‍ജനഷ്ടം സംഭവിച്ചുകൊണ്ടിരിക്കണം. ഊര്‍ജം പുറത്ത് വിടുന്നതിനനുസരിച്ച് ഇലക്‌ട്രോണ്‍ ന്യൂക്ലിയസിനോട് അടുത്ത് വരണം. അങ്ങനെ ഒരു സെക്കന്റിന്റെ തുച്ഛമായ ഒരു ഭാഗം സമയത്തിനുള്ളില്‍ ഇലക്‌ട്രോണ്‍ ന്യൂക്ലിയസിനോട് വന്നിടിച്ച് വിലയം പ്രാപിക്കണം. അപ്പോള്‍ ഇലക്‌ട്രോണുകള്‍ക്ക് സ്വന്തമായി ഒരു നിമിഷംപോലും നിലനില്‍പില്ലെന്ന് വരും. ഇലക്‌ട്രോണില്ലെങ്കില്‍ പിന്നെ ആറ്റങ്ങളുണ്ടാവുന്നതെങ്ങനെ? ആറ്റങ്ങളില്ലാതെ പദാര്‍ഥങ്ങളുണ്ടാവുമോ? അപ്പോള്‍ പിന്നെ ലോകത്തിന്റെ നിലനില്‍പ് എങ്ങനെയാണ്? നിലനില്‍ക്കുന്ന ലോകത്തിന് പിന്നിലെ ആറ്റങ്ങള്‍ക്ക് നിലനില്‍പില്ലെന്നോ? ശാസ്ത്രലോകം കുറച്ചുകാലം ആശയക്കുഴപ്പത്തില്‍ തന്നെയായിരുന്നു. സൗരയൂഥമാതൃക സ്വീകരിക്കാനോ റഥര്‍ഫോര്‍ഡിന്റെ പരീക്ഷണങ്ങളെ തള്ളിപ്പറയാനോ പറ്റാത്ത ആശയക്കുഴപ്പം! ഈ ആശയക്കുഴപ്പത്തില്‍നിന്ന് ശാസ്ത്രലോകത്തെ രക്ഷിച്ചത് ഡച്ചു ശാസ്ത്രജ്ഞനായ നീല്‍സ്‌ബോര്‍ ആയിരുന്നു. മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തത്തെ കൂട്ടുപിടിച്ചുകൊണ്ട് റഥര്‍ഫോര്‍ഡിന്റെ ആറ്റം മാതൃകയെ പരിഷ്‌കരിക്കുകയാണ് നീല്‍സ്‌ബോര്‍ ചെയ്തത്.
ക്വാണ്ടം സിദ്ധാന്തവും ആറ്റവും
പ്രകാശത്തെക്കുറിച്ച പഠനത്തില്‍നിന്നാണ് ക്വാണ്ടം സിദ്ധാന്തം ഉരുത്തിരിഞ്ഞുവന്നത്. എന്താണ് പ്രകാശമെന്ന പ്രശ്‌നം മുമ്പ് മുതല്‍ക്കുതന്നെ ചിന്തകന്മാര്‍ ഉന്നയിച്ചിട്ടുണ്ട്. പ്രകാശത്തിന്റെ നേര്‍രേഖാ പ്രസരണത്തിന്റെയും നിഴല്‍ നിര്‍മിക്കാനുള്ള കഴിവിന്റെയും അടിസ്ഥാനത്തില്‍ അത് സ്വയം പ്രകാശിക്കുന്ന കണികകളുടെ പ്രവാഹമാണെന്ന് ന്യൂട്ടണ്‍ അഭിപ്രായപ്പെട്ടു. വിഭംഗനം-(DIFRACTION), വ്യതികരണം (INTERFERANCE) എന്നീ പ്രതിഭാസങ്ങളുടെ വിശദീകരണത്തിന് പ്രകാശത്തെ തരംഗമായി സങ്കല്‍പിക്കണമെന്ന് തോമസ്‌യങ്ങ്, ജീന്‍ഫ്‌ളസ്‌നല്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ വാദിച്ചു.  മാക്‌സ്‌വെല്ലിന്റെ പരീക്ഷണങ്ങള്‍ പ്രകാശം വിദ്യുത്കാന്തികതരംഗ (electro magnetic wave)മാണെന്ന് വ്യക്തമാക്കിയതോടെ പ്രകാശത്തെ തരംഗമായി വ്യവഹരിക്കുന്ന സമ്പ്രദായം പൊതുവായി സ്വീകരിക്കപ്പെട്ടു. എന്നാല്‍ ഈ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോ ഇലക്ട്രിക് പ്രഭാവം (PHOTO ELECTRIC EFFECT) പോലെയുള്ള  പല പ്രതിഭാസങ്ങളും വിശദീകരിക്കുന്നതില്‍ ശാസ്ത്രജ്ഞന്മാര്‍ പരാജയപ്പെട്ടു. ഈ സമയത്താണ് മാക്‌സ്പ്ലാങ്ക് തന്റെ ക്വാണ്ടം സിദ്ധാന്തം (QUANTUMTHEORY)  അവതരിപ്പിക്കുന്നത്. 'ഒരു വസ്തു വികിരണോര്‍ജം പുറത്ത് വിടുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നത് തുടര്‍ച്ചയായിട്ടല്ല, പ്രത്യുത 'ക്വാണ്ടം' എന്ന് പറയുന്ന ചെറിയ പാക്കറ്റുകളായിട്ടാണ്'. ഇതാണ് ക്വാണ്ടം സിദ്ധാന്തം. ചുട്ടുപഴുത്ത ഒരു വസ്തുവില്‍നിന്നുണ്ടാവുന്ന താപപ്രവാഹം തുടര്‍ച്ചയായല്ല നടക്കുന്നത്, മറിച്ച് ഇടവിട്ടുള്ള പാക്കറ്റുകളായിട്ടാണ് എന്നര്‍ഥം. ഈ സിദ്ധാന്തത്തെ പ്രകാശത്തിന്റെ ഫോട്ടോഇലക്ട്രിക്പ്രഭാവത്തെ വിശദീകരിക്കാനുതകുന്ന വിധത്തില്‍  പ്രകാശത്തിന് കൂടി