മതപരിവര്‍ത്തനത്തിനുവേണ്ടി ഏതു മാര്‍ഗവുമുപയോഗിക്കാമെന്ന് കരുതുകയും തങ്ങളുപയോഗിക്കുന്ന മാര്‍ഗങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍. 1605ല്‍ ഇന്‍ഡ്യയിലെത്തുകയും മദ്രാസിലെ മൈലാപൂരില്‍വെച്ച് 1656ല്‍, തന്റെ 79-ാം വയസ്സില്‍ മരണപ്പെടുകയും ചെയ്ത ഇറ്റാലിയന്‍ ജെസ്യൂട്ട് മിഷനറിയായ റോബര്‍ട്ടോ ഡി നൊബിലിയാണ് ഇക്കാര്യത്തിലുള്ള ഏറ്റവും വലിയ ക്രൈസ്തവമാതൃകയെന്ന് തോന്നുന്നു. ആദ്യം ഗോവയിലാണ് എത്തിയതെങ്കിലും തന്റെ പ്രവര്‍ത്തനകേന്ദ്രമായി അദ്ദേഹം തെരഞ്ഞെടുത്തത് തമിഴ്നാട്ടിലെ മധുരയാണ്. അവിടെ അദ്ദേഹം ഒരു സന്യാസിയായാണ് അറിയപ്പെട്ടത്. കാഷായ വസ്ത്രമണിഞ്ഞ് നെറ്റിയില്‍ ചന്ദനഭസ്മം പൂശി തലമുണ്ഡനം ചെയ്ത് കുടുമവെച്ച ഒരു സാക്ഷാല്‍ സന്യാസി. വൈജ്ഞാനികഗുരുവെന്ന് അര്‍ത്ഥം വരുന്ന തട്ടുവം ആചാര്യര്‍ എന്ന പേരുസ്വീകരിക്കുകയും താന്‍ ഇരിക്കുന്ന സ്ഥലത്തിനെ കോവില്‍ എന്നുവിളിക്കുകയും വേദമെന്ന പേരില്‍ ബൈബിള്‍ വിതരണം നടത്തുകയും ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഹിന്ദുക്കള്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയത്. പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും പുത്രന്റെയും പ്രതീകങ്ങളായി മൂന്ന് ചരടുകളെടുക്കുകയും അതു പിരിച്ച് അതുകൊണ്ട് പൂണൂല് ധരിക്കുകയും ചെയ്ത് സാക്ഷാല്‍ ബ്രാഹ്മണ വേഷത്തിലായിരുന്നു നൊബിലിയുടെ സുവിശേഷവേല! ഹൈന്ദവജീവിതക്രമം മുഴുവന്‍ സ്വീകരിച്ചുള്ള സുവിശേഷപ്രവര്‍ത്തനത്തിന്റെ സാധുതയെപ്പറ്റി ക്രൈസ്തവര്‍ പോലും സംശയിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഗോവയിലെ ആര്‍ച്ചുബിഷപ്പ് പോലും ഇത്രയും ശരിയാണോയെന്ന് സംശയം പ്രകടിപ്പിച്ചപ്പോഴാണ് അന്നത്തെ മാര്‍പാപ്പയായിരുന്ന പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍ ഇടപെട്ട് നൊബിലിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. 1623 ജനുവരി 31ന് മാര്‍പാപ്പ പുറപ്പെടുവിച്ച Romanae Sedis Autistes കല്പനയുടെ സത്ത ഏതു മാര്‍ഗമുപയോഗിച്ചാലും ജനങ്ങളെ ക്രിസ്തുവിനെ സ്വീകരിക്കുന്നവരായിത്തീര്ക്കു കയാണ് സുവിശേഷകരുടെ ദൗത്യമെന്നാണ്. സഭയുടെ സമ്മതത്തോടെയാണ് ചതിയുടെയും വഞ്ചനയുടെയും മാര്‍ഗങ്ങള്‍ സുവിശേഷകര്‍ ഉപയോഗിക്കുന്നതെന്നര്ത്ഥം.
