mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

Wednesday, 11 November 2015

ചതിയുടെ സുവിശേഷ വേല

മതപരിവര്‍ത്തനത്തിനുവേണ്ടി ഏതു മാര്‍ഗവുമുപയോഗിക്കാമെന്ന് കരുതുകയും തങ്ങളുപയോഗിക്കുന്ന മാര്‍ഗങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍. 1605ല്‍ ഇന്‍ഡ്യയിലെത്തുകയും മദ്രാസിലെ മൈലാപൂരില്‍വെച്ച് 1656ല്‍, തന്റെ 79-ാം വയസ്സില്‍ മരണപ്പെടുകയും ചെയ്ത ഇറ്റാലിയന്‍ ജെസ്യൂട്ട് മിഷനറിയായ റോബര്‍ട്ടോ ഡി നൊബിലിയാണ് ഇക്കാര്യത്തിലുള്ള ഏറ്റവും വലിയ ക്രൈസ്തവമാതൃകയെന്ന് തോന്നുന്നു. ആദ്യം ഗോവയിലാണ് എത്തിയതെങ്കിലും തന്റെ പ്രവര്‍ത്തനകേന്ദ്രമായി അദ്ദേഹം തെരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ മധുരയാണ്. അവിടെ അദ്ദേഹം ഒരു സന്യാസിയായാണ് അറിയപ്പെട്ടത്. കാഷായ വസ്ത്രമണിഞ്ഞ് നെറ്റിയില്‍ ചന്ദനഭസ്മം പൂശി തലമുണ്ഡനം ചെയ്ത് കുടുമവെച്ച ഒരു സാക്ഷാല്‍ സന്യാസി. വൈജ്ഞാനികഗുരുവെന്ന് അര്‍ത്ഥം വരുന്ന തട്ടുവം ആചാര്യര്‍ എന്ന പേരുസ്വീകരിക്കുകയും താന്‍ ഇരിക്കുന്ന സ്ഥലത്തിനെ കോവില്‍ എന്നുവിളിക്കുകയും വേദമെന്ന പേരില്‍ ബൈബിള്‍ വിതരണം നടത്തുകയും ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഹിന്ദുക്കള്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയത്. പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും പുത്രന്റെയും പ്രതീകങ്ങളായി മൂന്ന് ചരടുകളെടുക്കുകയും അതു പിരിച്ച് അതുകൊണ്ട് പൂണൂല്‍ ധരിക്കുകയും ചെയ്ത് സാക്ഷാല്‍ ബ്രാഹ്മണ വേഷത്തിലായിരുന്നു നൊബിലിയുടെ സുവിശേഷവേല! ഹൈന്ദവജീവിതക്രമം മുഴുവന്‍ സ്വീകരിച്ചുള്ള സുവിശേഷപ്രവര്‍ത്തനത്തിന്റെ സാധുതയെപ്പറ്റി ക്രൈസ്തവര്‍ പോലും സംശയിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഗോവയിലെ ആര്‍ച്ചുബിഷപ്പ് പോലും ഇത്രയും ശരിയാണോയെന്ന് സംശയം പ്രകടിപ്പിച്ചപ്പോഴാണ് അന്നത്തെ മാര്‍പാപ്പയായിരുന്ന പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍ ഇടപെട്ട് നൊബിലിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. 1623 ജനുവരി 31ന് മാര്‍പാപ്പ പുറപ്പെടുവിച്ച Romanae Sedis Autistes കല്‍പനയുടെ സത്ത ഏതു മാര്‍ഗമുപയോഗിച്ചാലും ജനങ്ങളെ ക്രിസ്തുവിനെ സ്വീകരിക്കുന്നവരായിത്തീര്‍ക്കുകയാണ് സുവിശേഷകരുടെ ദൗത്യമെന്നാണ്. സഭയുടെ സമ്മതത്തോടെയാണ് ചതിയുടെയും വഞ്ചനയുടെയും മാര്‍ഗങ്ങള്‍ സുവിശേഷകര്‍ ഉപയോഗിക്കുന്നതെന്നര്‍ത്ഥം.