ബാധകമാക്കിയത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനാണ്. പ്രകാശം ഉല്‍പാദിപ്പിക്കപ്പെടുന്നതും സ്‌പെയ്‌സില്‍ കൂടി സഞ്ചരിക്കുന്നതുമെല്ലാം പാക്കറ്റുകളായിട്ടാണെന്നാണ് ഐന്‍സ്റ്റയിന്‍ സിദ്ധാന്തിച്ചത്. പ്രകാശത്തിന്റെ ഈ പാക്കറ്റുകളെ അദ്ദേഹം 'ഫോേട്ടാണ്‍' (PHOTON)  എന്ന് വിളിച്ചു. പ്രകാശം പാക്കറ്റുകളായാണ് സഞ്ചരിക്കുന്നതെന്ന ഐന്‍സ്റ്റയിന്റെ നിഗമനം ന്യൂട്ടന്റെ കണികാസിദ്ധാന്തത്തിന് പുനര്‍ജന്മം നല്‍കി. അവസാനം ശാസ്ത്രലോകം എത്തിച്ചേര്‍ന്നത് പ്രകാശം കണികയുടെയും തരംഗത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന നിഗമനത്തിലാണ്. പ്രകാശം കണികയോ തരംഗമോ അല്ല; രണ്ടുംകൂടിയാണ് എന്നര്‍ഥം.
ക്വാണ്ടം സിദ്ധാന്തത്തിന്റെ സഹായത്തോടുകൂടി റഥര്‍േഫാര്‍ഡിന്റെ ആറ്റം മാതൃകയെ പരിഷ്‌കരിക്കുന്നതിനുവേണ്ടി നീല്‍സ്‌ബോര്‍ അടിസ്ഥാനപരമായ ചില നിഗമനങ്ങള്‍ നടത്തുകയാണ് ആദ്യമായി ചെയ്തത്. അവ താഴെ പറയുന്നവയാണ്.
ഒന്ന്) ഇലക്‌ട്രോണുകള്‍ക്ക് ന്യൂക്ലിയസിന് ചുറ്റും സര്‍വതന്ത്ര സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ പറ്റില്ല. കാരണം അവയുടെ ഊര്‍ജം ക്വാണ്ടീകരിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് ചില നിശ്ചിത ഊര്‍ജ നിലകളിലുള്ള പഥങ്ങളിലൂടെ- ഷെല്ലുകളിലൂടെ-മാത്രമെ സഞ്ചരിക്കാനാവൂ. ഷെല്ലുകളിലൂടെ ഇലക്‌ട്രോണുകള്‍ സഞ്ചരിക്കുന്ന വേളയില്‍ ഊര്‍ജവികിരണമുണ്ടാവുന്നില്ല.
രണ്ട്) ഒരു ഷെല്ലില്‍നിന്നും മറ്റൊന്നിലേക്ക് ചാടുവാന്‍ ഇലക്‌ട്രോണുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഈ ചാട്ടത്തിനിടയില്‍ ഷെല്ലുകളുടെ ഊര്‍ജ വ്യത്യാസത്തിന് തുല്യമായ അളവ് ഊര്‍ജം ആഗിരണം ചെയ്യപ്പെടുകയോ ഉല്‍സര്‍ജിക്കപ്പെടുകയോ ചെയ്യുന്നു. ഈ ഊര്‍ജത്തിന് ആനുപാതികമായിരിക്കും വികിരണത്തിന്റെ ആവൃത്തി.
മൂന്ന്) ഇലക്‌ട്രോണുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഷെല്ലുകളുടെ സംതുലനം ക്ലാസിക്കല്‍ ബലതന്ത്ര നിയമങ്ങള്‍ക്ക് വിധേയമായിരിക്കും. എന്നാല്‍ ഇലക്‌ട്രോണ്‍ ചാട്ടങ്ങള്‍ പഴയ ക്ലാസിക്കല്‍ നിയമങ്ങളെ അനുസരിക്കുന്നില്ല.
ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോറിന്റെ ആറ്റം മാതൃകയ്ക്ക് ഹൈഡ്രജന്‍ ആറ്റത്തെയും അതിന്റെ വികിരണരാജിയെയും മാത്രമാണ് വിശദീകരിക്കാന്‍ കഴിഞ്ഞത്. മറ്റ് ആറ്റങ്ങളുടെ വികിരണ സ്വഭാവങ്ങള്‍ ബോറിന്റെ മാതൃകക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും സങ്കീര്‍ണമായിരുന്നു. പഴയ ക്ലാസിക്കല്‍ ബലതന്ത്ര നിയമങ്ങള്‍ക്ക് മേല്‍ ക്വാണ്ടം സിദ്ധാന്തത്തെ ഒട്ടിച്ചുചേര്‍ക്കാന്‍ ശ്രമിച്ചതായിരുന്നു ബോറിന് പറ്റിയ തെറ്റ്. ഊഹിക്കാന്‍ കഴിയുന്നതിലേറെ സൂക്ഷ്മമായ ആറ്റത്തിനകത്തെ അതീവ സങ്കീര്‍ണങ്ങളായ  പ്രതിഭാസങ്ങളെ വിശദീകരിക്കുവാന്‍ ക്ലാസിക്കല്‍ ബലതന്ത്രത്തിന് കഴിയില്ല. അവ വിശദീകരിക്കുവാന്‍ പുതിയൊരു ബലതന്ത്രം ആവശ്യമായിവന്നു. ബോര്‍ മാതൃകയ്ക്ക് ഒരു പതിറ്റാണ്ടിനുശേഷം രൂപംപ്രാപിച്ച ക്വാണ്ടം ബലതന്ത്രമാണ് (QUANTUM MECHANICS) ഇന്ന് ആറ്റത്തെ വിശദീകരിക്കുവാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നത്.