ചതിയുടെയും ക്രൈസ്തവവല്ക്കരണത്തിന്റെയും ഭാഗമായാണല്ലോ യഥാര്‍ത്ഥത്തില്‍ ശിപായി ലഹളയെന്നറിയപ്പെട്ട 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമുണ്ടായത്. പട്ടാളക്കാര്‍ക്കുള്ള റേഷന്‍ ഉപ്പില്‍ പശുവിന്റെയും പന്നിയുടെയും എല്ലുകള്‍ ഇടിച്ചുചേര്ക്കുവാനും തോക്കിന്റെ തിരകള്‍ പന്നിയുടെയും പശുവിന്റെയും നെയ്യ് കൊണ്ടുണ്ടാക്കിയ അടപ്പിനകത്താക്കി അത് വായകൊണ്ട് തുറക്കാനും കല്പിച്ചതിനു പിന്നില്‍ അന്നത്തെ ബ്രിട്ടീഷ് ജനറലായിരുന്ന ഓണിംഗ്സ് പ്രഭുവിന് സുവിശേഷലക്ഷ്യമാണ് ഉണ്ടായിരുന്നതെന്ന വസ്തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പശുവിറച്ചി ഭക്ഷിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്ന ഹിന്ദുവിന്റെയും പന്നിമാംസം ഹറാമാണെന്ന് കരുതുന്ന മുസ്ലിമിന്റെയും മനസ്സില്‍ താന്‍ ഗുരുതരമായ പാപം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന ധാരണയുണ്ടാക്കി പാപപരിഹാരത്തിന്റെ ക്രൈസ്തവമാര്ഗത്തില് അവരെ എത്തിക്കുകയെന്ന സാമര്‍ത്ഥ്യമായിരുന്നു പ്രഭുവിന്റെ ഉപദേശകരായ മിഷനറിമാരുടേത്.നിരക്ഷരരും നിഷ്ക്കളങ്കരുമായ ആദിവാസികളെ സരളമായ വഞ്ചനകളിലൂടെ ക്രിസ്തുവിലെത്തിക്കുന്ന തന്ത്രങ്ങള്‍ വിജയിച്ചതിനെപ്പറ്റി പരസ്പരം പെരുമ പറയുന്നവരാണ് മിഷനറിമാര്‍. ആദിവാസീദൈവങ്ങളുടെ ലോഹവിഗ്രഹങ്ങളെല്ലാം വെള്ളത്തില്‍ താണുപോകുമ്പോള്‍ മെഴുകുകൊണ്ട് നിര്‍മിച്ച ക്രിസ്തുവിഗ്രഹം മാത്രം പൊങ്ങിക്കിടക്കുന്നതു കാണിച്ച് ക്രിസ്തുവിന്റെ വലുപ്പം ബോധ്യപ്പെടുത്തിയ സുവിശേഷകാരന്റെ ആത്മരതി വഞ്ചനയുടെ സുവിശേഷവല്ക്കരണത്തെക്കുറിച്ച് കൃത്യമായി നമുക്ക് പറഞ്ഞുതരുന്നുണ്ട്. പഠനയാത്രക്കുപോയ വിദ്യാര്‍ത്ഥികളുടെ ബസ് ആരോരുമില്ലാത്ത ചുരത്തില്‍ നിന്നുപോയപ്പോള്‍, ഭയന്നുപോയ വിദ്യാര്‍ത്ഥികളോടൊപ്പം അവരവരുടെ ദൈവങ്ങളെ വിളിച്ച് ബസ് തള്ളുവാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്ത് തള്ളി വിയര്പ്പൊലിപ്പിച്ചിട്ടും സ്റ്റാര്‍ട്ടാകാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇനി എല്ലാവരും കൂടി യേശുവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രിസ്തുവിനെ വിളിച്ച് തള്ളിയപ്പോഴേക്ക് ബസ് റെഡിയാവുകയും ചെയ്ത് എല്ലാ കുട്ടികളുടെയും മനസ്സ് ക്രിസ്തുവിലാക്കുകയും ചെയ്തതായി വീമ്പു പറയുന്ന അധ്യാപകമിഷനറിമാരും ക്രിസ്തുവിന്റെ പേരില്‍ വഞ്ചനയെ ആഘോഷമാക്കുകയാണ് ചെയ്യുന്നത്.ക്രൈസ്തവവല്‍ക്കരണത്തിനായി എന്തുചെയ്യാനും മിഷനറിമാര്‍ മടിക്കുകയില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പനാരെ ഇന്‍ഡ്യക്കാര്‍ക്കായി പുറത്തിറക്കിയ പുതിയ നിയമം. ആധുനികതയുടെ കാപട്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന പനാരെ ഇന്ഡ്യക്കാരെക്കുറിച്ച് ‘സംസ്കൃത’ മനുഷ്യര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 1970ല്‍ അമേരിക്കയിലെ ITV സംപ്രേഷണം ചെയ്ത ‘Disappearing World’ എന്ന ടെലിസീരിയല്‍ വഴിയാണ്. സൗത്ത് അമേരിക്കയില്‍ വെനിസ്വേലയിലെ ആമസോണ്‍ കൊലേര്ഡോലോ താഴ്വരയിലേക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒറ്റയായും