Saturday, 14 February 2015

അറിവും പ്രബോധനവും


തനിക്ക് ചുറ്റുമുള്ള സമൂഹത്തിന് രക്ഷാമാര്‍ഗത്തെക്കുറിച്ച അറിവ് നല്‍കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവനാണ് ഇസ്‌ലാമിക പ്രബോധകന്‍. സത്യമെന്താണെന്ന് മറ്റുള്ളവരെ തെര്യപ്പെടു ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വയംതന്നെ സത്യത്തെക്കുറിച്ച വ്യക്തമായ അറിവുണ്ടാവേണ്ടത് അനിവാര്യമാണ്. മോക്ഷത്തിന്റെ പാതയെപ്പറ്റി കൃത്യവും വ്യക്തവുമായി അറിയാത്തവര്‍ക്കെങ്ങനെയാണ് പ്രസ്തുത പാതയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാന്‍ കഴിയുക? അറിവുള്ളവരാണ് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാവേണ്ടത്. താന്‍ ക്ഷണിക്കുന്നത് എന്തിലേക്കാണോ അതിനെക്കുറിച്ച വ്യക്തവും കൃത്യവുമായ അറിവ് നേടിയെടുക്കുവാന്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം ബാധ്യസ്ഥരാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക: ''(നബിയേ), പറയുക: ഇതാണെന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ലതന്നെ'' (12:108). ഈ വചനത്തില്‍ 'ദൃഢബോധ്യ'മെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'ബസ്വീറത്ത്' എന്ന പദത്തെയാണ്. ക്ഷണിക്കുന്ന വിഷയത്തിലുള്ള പ്രമാണബദ്ധവും മനസ്സില്‍ ഉള്‍ക്കൊണ്ടുകൊണ്ടുമുള്ള ജ്ഞാനമാണ് ഈ പദം വിവക്ഷിക്കുന്നതെന്നാണ് വ്യാഖ്യാതാക്കളുടെ പൊതുവായ പക്ഷം. എന്തിലേക്കാണോ ഒരാള്‍ ക്ഷണിക്കുന്നത് അത് പ്രമാണബദ്ധമാണോയെന്ന് പരിശോധിക്കുവാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഖുര്‍ആനും സുന്നത്തുമാകുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രദാനം ചെയ്യുന്ന ആശയങ്ങള്‍തന്നെയാണോ ഞാന്‍ ജനസമക്ഷം വെക്കുന്നതെന്ന് കൃത്യമായി പരിശോധിക്കപ്പെടണം. പ്രമാണങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ - അത് സൂക്ഷ്മമാണെങ്കില്‍പോലും തിരുത്തുവാനും അവയുടെ നിഷ്‌കൃഷ്ടമായ പാതയിലേക്ക് തിരിച്ചുവരുവാനും എപ്പോഴും പ്രബോധകന്‍ ബദ്ധശ്രദ്ധനാവണം. അതോടൊപ്പംതന്നെ പ്രബോധിതരുടെ മുന്നില്‍ സമര്‍പിക്കപ്പെടുന്ന ആശയം തന്റെ ഉള്ളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കുകയും തനിക്കുതന്നെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണെങ്കില്‍ അത് തന്റെ അറിവിന്റെ അപര്യാപ്തതകൊണ്ടാണെന്ന് മനസ്സിലാക്കുകയും കൂടുതല്‍ പഠിച്ച് സ്വയം ഉള്‍ക്കൊണ്ടശേഷം മാത്രം അക്കാര്യം ജനസമക്ഷം വെക്കുകയും ചെയ്യണം. ഇവയ്‌ക്കെല്ലാംതന്നെ അറിവ് അനിവാര്യമാണ്. താന്‍ പറയുന്ന വിഷയങ്ങളിലുള്ള കൃത്യമായ അറിവ് നേടിയെടുത്തവനാകണം പ്രബോധകനെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ജ്ഞാനമുള്ളവരും വിജ്ഞാന സമ്പാദനത്തിനായി സര്‍വാത്മനാ പരിശ്രമിക്കുന്നവരുമാകണം അവര്‍.
