Saturday, 21 February 2015

പ്രബോധകന് പ്രതിസന്ധികളില്ല!

മണിയപ്പന്റെ മരണവാര്‍ത്ത വായിച്ചത് ട്രെയിനില്‍ വെച്ചാണ്. പലരും വാര്‍ത്ത ഉച്ചത്തില്‍ വായിക്കുകയും ഇസ്‌ലാമിക ഭീകരവാദികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലരെല്ലാം എന്നെ ഉദ്ദേശിച്ചുകൊണ്ടുതന്നെ കുത്തിപ്പറയുന്നുണ്ടായിരുന്നു. 'ഭീകരവാദത്തിന്റെ അടയാളമായ' താടി എന്റെ മുഖത്തുമുണ്ടല്ലോ?

ഇത്തരം സന്ദര്‍ഭങ്ങള്‍ പരീക്ഷണങ്ങളാണെന്ന് തരിച്ചറിയേണ്ടവരാണ് പ്രബോധകന്മാര്‍. ചുറ്റുമിരിക്കുന്നവര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോവുന്നതു മൂലമുണ്ടാവുന്ന അപകര്‍ഷതാബോധത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് പ്രധാനപ്പെട്ട ഒരു പരീക്ഷണം തന്നെയാണ്. മുസ്‌ലിമായിപ്പോയതില്‍ തന്നെ അപകര്‍ഷത തോന്നിയേക്കാം. അതല്ലെങ്കില്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ സ്വീകരിക്കേണ്ടി വന്നതില്‍ ജാള്യത അനുഭവപ്പെട്ടേക്കാം. ഇത് ഒരു വശം. മറുവശത്താകട്ടെ ചിലപ്പോള്‍ വൈകാരികമായി പ്രതികരിക്കാന്‍ തോന്നിയേക്കാം. അതല്ലെങ്കില്‍ വര്‍ഗീയമായി, വേട്ടക്കാരന്‍ സ്വന്തം വര്‍ഗത്തില്‍ പ്പെട്ടവനായിപ്പോയി എന്ന കാരണത്താല്‍ മാത്രം ന്യായീകരിക്കാന്‍ തുനിഞ്ഞേക്കാം. അ തൊന്നുമല്ലെങ്കില്‍ നിശ്ശബ്ദനായി ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടുവാന്‍ മനസ്സു മന്ത്രിച്ചേക്കാം. ഇതൊന്നും ശരിയായ നടപടിയല്ല. ഈ നടപടികള്‍ക്കു വേണ്ടി നമുക്കു തോന്നുന്നുവെങ്കില്‍ നാം പിശാചിന്റെ പ്രലോഭനത്തിലാണെന്നാണ് അര്‍ഥം. പ്രസ്തുത പ്രലോഭനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണല്ലോ നാം സദാസമയം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്.
ഏതു സന്ദര്‍ഭങ്ങളെയും അവസരങ്ങളായി കാണേണ്ടവരാണ് പ്രബോധകന്മാര്‍; ഇസ്‌ലാമിക പ്രബോധനത്തിനുള്ള അവസരം. അങ്ങനെയാണ് പ്രവാചകന്മാകര്‍ പഠിപ്പിച്ച മാതൃക. തനിക്കെതിരെ അരിശം തുള്ളി നില്‍ക്കുന്ന വിഗ്രഹാരാധകരോട് സൗമ്യമായി, അവരുടെ യുക്തിബോധത്തെ ഉദ്ദീപിപ്പിച്ചുകൊണ്ട് ബഹുൈദവാരാധനയുടെ നിരര്‍ഥകതയെക്കുറിച്ച് പറഞ്ഞു കൊടുത്ത ഇബ്രാഹീം നബി(ൗ)യും സ്വപ്‌ന വ്യാഖ്യാനം അന്വേഷിച്ചു വന്ന തടവുപുള്ളികളോട് പ്രസ്തുത അവസരം ഉപയോഗിച്ച് ഏകനും സര്‍വാധിപതിയുമായ അല്ലാഹുവിന്റെ മാത്രം  ആരാധ്യതയെപ്പറ്റി പ്രബോധനം ചെയ്ത യൂസുഫ് നബി(ൗ)യും മരണശയ്യയില്‍ കിടക്കുന്ന യൂദ പെണ്‍കൊടിയോട് സത്യസാക്ഷ്യങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച മുഹമ്മദ് നബി(ല)യുമെല്ലാം ഉദാഹരണങ്ങളാണ്. പ്രവാചകന്മാരെ മാതൃകയാക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഓരോ അവസരവും, അത് സംതൃപ്തമായ സാഹചര്യങ്ങളുടേതാണെങ്കിലും അല്ലെങ്കിലും സത്യമത പ്രബോധനത്തിന് ഉപയോഗപ്പെടുത്തുവാനുള്ള വേദികളാണ്. അങ്ങനെയാകുമ്പോള്‍ പിശാച് പരാജയപ്പെടുകയും നിരാശനാവുകയും ചെയ്യുമെന്നുറപ്പാണ്.
