Wednesday, 25 February 2015

ഏറ്റവും വലുത് സ്രഷ്ടാവിന്റെ അംഗീകാരം

ഇസ്‌ലാമിക പ്രബോധനത്തിന്റെ ശൈലിയെക്കുറിച്ചുള്ള ഒരു സ്വകാര്യ ചര്‍ച്ചയില്‍ ഒരു സുഹൃത്ത് സൂചിപ്പിച്ചു: ''ജനങ്ങളുടെ അംഗീകാരവും ആദരവും നേടിയെടുത്തവരായിരിക്കണം പ്രബോധകര്‍. അവരുടെ ആദരവിന് വിഘ്‌നം വരുത്തുന്ന യാതൊന്നും പ്രബോധകരില്‍നിന്ന് ഉണ്ടായിക്കൂടാ....''
ഒറ്റനോട്ടത്തില്‍ ഏറെ പ്രസക്തമെന്ന് തോന്നുന്ന അഭിപ്രായമാണിത്. എന്നാല്‍ ഏറെ അപകടകരമാണ് ഈ വീക്ഷണം.
പ്രബോധിതസമൂഹത്തിന് നടുവില്‍ ജീവിക്കുന്ന പ്രബോധകന്‍ മാതൃകാപരമായി ജീവിക്കുന്നവനാകണ-മെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അയാളുടെ ജീവിതത്തിലെ ചെറിയ തെറ്റുകള്‍ പോലും പ്രബോധന പ്രവര്‍-ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഇസ്‌ലാമിക വിശ്വാസങ്ങളെയും കര്‍മങ്ങളെയും ജീവിതചര്യയെയും സ്വന്തം ജീവിതത്തിലേക്ക് സന്നിവേശി-പ്പിക്കാത്തവര്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ ഈ ആദര്‍ശത്തെക്കുറിച്ച് ബോധ്യപ്പെടുത്തുവാന്‍ കഴിയുക? അല്ലാഹു-വിലേക്ക് ക്ഷണിക്കുന്നവരുടെ മഹത്ത്വത്തെക്കുറിച്ച് പരാമര്‍-ശിച്ച ഉടനെതന്നെ ഖുര്‍ആന്‍ പറയുന്നത് അവര്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരും അല്ലാഹുവിന് കീഴ്‌പെട്ടവരില്‍പെട്ടയാളു-കളാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരുമായിരിക്കുമെന്നാണ്: ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തി-ക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്യുന്നവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്'' (41:33).
എന്നാല്‍ പ്രബോധകന്‍ നല്ലവനാകണമെന്ന് പറയുന്നതും നല്ലവനാണെന്ന് പ്രബോധിതസമൂഹത്തെ ബോധ്യപ്പെടുത്ത-ണമെന്ന് പറയുന്നതും രണ്ടാണ്. പ്രബോധകന്‍ നന്നാവുന്നത് ജനങ്ങളുടെ അംഗീകാരവും ആദരവും നേടിയെടുക്കുന്ന-തിനുവേണ്ടിയല്ല; അല്ലാഹുവിന്റെ സംതൃപ്തി മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് അയാള്‍ സല്‍കര്‍മങ്ങളനുഷ്ഠിക്കുന്നത്. ജനങ്ങ-ളുടെ അംഗീകാരത്തിന് വേണ്ടിയുള്ള നന്നാവലിന് ജീവനുണ്ടാ-വുകയില്ല; അതുമൂലം അല്ലാഹുവിന്റെ സംതൃപ്തി തീരെ ലഭിക്കുകയുമില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി ഒരാള്‍ നന്നാവുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്ക് ജനങ്ങളുടെ അംഗീകാരവും ലഭിച്ചേക്കാം. പ്രസ്തുത അംഗീകാരം അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന അനുഗ്രഹവും പരീക്ഷണവുമായി മനസ്സിലാക്കേണ്ടവനാണ് പ്രബോധകന്‍. ആ അംഗീകാരം അവനെ അഹങ്കാരിയാക്കുകയോ പ്രസ്തുത അംഗീകാരം നിലനി-ര്‍ത്തുന്നതിനുവേണ്ടി പണിയെടുക്കുന്നവനാക്കി തീര്‍ക്കുകയോ ചെയ്യുന്നുവെങ്കില്‍ അല്ലാഹുവിന്റെ പരീക്ഷണത്തില്‍ അയാള്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണര്‍ഥം.
പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴി ജനങ്ങളുടെ അംഗീകാരവും കൈയടിയുമല്ല; പ്രത്യുത അവഹേളനങ്ങളും അപമാനവുമാണ് ലഭിക്കുകയെന്നാണ് പ്രവാചകന്മാരുടെ ചരിത്രം നമുക്ക് നല്‍കുന്ന പാഠം. പ്രവാചകന്മാരോടുള്ള പ്രബോധിതരുടെ പ്രതികരണം വ്യക്തമാക്കുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക.
''അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നീ  എറിഞ്ഞുകൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലാ-യിരിക്കും'' (26:116).
''അവര്‍ പറഞ്ഞു: തീര്‍ച്ചയായും  ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമി-ക്കാത്തപക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുകതന്നെ ചെയ്യും. ഞങ്ങളില്‍നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുകതന്നെ ചെയ്യും'' (36:18).
''അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല'' (11:91).
''തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും.....'' (18:20).
''അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കുകതന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരികതന്നെ വേണം.......'' (7::88).
''അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുകതന്നെ ചെയ്യും. അല്ലാത്തപക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരൂ.........'' (14:13).
ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന യാഥാര്‍ഥ്യമെന്താണ്? ജനങ്ങളുടെ എതിര്‍പ്പും വെറുപ്പുമെല്ലാം  തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹുവിലേക്ക് ക്ഷണിച്ച പ്രവാചകന്മാരാരും അല്ലാഹുവിന്റെ അംഗീകാരമല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിച്ചിരുന്നില്ല. അവരാണ് എക്കാലത്തെയും പ്രബോധകര്‍ക്കുള്ള മാതൃക. ജനങ്ങളുടെ അംഗീകാരത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ പരിണതിയെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു ഹദീഥിന്റെ സാരം കാണുക:
''മഹ്മൂദുബ്‌നു ലബീദ് നിവേദനം: നബി(ല) പറഞ്ഞു: നിങ്ങളുടെമേല്‍ ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കാണ് (ശിര്‍ക്കുല്‍ അസ്ഗര്‍). അവര്‍ ചോദിച്ചു: പ്രവാ ചകരേ, എന്താണ് ചെറിയ ശിര്‍ക്ക്? അദ്ദേഹം പ്രതിവചിച്ചു: ലോകമാന്യം. അടിമകള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന നാളില്‍, ആളുകളെ കാണിക്കാനായി കര്‍മങ്ങള്‍ ചെയ്തവരോട് അല്ലാഹു പറയും, ആരുടെ പ്രീതിക്ക് വേണ്ടിയാണോ നിങ്ങള്‍ കര്‍മങ്ങള്‍ ചെയ്തത് അവരുടെ അടുക്കല്‍നിന്ന് വല്ലതും ലഭിക്കുമോ എന്ന് നോക്കുക'' (മുസ്‌നദ് അഹ്മദ്, ഹദീഥ്: 22528).

0 comments:

Post a Comment