Saturday, 21 February 2015

ഈദുല്‍ അദ്ഹയില്‍നിന്ന് നേടേണ്ടത്...

ഒരു ബലിപെരുന്നാളിന് കൂടി നാം സാക്ഷികളായി; ഒരിക്കല്‍കൂടി ത്യാഗിവര്യനായ  ഇബ്‌റാഹീം നബി(ൗ)യുടെ സ്മരണകള്‍ നമ്മുടെ മനസ്സിനെ ദീപ്തമാക്കി; ഇനിയൊരു ബലിപെരുന്നാള്‍ നമ്മില്‍ ആരുടെയെല്ലാം ജീവിതത്തിലുണ്ടാകുമെന്ന് നമുക്കാര്‍ക്കുമറിയില്ല. നമ്മുടെയെല്ലാം വിശ്വാസത്തിന്റെ ഉറപ്പും കരുത്തും പരിശോധിക്കുവാനാണ് ഇൗദുല്‍ അദ്ഹാ നിമിത്തമാകേണ്ടത്. തൗഹീദീ ജീവിതത്തിലൂടെ നേടിയെടുക്കേണ്ട നിര്‍ഭയത്വവും സുരക്ഷിതത്വവും നേടിയെടുക്കുവാന്‍ നമുക്കെത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന സ്വയം വിമര്‍ശനത്തിന്റെ പെരുന്നാള്‍കൂടിയാണ് ഈദുല്‍ അദ്ഹാ.

തൗഹീദ് എങ്ങനെയാണ് ഒരാളെ നിര്‍ഭയനും അല്ലാഹുവിന്റെ സുരക്ഷിതത്വത്തില്‍ ഭരമേല്‍പിക്കുന്നവനുമാക്കി ത്തീര്‍ക്കുകയെന്ന് ഇബ്‌റാഹീം നബി(ൗ)യുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും ഏകനായ വിധാതാവില്‍ വിശ്വസി ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിഗ്രഹങ്ങളെയോ വ്യാജ ദൈവങ്ങളെയോ സിദ്ധന്മാരെയോ ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. സംഭവിക്കുന്നതെല്ലാം ദൈവികവ്യവസ്ഥയുടെ അലംഘനീയമായ വിധിപ്രകാരമുള്ള കാര്യങ്ങളാണെന്നും തന്റെ ചെയ്തികള്‍ ശരിയാണെങ്കില്‍ പിന്നെ സ്രഷ്ടാവിനെയല്ലാതെ മറ്റാരെയും താന്‍ ഭയക്കേണ്ടതില്ലെന്നുമുള്ള ബോധമാണ് വിഗ്രഹപൂജകരെ വെല്ലുവിളിക്കുവാനും നക്ഷത്രാരാധ കരുമായി സംവദിക്കുവാനും ചക്രവര്‍ത്തിയോടുപോലും ഒട്ടും കൂസലില്ലാതെ സത്യം തുറന്നുപറയാനുമുള്ള ധൈര്യം ഇബ്‌റാഹീമിന് നല്‍കിയത്. അഗ്‌നിപരീക്ഷകളെ പോലും യാതൊരു സങ്കോചവുമില്ലാതെ നേരിടാന്‍ അദ്ദേഹത്തെ പര്യാപ്തമാക്കിയതും ഈ വിശ്വാസദാര്‍ഢ്യംതന്നെ. നാലു സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് തൗഹീദ് എങ്ങനെയാണ് ഒരാളെ നിര്‍ഭയനാക്കിയതെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക:
''അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്റെ രക്ഷിതാവിന്റെ ജ്ഞാനം സര്‍വകാര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ചുനോക്കാത്തത്? നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍'' (6:80-81).
''അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ടുകൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നതുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!! അങ്ങനെ അതും അസ്തമിച്ചുപോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍പെട്ടവനേ അല്ല'' (6:76-79).
''ഇബ്‌റാഹീമിനോട്  അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീ അറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറുനിന്ന് കൊണ്ടുവരിക.  അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (2:258).
''എന്നാല്‍, അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍'' (26:77-82).
ശുദ്ധമായ ഏകദൈവ വിശ്വാസംവഴി സംസ്‌കരിക്കപ്പെടുകയും അല്ലാഹുവില്‍ സകലതും ഭരമേല്‍പിക്കുകവഴി നിര്‍ഭയനാവുകയും ചെയ്ത ഇബ്‌റാഹീം(ൗ) തന്റെ പ്രബോധനപാതയില്‍ നേരിടേണ്ടിവന്ന അഗ്‌നി പരീക്ഷ യെപോലും മനസ്സ് അല്‍പംപോലും ചഞ്ചലപ്പെടാതെയാണ് നേരിട്ടത്:
''അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ. നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കു ന്നവരുടെയും കാര്യം അപഹാസ്യംതന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാ കുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറ ഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടംപറ്റിയവരാക്കുകയാണ് നാം ചെയ്തത്'' (21:66-70).
''അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ട് അവനെ ജ്വലിക്കുന്ന അഗ്‌നിയില്‍ ഇട്ടേക്കുക. അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോവുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്'' (37:97-99).
ജിഹാദിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ''അതാണ് നിങ്ങളുടെ പൂര്‍വപിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗം'' (22:78) എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. പ്രവാചകന്മാര്‍ അടക്കമുള്ള മുഴുവന്‍ മുജാഹിദുകള്‍ക്കും മാതൃകയാണ് ഇബ്‌റാഹീം നബി(ൗ)യുടെ ജീവിതം. ആരോടെങ്കിലും സായുധസമരം നടത്തിയല്ല ഇബ്‌റാഹീം(ൗ) മുജാഹിദുകള്‍ക്ക് മാതൃകയായത്. പ്രത്യുത, അന്ധവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങളിലേക്ക് നിര്‍ഭയത്വത്തോടെ കടന്നുചെന്ന് ദൈവികമതത്തിന്റെ സന്ദേശ പ്രചാരണം നടത്തിക്കൊണ്ടാണ്. ആ നിര്‍ഭയത്വം നേടിയെടുക്കാനാണ് പ്രബോധകര്‍ പരിശ്രമിക്കേണ്ടത്. ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും ശവകുടീരവ്യവസായികളും ഹോള്‍സെയില്‍ ആത്മീയതയുടെ ഗുരുക്കന്മാരും കയ്യടക്കിവെച്ചിരിക്കുന്ന (കപട)ആത്മീയതയുടെ ലോകത്തിലേക്ക് ദൈവസമര്‍പ്പണമെന്ന യഥാര്‍ഥ ആത്മീയതയുടെ യഥാരൂപത്തിലുള്ള പ്രബോധകരായി കടന്നുചെല്ലാനുള്ള ആത്മാര്‍ഥതയും അര്‍പ്പണബോധവും നേടിയെടുക്കുവാനാണ് ഈദുല്‍ അദ്ഹ നമുക്ക് പ്രചോദനമാകേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).

0 comments:

Post a Comment