മതപരമായ വിഷയങ്ങളിലെല്ലാം അഗാധമായ അറിവ് നേടിയതിനുശേഷം മാത്രമെ ഒരാള്‍ സത്യമത പ്രബോധനത്തിന് മുതിരേണ്ടതുള്ളൂവെന്ന് ഇതില്‍നിന്ന് ആരും മനസ്സിലാക്കിക്കൂടാത്തതാണ്. ''എന്നില്‍നിന്ന് നിങ്ങള്‍ ഒരു ആയത്തെങ്കിലും മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക''യെന്ന പ്രവാചക കല്‍പനയില്‍നിന്ന്, അറിയുന്ന കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നുതന്നെയാണ് മനസ്സിലാവുന്നത്. പ്രവാചകന്റെ അന്തിമപ്രസംഗത്തിന്റെ ഒടുക്കത്തില്‍ 'ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്കും ഈ സന്ദേശമെത്തിക്കണം' എന്ന് നിര്‍ദേശിച്ചതില്‍നിന്നും മനസ്സിലാവുന്നത് മറ്റൊന്നല്ല. നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നുതന്നെയാണ് പ്രവാചകവചനങ്ങള്‍ പഠിപ്പിക്കുന്നത്. സത്യംകൊണ്ട് ഉപദേശിക്കാത്തവര്‍ നഷ്ടക്കാരാണെന്ന ഖുര്‍ആനികവചനം നല്‍കുന്ന അറിവും ഇതുതന്നെ. ഓരോ മുസ്‌ലിമും അയാളുടെ കഴിവും അറിവുമനുസരിച്ച് പ്രബോധനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകതന്നെ വേണമെന്നര്‍ഥം. താന്‍ പ്രബോധനം ചെയ്യുന്ന വിഷയങ്ങള്‍ പ്രമാണബദ്ധമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുവാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് മാത്രമെയുള്ളൂ. തങ്ങള്‍ക്ക് ലഭിച്ച അറിവ് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുവാനും അങ്ങനെ അവരില്‍ മാറ്റമുണ്ടാക്കുവാനും ആത്മാര്‍ഥമായി പരിശ്രമിച്ചവരായിരുന്നു പ്രവാചകാനുചരന്മാര്‍. പ്രവാചകത്വം ലഭിച്ചശേഷമുള്ള ആദ്യകാലത്തുതന്നെ മുസ്‌ലിമായ അബൂദര്‍റുല്‍ ഗിഫ്ഫാരിയോട് തന്റെ ഗോത്രത്തിലേക്ക് തിരിച്ചുചെന്ന് അവരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാനാണ് മുഹമ്മദ്‌നബി(ല) പറഞ്ഞത്. അല്ലാഹു മാത്രമാണ് ആരാധ്യനെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവചനങ്ങളില്‍ മാത്രം അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രബോധനം വഴി ഗിഫ്ഫാര്‍ ഗോത്രവും അസ്‌ലം ഗോത്രവും മൊത്തത്തില്‍ മുസ്‌ലിംകളായതായാണ് ചരിത്രം പറയുന്നത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍..... എല്ലാ വിഷയങ്ങളിലും പൂര്‍ണജ്ഞാനം നേടിയ ശേഷമാണ് നിങ്ങള്‍ മറ്റുള്ളവരെ സത്യദീനിലേക്ക് ക്ഷണിക്കേണ്ടതെന്ന് മുഹമ്മദ്(ല) നബി പഠിപ്പിച്ചതായി ഹദീഥ്ഗ്രന്ഥങ്ങളിലൊന്നും കാണാന്‍ കഴിയുന്നില്ല. പറയുന്ന വിഷയത്തില്‍ ദൃഢബോധ്യത്തോടെയുള്ള പ്രമാണബദ്ധമായ അറിവ് സമ്പാദിക്കണമെന്ന ഖുര്‍ആനിന്റെയും പ്രവാചകന്റെയും നിര്‍ദേശം പാലിച്ച സ്വഹാബിമാര്‍ തങ്ങള്‍ക്ക് ലഭിച്ച ജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ ബദ്ധശ്രദ്ധരായിരുന്നുതാനും. ചുരുക്കത്തില്‍, അറിവില്ലെന്ന ഒഴിവുകഴിവ് പറഞ്ഞ് പ്രബോധനപ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കുവാന്‍ മുഹമ്മദ്‌നബിയില്‍നിന്ന് മതം പഠിച്ച ഒരു മുസ്‌ലിമിനും കഴിയില്ല. അറിവ് സമ്പാദിക്കുവാനും ഒപ്പംതന്നെ സമ്പാദിച്ച അറിവ് മറ്റുള്ളവരുമായി പങ്കുവെക്കുവാനും പരിശ്രമിക്കുന്നവരാകണം മുസ്‌ലിംകള്‍. അതാണ് സച്ചരിതരായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാത.

0 comments:

Post a Comment