സംഘമായും അതിനുശേഷം സുവിശേഷവുമായും എത്തിയെങ്കിലും പനാരെ ഇന്‍ഡ്യക്കാരില്‍ മാറ്റമൊന്നുമുണ്ടാക്കുവാന് അവര്‍ക്കൊന്നും കഴിഞ്ഞില്ല. നിഷ്കളങ്കരായ അവരോട് ‘നിങ്ങള്‍ പാപികളാണ്; ക്രിസ്തുവിന്റെ രക്തം മൂലമേ പാപങ്ങള്‍ക്ക് പരിഹാരമാവൂ’ എന്ന സ്ഥിരം ക്രൈസ്തവ സുവിശേഷം പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് മനസ്സിലായതുപോലുമില്ല. അങ്ങനെയാണ് 1975ല്‍ പനാരെക്കാര്ക്കുവേണ്ടി, അവര്‍ക്കു ‘മനസ്സിലാക്കാന്‍ കഴിയുന്ന’ രീതിയിലുള്ള പുതിയ നിയമം സഭയുടെ അംഗീകാരത്തോടെ മിഷനറിമാര്‍ പുറത്തിറക്കിയത്. അതിലെ ചില വരികളിതാ: ”ക്രൂരന്മാരായിരുന്നു പനാരെക്കാര്; അവരിലൊരാള്‍ ക്രിസ്തുവിനെ കൊന്നു; അയാള്‍ പറഞ്ഞു നമുക്ക് ക്രിസ്തുവിനെ കൊല്ലാം…. അവര്‍ നിലത്ത് ഒരു കുരിശുനാട്ടി. ദൈവം നിങ്ങളെയെല്ലാം കരിച്ചുകളയും. പനാരെക്കാരെ മുഴുവന്‍ തീയിലെറിഞ്ഞ് ദൈവം അവരെ നശിപ്പിക്കും…. ദൈവം ചോദിക്കുന്നു: നിങ്ങള്‍ക്ക് തീയില്‍ വെന്തെരിയണമോ? നിങ്ങളെ തീയിലറിയാതിരിക്കുവാനായി നിങ്ങളെന്താണ് എനിക്കു നല്‍കുക? നിങ്ങളെന്താണ് എനിക്കു നല്കാന് പോകുന്നത്?” തീയില്‍ വെന്തെരിയുമെന്ന് ഭയപ്പെടുത്തി പനാരെ ഇന്‍ഡ്യക്കാരെ ക്രിസ്ത്യാനികളാക്കുവാനായി സൃഷ്ടിച്ചെടുത്ത വരികള്‍! സുവിശേഷ വഞ്ചനയുടെ ഏറ്റവും പുതിയ ഉദാഹരണം!കേരള മുസ്ലിംകളെ ക്രൈസ്തവവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചില വഞ്ചനകളുമായി സുവിശേഷകന്മാര് മലയാളികള്‍ക്കിടയില്‍ റോന്തുചുറ്റുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നതിനുവേണ്ടിയാണ് സുവിശേഷവല്‍ക്കരണത്തിനായി നടക്കുന്ന വഞ്ചനകളെപ്പറ്റി ആദ്യമേ തന്നെ സൂചിപ്പിച്ചത്. 1978ല്‍ മീനങ്ങാടിയില്‍ തുടങ്ങുകയും പിന്നീട് മഞ്ചേരിയിലേക്ക് പറിച്ചു നടുകയും ചെയ്ത മര്‍ക്കസുല്‍ ബിഷാറയോ അതിനുശേഷമുണ്ടായ കാള്‍ ഓഫ് ഹോപ്, നൂറുല്‍ ആലം തുടങ്ങിയ സ്ഥാപനങ്ങളോ ഒന്നുംതന്നെ മുസ്ലിംകളെ ക്രൈസ്തവവല്ക്കരിക്കുന്നതിന് കാര്യമായ സംഭാവനകളൊന്നും അര്പിച്ചിട്ടില്ലെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് രഹസ്യവും വഞ്ചനാത്മകവുമായ പുതിയ രീതികള്‍ സ്വീകരിക്കുവാന്‍ മിഷനറിമാരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രിസ്തുമതം സ്വീകരിച്ച മുസ്ലിംകളെക്കാള് എത്രയോ മടങ്ങ് ക്രിസ്ത്യാനികള്‍ ഇസ്ലാമിലെത്തുകയും അവര്‍ ഇസ്ലാമിക പ്രബോധനരംഗത്ത് സജീവമായി നിലനില്ക്കുകയും ചെയ്യുന്നുവെന്നതുകൊണ്ടാണല്ലോ ഹിന്ദുക്കളെ വികാരം കൊള്ളിച്ച് ഇസ്ലാമിക പ്രബോധനം നിര്‍ത്തിവെപ്പിക്കാനായി കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ അരമനയില്‍ നിന്ന് ‘ലൗജിഹാദ്’ ആരോപണം എല്ലാവിധ പൊടിപ്പും തൊങ്ങലുകളോടുംകൂടി വെന്തെടുത്ത് മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെട്ടത്. പരസ്യമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ മുസ്ലിംകള്ക്കിടയില് കാര്യമായ ഫലം ചെയ്യുകയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വഞ്ചനാത്മകമായ പുതിയ രീതികള്‍ ഉത്ഭവം കൊള്ളുന്നത്.