Thursday, 6 August 2015

സാമ്പത്തിക പ്രതിസന്ധി വീണ്ടും ചർചയാകുമ്പോൾഇന്നത്തെ സാമ്പത്തികക്രമം ഈ രൂപത്തില്‍ തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ 1930ന്റെ തുടക്കത്തില്‍ ലോകത്ത് സംജാതമായതുപോലെയുള്ള മഹാമാന്ദ്യമാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഗവര്‍ണറും ലോകപ്രസിദ്ധ സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്റെ പ്രസ്താവനയെ ഖണ്ഡിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ഔദ്യോഗികമായി പുറത്തിറക്കിയ ധവളപത്രത്തെക്കുറിച്ച ദി എക്കണോമിക് ടൈംസ് വാര്‍ത്ത വന്നത് 2015 ജൂണ്‍ 28നാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സാമ്പത്തികകാര്യ വിദഗ്ധനായ അംബ്രോജിയോ സിസോ ബിയാല്‍ചിയും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അലക്‌സാഡ്രോ കറബൂക്കിയും കൂടി രചിച്ച പത്രം സാമ്പത്തിക ഊദാരീകരണത്തെക്കുറിച്ച രഘുറാം രാജന്റെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുകയല്ലാതെ വരാന്‍ പോകുന്ന അപകടത്തിന്റെ സാധ്യത നിഷേധിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഗ്രീസ്, തങ്ങളോട് യൂറോപ്യന്‍ കമ്മീഷനും, യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടും കൂടി നിര്‍ദേശിച്ചിരിക്കുന്ന സാമ്പത്തിക അച്ചടക്ക വ്യവസ്ഥകള്‍ അംഗീകരിക്കുവാന്‍ സാധ്യമല്ലെന്ന് ഹിതപരിശോധനയിലൂടെ വ്യക്തമാക്കിയത് മുതലാളിത്ത ലോകത്ത് സ്വന്തം സാമ്പത്തികക്രമത്തെക്കുറിച്ച് അസംതൃപ്തി മാത്രമല്ല അസഹിഷ്ണുത കൂടി വളര്‍ന്നുവരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളെയാണ് അടുത്തതായി പ്രതിസന്ധി ബാധിക്കാന്‍ പോകുന്നതെന്ന വിദഗ്ധരുടെ വിലയിരുത്തല്‍ ഭീതിജനകമാണ്. വരാന്‍പോകുന്ന അപകടത്തെ വാക്പയറ്റിന്റെ സൂത്രങ്ങള്‍കൊണ്ട് അടച്ചുകളയാമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങള്‍ ശ്രവിക്കുന്നതിനുപകരം യഥാര്‍ത്ഥ പരിഹാരത്തിലേക്ക് നടന്നടുക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. അല്ലെങ്കില്‍ തൊഴിലില്ലായ്മയും പട്ടിണിയും ദുരിതങ്ങളും നിറഞ്ഞ നാളെയെ സ്വീകരിക്കേണ്ട ഗതികേടാണ് നമുക്ക് വന്നുഭവിക്കുക; 1929കളില്‍ തുടങ്ങിയ മഹാമാന്ദ്യം നമുക്ക് നല്‍കുന്ന ചരിത്രാവബോധം അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
പ്രശ്‌നങ്ങള്‍ക്ക് രണ്ടുരീതിയിലുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടാറുണ്ട്. ഒന്നാമത്തേത് പ്രശ്‌നത്തിന്റെ ബാഹ്യവശം മാത്രം പരിശോധിച്ച് പെട്ടെന്നുതന്നെ പരിഹാരം കാണുന്ന രീതിയാണ്. യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നമെന്താണെന്നും അതിന്റെ വേരുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെയാണെന്നും മനസ്സിലാക്കിക്കൊണ്ട് പരിഹാരം കാണുന്ന രീതിയാണ് രണ്ടാമത്തേത്. പുറമെ മാത്രം പരിശോധിച്ചുകൊണ്ടുള്ള പരിഹാരനിര്‍ദേശങ്ങള്‍ക്ക് സ്ഥായീഭാവമുണ്ടാവുകയില്ല. പ്രശ്‌നത്തിന് പരിഹാരമായി എന്നു തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥ പ്രശ്‌നം എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും. വേദന സംഹാരികള്‍ കഴിച്ച് തലവേദന അകറ്റുന്നതുപോലെ മാത്രമുള്ളതാണ് ഇത്തരം പരിഹാരങ്ങള്‍. തലയ്ക്കകത്തുള്ള മുഴയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും ആ മുഴയെക്കുറിച്ച് അറിയിക്കുന്ന സിഗ്നല്‍ മാത്രമാണ് വേദനയെന്നും മനസ്സിലാക്കാതെയുള്ള പരിഹാരങ്ങള്‍ക്ക് തല്‍ക്കാലത്തേക്കുള്ള ശാന്തി പ്രധാനം ചെയ്യാന്‍ മാത്രമേ കഴിയൂ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മുതലാളിത്തലോകത്തു നിന്ന് നിര്‍ദശിക്കപ്പെടുന്ന സങ്കീര്‍ണമായ ഗണിതക്രിയകളുടെ അകമ്പടികളോടുകൂടെയുള്ള സമവാക്യങ്ങള്‍ക്ക് ഒരു പാരാസെറ്റമോള്‍ ഗുളികയുടെ ഫലം മാത്രമേ നല്‍കാനാവൂ. മുഴയെ മനസ്സിലാക്കാതെയുള്ള ചികിത്സ കൂടുതല്‍ സങ്കീര്‍ണമായ പതനങ്ങളിലേക്കുള്ള വാതായനം മാത്രമായിരിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

Ads by MacVxAd Options
ഏതൊരു സമൂഹത്തിലായിരുന്നാലും സാമ്പത്തിക പ്രതിസന്ധി നേരിടാതിരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട് ഇസ്‌ലാം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് മുക്തമാകുവാനും സംശുദ്ധമായ സാമ്പത്തിക ജീവിതം നയിക്കുവാനും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതുവഴി സാധിക്കും. അത്തരം നിര്‍ദ്ദേശങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ സാമ്പത്തിക ക്രമത്തെത്തന്നെ സമൂലമായി സംസ്‌കരിക്കുന്നതിനുള്ള വിധിവിലക്കുകളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സമൂഹത്തിനുകൂടി ഉത്തരവാദിത്വമുള്ള പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ പലതും ഏതൊരു സമൂഹത്തിലും പ്രായോഗികവല്‍ക്കരിക്കുവാനും അതുവഴിയുള്ള സാമൂഹ്യസുരക്ഷ നേടിയെടുക്കുവാനും കഴിഞ്ഞേക്കും. എന്നാല്‍ അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സാമൂഹ്യധര്‍മ്മം പൂര്‍ണമായി നിര്‍വഹിക്കപ്പെടണമെങ്കില്‍ ഇസ്‌ലാമിക സാമൂഹ്യസംവിധാനം വേണ്ടിവരും. സകാത്ത് വ്യവസ്ഥിതിയുടെ പൂര്‍ണാര്‍ത്ഥത്തിലുള്ള പ്രായോഗികവല്‍ക്കരണവും നിയമങ്ങളിലൂടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ദൂരീകരണവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
മനുഷ്യരെ ഇഹപരവിജയത്തിലേക്ക് നയിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യമനസ്സുകള്‍ക്കകത്ത് മാറ്റങ്ങളുണ്ടാക്കിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ പ്രയോഗവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നത്. വ്യക്തിയുടെ മനസ്സിനും ശരീരത്തിനും സൗഖ്യം നല്‍കുകയും കുടുംബത്തിനകത്ത് ശാന്തി നിലനില്‍ക്കുകയും സമൂഹത്തില്‍ നീതിയും സമാധാനവും നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഇസ്‌ലാമിക നിയമങ്ങളുടെ പ്രയോഗവല്‍ക്കരണം നിമിത്തമാകുന്നു. എന്നാല്‍ ഇതെല്ലാം ആരംഭിക്കുന്നത് വ്യക്തിയുടെ മനസ്സിനകത്തേക്ക് സ്രഷ്ടാവിനെക്കുറിച്ച കൃത്യമായ ബോധവും മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള വ്യക്തമായ അറിവും സന്നിവേശിപ്പിച്ചുകൊണ്ടാണ്. വിശ്വാസത്തില്‍ നിന്നാരംഭിച്ച് മരണാനന്തര ജീവിതത്തിലെ സ്വര്‍ഗപ്രവേശത്തിലെത്തുന്നതാണ് മുസ്‌ലിമിന്റെ ജീവിതസരണി. ഈ സരണിയില്‍ സ്വാഭാവികമായും വന്നുഭവിക്കുന്നതാണ് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമെല്ലാം ശാന്തിയും സമാധാനവും. സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ജീവിതത്തെ കരുപ്പിടിപ്പിക്കുമ്പോള്‍ ഇതെല്ലാം സ്വാഭാവികമായും ഉണ്ടായിത്തീരുമെന്നര്‍ത്ഥം.
