Wednesday, 29 July 2015

യോഗ: നിര്‍ബന്ധത്തിന്റെ മതവും രാഷ്ട്രീയവും

യോഗയും സൂര്യനമസ്‌കാരവും നിര്‍ബന്ധമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇന്‍ഡ്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നതാണെന്ന ലക്‌നൗവില്‍വെച്ച് ജൂണ്‍ ഏഴിന് ചേര്‍ന്ന ഓള്‍ ഇന്‍ഡ്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗത്തിന്റെ പ്രസ്താവന സൃഷ്ടിച്ച മാധ്യമചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല. ഇന്‍ഡ്യയില്‍ വളര്‍ന്നുവന്ന ഒരു വ്യായാമമുറ മാത്രമാണ് യോഗയെന്നും അത് ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍വെച്ച് യോഗ പഠിപ്പിക്കുന്നത് എതിര്‍ക്കേണ്ടതില്ലെന്നും ന്യായീകരിക്കുന്ന മതനിരപേക്ഷതയുടെ മുഖംമൂടിയണിഞ്ഞവര്‍ക്ക് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് അശോക് സിംഗാള്‍ മറുപടി നല്‍കിയിട്ടുണ്ട്. വൈദികസംസ്‌കാരവും സനാതനധര്‍മവുമാണ് ഭാരതരാഷ്ട്രത്തിന്റെ വേരുകളെന്നും അവ നടപ്പാക്കുന്നതില്‍നിന്ന് തടയാന്‍ ആര്‍ക്കുമാവില്ലെന്നുമാണ്, ജൂണ്‍ 15ന് പേഴ്‌സണല്‍ ലോ ബോര്‍ഡ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി യോഗയും സൂര്യനമസ്‌കാരവും അടിച്ചേല്‍പിച്ചുകൊണ്ട് ഇന്‍ഡ്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗരൂകരാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുസ്‌ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെഴുതിയ കത്തിനോട് പ്രതികരിച്ചുകൊണ്ട് സിംഗാള്‍ പറഞത്. യോഗയുടെ വേര് സ്ഥിതിചെയ്യുന്നതെവിടെയാണെന്നും നിര്‍ബന്ധിതമായി അത് നടപ്പാക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നും പി. ടി. ഐക്ക് വിശ്വഹിന്ദു പരിഷത്ത് നേതാവ് നല്‍കിയ അഭിമുഖത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. യോഗയുടെ ഭാഗമായി വളര്‍ന്നുവന്ന വ്യായാമങ്ങളില്‍ ചിലവ ശരീരത്തിന് ഗുണമുണ്ടാക്കുന്നതാവാമെന്ന വാദത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. ഒരു കേവലവ്യായാമമെന്ന നിലയില്‍ ഏതെങ്കിലുമൊരു യോഗാസനം പരിശീലിക്കുന്നത് മതവിരുദ്ധമാണെന്ന് മുസ്‌ലിം പണ്ഡിതന്‍മാരൊന്നും പറഞ്ഞിട്ടുമില്ല. വിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന നിലയില്‍ ഹിന്ദുത്വസര്‍ക്കാര്‍ യോഗാപരിശീലനം അടിച്ചേല്‍പിക്കുമ്പോള്‍ അതിന് മതത്തിന്റെ ചുവയുണ്ടാകുമെന്നുറപ്പാണ്. സിംഗാളിനെപ്പോലുള്ളവരുടെ വര്‍ത്തമാനങ്ങളില്‍ അത് പ്രകടവുമാണ്. അതുകൊണ്ടാണ് രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധിത യോഗാപരിശീലനത്തെ എതിര്‍ക്കുന്നത്. യോഗദര്‍ശനത്തിന്റെ ആചാര്യനായ പതജ്ഞലിയുടെ യോഗസൂക്തങ്ങളുടെ വെളിച്ചത്തില്‍ പില്‍ക്കാലത്ത് നിര്‍ദേശിക്കപ്പെട്ട നൂറ്റിയിരുപത് ആസനങ്ങളിലേതെങ്കിലുമുള്ള വ്യായാമമുറകളോടുള്ളതല്ല ഈ എതിര്‍പ്പ്; പ്രത്യുത, വ്യായാമത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വസംസ്‌കാരത്തോടാണ്. പൗരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന ആസ്തിക ദര്‍ശനങ്ങളിലൊന്നാണ് യോഗദര്‍ശനം. ഈശ്വരനെയും വേദങ്ങളെയും അംഗീകരിക്കുന്ന ദര്‍ശനങ്ങളെയാണ് ഹിന്ദുക്കള്‍ ആസ്തികമെന്ന് വിളിച്ചത്. പതജ്ഞലി മുനിയുടെ യോഗസൂത്രങ്ങളാണ് യോഗദര്‍ശനത്തിന്റെ അടിസ്ഥാനപ്രമാണമായി വ്യവഹരിക്കപ്പെടുന്നത്. ചേതനാതത്വമാണ് പുരുഷനെന്നും പരിണാമധര്‍മത്തോടുകൂടിയ അചേതനവസ്തുവാണ് പ്രകൃതിയെന്നും പുരുഷവിശേഷനാണ് ഈശ്വരനെന്നും പഠിപ്പിക്കുന്ന യോഗദര്‍ശനം പുരുഷനും പ്രകൃതിയും തമ്മിലുള്ള ബന്ധനത്തിന് കാരണമായ അവിദ്യ നശിച്ച് പുരുഷ-പ്രകൃതി സംയോഗം അപ്രത്യക്ഷമാകുന്ന കൈവല്യം കരഗമതമാകുന്നതിനു വേണ്ടിയുള്ള പാതയെന്താണെന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്. കൈവല്യമാണ് യോഗത്തിന്റെ ലക്ഷ്യം. പുരുഷന്‍ പ്രകൃതിയില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമാണെന്ന വിവേകപൂര്‍ണമായ ജ്ഞാനമുണ്ടാകുമ്പോള്‍ മാത്രമാണ് കൈവല്യമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുകയെന്ന് സമര്‍ത്ഥിക്കുകയും പ്രസ്തുതലക്ഷ്യസാക്ഷാത്കാരത്തിന്റെ മാര്‍ഗമായി യോഗയെ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് പതജ്ഞലി മഹര്‍ഷിയുടെ യോഗസൂത്രങ്ങള്‍. 51 സൂത്രങ്ങളുള്ള സമാധി പാദം, 55 സൂത്രങ്ങളുള്ള സാധനാപാദം, 55 സൂത്രങ്ങളുള്ള വിഭൂതി പാദം, 34 സൂത്രങ്ങളുള്ള കൈവല്യപാദം എന്നിങ്ങനെ നാല് പാദങ്ങളായാണ് യോഗസൂത്രങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. സമാധിയുടെ സ്വരൂപം, അതിന്റെ വിഭാഗങ്ങളും അവാന്തരവിഭാഗങ്ങളും, അവയുടെ ലക്ഷണങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗമാണ് സമാധി പാദം. സാധനാ പാദത്തില്‍ സമാധി പ്രാപ്തമാക്കുവാനുള്ള വ്യത്യസ്തങ്ങളായ സാധനകളാണ് വിശദീകരിച്ചിരിക്കുന്നത്. യോഗത്തിന്റെ അന്തരംഗ സാധനകളായ ധാരണ, ധ്യാനം, സമാധി എന്നിവയെപ്പറ്റിയാണ് വിഭൂതി പാദത്തിലുള്ളത്. സാധനകളാല്‍ സിദ്ധി ലഭിക്കുന്ന യോഗിക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും യോഗയുടെ ആത്യന്തികലക്ഷ്യമായ കൈവല്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് അവസാനത്തെ കൈവല്യപാദം. ഹൈന്ദവ വേദസംഹിതകളുടെ വെളിച്ചത്തിലുള്ള ഈശ്വരസാക്ഷാത്കാരത്തിനായി