ഇലക്‌ട്രോണുകളെക്കുറിച്ച പുതിയ ചില കണ്ടെത്തലുകള്‍  ആറ്റത്തെക്കുറിച്ച നമ്മുടെ സങ്കല്‍പങ്ങളെയെല്ലാം തകിടം മറിച്ചു. ഋണവൈദ്യുത ചാര്‍ജുള്ള ഒരു കണികയാണ് ഇലക്‌ട്രോണ്‍ എന്ന സങ്കല്‍പത്തില്‍ നിന്നുണ്ടൊണ് ബോര്‍ വരെയുള്ള ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ ആറ്റം മാതൃകകള്‍ക്ക് രൂപം നല്‍കിയത്. ഇത് തെറ്റാണെന്നായിരുന്നു പിന്നീട് നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചത്. വൈദ്യുതകാന്തികതരംഗങ്ങള്‍ കണികാസ്വഭാവം കാണിക്കുന്നുവെന്ന മാക്‌സ്പ്ലാങ്കിന്റെയും ഐന്‍സ്റ്റയിന്റെയും അഭിപ്രായങ്ങളില്‍നിന്ന് അല്‍പം കൂടി മുന്നോട്ടുകടന്ന് ലൂയിസ് ഡിബ്രോളിയെന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ദ്രവ്യത്തിന് തരംഗസ്വഭാവമുണ്ടാകാമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിച്ചു. പ്രപഞ്ചത്തിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ഭാഗത്തിനുമുള്ള ഒരു അടിസ്ഥാനസ്വഭാവമാണ് തരംഗ-കണികാദ്വൈതഭാവ(WAVE PARTICLE DICHOTOMY) മെന്നാണ് അദ്ദേഹം സിദ്ധാന്തിച്ചത്. അങ്ങനെ ദ്രവ്യതരംഗങ്ങള്‍ ((MATTER WAVES) എന്ന പുതിയൊരു ആശയം കൂടി ഭൗതികശാസ്ത്രതതില്‍ ഉരുത്തിരിഞ്ഞുണ്ടായി. ചലിക്കുന്ന ഏതൊരു വസ്തുവോടനുബന്ധിച്ചും സ്വയംകൃതമായ ഒരു തരംഗമുണ്ടായിരിക്കുമെന്നും എന്നാല്‍ ഉയര്‍ന്ന ദ്രവ്യമാനമുള്ള വസ്തുക്കളുടെ തരംഗദൈര്‍ഘ്യം വളരെ തുച്ഛമായതിനാല്‍ അത് അനുഭവഭേദ്യമാകുന്നില്ലെന്നും ഇലക്‌ട്രോണിനെപ്പോലെ തുച്ഛമായ പിണ്ഡമുള്ള വസ്തുക്കളുടെ തരംഗസ്വഭാവം നമുക്ക് തീര്‍ച്ചയായും നിരീക്ഷിക്കാനാകുമെന്നും ഗണിതപരമായി സമര്‍ഥിക്കുവാന്‍ ഡിബ്രോളിക്ക് കഴിഞ്ഞു. 1927-ല്‍ സി.ജെ. ഡേവിസണും എല്‍.എച്ച്. ജര്‍മറും ചേര്‍ന്ന് ഒരു ഇലക്‌ട്രോണ്‍ പ്രവാഹം നിക്കല്‍ ലോഹക്രിസ്റ്റലിന്റെ സഹായത്തോടെ പ്രതിഫലിപ്പിക്കുകയും പ്രകീര്‍ണനം നടത്തുകയും ചെയ്തുകൊണ്ട് ഇലക്‌ട്രോണിന്റെ തരംഗ സ്വഭാവം സംശയാതീതമായി തെളിയിച്ചതോടുകൂടി ദ്രവ്യതരംഗമെന്ന ആശയം ശാസ്ത്രലോകത്ത് പ്രതിഷ്ഠ നേടി.
ഇതോടുകൂടി പ്രകാശത്തെപ്പോലെ കണികാ-തരംഗ ദ്വൈതഭാവം പ്രകടിപ്പിക്കുന്ന വസ്തുവാണ് ഇലക്‌ട്രോണെന്ന സങ്കല്‍പം ശാസ്ത്രലോകം അംഗീകരിച്ചു. ഇലക്‌ട്രോണ്‍ എന്താണെന്ന ചോദ്യത്തിന് ശാസ്ത്രലോകത്തിന് നല്‍കുവാനുള്ള ഉത്തരം 'അത് കണികയാണ്; തരംഗവുമാണ്; എന്നാല്‍, കണികയല്ല, തരംഗവുമല്ല' എന്നാണ്. ഇലക്‌ട്രോണിന്റെ കണികാസ്വഭാവം കാണുവാനുള്ള പരീക്ഷണം നടത്തിയാല്‍ ആ സ്വഭാവം കാണും; തരംഗസ്വഭാവം കാണില്ല. തരംഗസ്വഭാവം കാണാനുള്ള പരീക്ഷണം നടത്തിയാലും ഫലം തഥൈവ. രണ്ട് വിരുദ്ധസ്വഭാവങ്ങളുടെ പാരസ്പര്യത്തിലൂടെ പ്രപഞ്ചത്തിന്റെ സൂക്ഷ്മകണങ്ങളെപോലും സൃഷ്ടിച്ച    അപാരമായ ബുദ്ധിശക്തിയുടെ മുമ്പില്‍ ഇലക്‌ട്രോണിനെയും മറ്റ് മൗലിക കണങ്ങളെയും കുറിച്ച് പഠിക്കുന്നവര്‍ നമ്രശിരസ്‌കരായിപ്പോകുന്നു. ഒരിക്കലും ഇണക്കാന്‍ കഴിയാത്തതെന്ന് മനുഷ്യബുദ്ധി വിധിയെഴുതുന്ന വിരുദ്ധ സ്വഭാവങ്ങളെ- കണികാസ്വഭാവത്തെയും തരംഗ സ്വഭാവത്തെയും- ഇണക്കിയെടുത്ത് പ്രപഞ്ചസൃഷ്ടി നിര്‍വഹിച്ചവന്‍ തന്നെയാണ് സര്‍വശക്തന്‍.