ചതിയുടെയും ക്രൈസ്തവവല്‍ക്കരണത്തിന്റെയും ഭാഗമായാണല്ലോ യഥാര്‍ത്ഥത്തില്‍ ശിപായി ലഹളയെന്നറിയപ്പെട്ട 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമുണ്ടായത്. പട്ടാളക്കാര്‍ക്കുള്ള റേഷന്‍ ഉപ്പില്‍ പശുവിന്റെയും പന്നിയുടെയും എല്ലുകള്‍ ഇടിച്ചുചേര്‍ക്കുവാനും തോക്കിന്റെ തിരകള്‍ പന്നിയുടെയും പശുവിന്റെയും നെയ്യ് കൊണ്ടുണ്ടാക്കിയ അടപ്പിനകത്താക്കി അത് വായകൊണ്ട് തുറക്കാനും കല്‍പിച്ചതിനു പിന്നില്‍ അന്നത്തെ ബ്രിട്ടീഷ് ജനറലായിരുന്ന ഓണിംഗ്‌സ് പ്രഭുവിന് സുവിശേഷലക്ഷ്യമാണ് ഉണ്ടായിരുന്നതെന്ന വസ്തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പശുവിറച്ചി ഭക്ഷിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്ന ഹിന്ദുവിന്റെയും പന്നിമാംസം ഹറാമാണെന്ന് കരുതുന്ന മുസ്‌ലിമിന്റെയും മനസ്സില്‍ താന്‍ ഗുരുതരമായ പാപം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന ധാരണയുണ്ടാക്കി പാപപരിഹാരത്തിന്റെ ക്രൈസ്തവമാര്‍ഗത്തില്‍ അവരെ എത്തിക്കുകയെന്ന സാമര്‍ത്ഥ്യമായിരുന്നു പ്രഭുവിന്റെ ഉപദേശകരായ മിഷനറിമാരുടേത്.നിരക്ഷരരും നിഷ്‌ക്കളങ്കരുമായ ആദിവാസികളെ സരളമായ വഞ്ചനകളിലൂടെ ക്രിസ്തുവിലെത്തിക്കുന്ന തന്ത്രങ്ങള്‍ വിജയിച്ചതിനെപ്പറ്റി പരസ്പരം പെരുമ പറയുന്നവരാണ് മിഷനറിമാര്‍. ആദിവാസീദൈവങ്ങളുടെ ലോഹവിഗ്രഹങ്ങളെല്ലാം വെള്ളത്തില്‍ താണുപോകുമ്പോള്‍ മെഴുകുകൊണ്ട് നിര്‍മിച്ച ക്രിസ്തുവിഗ്രഹം മാത്രം പൊങ്ങിക്കിടക്കുന്നതു കാണിച്ച് ക്രിസ്തുവിന്റെ വലുപ്പം ബോധ്യപ്പെടുത്തിയ സുവിശേഷകാരന്റെ ആത്മരതി വഞ്ചനയുടെ സുവിശേഷവല്‍ക്കരണത്തെക്കുറിച്ച് കൃത്യമായി നമുക്ക് പറഞ്ഞുതരുന്നുണ്ട്. പഠനയാത്രക്കുപോയ വിദ്യാര്‍ത്ഥികളുടെ ബസ് ആരോരുമില്ലാത്ത ചുരത്തില്‍ നിന്നുപോയപ്പോള്‍, ഭയന്നുപോയ വിദ്യാര്‍ത്ഥികളോടൊപ്പം അവരവരുടെ ദൈവങ്ങളെ വിളിച്ച് ബസ് തള്ളുവാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്ത് തള്ളി വിയര്‍പ്പൊലിപ്പിച്ചിട്ടും സ്റ്റാര്‍ട്ടാകാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇനി എല്ലാവരും കൂടി യേശുവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രിസ്തുവിനെ വിളിച്ച് തള്ളിയപ്പോഴേക്ക് ബസ് റെഡിയാവുകയും ചെയ്ത് എല്ലാ കുട്ടികളുടെയും മനസ്സ് ക്രിസ്തുവിലാക്കുകയും ചെയ്തതായി വീമ്പു പറയുന്ന അധ്യാപകമിഷനറിമാരും ക്രിസ്തുവിന്റെ പേരില്‍ വഞ്ചനയെ ആഘോഷമാക്കുകയാണ് ചെയ്യുന്നത്.