മുസ്‌ലിമിന്റെ ജീവിതം അവനുമാത്രമല്ല, ചറ്റുപാടിനും ഗുണദായകമാവുമെന്നതില്‍ സംശയമില്ല. ഒരു കുടുംബത്തില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിമായി ജീവിച്ചിരിക്കുന്നതെങ്കിലും അവന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ ഗുണഫലങ്ങള്‍ കുടുംബത്തിന് മൊത്തത്തില്‍ ഉപകാരപ്രദമായിരിക്കും. ഇതേപോലെത്തന്നെയാണ് സമൂഹത്തിനും. ഇലപൊഴിയുകയോ മറ്റു പ്രയാസങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാത്തതും എല്ലാ സമയത്തും കനി നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മരത്തോടാണ് മുഹമ്മദ് നബി (സ) മുസ്‌ലിമിനെ ഉപമിച്ചിട്ടുള്ളത് (ബുഖാരി, മുസ്‌ലിം) എന്നതില്‍ നിന്നുതന്നെ അവന്റെ സാന്നിദ്ധ്യം സമൂഹത്തിന് എത്രത്തോളം ഉപകാരപ്പെടുന്നതായിരിക്കുമെന്ന് വ്യക്തമാണ്. മുസ്‌ലിമിന്റെ മതവും ജീവിതവും സംസ്‌കാരവുമെല്ലാം മറ്റുള്ളവര്‍ക്കുകൂടി ഗുണദായകമായിരിക്കുമെന്നര്‍ത്ഥം.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് അതിന്റെ സാമ്പത്തിക നിയമങ്ങള്‍. അവ പൂര്‍ണമായി പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുക ഇസ്‌ലാമിക വിശ്വാസവും കര്‍മ്മമാര്‍ഗങ്ങളും സ്വീകരിച്ചവര്‍ക്കു തന്നെയാണ്. എന്നാല്‍ പ്രസ്തുത നിയമങ്ങള്‍ സ്വീകരിക്കപ്പെടുന്നതുവഴി ഉണ്ടാകുന്ന സാമൂഹ്യമാറ്റങ്ങളുടെ ഗുണഭോക്താക്കളാവാന്‍ എല്ലാവര്‍ക്കും കഴിയും. മാത്രവുമല്ല, സാമ്പത്തിക ക്രമത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പഠനവിധേയമാക്കുകയും അവയുടെ വെളിച്ചത്തില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സാമ്പത്തിക നിലപാടുകളെ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുകയും ചെയ്യാന്‍ ഇസ്‌ലാമികാദര്‍ശം സ്വീകരിക്കാത്തവര്‍ക്കുപോലും കഴിയും. മുതലാളിത്തത്തിന്റെ പ്രതിസന്ധിക്ക് അതിന്റെ തന്നെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ ഏറെ ഉന്നയിക്കപ്പടുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ശാശ്വത പരിഹാരം പ്രദാനം ചെയ്യുന്നില്ലെന്ന തിരിച്ചറിവ് ഇത്തരമൊരു പരിശോധനയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്.
സമൂഹം പ്രയാസപ്പെടുമ്പോള്‍ പ്രസ്തുത പ്രയാസത്തില്‍നിന്ന് സഹജീവികളെ രക്ഷപെടുത്തുന്നതിനായി പരിശ്രമിക്കേണ്ടത് മുസ്‌ലിംകളുടെ ഉത്തരവാദിത്തമാണ്. ദൈവിക മാര്‍ഗദര്‍ശനവും അതു മുന്നോട്ടുവെക്കുന്ന സാമ്പത്തിക നിര്‍ദ്ദേശങ്ങളും ആധുനിക മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നതാണ് എന്ന് തിരിച്ചറിയുന്ന മുസ്‌ലിം പ്രസ്തുത പരിഹാര നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ബാധ്യസ്ഥനാണ്. സമാനമായൊരു സാഹചര്യത്തില്‍ ഖജനാവിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യൂസുഫ് നബി (അ)യുടെ മാതൃക മുസ്‌ലിംകളുടെ മുമ്പിലുണ്ട്. രാജാവ് കണ്ട സ്വപ്‌നത്തിന്റെ വ്യാഖ്യാനമായി സമൃദ്ധിയുടെ ഏഴ് വര്‍ഷം വരുവാനുണ്ടെന്നും അതിനുശേഷം ക്ഷാമത്തിന്റെ ഏഴു വര്‍ഷമുണ്ടാവുമെന്നും സമൃദ്ധി വര്‍ഷങ്ങളില്‍ സൂക്ഷിച്ചുവെച്ചതില്‍ നിന്നാണ് ക്ഷാമവര്‍ഷങ്ങളില്‍ ഉപയോഗിക്കുകയെന്നുമെല്ലാം രാജാവിനെ അറിയിച്ചശേഷം യൂസുഫ് നബി (അ) പറഞ്ഞത് ”താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. ഞാനൊരു വിവരമുള്ള സൂക്ഷിപ്പുകാരനായിരിക്കും, തീര്‍ച്ച” (ക്വുര്‍ആന്‍ 12 : 55) എന്നായിരുന്നു. ഖജനാവിന്റെ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ടാല്‍ ദൈവികബോധനപ്രകാരം അത് കൈകാര്യം ചെയ്താല്‍ ക്ഷാമവര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് ക്ഷേമമുണ്ടാകുന്ന തരത്തിലുള്ള സംവിധാനങ്ങളുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് ഉത്തരവാദിത്തമേറ്റെടുക്കുവാനുള്ള യൂസഫ് നബി (അ)യുടെ സന്നദ്ധതയില്‍ നമുക്ക് കാണാനാകുന്നത്. ലോകം പ്രതിസന്ധിയുടെ കയ്പ്പ് അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവികബോധനപ്രകാരമുള്ള പരിഹാരങ്ങളുണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കേണ്ടത് അക്കാര്യം മനസ്സിലാക്കിയവരുടെ ബാധ്യതയാണെന്നര്‍ത്ഥം. ഇസ്‌ലാമിക പ്രബോധകര്‍ക്ക് വലിയ ബാധ്യതയാണ് ഈ രംഗത്തുള്ളതെന്ന് ചുരുക്കം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).

0 comments:

Post a Comment