Thursday, 24 December 2015

MM Akbar Talking About Christmas - Question & Answer
ക്രിസ്തുമസ് ആഘോഷിക്കാനുള്ള ക്രൈസ്തവരുടെ തെളിവെന്ത്..?
യേശു ക്രിസ്തുവിന്റെ ജന്മദിനമോ ക്രിസ്തുമസ്..? M.M Akbar
More Videos : https://goo.gl/QMOYID
‪#‎Christmas‬ ‪#‎December25‬ ‪#‎Xmas‬ ‪#‎JesusChrist‬


ക്രിസ്തുമസ് ചരിത്രം നല്‍കുന്ന പാഠങ്ങള്‍
----- ----- ----- -----
ക്രിസ്തുമസ് വീണ്ടും സമാഗതമാവുകയാണ്. ക്രിസ്തുമതത്തിന്റെ ഏറ്റവും വലിയ ആഘോഷമായാണ് ക്രിസ്തുമസ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത്. ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ഡിസംബര്‍ ഇരുപത്തിയഞ്ചിനും അത്യപൂര്‍വം ചിലര്‍ ജനുവരി ആറിനും ക്രിസ്തുയേശുവിന്റെ ജന്മദിനം നക്ഷത്രങ്ങളും പുല്‍ക്കൂടുകളും കേക്കും കരോളും സാന്താക്ലോസും വെച്ച് വര്‍ണാഭമായി ആഘോഷിക്കുന്നു. ചര്‍ച്ചു മാത്രം ലോകമായവരില്‍ പലര്‍ക്കും അജ്ഞാതമായിരിക്കുമെങ്കിലും ക്രിസ്തുമസ് ക്രിസ്തുമതത്തിലേക്ക് പ്രാകൃത ബഹുദൈവാരാധക സമൂഹങ്ങളില്‍നിന്ന് പില്‍കാലത്ത് ചേക്കേറിയ ഒരനാചാരമാണെന്ന വസ്തുത ഇന്ന് ഒട്ടുവളരെ പേര്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്.
യേശുക്രിസ്തു ജനിച്ച തിയ്യതി സംബന്ധിച്ച യാതൊരു പരാമര്‍ശവും ബൈബിളിലോ ചരിത്രഗ്രന്ഥങ്ങളിലോ ഇല്ല. ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായത്തെക്കുറിച്ചുമില്ല, പുതിയനിയമത്തില്‍ ഒരു പരാമര്‍ശവും. തന്റെ ജന്മദിനം ക്രിസ്തു സ്വയം ആഘോഷിക്കുകയോ മറ്റുള്ളവരോട് ആഘോഷിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു രേഖയുമില്ല. ക്രിസ്തുശിഷ്യന്‍മാരൊന്നും യേശുവിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെന്ന കാര്യം വളരെ സ്പഷ്ടമാണ്. മൂന്നാം നൂറ്റാണ്ടിനുമുമ്പ് യേശുവിന്റെ ജന്മദിനം ആരെങ്കിലും ആഘോഷിച്ചതിന് ഒരു തെളിവുമില്ലെന്ന് ഹാര്‍പേഴ്‌സ് ബൈബിള്‍ ഡിക്ഷനറി അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
ദിവ്യനിര്‍ദേശത്തിന്റെ പിന്‍ബലമില്ലാത്ത, ക്രിസ്തുവിന് പരിചയമില്ലാത്ത, കേവലമായ ഒരു പുതുനിര്‍മിതി മാത്രമല്ല ക്രിസ്തുമസ്; പ്രത്യുത ബഹുദൈവാരാധനാ പശ്ചാതലമുള്ള ഒരു വിജാതീയ ഉത്സവം പേരുമാറ്റി ക്രിസ്ത്യാനികള്‍ക്കിടയിലേക്ക് കയറിക്കൂടിയതിന്റെ ചരിത്രസ്മാരകം കൂടിയാണ്. സൂര്യപൂജകരായിരുന്ന പ്രാചീന റോമിലെ മിത്രമത വിശ്വാസികള്‍ ‘സോള്‍ ഇന്‍വിക്റ്റസ്’ എന്ന പേരില്‍ ഡിസംബര്‍ 25 ന് ആചരിച്ചിരുന്ന ‘സൂര്യ ജന്മദിനം’ ആണ് ‘ക്രിസ്തുജന്മദിനം’ ആയി സഭ ‘മാമോദീസ മുക്കി’യെടുത്തത് എന്നാണ് പ്രഗല്‍ഭമായ പണ്ഡിതാഭിപ്രായം എന്ന് ഹാര്‍പേഴ്‌സ് ബൈബിള്‍ ഡിക്ഷണറി തന്നെ വിശദീകരിക്കുന്നുണ്ട്. റോമാ സാമ്രാജ്യവും സാമ്രാജ്യപ്രീതി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച പുരോഹിതന്‍മാരും ചേര്‍ന്ന് ഇത്തരത്തില്‍ കടത്തിക്കൂട്ടിയ അനേകം വിശ്വാസാചാരങ്ങളാണ് ആധുനിക ക്രിസ്തുമതത്തിന്റെ അലകും പിടിയും എന്ന അറിവുള്ളവര്‍ക്ക് ഇതില്‍ അത്ഭുതത്തിന് വകയൊന്നുമില്ല എന്നതത്രെ നേര്.
മിക്കവാറുമെല്ലാ മതാഘോഷങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ആദിമ കാലം മുതല്‍ തന്നെ നിലനിന്നുപോരുന്നതാണെന്ന് മതവിശ്വാസികള്‍ കരുതുന്ന പല ആഘോഷങ്ങളും പ്രത്യേക താല്‍പര്യങ്ങളുടെയടിസ്ഥാനത്തില്‍ പിറവിയെടുത്ത നൂതന നിര്‍മിതികള്‍ മാത്രമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ ഹിന്ദുഗൃഹങ്ങളില്‍ തകൃതിയായി കൊണ്ടാടപ്പെടുന്ന ‘രാമായണ മാസ’ത്തിന്റെ കാര്യം തന്നെയെടുക്കുക. മാധ്യമങ്ങളുടെ വിവരണങ്ങളും ഭക്തജനങ്ങളുടെ പെരുമാറ്റവും കണ്ടാല്‍ തോന്നിപ്പോവുക കര്‍ക്കിടക മാസത്തില്‍ ചിരപുരാതന കാലം മുതല്‍ക്കേ പുലര്‍ന്നുപോരുന്ന ഒരു സനാതന സമ്പ്രദായമാണ് രാമായണ മാസാചരണം എന്നാണ്. യഥാര്‍ഥത്തില്‍ ഈ ഏര്‍പാടിന് കേവലം മൂന്നു പതിറ്റാണ്ടുകളുടെ പഴക്കം മാത്രമാണുള്ളതെന്നും രണോത്സുക ഹിന്ദുത്വത്തിന്റെ അടുക്കളയിലാണ് ഈ ആചാരം ചുട്ടെടുക്കപ്പെട്ടത് എന്നും അറിയുന്നവര്‍ വളരെ വിരളമായിരിക്കും. ഹിന്ദു സമൂഹത്തിന്റെ ഫാഷിസ്റ്റുവല്‍ക്കരണം ലക്ഷ്യമാക്കി 1982 ഏപ്രില്‍ നാലിന് എറണാകുളം മഹാരാജാസ് കോളജില്‍ വെച്ച് പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച ‘വിശാല ഹിന്ദു സമ്മേളന’ത്തില്‍ സവര്‍ണ ഫാഷിസത്തിന്റെ മലയാളി താത്വികാചാര്യന്‍ പി. പരമേശ്വരന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടി മുന്നോട്ടുവെച്ച ഒരു നിര്‍ദേശമായിരുന്നു വാസ്തവത്തില്‍ രാമായണ മാസാചരണം എന്ന ആശയം. അവിടുന്നിങ്ങോട്ടാണ് കര്‍ക്കിടകം രാമായണ മാസമായി കൊണ്ടാടുന്ന സമ്പ്രദായം കേരളത്തില്‍ ഉടലെടുത്തത്. ഇത് മനസ്സിലാക്കാന്‍ പ്രസ്തുത സമ്മേളനത്തിന്റെ സംഘാടകന്‍ കൂടിയായിരുന്ന ഒ. രാജഗോപാലിന്റെ ആത്മകഥ (ജീവിതാമൃതം/ഡി. സി. ബുക്‌സ്) ഒന്ന് മനസ്സിരുത്തി വായിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. നമ്മുടെ ഓര്‍മ എത്ര ദുര്‍ബലമാണെന്നും മറവി എത്ര ശക്തമാണെന്നും രാജഗോപാലിന്റെ വിശദീകരണം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്!