ക്രൈസ്തവവല്‍ക്കരണത്തിനായി എന്തുചെയ്യാനും മിഷനറിമാര്‍ മടിക്കുകയില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പനാരെ ഇന്‍ഡ്യക്കാര്‍ക്കായി പുറത്തിറക്കിയ പുതിയ നിയമം. ആധുനികതയുടെ കാപട്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന പനാരെ ഇന്‍ഡ്യക്കാരെക്കുറിച്ച് ‘സംസ്‌കൃത’ മനുഷ്യര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 1970ല്‍ അമേരിക്കയിലെ ITV സംപ്രേഷണം ചെയ്ത ‘Disappearing World’ എന്ന ടെലിസീരിയല്‍ വഴിയാണ്. സൗത്ത് അമേരിക്കയില്‍ വെനിസ്വേലയിലെ ആമസോണ്‍ കൊലേര്‍ഡോലോ താഴ്‌വരയിലേക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒറ്റയായും സംഘമായും അതിനുശേഷം സുവിശേഷവുമായും എത്തിയെങ്കിലും പനാരെ ഇന്‍ഡ്യക്കാരില്‍ മാറ്റമൊന്നുമുണ്ടാക്കുവാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. നിഷ്‌കളങ്കരായ അവരോട് ‘നിങ്ങള്‍ പാപികളാണ്; ക്രിസ്തുവിന്റെ രക്തം മൂലമേ പാപങ്ങള്‍ക്ക് പരിഹാരമാവൂ’ എന്ന സ്ഥിരം ക്രൈസ്തവ സുവിശേഷം പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് മനസ്സിലായതുപോലുമില്ല. അങ്ങനെയാണ് 1975ല്‍ പനാരെക്കാര്‍ക്കുവേണ്ടി, അവര്‍ക്കു ‘മനസ്സിലാക്കാന്‍ കഴിയുന്ന’ രീതിയിലുള്ള പുതിയ നിയമം സഭയുടെ അംഗീകാരത്തോടെ മിഷനറിമാര്‍ പുറത്തിറക്കിയത്. അതിലെ ചില വരികളിതാ: ”ക്രൂരന്‍മാരായിരുന്നു പനാരെക്കാര്‍; അവരിലൊരാള്‍ ക്രിസ്തുവിനെ കൊന്നു; അയാള്‍ പറഞ്ഞു നമുക്ക് ക്രിസ്തുവിനെ കൊല്ലാം…. അവര്‍ നിലത്ത് ഒരു കുരിശുനാട്ടി. ദൈവം നിങ്ങളെയെല്ലാം കരിച്ചുകളയും. പനാരെക്കാരെ മുഴുവന്‍ തീയിലെറിഞ്ഞ് ദൈവം അവരെ നശിപ്പിക്കും…. ദൈവം ചോദിക്കുന്നു: നിങ്ങള്‍ക്ക് തീയില്‍ വെന്തെരിയണമോ? നിങ്ങളെ തീയിലറിയാതിരിക്കുവാനായി നിങ്ങളെന്താണ് എനിക്കു നല്‍കുക? നിങ്ങളെന്താണ് എനിക്കു നല്‍കാന്‍ പോകുന്നത്?” തീയില്‍ വെന്തെരിയുമെന്ന് ഭയപ്പെടുത്തി പനാരെ ഇന്‍ഡ്യക്കാരെ ക്രിസ്ത്യാനികളാക്കുവാനായി സൃഷ്ടിച്ചെടുത്ത വരികള്‍! സുവിശേഷ വഞ്ചനയുടെ ഏറ്റവും പുതിയ ഉദാഹരണം!കേരള മുസ്‌ലിംകളെ ക്രൈസ്തവവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചില വഞ്ചനകളുമായി സുവിശേഷകന്‍മാര്‍ മലയാളികള്‍ക്കിടയില്‍ റോന്തുചുറ്റുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയാണ് സുവിശേഷവല്‍ക്കരണത്തിനായി നടക്കുന്ന വഞ്ചനകളെപ്പറ്റി ആദ്യമേ തന്നെ സൂചിപ്പിച്ചത്. 