''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍'' (36:36).
ക്ലാസിക്കല്‍ ബലതന്ത്രത്തിന് പകരമായി ആറ്റത്തിനകത്തെ പ്രതിഭാസങ്ങളെ വിശദീകരിക്കുവാന്‍ കഴിയുന്ന ഒരു ബലതന്ത്രത്തിന്റെ നിര്‍മിതിക്കുള്ള പണിയായുധമായി ദ്രവ്യതരംഗമെന്ന ആശയം ദ്രവ്യത്തിനും തരംഗത്തിനും ഒരുപോലെ ബാധകമായ ഒരു ചനലന സമവാക്യം വികസിപ്പിച്ചെടുക്കുന്നതില്‍ വിജയിച്ചത് ഇര്‍വിന്‍ ഷ്‌റോഡിംഗര്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. 1926-ല്‍ അദ്ദേഹം ഷ്രോഡിംഗര്‍ സമവാക്യമെന്ന പേരില്‍ വിഖ്യാതമായ തരംഗ-കണികാ ചലന സമവാക്യം വികസിപ്പിച്ചെടുത്തു. ഭൗതിക ശാസ്ത്രത്തില്‍ തരംഗബലതന്ത്ര(WAVE MECHANICS) മെന്ന ഒരു പുതിയ ശാഖയുടെ ഉദയം കൂടിയായിരുന്നു അത്.
അനിശ്ചിതത്വം!
ഇലക്്‌ട്രോണിന്റെ തരംഗ-കണികാ ദ്വൈതഭാവമെന്ന ആശയം ആറ്റോമിക സങ്കല്‍പത്തില്‍ അനല്‍പമായ മാറ്റങ്ങളുണ്ടാക്കി. ബോറിന്റെ നിശ്ചിതങ്ങളായ ഇലക്‌ട്രോണ്‍പഥ(ഷെല്‍)ങ്ങളെന്ന സങ്കല്‍പം മാറ്റിയെഴുതേണ്ടിവന്നു. ആറ്റത്തിനകത്തെ ഇലക്‌ട്രോണിന് സുനിശ്ചിതമായ ഒരു പാത നിര്‍വചിക്കാനാവില്ലെന്നും തരംഗമെന്ന നിലയ്ക്ക് അതിന് സഞ്ചരിക്കാവുന്ന പരിധി വെച്ചുകൊണ്ട് ഒരു ഏകദേശവിവരണം മാത്രമെ നല്‍കാനാവൂയെന്നും ശാസ്ത്രജ്ഞന്മാര്‍ക്ക് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ പഴയ 'ഷെല്‍' എന്ന പരികല്‍പനക്ക് പകരം 'ഓര്‍ബിറ്റല്‍' എന്ന പുതിയ സങ്കല്‍പമുണ്ടായി. ന്യൂക്ലിയസിന് ചുറ്റും ഇലക്‌ട്രോണുകളെ കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മേഖലയാണ് ഓര്‍ബിറ്റല്‍.
ചലനസങ്കേതത്തെ കൂട്ടുപിടിച്ചുകൊണ്ട് തരംഗ ബലതന്ത്രത്തിന്റെ സൃഷ്ടിക്കുവേണ്ടി ഷ്രോഡിംഗര്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ വെര്‍ണര്‍ ഹെയ്‌സിന്‍ബര്‍ഗ് എന്ന പ്രതിഭാശാലി ബീജഗണിതത്തിന്റെ സഹായത്തോടെ മാട്രിക്‌സ് ബലതന്ത്ര (MATRIX MECHANICS) മെന്ന മറ്റൊരു ബലതന്ത്രത്തിന്റെ പണിപ്പുരയിലായിരുന്നു. അനിശ്ചിതത്വമായിരുന്നു ഹെയ്‌സിന്‍ബര്‍ഗിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനശില. ആറ്റത്തിന്റെ അകം അനിശ്ചിതത്വത്തിന്റേതാണെന്നാണ് അദ്ദേഹം സ്ഥാപിച്ചത്. 'ഒരു കണികയുടെ സ്ഥാനവും സംവേഗവും (MOMENTUM) ഒരുമിച്ച് കൃത്യമായി കണക്കാക്കുക സാധ്യമല്ല' (സംവേഗം =മാസ് X പ്രവേഗം) ഇതാണ് ഹെയ്‌സിന്‍ ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം (heisinberg's  uncertainty principle) എന്നറിയപ്പെടുന്നത്. ഒരു ഇലക്‌ട്രോണിന്റെ സ്ഥാനം കണ്ടുപിടിക്കുവാന്‍ വേണ്ടിയുള്ള ശ്രമം നടത്തുമ്പോള്‍ സ്വാഭാവികമായും അതിന്റെ പ്രവേഗം മാറിപ്പോകും. ഇത് ഉപയോഗിക്കുന്ന ഉപകരണത്തിന്റെയോ പരീക്ഷണ രീതിയുടെയോ അപാകതയല്ല; ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സവിശേഷതയാണ്. പ്രകൃതിയുടെ ഒരു അടിസ്ഥാന സ്വഭാവം! ഇലക്‌ട്രോണിനെയോ മറ്റ് മൗലിക കണങ്ങളെയോ പൂര്‍ണമായി മനസ്സിലാക്കുവാന്‍ മനുഷ്യന് സാധ്യമല്ലെന്നര്‍ഥം!