മരണാനന്ത ജീവിതത്തിലെ മോക്ഷപ്രാപ്തിക്കുവേണ്ടിയാണ് മനുഷ്യന്‍ മതവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതും മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതും. ദിവ്യദൂത് ലഭിച്ച പ്രവാചകന്‍മാര്‍ പഠിപ്പിച്ച വിശ്വാസാചാരങ്ങള്‍ക്കു പകരം ആരൊക്കെയോ ഏതൊക്കെയോ കാലത്ത് തോന്നിയ രൂപത്തില്‍ തട്ടിക്കൂട്ടിയ സങ്കല്‍പങ്ങളും അനുഷ്ഠാനങ്ങളും ചുമന്നുനടന്നാല്‍ എങ്ങനെയാണ് മോക്ഷം ലഭിക്കുക? ക്രിസ്തുമസ് ക്രിസ്തുവിന് പരിചയമില്ലാത്തതാണ് എന്ന വസ്തുത തിരിച്ചറിഞ്ഞ് ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധാരാളം പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളുണ്ട്. ആധുനിക ക്രിസ്തുമതത്തിന്റെ രൂപീകരണത്തില്‍ യേശുവിന്റെ ആശയങ്ങളേക്കാള്‍ പങ്കുവഹിച്ചിട്ടുള്ളത് പ്രാചീന ജ്ഞേയവാദവും പൗലോസിന്റെ സിദ്ധാന്തങ്ങളും സ്വാര്‍ത്ഥംഭരികളായ പുരോഹിതന്‍മാരും റോമാ സാമ്രാജ്യവുമാണെന്ന് സാറാ ജോസഫ് 2013 സെപ്റ്റംബര്‍ 22ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. യേശുവിന് പരിചയമില്ലാത്ത രതിവിരോധം സഭ പേറി നടക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ലേഖനത്തിലെ ചില വാദങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കിലും, സാറ ടീച്ചര്‍ ഉയര്‍ത്തിയ അടിസ്ഥാന പ്രശ്‌നം തീര്‍ത്തും പ്രസക്തമാണ്. നിത്യജീവന്‍ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികളെല്ലാം ഈ ചരിത്ര സത്യങ്ങളോട് മനസ്സുതുറന്ന് സംവദിക്കേണ്ടതുണ്ട്. ക്രിസ്തുമസും രതിവിരോധവും മാത്രമല്ല, ത്രിയേകത്വവും ആദിപാപവും പാപപരിഹാര ബലിയുമെല്ലാം ക്രിസ്തുവിന് പരിചയമില്ലാത്ത പില്‍കാല കൂട്ടിച്ചേര്‍ക്കലുകളാണെന്ന് സഭാചരിത്രം വായിക്കുന്നവര്‍ക്ക് ബോധ്യമാകും. ക്രിസ്തുമസിന്റെ ചരിത്രത്തില്‍ അവസാനിപ്പിക്കാനുള്ളതല്ല ചരിത്രവായനയെന്നും അത് മുഴുവന്‍ ക്രൈസ്തവ വിശ്വാസങ്ങളുടെയും ചരിത്രം അന്വേഷിക്കുന്നതിനുള്ള പ്രചോദനമാകേണ്ടതുണ്ടെന്നും പ്രൊട്ടസ്റ്റന്റുകാര്‍ തിരിച്ചറിയണമെന്നു മാത്രമേയുള്ളൂ!
0 comments:

Post a Comment