1978ല്‍ മീനങ്ങാടിയില്‍ തുടങ്ങുകയും പിന്നീട് മഞ്ചേരിയിലേക്ക് പറിച്ചു നടുകയും ചെയ്ത മര്‍ക്കസുല്‍ ബിഷാറയോ അതിനുശേഷമുണ്ടായ കാള്‍ ഓഫ് ഹോപ്, നൂറുല്‍ ആലം തുടങ്ങിയ സ്ഥാപനങ്ങളോ ഒന്നുംതന്നെ മുസ്‌ലിംകളെ ക്രൈസ്തവവല്‍ക്കരിക്കുന്നതിന് കാര്യമായ സംഭാവനകളൊന്നും അര്‍പിച്ചിട്ടില്ലെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് രഹസ്യവും വഞ്ചനാത്മകവുമായ പുതിയ രീതികള്‍ സ്വീകരിക്കുവാന്‍ മിഷനറിമാരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രിസ്തുമതം സ്വീകരിച്ച മുസ്‌ലിംകളെക്കാള്‍ എത്രയോ മടങ്ങ് ക്രിസ്ത്യാനികള്‍ ഇസ്‌ലാമിലെത്തുകയും അവര്‍ ഇസ്‌ലാമിക പ്രബോധനരംഗത്ത് സജീവമായി നിലനില്‍ക്കുകയും ചെയ്യുന്നുവെന്നതുകൊണ്ടാണല്ലോ ഹിന്ദുക്കളെ വികാരം കൊള്ളിച്ച് ഇസ്‌ലാമിക പ്രബോധനം നിര്‍ത്തിവെപ്പിക്കാനായി കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ അരമനയില്‍ നിന്ന് ‘ലൗജിഹാദ്’ ആരോപണം എല്ലാവിധ പൊടിപ്പും തൊങ്ങലുകളോടുംകൂടി വെന്തെടുത്ത് മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെട്ടത്. പരസ്യമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ ഫലം ചെയ്യുകയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വഞ്ചനാത്മകമായ പുതിയ രീതികള്‍ ഉത്ഭവം കൊള്ളുന്നത്.രണ്ട് തരത്തിലാണ് മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോള്‍ ഇവിടെ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് നബി(സ)യെക്കുറിച്ച വളരെ മോശമായ ചിത്രം പ്രചരിപ്പിച്ച് മുസ്‌ലിംകളെ പ്രതിരോധത്തിലാക്കുകയാണ് ഒന്ന്. ഇതിന് യുക്തിവാദികളെയാണ് അവര്‍ കൂട്ടുപിടിക്കുന്നത്. മുസ്‌ലിം പേരുള്ള രണ്ട് യുക്തിവാദികള്‍ പരിഭാഷപ്പെടുത്തിയ ഇറാന്‍കാരനായ ഡോ. അലി ദാശ്തിയുടെ ‘മുഹമ്മദ് നബി മറനീക്കിയപ്പോള്‍’ എന്ന പുസ്തകം തൃശൂര്‍ ഒളരിക്കരയിലെ എബെന്‍സീര്‍ പ്രിന്റേഴ്‌സില്‍ നിന്ന് ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത് മിഷനറി സംഘടനകളാണ്. യുക്തിവാദികളെക്കൊണ്ട് ഇസ്‌ലാമിനെയും പ്രവാചകനെയും തെറി പറയിപ്പിക്കുകയും അതു സൃഷ്ടിക്കുന്ന അപകര്‍ഷതയിലേക്ക് ക്രിസ്തുവിനെ കയറ്റിക്കൊണ്ടു വരികയും ചെയ്യുകയെന്ന നികൃഷ്ടമായ രീതി! മുസ്‌ലിംകള്‍ക്കെതിരെ ദൈവനിഷേധികളെ ഉപയോഗിക്കുന്നതിന്റെ ധാര്‍മികതയെപ്പറ്റി ചോദിച്ചപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരാളുടെ മറുപടി ‘പാമ്പിനെ കൊല്ലുവാന്‍ നാം ജാതി നോക്കേണ്ടതുണ്ടോ?’ എന്നായിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങുന്ന യുക്തിവാദി ആനുകാലികങ്ങളുടെയെല്ലാം പേജുകളില്‍ മിക്കതും കുത്തിനിറക്കപ്പെട്ടിരിക്കുന്നത് ഇസ്‌ലാം-പ്രവാചക നിന്ദയുടെ അക്ഷരങ്ങളാണ് എന്ന വസ്തുത അവ വായിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. മുസ്‌ലിംകളെ പ്രതിരോധത്തിലാക്കി മിഷനറിമാര്‍ക്ക് മണ്ണു പാകപ്പെടുത്തിക്കൊടുക്കുകയെന്ന ദൗത്യം നിര്‍വഹിക്കുകയാണ് പ്രസ്തുത ആനുകാലികങ്ങള്‍ ചെയ്യുന്നത്.