Friday, 13 February 2015

ഇസ്‌ലാമികപ്രമാണങ്ങളുടെ പുനര്‍വായന


മാനവമോചനത്തിന്റെ സമ്പൂര്‍ണദര്‍ശനമാണ് ഇസ്‌ലാം. ജീവിതസംസ്‌കരണത്തിലൂടെയുള്ള വിമോചനത്തെക്കുറിച്ചാണ് ഇസ്‌ലാം സംസാരിക്കുന്നത്. മാനസിക സംസ്‌കരണത്തില്‍ നിന്നാണ് അതിന്റെ തുടക്കം. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയുമെല്ലാം സമഗ്രമായി സംസ്‌കരിക്കണമെങ്കില്‍ മനുഷ്യമനസ്സുകളാണ് നന്നാവേണ്ടതെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. മാനവമോചനത്തിന്റെ എല്ലാമാനങ്ങളിലേക്കും ഇസ്‌ലാം വെൡച്ചം വീശിയിട്ടുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും പണിക്കാരന്റെയും പണക്കാരന്റെയും തൊഴിലാളിയുടെയും മുതലാളിയുടെയുമെല്ലാം പൂര്‍ണമായ അര്‍ഥത്തിലുള്ള സംസ്‌കരണവും വിമോചനവും എങ്ങനെ സാധിക്കാമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ ഏതേതു തുറകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിമായിരുന്നാലും ഒരാള്‍ അയാളുടെ മോചനത്തിന്റെ മാര്‍ഗരേഖ തേടി മറ്റെവിടേക്കും പോകേണ്ടതില്ല. ഇസ്‌ലാമിക പ്രമാണങ്ങള്‍തന്നെ കൃത്യവും വ്യക്തവുമായ മോചനപാത വരച്ചുകാണിക്കുന്നുണ്ടെന്നു സാരം.
ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പണ്ഡിതന്മാരുടെ സമവായവും (ഇജ്മാഅ്) അടിസ്ഥാനപ്രമാണ ങ്ങളെ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്ത് വിധി കണ്ടെത്തുന്നതും (ഖിയാസ്) പ്രാമാണികമായി അംഗീകരിക്കപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഈ പ്രമാണങ്ങളിലൂടെ കടന്നുപോകുന്നുവര്‍ക്ക്, അവര്‍ ജീവിതത്തിന്റെ ഏതേത് തുറകളില്‍ വ്യവഹരിക്കുന്നവരാണെങ്കിലും അവരുടെ സംസ്‌കരണത്തിനും വിമോചനത്തിനുമാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയില്‍ കണ്ടെത്താന്‍ കഴിയും, തീര്‍ച്ച. ഇസ്‌ലാമിക പ്രമാണങ്ങളെ എങ്ങനെയാണ് വായിക്കേണ്ടത്? പ്രമാണങ്ങളെ മനസ്സിലാക്കുന്നവര്‍ ഏതു ഭൂമികയില്‍ നിന്നുകൊണ്ടാണ് അവയെ നോക്കികാണേണ്ടത്? ഒാരോരുത്തരും അവരുടെ ഇച്ഛയ്ക്കും താല്‍പര്യത്തിനുമനുസരിച്ച് മനസ്സിലാക്കേണ്ടവയാണോ ഈ പ്രമാണങ്ങള്‍? തങ്ങളുടെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് പ്രമാണങ്ങളെ വ്യാഖ്യാനിക്കുവാനും അവയില്‍നിന്ന് മതവിധികള്‍ കണ്ടെത്തുവാനും പ്രസ്തുത വിധികള്‍ പ്രകാരം ജീവിക്കുവാനും ഒരോരുത്തര്‍ക്കും അവകാശമുണ്ടോ? അങ്ങനെയുണ്ടങ്കില്‍ ഒരൊറ്റ ഇസ്‌ലാമിന് പകരം നിരവധി ഇസ്‌ലാമുകള്‍ ഉണ്ടാവുകയായിരിക്കും ഫലമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പിന്നെ പ്രമാണങ്ങള്‍ എങ്ങനെ വായിക്കണമെന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം കാണും? ഉത്തരം വ്യക്തമാണ്. ഈ പ്രമാണങ്ങള്‍ ആര്‍ക്കു മുന്നിലാണോ സമര്‍പിക്കപ്പെട്ടത് അവരുടെ ഭൂമികയില്‍ നിന്നുകൊണ്ട് ഇവയെ വായിക്കുവാനാണ് സത്യമാര്‍ഗത്തില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ പരിശ്രമിക്കേണ്ടത്. പ്രവാചകന്റെ (ല) സച്ചരിതരായ സ്വഹാബിമാരുടെ മുമ്പിലാണ് ഈ പ്രമാണങ്ങള്‍ സമര്‍പിക്കപ്പെട്ടത്. പ്രവാചകനില്‍നിന്ന് മതം പഠിച്ചവരാണവര്‍. അവരില്‍നിന്ന് അടുത്ത തലമുറയും അതിന്നടുത്ത തലമുറയും കാര്യങ്ങള്‍ ഗ്രഹിച്ചു. ഈ തലമുറകള്‍ മാതൃകായോഗ്യമാണെന്ന് പ്രവാചകന്‍ (ല) പഠിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇസ്‌ലാമിക പ്രമാണങ്ങളെ അവ ഉദ്ദേശിച്ച അര്‍ഥത്തില്‍ മനസ്സിലാക്കണമെന്നുള്ളവര്‍ ആദിമ തലമുറകളിലെ ആളുകള്‍ അവയെ മനസ്സിലാക്കിയ രീതിയില്‍തന്നെ മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം മാര്‍ഗഭ്രംശമായിരിക്കും ഫലം. പ്രവാചകനില്‍നിന്ന് മതം പഠിച്ചവരില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ടായിരുന്നു. അവരെല്ലാവരും ഒരേരൂപത്തില്‍ തന്നെയാണ് മതത്തെ മനസ്സിലാക്കിയത്. ഹദീസ് നിവേദകരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് അബൂഹുറയ്‌റ(്യ)യും ആയിശ(്യ)യും. ഇവര്‍ തമ്മില്‍ ലിംഗവ്യത്യാസമുണ്ടായിരുന്നെങ്കിലും ആശയങ്ങള്‍ മനസ്സിലാക്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന രീതിശാസ്ത്രം ഒന്നു തന്നെയായിരുന്നു. അവിടെയൊന്നും സ്ത്രീപക്ഷമോ പുരുഷപക്ഷമോ കാണാന്‍ നമുക്കാര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ പ്രമാണങ്ങളെ പുരുഷപക്ഷ വായനക്കോ സ്ത്രീപക്ഷ വായനക്കോ വിധേയമാക്കണമെന്ന വാദം ശുദ്ധ ഭോഷ്‌ക്കാണ്. ഇസ്‌ലാമികപ്രമാണങ്ങള്‍ വരച്ചുകാണിക്കുന്ന വിമോചനത്തെ ഭാരമായി മനസ്സിലാക്കുന്നവര്‍ തന്നെയാണ് പ്രസ്തുത പ്രമാണങ്ങളെ പ്രത്യേക പക്ഷ വായനകള്‍ക്ക് വിധേയമാക്കണമെന്നു വാദിക്കുന്നതെന്ന വസ്തുത എന്തുമാത്രം ജുഗുപ്‌സാവഹമല്ല! പ്രമാണങ്ങളെ സത്യസന്ധമായി മനസ്സിലാക്കണമെന്നും അവയുള്‍ക്കൊള്ളുന്ന സംസ്‌കരണത്തിനും വിമോചനത്തിനും വിധേയമാവണമെന്നും ആഗ്രഹിക്കുന്നവര്‍ ആദിമതലമുറകള്‍ അവയെ ഉള്‍ക്കൊണ്ടതുപോലെ ഉള്‍ക്കൊള്ളുവാനാണ് സന്നദ്ധരാകേണ്ടത്.

0 comments:

Post a Comment