Friday, 13 February 2015

പ്രതിസന്ധികളോടുള്ള പ്രതികരണം


സുഖ ദുഃഖ സമ്മിശ്രമാണ് മനുഷ്യജീവിതം. ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടാകുമ്പോള്‍ ജീവിതത്തെ തന്നെ പഴിക്കുന്നവരും ആത്മഹത്യക്ക് മുതിരുന്നവരുമുണ്ട്. തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രശ് നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് മാത്രം വേവലാതിപ്പെട്ട് ജീവിതം പാഴാക്കുന്നവരുമുണ്ട്. അനുഗ്രഹങ്ങള്‍ വന്നെ ത്തുമ്പോള്‍ സമാധാനചിത്തരാവുകയും പ്രതിസന്ധികള്‍ക്കുമുന്നില്‍ പതറിപ്പോവുകയും ചെയ്യുന്നത് സത്യവിശ്വാസികളുടെ സ്വഭാവമല്ലെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: ''ഒരു 'വക്കി'ലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചുകൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്നപക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞുകൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്റെ പാട്ടിലേക്ക് തന്നെ മറിഞ്ഞുകളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപെട്ടു. അത് തന്നെയാണ് വ്യക്തമായ നഷ്ടം'' (22:11).
ഒരു കാര്യം ഉറപ്പാണ്; സര്‍വശക്തനായ തമ്പുരാന്റെ കൃത്യമായ വിധിക്കു വിധേയമായിക്കൊണ്ടാണ് ഈ പ്രപഞ്ചത്തില്‍ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന വൈയക്തികമായ പരീക്ഷണങ്ങളായിരുന്നാലും ഏതെങ്കിലുമൊരു സമൂഹത്തിന് മൊത്തത്തില്‍ വന്നുഭവിക്കുന്ന പ്രശ്‌നങ്ങളായിരുന്നാലുമെല്ലാം അലംഘനീയമായ ദൈവവിധിയുടെ പ്രകടനങ്ങള്‍ മാത്രമാണവയെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. അതുകൊണ്ടുതന്നെ ദുഃഖങ്ങളും ദുരിതങ്ങളും മുസ്‌ലിമിെന തളര്‍ത്തുകയല്ല ചെയ്യുക; കൂടുതല്‍ ഊര്‍ജസ്വലമാക്കുകയാണ്. സ്വന്തം ജീവിതം വിമലീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന ഒരാള്‍ അവന്ന് വന്നുഭവിക്കുന്ന വിപത്തുകള്‍ സ്വന്തം ചെയ്തിയുടെ ഫലമല്ലെന്ന് സമാധാനിക്കുകയും സര്‍വശക്തന്റെ തീരുമാനമാണെന്ന് തിരിച്ചറിയുകയുമാണ് ചെയ്യുക. അല്ലാഹു പറയുന്നത് കാണുക:''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല'' (57:22,23). സര്‍വോന്നതനായ അല്ലാഹുവിന്റെ അലംഘനീയമായ വിധിയിലുള്ള വിശ്വാസമാണ് മുസ്‌ലിമിനെ ധീരനും അചഞ്ചലനുമാക്കിത്തീര്‍ക്കുന്നത്. താന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്ന് പൂര്‍ണബോധ്യമുള്ള ഒരാള്‍ക്ക് പിന്നെ ഭയപ്പാടെവിടെ? പ്രതിസന്ധികളെങ്ങനെയാണ് അവനെ ചഞ്ചലഹൃദയനാക്കുന്നത്? കാര്യങ്ങളുടെ പൂര്‍ണമായ നിയന്ത്രണാധികാരമുള്ളവനില്‍ ഭരമേല്‍പിച്ചവന്‍ പിന്നെയെങ്ങനെയാണ് തനിക്ക് വന്നുഭവിക്കുന്ന പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നത്? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുന്നവരെ പ്രശ്‌നങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലതയുണ്ടാവുകയാണ് ചെയ്തതെന്ന് ഖുര്‍ആന്‍ പറയുന്നു. ദൈവവിധിയിലുള്ള വിശ്വാസമാണ് അവരെ ധൈര്യവാന്മാരാക്കിയത്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ശ്രദ്ധിക്കുക: ''ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത.് അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു. അത് (നിങ്ങളെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചത്) പിശാച് മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍'' (3:173-175). ''എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ' എന്നു പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികെള വലയം ചെയ്യുന്നതാകുന്നു. നിനക്ക് വല്ല നന്മയും വന്നെത്തുന്നപക്ഷം അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല ആപത്തും വന്നെത്തുന്നപക്ഷം 'ഞങ്ങള്‍ ഞങ്ങളുടെ കാര്യം മുമ്പുതന്നെ സൂക്ഷിച്ചിട്ടുണ്ട്' എന്ന് അവര്‍ പറയുകയും , ആഹ്ലാദിച്ചുംകൊണ്ട് അവര്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യും. പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്. പറയുക: (രക്തസാക്ഷിത്വം, വിജയം എന്നീ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്റെ പക്കല്‍നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്'' (9: 49-52). ഇഹലോകജീവിതം പരീക്ഷണാത്മകമാണെന്ന് സ്വയം അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നവനാണ് ഇസ്‌ലാമിക പ്രബോധകന്‍. പ്രതിസന്ധികളില്‍ തളരാതെ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുമ്പോട്ടുപോകണമെന്ന് ഉപദേശിക്കുന്നവര്‍ക്ക് എന്തെങ്കിലും തരത്തിലുള പ്രതിസന്ധികളുണ്ടാകുമ്പോള്‍ രണ്ടുതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. ഒന്ന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രയാസങ്ങളും മറ്റൊന്ന് സത്യമതത്തിന്റെ ശത്രുക്കളുടെ ഭത്സനങ്ങളുമാണ്. ഇവ രണ്ടും ഇസ്‌ലാമിക പ്രബോധകനെ തളര്‍ത്തുകയല്ല കൂടുതല്‍ ഊര്‍ജസ്വലനാക്കുകയാണ് ചെയ്യേണ്ടത്; കാരണം അവന്‍ സകലതും അല്ലാഹുവില്‍ ഭരമേല്‍പിച്ചവനാണ്. ഖുര്‍ആനിന്റെ ഉപദേശം നോക്കുക: ''തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നും ബഹുദൈവാരാധകരില്‍നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു''(3:186). ജീവിതതിലുണ്ടാകുന്ന ദുരിതങ്ങളോടുള്ള വ്യക്തിയുടെ പ്രതികരണങ്ങളെ നാലായി വ്യവഛേദിച്ച് വിശദീകരിക്കുന്നുണ്ട് പ്രഗത്ഭനായ ഒരു പൂര്‍വികപണ്ഡിതന്‍. പ്രശ്‌നങ്ങളോടുള്ള നിഷേധാത്മക പ്രതികരണമാണ് ഒന്നാമത്തേത്. കോപിക്കുകയും ജീവിതത്തെ പഴിക്കുകയും ദുരിതത്തോടും അതിന് കാരണക്കാരെന്ന് വിലയിരുത്തുന്നവരോടും മോശമായി പെരുമാറുകയും ചെയ്യുന്ന പ്രതികരണം മുസ്‌ലിമിന് നിഷിദ്ധമാണ്. ഉണ്ടായ ദുരിതം അല്ലാഹുവിന്റെ വിധിയാണെന്നുകരുതി സമാധാനിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. മുസ്‌ലിമിന് ഇത് നിര്‍ബന്ധമാണ്. അനുഗ്രഹങ്ങളെയും ദുരിതങ്ങളെയും അല്ലാഹുവിന്റെ പരീക്ഷണങ്ങളായി കാണുകയും രണ്ടിനെയും ഒരേപോലെ സ്വീകരിക്കുകയും ചെയ്യുകയാണ് മൂന്നാമത്തെ രീതി. അഭികാമ്യമായ പ്രതികരണ രീതിയാണിത്. ദുരിതങ്ങള്‍ വന്നെത്തുമ്പോള്‍ അവയെ തന്റെ പാപങ്ങള്‍ നീക്കിക്കളയാനായി അല്ലാഹു തന്ന സമ്മാനമായിക്കണ്ട് സ്വീകരിക്കുന്നതാണ് നാലാമത്തേത്. ഇതാണ് അത്യുന്നതമായ പ്രതികരണ രീതി. ഇതില്‍ മൂന്നും നാലും പ്രതിക രണ രീതികള്‍ സ്വീകരിക്കുവാന്‍ നമ്മില്‍ എത്ര പേര്‍ക്ക് കഴിയുമെന്ന് സ്വയം വിലയിരുത്തുക. അല്ലാഹുവിന്റെ വാഗ്ദാനം ശ്രദ്ധിക്കുക:''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയി ക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത്; 'ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും. അവര്‍ക്കത്രെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍'' (2: 155-157).

0 comments:

Post a Comment