ഇസ്‌ലാം ഭീകരതയാണെന്ന് 'അനുഭവ'ങ്ങളില്‍ നിന്ന് പഠിച്ചവരുടെ മുന്നില്‍ അത് ഭീകരതയല്ലെന്ന ഗീര്‍വാണപ്രസംഗം കൊണ്ട് മാത്രം കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ ധരിച്ചവര്‍ ഏതു പക്ഷത്ത് നില്‍ക്കുന്നുവെന്ന് ശ്രദ്ധിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവര്‍. ഇരകളുടെ പക്ഷം നോക്കാതെ അവരോടൊപ്പം നില്‍ക്കണമെന്ന് പഠിപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. അക്രമിക്കപ്പെട്ടവനെ അതില്‍ നിന്ന് രക്ഷിച്ചും അക്രമിയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചും അക്രമിയെയും അക്രമിക്കപ്പെടുന്നവനെയും സഹായിക്കണമെന്നാണ് മുസ്‌ലിംകളോടുള്ള പ്രവാചകന്റെ ഉപദേശം. അക്രമിക്കപ്പെടുന്നവന്റെ വിഭാഗം നോക്കി പ്രതികരണങ്ങള്‍ ചിട്ടപ്പെടുത്തുന്നവരല്ല ഇസ്‌ലാമിന്റെ ആളുകളെന്ന് ജനം അറിയണം. ജനങ്ങളെ അറിയിക്കാനായി അങ്ങനെ ചെയ്യണമെന്നല്ല; പ്രവാചക നിര്‍ദേശം പാലിക്കാന്‍ നാം സന്നദ്ധമാവുമ്പോള്‍ ജനം അങ്ങനെ അറിഞ്ഞുകൊള്ളും. സമൂഹത്തിലുണ്ടാകുന്ന ആന്തോളനങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കേണ്ടവനല്ല; പ്രത്യുത, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കേണ്ടവനാണ് മുസ്‌ലിം എന്ന് തിരിച്ചറിയുകയും ആ തിരിച്ചറിവ് ജീവിതത്തില്‍ പ്രതിബിംബിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ ആരാണെന്ന് ജനത്തിന് ബോധ്യമായിക്കൊള്ളുമെന്ന് സാരം.
ഇസ്‌ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തെ സൃഷ്ടിപരമായി ഉപയോഗിക്കുവാന്‍ പ്രബോധകര്‍ക്ക് കഴിയണം. എന്താണ് ഇസ്‌ലാമെന്നും എന്തുകൊണ്ടാണത് തമസ്‌കരിക്കപ്പെടുന്നതെന്നും വിശദീകരിക്കുവാന്‍ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. നമ്മുടെ ഇസ്‌ലാമിക പ്രബോധനം ഒരു വര്‍ഗത്തിലേക്കുള്ള ക്ഷണമായി പരിമിതപ്പെട്ടു കൂടാ. മോക്ഷത്തിലേക്ക്, ശാശ്വത വിജയത്തിലേക്ക്, വിമോചനത്തിലേക്കുള്ള മാര്‍ഗമാണ് നാം കാണിച്ചു കൊടുക്കുന്നതെന്ന് നാം ഉറപ്പ് വരുത്തണം. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന, മുഹമ്മദ് നബി(ല)യില്‍ നിന്ന് മതം പഠിച്ച ആദിമ തലമുറക്കാര്‍ പ്രേയാഗവത്കരിച്ച സാക്ഷാല്‍ ദൈവിക സരണിയിലേക്കാണ് നാം ജനത്തെ ക്ഷണിക്കേണ്ടത്. അങ്ങനെ ക്ഷണിക്കുന്നവര്‍ ആ സരണിയുടെ വക്താവ് മാത്രമായാല്‍ പോരാ പ്രയോക്താവുകൂടിയാകണം. വര്‍ഗീയതയുടെ ലാഞ്ചനപോലും അനുവദിക്കാത്ത സരണിയാണതെന്ന് പറഞ്ഞാല്‍ മാത്രം പോരാ; നമ്മുടെ പ്രതികരണങ്ങളിലും വര്‍ത്തനങ്ങളിലുമെല്ലാം അത് തെളിഞ്ഞുകാണുകയും വോണം. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

0 comments:

Post a Comment