പതജ്ഞലിമുനി നിര്‍ദേശിക്കുന്ന സാധനകളാണ് യോഗസൂക്തങ്ങളിലുള്ളതെന്ന് സാരം. യമം, നിയമം, ആസനം, പ്രാണയാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയുള്ള എട്ട് അംഗങ്ങളിലൂടെ കടന്നുവന്ന് കൈവല്യത്തിലെത്തിക്കുകയാണ് യോഗാഭ്യാസങ്ങളുടെ ലക്ഷ്യമെന്ന് യോഗസൂത്രങ്ങള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. യോഗ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് പറയുന്നവര്‍ പതജ്ഞലിയുടെ യോഗസൂത്രങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ്. ഈശ്വരസാക്ഷാത്കാരത്തിന് വേദങ്ങളുടെ വെളിച്ചത്തില്‍ നിര്‍ധരിക്കപ്പെട്ട സാധനകള്‍ എങ്ങനെയാണ് ഹിന്ദുമതത്തിന്റെ ഭാഗമാവാതിരിക്കുക?! പതജ്ഞലിയും പിന്‍ഗാമികളും നിര്‍ദേശിച്ച ചിട്ടയില്‍ പ്രസ്തുത സാധനകളനുഷ്ഠിക്കുവാന്‍ വേദസംഹിതകളുടെ ശ്രുതിപ്രാമാണ്യത്തില്‍ അടിയുറച്ചുവിശ്വസിക്കുന്നവര്‍ക്കേ കഴിയൂവെന്നുറപ്പാണ്. യോഗപരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹിന്ദുത്വസര്‍ക്കാര്‍ ശഠിക്കുന്നതുമൂലം ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷനൂലിഴകള്‍ പൊട്ടുകയാണുണ്ടാവുകയെന്ന് നാടിനെ സ്‌നേഹിക്കുന്നവര്‍ പറയുന്നത് അതുകൊണ്ടാണ്. ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്നതാണ് യോഗാസനങ്ങളെന്ന വാദത്തെപ്പോലെത്തന്നെ അവയുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്യുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. യോഗയുടെ ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പഠനങ്ങളില്‍ പലതും അതിശയോക്തിപരവും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടാത്തവയുമാണെന്ന വാദവുമുണ്ട്. യോഗ പരിശീലിക്കുന്നവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എക്‌സര്‍സൈസ് നടത്തിയ പഠനങ്ങള്‍ ഹൃദയത്തിന് യോഗകൊണ്ട് കാര്യമാത്രപ്രസക്തമായ ഗുണങ്ങളൊന്നുമില്ലെന്നാണ് വ്യക്തമാക്കിയത്. നട്ടെല്ലിനും ഡിസ്‌കിനും തകരാറു വരുത്തുന്നതാണ് പല യോഗാസനങ്ങളെന്നും മുട്ടുമടക്കി പിറകോട്ടിരിക്കുന്ന ആസനങ്ങളാല്‍ മെനിസ്‌കസ് കാര്‍ട്ടിലേജ് ക്ഷതങ്ങളുണ്ടാകാമെന്നും വിമര്‍ശനങ്ങളുണ്ട്. കഴുത്തിന് ആയാസമുണ്ടാക്കുന്ന ശീര്‍ഷാസന സമയത്ത് തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദം വര്‍ധിക്കും എന്നതിനാല്‍ അത് അപകടകരമാവാമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2004 മുതല്‍ 2008 വരെയുള്ള കാലയളവില്‍ യോഗയുമായി ബന്ധപ്പെട്ട് പതിനായിരത്തോളം ക്ഷതക്കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അമേരിക്കന്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പറയുന്നു. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത വ്യായാമങ്ങളാണ് യോഗയിലുള്ളതെന്ന് കരുതുന്നവര്‍ക്ക് അതില്‍നിന്ന് മാറിനില്‍ക്കാന്‍ അനുവാദം നല്‍കാതെ നിര്‍ബന്ധിതമായി അത് അടിച്ചേല്‍പിക്കുന്നത് ഫാഷിസമല്ലെങ്കില്‍ മറ്റെന്താണ്?! ഇനി ഒരു വ്യായാമമെന്ന നിലയ്ക്ക് യോഗയുടെ നന്മകള്‍ അംഗീകരിച്ചാല്‍തന്നെ അത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധിതമായി നടപ്പിലാക്കാനുള്ള നീക്കത്തിനുപിന്നിലുള്ള ഹിന്ദുത്വ അജണ്ട അതുമൂലം ഇല്ലാതാകുന്നില്ല എന്നതല്ലേ വാസ്തവം? ഭാവി തലമുറയുടെ ആരോഗ്യസുരക്ഷയെന്നതിനേക്കാളധികം ഭാരതീയപൈതൃകത്തിന്റെ വ്യായാമമുറകളിലേക്കുള്ള തിരിച്ചുപോക്കാണ് ഈ ഉദ്യമം ലക്ഷ്യമാക്കുന്നതെന്ന, ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ഹിന്ദുത്വ സംഘടനാ പ്രതിനിധികളുടെ അഭിപ്രായപ്രകടനങ്ങള്‍ ഇതിന്റെ അപകടം വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഇന്‍ഡ്യയിലെ സാധാരണക്കാരുടെ വ്യായമമായി ചരിത്രത്തിലെവിടെയും യോഗ നിലനിന്നിട്ടില്ലയെന്നതാണ് വാസ്തവം. 195 സൂത്രങ്ങളിലായി പതജ്ഞലി മുനി അവതരിപ്പിക്കുന്ന അഷ്ടാംഗയോഗം കേവലം സന്യാസിമഠങ്ങളില്‍ മാത്രമാണ് അനുഷ്ഠിക്കപ്പെട്ടുപോന്നിരുന്നതെന്നാണ് മനസ്സിലാകുന്നത്. രാജാക്കന്‍മാര്‍പോലും പൗരാണിക ഭാരതത്തില്‍ യോഗ അനുഷ്ഠിച്ചിരുന്നതായി വ്യക്തമാക്കുന്ന രേഖകളൊന്നുമില്ല. ക്രിസ്താബ്ദം പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഗോരക്ഷാനന്ദ യോഗിയാണ് യോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന പ്രഥമ വ്യക്തി. അദ്ദേഹത്തിന്റെ ഗോരക്ഷസംഹിത, സിദ്ധാസിദ്ധാന്തപദ്ധതി, ഗോരക്ഷതക, യോഗമാര്‍തന്‍ദ, യോഗചിന്താമണി എന്നീ ഗ്രന്ഥങ്ങളിലാണ് ഇന്നു പ്രചരിക്കുന്ന യോഗാസനമുറകളെക്കുറിച്ച പ്രാഥമിക പരാമര്‍ശങ്ങളുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സ്വത്മരാമയോഗിയുടെ ഹഠയോഗപ്രദീപിക, പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഘേരന്ദയോഗിയുടെ ഘേരന്ദ സംഹിത, പതിനേഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ശിവസംഹിത എന്നീഗ്രന്ഥങ്ങളിലാണ് ഹംയോഗമുറകളിലധികവും വിവരിക്കപ്പെട്ടിരിക്കുന്നത്. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച തിരുമലൈ കൃഷ്ണമാചാര്യയാണ് യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമായി അവതരിപ്പിക്കുകയും ചെയ്തത്. മൈസൂര്‍ രാജാവായിരുന്ന കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച് കൃഷ്ണമാചാര്യയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തതോടെയാണ് യോഗക്ക് ഔദ്യോഗിക സ്വരമുണ്ടാവുകയും സന്യാസിവ്യായാമത്തില്‍നിന്ന് ജനകീയവ്യായാമമായിത്തീരുന്നതിന്റെ പ്രഥമ പടി കടക്കുകയും ചെയ്തത്. കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി. കെ. എസ് അയ്യങ്കാര്‍, മകന്‍ ടി.