പദാര്‍ഥത്തെക്കുറിച്ച പഠനം മനുഷ്യരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് ഒരിക്കലും പദാര്‍ഥത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ മനുഷ്യന് സാധ്യമല്ലെന്ന തത്ത്വത്തിലാണ്. മനുഷ്യകഴിവിന്റെ നിസ്സാരതയും സ്രഷ്ടാവിന്റെ അജയ്യതയുമല്ലാതെ മറ്റെന്താണ് ഇത് വ്യക്തമാക്കുന്നത്? മനുഷ്യന്റെ പരിമിതമായ കഴിവും അറിവുമുപയോഗിച്ചാല്‍തന്നെ സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാനും താന്‍ എത്രമാത്രം നിസ്സാരനാണെന്ന അറിയാനും അവന് കഴിയും. ദൈവിക ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചിന്താശക്തിക്ക് മൂടുപടമിടുകയും ചെയ്യുവാന്‍ അഹങ്കാരികള്‍ക്കല്ലാതെ കഴിയുകയില്ല. പ്രസ്തുത അഹങ്കാരികളാകട്ടെ കഠിനമായ ദൈവികശിക്ഷ അര്‍ഹിക്കുകയും ചെയ്യുന്നു.
സ്രഷ്ടാവിന്റെ താക്കീത് നോക്കുക:
''എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും അവയുടെനേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (7:36).
ഷ്രോറോഡിംഗറുടെ തരംഗബലതന്ത്രവും ഹെയ്‌സിന്‍ബര്‍ഗിന്റെ മാട്രിക്‌സ് ബലതന്ത്രവും യഥാര്‍ഥത്തില്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ രണ്ട് വകഭേദങ്ങള്‍ മാത്രമാണെന്നും അവ ഫലത്തില്‍ ഒന്നുതന്നെയാണെന്നും തെളിയിക്കപ്പെട്ടു. 1927-ല്‍ ബ്രസ്സല്‍ സില്‍ ചേര്‍ന്ന സോള്‍വേ കോണ്‍ഫറന്‍സില്‍ വെച്ച് ക്വാണ്ടം ബലതന്ത്രമെന്ന ശാസ്ത്രശാഖ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
ആധുനിക ആറ്റോമിക മാതൃക
ക്വാണ്ടം ബലതന്ത്ര പ്രകാരമുള്ള ആറ്റോമിക മാതൃക ഇപ്രകാരമാണ്: കേന്ദ്ര ത്തില്‍ പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസ്. അതില്‍നിന്ന് നിശ്ചിതമായ അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന ഓര്‍ബിറ്റലുകള്‍. ഇലക്‌ട്രോണുകളെ കണ്ടുമുട്ടാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലമാണിത്. ഈ ഓര്‍ബിറ്റലുകളില്‍ ഇലക്‌ട്രോണ്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. അതിനാല്‍ ഇലക്‌ട്രോണിനെ ഋണവൈദ്യുതിയുടെ മേഘ (NEGATICE CLO UD OF ELECTRICITY)  മായി ചിത്രീകരിക്കാറുണ്ട്. ഈ മേഘപടലം ഓര്‍ബിറ്റലില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. ഓര്‍ബിറ്റലില്‍ ഓരോ സ്ഥാനത്തും ഇലക്‌ട്രോണിന്റെ സാന്നിധ്യം എത്രയാണെന്ന് ക്വാണ്ടം മെക്കാനിക്‌സിലെ കണക്കുകള്‍ കാണിക്കും. ഓര്‍ബിറ്റലിലെ ഒരു പ്രത്യേക സ്ഥലത്ത് ഇലക്‌ട്രോണിനെ കണ്ടുമുട്ടാനുള്ള സാധ്യതയാണ് ആ സ്ഥലത്തെ ഇലക്‌ട്രോണ്‍ മേഘത്തിന്റെ സാന്ദ്രത. ഇലക്‌ട്രോണിന്റെ ദ്വൈത സ്വഭാവം ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമെ ആധുനിക ആറ്റോമിക മാതൃക മനസ്സിലാക്കാന്‍ സാധിക്കൂ.