സാമൂഹ്യപ്രവര്‍ത്തകരിലൂടെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അറിയാത്ത രൂപത്തില്‍ അവ പരിഹരിച്ചുകൊണ്ട് അവ ക്രിസ്തുവില്‍ നിന്നാണെന്ന് വരുത്തിതീര്‍ക്കുകയാണ് രണ്ടാമത്തേത്. ആദിവാസികള്‍ക്കിടയില്‍ നടപ്പിലാക്കിയിരുന്ന ‘മിറക്കിള്‍ ബോക്‌സി’ന്റെ ഒരു പുതിയ രൂപം മാത്രമാണിത്. ക്രിസ്ത്യന്‍ പള്ളികളോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന മിറക്കിള്‍ ബോക്‌സില്‍ തങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദൈവത്തിന് കുറിപ്പുകളെഴുതിയിടുവാന്‍ മിഷനറിമാര്‍ ആവശ്യപ്പെടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ആരുമറിയാതെ പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ മിഷനറിമാര്‍ ഏര്‍പ്പെടുത്തുന്നു. പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാല്‍ അത് ക്രിസ്തുവില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ മാമോദീസ മുക്കാനുള്ള സംവിധാനമുണ്ടാക്കുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുടെ നേതൃത്വത്തിലിരിക്കുന്ന ഒരാള്‍ തനിക്ക് മതം മാറ്റത്തിന് കാരണമായ അത്ഭുതത്തെപ്പറ്റി പറഞ്ഞതിങ്ങനെ: ”എനിക്ക് വളലെ അത്യാവശ്യമായി കുറച്ചു പണം ആവശ്യമുണ്ടായിരുന്നു. ആരും എന്നെ സഹായിച്ചില്ല. അവസാനം ഞാന്‍ മനമുരുകി ക്രിസ്തുവിനോട് ചോദിച്ചു. പിറ്റേന്ന് ഒരു അപരിചിതന്‍ എന്റെ കയ്യില്‍ ഒരു പൊതി കൊണ്ടുവന്നു തന്നു. തുറന്നുനോക്കിയപ്പോള്‍ എനിക്കാവശ്യമായ കൃത്യം തുക!”ബുദ്ധിപരമായി ആദര്‍ശത്തെ സമൂഹത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയാത്തതു കൊണ്ടാണ് വഞ്ചനാത്മകമായ മാര്‍ഗങ്ങളിലൂടെ ലക്ഷ്യം നേടാന്‍ മിഷനറിമാര്‍ ശ്രമിക്കുന്നത്. വഞ്ചനക്കുപകരം വഞ്ചനയല്ല ഇസ്‌ലാമിക പ്രബോധകരുടെ രീതി. നമ്മുടെ ലക്ഷ്യം നിര്‍ണയിക്കപ്പെട്ടതുപോലെ മാര്‍ഗവും നിര്‍ണയിക്കപ്പെട്ടതാണ്. ചതിയും വഞ്ചനയുമുപയോഗിച്ച് ആരെയും ഇസ്‌ലാമില്‍ എത്തിക്കുവാന്‍ പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടില്ല. മനുഷ്യബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കിയാണ് ബുദ്ധിയുടെ മതമായ ഇസ്‌ലാമിലേക്ക് ആളുകളെ ആകര്‍ഷിക്കേണ്ടത് എന്നാണ് ക്വുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. എന്നാല്‍ മി