കെ.വി ദേശികാചാര്‍, ശിഷ്യന്‍ കെ.പട്ടാഭി ജോയിസ് എന്നിവരാണ് യോഗയെ വിദേശത്ത് എത്തിക്കുകയും പാശ്ചാത്യനാടുകളില്‍ അതിന് പ്രചാരം നല്‍കുകയും ചെയ്തത്. ഇന്നുകാണുന്ന രീതിയില്‍ യോഗാസനങ്ങള്‍ക്ക് പ്രചാരം കിട്ടിയിട്ട് ഒരു നൂറ്റാണ്ടുമാത്രമേ ആയിട്ടുള്ളുവെന്നും പൗരാണിക ഭാരതത്തില്‍ സാധാരണക്കാരുടെ വ്യായാമമായി ഒരിക്കലും യോഗ നിലനിന്നിട്ടില്ലെന്നുമാണ് ഇവ വ്യക്തമാക്കുന്നത്. യോഗാസനങ്ങളിലെ നന്മകളെയെല്ലാം നിഷേധിക്കാനോ അവകൊണ്ട് യാതൊരുവിധ ഉപകാരവുമില്ലെന്ന് സ്ഥാപിക്കാനോ വേണ്ടിയല്ല ഇത് എഴുതുന്നത്. മതത്തിന്റെ അടിത്തറയില്‍ വളര്‍ന്നുവന്ന വ്യത്യസ്ത വൈജ്ഞാനിക ശാഖകള്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്. അവയില്‍ ചിലവ ജനങ്ങള്‍ക്ക് ഏറെ നന്മകള്‍ പ്രദാനം ചെയ്തിട്ടുമുണ്ട്. അഥര്‍വവേദത്തിന്റെ ഉപവേദമായി വളര്‍ന്നുവന്ന ആയുര്‍വേദം ഉദാഹരണം. മതച്ഛായയോടുകൂടി വളര്‍ന്നുവന്നതാണെങ്കിലും ആളുകള്‍ക്ക് ഏറെ ഉപകാരമുണ്ടാക്കിയ ഒരു വൈദ്യസമ്പ്രദായമാണിത്. അതിലെ മതാംശം പരിഗണിക്കാതെ ചികിത്സാശാസ്ത്രമെന്ന നിലയ്ക്ക് ആയുര്‍വേദത്തെ അംഗീകരിക്കുന്നവരാണ് മുസ്‌ലിംകളടക്കമുള്ള സകല ഭാരതീയരും. മതത്തിന്റെ തണലിലും അടിത്തറയിലും വളര്‍ന്നുവന്നതാണ് എന്ന വസ്തുത ആയുര്‍വേദത്തിന്റെ നന്മകളെ അംഗീകരിക്കുന്നതിന് ആര്‍ക്കും തടസ്സമായിട്ടില്ല. യോഗയുടെ സ്ഥിതിയും തഥൈവ. എന്നാല്‍, യോഗയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരുതരം സാംസ്‌കാരിക അധിനിവേശത്തിന് സംഘ് പരിവാരവും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ അതിന്റെ പിന്നിലുള്ള ‘ഉദ്ദേശ്യശുദ്ധി’ ആര്‍ക്കും മനസ്സിലാക്കാനാവും. മതനിരപേക്ഷ ഭാരതത്തെ തകര്‍ത്ത് മതാധിഷ്ഠിത സാമൂഹികഘടന-കൃത്യമായി പറഞ്ഞാല്‍ വര്‍ണാശ്രമ വ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹ്യസംവിധാനം-സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള തത്രപ്പാടുകളായേ യോഗനിര്‍ബന്ധീകരണത്തെപ്പോലെയുള്ള നടപടികളെ കാണാനാവൂ. ഇന്‍ഡ്യയുടെ ആത്മാവിനെ തകര്‍ക്കുന്ന ഇത്തരം നടപടികളെ തോല്‍പിക്കേണ്ടത് നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരുടെയും കടമയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

0 comments:

Post a Comment