ഉപ ആറ്റോമിക കണങ്ങള്‍
ന്യൂക്ലിയസിനകത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളുമാണുള്ളതെന്നായിരുന്നുവല്ലോ ബോറിന്റെ ആറ്റം സങ്കല്‍പം. എന്നാല്‍ ന്യൂക്ലിയര്‍ ഭൗതികത്തിലെ പുതിയ ഗവേഷണങ്ങള്‍ മറ്റുചില മൗലികകണങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കി. ഇവയില്‍ പലതിനും അല്‍പായുസ്സ് മാത്രമാണുള്ളത്. ഇലക്‌ട്രോണിന്റെ അതേ 'മാസും' അതേ 'സ്പിന്നും' തുല്യഅളവില്‍ ധനചാര്‍ജും ഉള്ള കണങ്ങളാണ് പോസിട്രോണുകള്‍. 1928-ല്‍ തന്നെ ഇത്തരമൊരു കണത്തിന്റെ സാധ്യത  ഡിറാക് എന്ന ശാസ്ത്രജ്ഞന്‍ പ്രവചിച്ചിരുന്നുവെങ്കിലും 1932-ല്‍ സി.ഡി. ആന്‍ഡേഴ്‌സണ്‍ പ്രപഞ്ച രശ്മികളെ ഉപയോഗിച്ചുകൊണ്ട് നടത്തിയ പഠനമാണ് പോസിട്രോണിന്റെ അസ്തിത്വം സംശയാതീതമായി തെളിയിച്ചത്. വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന പോസിട്രോണുകള്‍ പ്രപഞ്ചത്തില്‍ സുലഭമായ ഇലക്‌ട്രോണുകളുമായി സംയോജിച്ച് പെട്ടെന്നുതന്നെ ഗാമാവികിരണമായി മാറുകയും ചെയ്യുന്നു. ദ്രവ്യമാനമോ വൈദ്യുതചാര്‍ജോ ഇല്ലാത്ത മൗലിക കണങ്ങളാണ് ന്യൂട്രിനോകള്‍. ബീറ്റാകണങ്ങളോടൊപ്പം റേഡിയോ ആക്റ്റീവ് മൂലകങ്ങളില്‍നിന്ന് ഉല്‍സര്‍ജിക്കപ്പെടുന്ന ന്യൂട്രിനോയെക്കുറിച്ച് 1930-ല്‍ തന്നെ വുള്‍ഫ് ഗാംഗ്‌പോളി പ്രവചിച്ചിരുന്നുവെങ്കിലും അത് പരീക്ഷണപരമായി തെളിയിക്കപ്പെട്ടത് 1953-ല്‍ മാത്രമാണ്. ഏത് വസ്തുവിലൂടെയും തുളച്ച് കയറാന്‍ നിഷ്പ്രയാസം കഴിയുന്ന ന്യൂട്രിനോകളെ തടഞ്ഞുനിര്‍ത്തുവാന്‍ നൂറുകണക്കിന് പ്രകാശവര്‍ഷങ്ങളുടെ കനത്തിലുള്ള ഖരപദാര്‍ഥം വേണമത്രെ! ന്യൂക്ലിയസ്സിനുള്ളില്‍ നിലനില്‍ക്കുന്ന ന്യൂക്ലീയബലത്തിന് കാരണക്കാരായ മീസോണുകളാണ് മറ്റൊരുതരം മൗലികകണങ്ങള്‍. പ്രോട്ടോണുകളും ന്യൂട്രോണുകളും തമ്മില്‍തമ്മിലുള്ള ആകര്‍ഷണത്തിന് കാരണം മീ സോണുകളുടെ കൈമാറ്റമാണെന്ന് 1935-ല്‍ പ്രസ്താവിച്ചത് ഹിദേക്കിയുക്കാവോ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞനാണ്. ന്യൂക്ലിയസിന്റെ സ്ഥിരതക്ക് നിദാനമായ മീസോണുകളുടെ അസ്തിത്വം സംശയാതീതമായി തെളിയിച്ചത് 1947-ല്‍ സി.എഫ്. പൗവ്വല്‍ എന്ന ശാസ്ത്രജ്ഞനാണ്. അവയുടെ ആയുസ്സ് വളരെ കുറവുമാണ്. പയോണ്‍, കയോണ്‍, മ്യുയേ്യാണ്‍ തുടങ്ങി മീസോണുകള്‍ പലതരമുണ്ട്. ഇതില്‍ ഏറ്റവും കൂടിയ ആയുസ്സുള്ളത് മ്യുയോണിനാണ്. 2.2 ഃ 10 +6 സെക്കന്‍ഡ് ആണ് ഇതിന്റെ ആയുസ്സ്. ഒരു സെക്കന്‍ഡിന്റെ ഒരു കോടിയില്‍ 22 ഭാഗം. ഇത്രയും സമയത്തിനുള്ളില്‍ ഇത് വിഘടിച്ച് മറ്റ് കണങ്ങളായി മാറുമെന്നര്‍ഥം. ഇവ കൂടാതെ ഹൈപ്പറോണുകള്‍ എന്നറിയപ്പെടുന്ന മറ്റൊരുതരം കണങ്ങളെയും ന്യൂക്ലിയസിനകത്ത് കണ്ടെത്തിയിട്ടുണ്ട്.