രണ്ട് തരത്തിലാണ് മുസ്ലിംകള്ക്കിടയില് ഇപ്പോള്‍ ഇവിടെ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് നബി(സ)യെക്കുറിച്ച വളരെ മോശമായ ചിത്രം പ്രചരിപ്പിച്ച് മുസ്ലിംകളെ പ്രതിരോധത്തിലാക്കുകയാണ് ഒന്ന്. ഇതിന് യുക്തിവാദികളെയാണ് അവര്‍ കൂട്ടുപിടിക്കുന്നത്. മുസ്ലിം പേരുള്ള രണ്ട് യുക്തിവാദികള്‍ പരിഭാഷപ്പെടുത്തിയ ഇറാന്‍കാരനായ ഡോ. അലി ദാശ്തിയുടെ ‘മുഹമ്മദ് നബി മറനീക്കിയപ്പോള്‍’ എന്ന പുസ്തകം തൃശൂര്‍ ഒളരിക്കരയിലെ എബെന്സീര് പ്രിന്റേഴ്സില്‍ നിന്ന് ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത് മിഷനറി സംഘടനകളാണ്. യുക്തിവാദികളെക്കൊണ്ട് ഇസ്ലാമിനെയും പ്രവാചകനെയും തെറി പറയിപ്പിക്കുകയും അതു സൃഷ്ടിക്കുന്ന അപകര്‍ഷതയിലേക്ക് ക്രിസ്തുവിനെ കയറ്റിക്കൊണ്ടു വരികയും ചെയ്യുകയെന്ന നികൃഷ്ടമായ രീതി! മുസ്ലിംകള്ക്കെതിരെ ദൈവനിഷേധികളെ ഉപയോഗിക്കുന്നതിന്റെ ധാര്‍മികതയെപ്പറ്റി ചോദിച്ചപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന ഒരാളുടെ മറുപടി ‘പാമ്പിനെ കൊല്ലുവാന്‍ നാം ജാതി നോക്കേണ്ടതുണ്ടോ?’ എന്നായിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങുന്ന യുക്തിവാദി ആനുകാലികങ്ങളുടെയെല്ലാം പേജുകളില്‍ മിക്കതും കുത്തിനിറക്കപ്പെട്ടിരിക്കുന്ഥ്യയുടെ വക്താക്കള്‍ വഞ്ചനാത്മകമായ മാര്‍ഗങ്ങളുപയോഗിച്ച് മുസ്ലിംകളെ നേടുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ജാഗരൂകരാവേണ്ടത് ഓരോ മുസ്ലിമിന്റെയും കര്‍ത്തവ്യമാണ്. യുക്തിദീക്ഷയോടെയും സദുപദേശങ്ങളിലൂടെയും സ്നേഹസംവാദങ്ങളിലൂടെയും ഇസ്ലാമിലേക്ക് ആളുകളെ ക്ഷണിക്കുവാനുള്ള ക്വുര്‍ആനിന്റെ മാര്‍ഗനിര്‍ദേശം പ്രയോഗവല്‍ക്കരിച്ചുകൊണ്ട് പ്രബോധനരംഗം സജീവമാക്കുകയാണ് ഇത്തരം അവസരങ്ങളില്‍ മുസ്ലിംകള് ചെയ്യേണ്ടത്. വഞ്ചനയെ ആദര്‍ശപ്രബോധനം കൊണ്ട് നേരിടുവാനാണ് മുസ്ലിംകള് കല്പിക്കപ്പെട്ടിരിക്കുന്നത്. വഞ്ചകരുടെ വായ് കൊണ്ട് ഊതിക്കെടുത്താനാവുന്നതല്ല ഇസ്ലാമിന്റെ പ്രകാശം എന്ന ക്വുര്‍ആന്‍ വചനത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സകല മതങ്ങളെയും അതിജയിക്കാനായി അല്ലാഹു അവതരിപ്പിച്ച ഇസ്ലാമിനെ ബഹുജന സമക്ഷം അവതരിപ്പിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഇസ്ലാമിക പ്രബോധകര്‍ ചെയ്യേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)