എതിര്‍ പദാര്‍ഥമെന്ന വിസ്മയം
ഇലക്‌ട്രോണുകളുടെ എതിര്‍ കണികകളായ പോസിട്രോണുകളെപ്പോലെ മറ്റ് കണങ്ങളുടെയും എതിര്‍ കണികകളുണ്ടാവാമല്ലോ. 1985-ല്‍ നെഗറ്റീവ് ചാര്‍ജുള്ള പ്രോട്ടോണിന്റെ- എതിര്‍ പ്രോട്ടോണ്‍ (ANTI PROTON) അസ്തിത്വം സംശയാതീതമായി തെളിയിക്കപ്പെട്ടു. എതിര്‍ പ്രോട്ടോണില്‍നിന്ന് ഇലക്‌ട്രോണ്‍ നഷ്ടപ്പെട്ടാല്‍ അത് എതിര്‍ ന്യൂട്രോണായിത്തീരും. ന്യൂട്രോണിന് വിപരീത ദിശയില്‍ കറങ്ങുന്ന കണികയാണ് എതിര്‍ ന്യൂട്രോണ്‍. എതിര്‍ പ്രോട്ടോണും എതിര്‍ ന്യൂട്രോണും എതിര്‍ ഇലക്‌ട്രോണുമെല്ലാം ഉള്ള സ്ഥിതിക്ക് ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു എതിര്‍ ആറ്റ (ANTI  ATOM) ത്തിന്റെ സാധ്യത നിഷേധിച്ചു കൂടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പക്ഷം. ഈ ആറ്റത്തിന്റെ ന്യൂക്ലിയസിന് നെഗറ്റീവ് ചാര്‍ജും ഇലക്‌ട്രോണുകള്‍ക്ക് പോസിറ്റീവ് ചാര്‍ജുമാണുണ്ടാവുക. ഈ ആറ്റങ്ങള്‍ എതിര്‍ പദാര്‍ഥത്തിന് (ANTI  MATTER) രൂപം നല്‍കിയിട്ടുണ്ടായിരിക്കണം. ആറ്റങ്ങളും എതിര്‍ ആറ്റങ്ങളും തമ്മില്‍ കൂട്ടിമുട്ടാനിടയായാല്‍ അത്യധികം ഊര്‍ജം ഉല്‍പാദിപ്പിച്ചുകൊണ്ട് അവ അപ്രത്യക്ഷമാവും. അതിനാല്‍ ആറ്റങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ പ്രപഞ്ചമേഖലയില്‍ എതിര്‍ പദാര്‍ഥം നിലനില്‍ക്കുകയില്ല. എതിര്‍ പദാര്‍ഥത്തിന്റേതായ മറ്റൊരു എതിര്‍പ്രപഞ്ച (ANTI UNIVERSE) മുണ്ടാവാനുള്ള സാധ്യതയെ ശാസ്ത്രജ്ഞന്മാര്‍ നിരസിക്കുന്നില്ല. അങ്ങനെയൊരു പ്രപഞ്ചമുണ്ടെങ്കില്‍ അതും നമ്മുടെ പ്രപഞ്ചവും തമ്മില്‍ കൂട്ടിയിടിച്ചാല്‍ അത്യധികം ഊര്‍ജം ഉല്‍പാദിപ്പിച്ചുകൊണ്ട് അവ രണ്ടും അപ്രത്യക്ഷമാവും!
തന്റെ ശക്തിയുപയോഗിച്ച് ്രപപഞ്ചത്തെ സൃഷ്ടിച്ച സര്‍വലോക രക്ഷിതാവ് തന്നെയാണ് എല്ലാറ്റിനും കഴിവുള്ളവന്‍. പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്തോറും അവന്റെ സൃഷ്ടിവൈഭവം നമുക്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുന്നത്.
ക്വാര്‍ക്കുകളും ഇണകള്‍തന്നെ!
ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ മൗലികകണങ്ങളാലാണ് ആറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ ഈ മൗലികകണങ്ങള്‍ എന്തുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന അന്വേഷണത്തിലാണ് ഇന്ന് ശാസ്ത്രജ്ഞന്മാര്‍. പദാര്‍ഥത്തിന്റെ പൊരുള്‍ തേടിയുള്ള പ്രയാണം അവസാനിച്ചിട്ടില്ലെന്നര്‍ഥം. ജെല്‍മാന്‍, ജോര്‍ജ്, സ്വിഗ്ഗ് തുടങ്ങിയവരാണ് ഇവ്വിഷയകമായി പഠനം നടത്തുന്നതില്‍  പ്രമുഖന്മാര്‍.  പ്രോട്ടോണ്‍,  ന്യൂട്രോണ്‍, മീസോണ്‍ എന്നീ കണങ്ങള്‍ അവയെക്കാള്‍ പ്രാഥമികമായ മൂന്ന് തരം ക്വാര്‍ക്കുകള്‍ (QUARKS) കൊണ്ടാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നാണ് അവരുടെ പക്ഷം. ഈ ക്വാര്‍ക്കുകളെ അപ് (Up-u qua rk), ഡൗണ്‍ (Down-d quark) സ്‌ട്രെയിഞ്ച് (Strange-S quark) എന്നിങ്ങനെ വിളിക്കാം. ക്വാര്‍ക്കുകള്‍ക്ക് പൂര്‍ണമായ വൈദ്യുത ചാര്‍ജില്ല. അവയുടെ ആംശിക വൈദ്യുത ചാര്‍ജ് (FRACTIONAL ELECTRIC CHARGE) എന്ന പ്രത്യേകത, ഇലക്‌ട്രോണിന്റെ വൈദ്യുത ചാര്‍ജാണ് ഏറ്റവും ചെറിയ വൈദ്യുതഘടകമെന്ന, മുമ്പുണ്ടായിരുന്ന വീക്ഷണം ശരിയല്ലെന്ന് വ്യക്തമാക്കുന്നു. u ക്വാര്‍ക്കിന്റെ വൈദ്യുത ചാര്‍ജ് 2/3ഉം d യുടെയും s ന്റെയും ചാര്‍ജ് 1/3 വീതവുമാണെന്നാണ് ക്വാര്‍ക്ക് സിദ്ധാന്തം പറയുന്നത്. ഈ ക്വാര്‍ക്കുകളെ വ്യത്യസ്ത അനുപാതത്തില്‍ ചേര്‍ത്തുകൊണ്ടാണ് പ്രാഥമികകണങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നും ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. രണ്ട് u ക്വാര്‍ക്കുകളും ഒരു d ക്വാര്‍ക്കും കൊണ്ട് പ്രോട്ടോണും രണ്ട് u ക്വാര്‍ക്കുകളും ഒരു ൗ ക്വാര്‍ക്കും കൊണ്ട് ന്യൂട്രോണും നിര്‍മിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. 1974- ല്‍ സൈകണമെന്ന പുതിയ ഒരുതരം കണികയുടെ കണ്ടെത്തലിനോടനുബന്ധിച്ച് ചാംക്വാര്‍ക്ക് (Charm-c quark)  എന്ന പുതിയൊരു തരം ക്വാര്‍ക്കുകളെകൂടി സങ്കല്‍പിച്ചുവരുന്നുണ്ട്.
ക്വാര്‍ക്കുകളെക്കുറിച്ച് ഒട്ടനവധി സിദ്ധാന്തങ്ങളുണ്ടെങ്കിലും ഒരു ക്വാര്‍ക്കിനെയും ഇതുവരെ ഒറ്റക്ക് കിട്ടിയിട്ടില്ല. ക്വാര്‍ക്കിനെ ഒറ്റക്ക് ലഭിക്കുകയില്ലെന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ പക്ഷം. ഒരു മെസോണിലെ ക്വാര്‍ക്ക്-പ്രതിക്വാര്‍ക്ക് ഇണകളെ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ലത്രെ. രണ്ട് ക്വാര്‍ക്കുകളും തമ്മിലുള്ള ആകര്‍ഷണശക്തി അവ തമ്മിലുള്ള അകലം വര്‍ധിക്കുന്തോറും കൂടിവരികയാണ് ചെയ്യുന്നതത്രെ! ക്വാര്‍ക്കുകളുടെ ഈ വിചിത്ര സ്വഭാവം കാരണം രണ്ട് ക്വാര്‍ക്കുകളെ  വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നിശ്ചിത അകലത്തി ല്‍ അവ തമ്മിലുള്ള ആകര്‍ഷണ ബലം സീമാതീതമായിരിക്കും. ക്വാര്‍ക്കുകളെ ഒരിക്കലും വേര്‍പിരിക്കാനാവാത്ത വിധത്തില്‍ ഒന്നിച്ച് നിര്‍ത്തുന്ന പ്രതിഭാസത്തെയാണ് ഇന്‍ഫ്രാറെഡ് അടിമത്തം (INFRARED SLAVERY) എന്ന് പറയുന്നത്. ക്വാര്‍ക്കുകളെക്കുറിച്ച പഠനശാഖയായ ക്വാണ്ടം ക്രോമോഡൈനാമിക്‌സ് (QUANTUM CHRO MO DYNAMICS) പുരോഗമിച്ചുകൊണ്ടി-രിക്കുകയാണ്. ഒരിക്കലും വേര്‍തിരിക്കാനാവാത്ത ക്വാര്‍ക്ക്-പ്രതിക്വാര്‍ക്ക് ഇണകളുടെ പാരസ്പര്യത്തില്‍നിന്നാണ് പദാര്‍ഥത്തിന്റെ മൗലിക കണങ്ങളും നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നിടത്തേക്കാണ് പ്രസ്തുത പഠനവും നമ്മെ നയിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതെത്ര ശരി.
''എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍'' (43:12).
ഏകന്‍ അല്ലാഹുമാത്രം
പദാര്‍ഥത്തിന്റെ മൗലികമായ ഏക കണം അന്വേഷിച്ചുള്ള മനുഷ്യന്റെ യാത്രയില്‍ അവന്‍ മനസ്സിലാക്കിയത് ഏക കണമെന്ന് അവകാശപ്പെടാവുന്ന ഒരു വസ്തുവും ഈ പ്രപഞ്ചത്തിലില്ലെന്ന വസ്തുതയാണ്. ഈ പ്രപഞ്ചത്തിലുള്ള വസ്തുക്കളെല്ലാം ഒന്നൊന്നിനോട് ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. ക്വാര്‍ക്കുകള്‍ക്കുപോലും ആന്റി ക്വാര്‍ക്കുകളില്ലെങ്കില്‍ അസ്തിത്വമില്ലെന്നാണ് സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍നിന്ന് ഒരു കാര്യം സ്പഷ്ടമാവുന്നു. ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവും 'ഏക'മാണെന്ന് പറയുക സാധ്യമല്ല. പദാര്‍ഥത്തിന്റെ അടിസ്ഥാനസ്വഭാവമാണ് അതിന്റെ ബഹുത്വ (MULTIPLICITY) മെന്നും പരമമായ ഏകത്വമവകാശപ്പെടുവാന്‍ സ്രഷ്ടാവിന് മാത്രമെ സാധിക്കൂ എന്നുമുള്ള വസ്തുത വ്യക്തമാക്കുകയാണ് പദാര്‍ഥത്തിന്റെ പൊരുള്‍ തേടിയുള്ള മാനവരാശിയുടെ പ്രയാണം ചെയ്തത്.
''പറയുക, കാര്യം അല്ലാഹു ഏകനാകുന്നു എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ജന്മം നല്‍കിയിട്ടില്ല. ജനിച്ചിട്ടുമില്ല. അവന് തുല്യമായി ആരും ഇല്ലതാനും'' (112:1-4).
പദാര്‍ഥത്തിന്റെ പൊരുള്‍ തേടിയുള്ള മാനവരാശിയുടെ യാത്ര അവസാനിച്ചിട്ടില്ല. ഇന്നും ഒട്ടനവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖകളിലൊന്നാണ് അണുഭൗതികം.  ആറ്റത്തിന്റെ അകത്തളങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന ഗവേഷകര്‍ ഓരോ പുതിയ പ്രതിഭാസങ്ങള്‍ കാണുമ്പോഴും അത്ഭുത പരതന്ത്രരായി നിന്നുപോകുന്നു. സൂക്ഷ്മ ലോകത്തെ അത്യല്‍ഭുതകരമായി സംവിധാനിച്ച ശക്തിയുടെ ആസൂത്രണ വൈഭവത്തിന് മുന്നില്‍ മുട്ടുകുത്തിപ്പോകുന്നു. മനുഷ്യഗവേഷണങ്ങള്‍ക്കുപോലും പിടികൊടുക്കാത്ത പ്രതിഭാസങ്ങളുടെ സ്രഷ്ടാവ് എന്തുമാത്രം വലിയ വൈഭവത്തിന്റെ ഉടമയായിരിക്കുമെന്ന് മനുഷ്യര്‍ക്ക് ഊഹിക്കാവുന്നതാണ്.
''അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ'' (30:27).

0 comments:

Post a comment