ഥ്യയുടെ വക്താക്കള്‍ വഞ്ചനാത്മകമായ മാര്‍ഗങ്ങളുപയോഗിച്ച് മുസ്‌ലിംകളെ നേടുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ജാഗരൂകരാവേണ്ടത് ഓരോ മുസ്‌ലിമിന്റെയും കര്‍ത്തവ്യമാണ്. യുക്തിദീക്ഷയോടെയും സദുപദേശങ്ങളിലൂടെയും സ്‌നേഹസംവാദങ്ങളിലൂടെയും ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിക്കുവാനുള്ള ക്വുര്‍ആനിന്റെ മാര്‍ഗനിര്‍ദേശം പ്രയോഗവല്‍ക്കരിച്ചുകൊണ്ട് പ്രബോധനരംഗം സജീവമാക്കുകയാണ് ഇത്തരം അവസരങ്ങളില്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്. വഞ്ചനയെ ആദര്‍ശപ്രബോധനം കൊണ്ട് നേരിടുവാനാണ് മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. വഞ്ചകരുടെ വായ് കൊണ്ട് ഊതിക്കെടുത്താനാവുന്നതല്ല ഇസ്‌ലാമിന്റെ പ്രകാശം എന്ന ക്വുര്‍ആന്‍ വചനത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സകല മതങ്ങളെയും അതിജയിക്കാനായി അല്ലാഹു അവതരിപ്പിച്ച ഇസ്‌ലാമിനെ ബഹുജന സമക്ഷം അവതരിപ്പിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഇസ്‌ലാമിക പ്രബോധകര്‍ ചെയ്യേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)

Friday, 2 October 2015

ഐ. എസ്: സാമ്രാജ്യത്വ തിരക്കഥ തന്നെയാണ് ചുരുളഴിയുന്നത്

അമേരിക്ക വളര്‍ത്തുന്ന ഭീകരസംഘങ്ങളാണ് അല്‍ ഖാഇദയും ഐ. എസ്. ഐ. എസുമെല്ലാമെന്ന ആരോപണം ആദ്യമായുന്നയിച്ചത് അല്‍ ഖാഇദയില്‍ ഉസാമ ബിന്‍ ലാദനോടും ഈജി
പ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദില്‍ അയ്മന്‍ അല്‍ സവാഹിരിയോടുമൊപ്പം ഏറെനാള്‍ പ്രവര്‍ത്തിച്ച നബീല്‍ നഈം അബ്ദുല്‍ ഫത്താഹ് ആണ്. ലബനോനിലെ അല്‍ മയാദീന്‍ ടെലിവിഷന് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍, 2013 ജൂണ്‍ 27നാണ് ഭീകരപ്രവര്‍ത്തനങ്ങളാല്‍ ഐക്യരാഷ്ട്രസഭയും അംഗരാജ്യങ്ങളില്‍ പലതും നിരോധിച്ച അല്‍ ജിഹാദുല്‍ ഇസ്‌ലാമിയെന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദിന്റെ പരമോന്നത പദവിയില്‍ 1988 മുതല്‍ 1992 വരെയുള്ള നാലു വര്‍ഷം ഇരുന്ന നബീല്‍ നഈം അമേരിക്കന്‍-ഇസ്രയീല്‍ ബാന്ധവത്തിന്റെ സൃഷ്ടികളാണ് ഈ ഭീകരസംഘങ്ങളെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തുറന്നു പറഞ്ഞത്. 1989ല്‍ സ്ഥാപിക്കപ്പെട്ട അല്‍ ഖാഇദയില്‍ നിന്നുണ്ടായതും അതിന്റെ തന്നെ പ്രത്യയശാസ്ത്രം വെച്ചു പുലര്‍ത്തുന്നതുമാണ് ഐ. എസ്. ഐ. എസ് എന്നും അമേരിക്കന്‍ ഏജന്റായ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിനെയും സിറിയയെയും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2006ല്‍ പുതിയ ഭീകരസംഘമുണ്ടാക്കിയപ്പോള്‍ ആര് ആര്‍ക്കാണ് അനുസരണ പ്രതിജ്ഞ ചെയ്യേണ്ടത് എന്ന വിഷയത്തില്‍ അദ്ദേഹവും അയ്മന്‍ സവാഹിരിയും തമ്മിലുണ്ടായ കലഹമാണ് അവ തമ്മില്‍ ഛിദ്രതയുണ്ടാക്കിയതെന്നുമാണ് നബീല്‍ നഈം വ്യക്തമാക്കുന്നത്. ബാഗ്ദാദി അമേരിക്കന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയശേഷം ജോര്‍ദാനില്‍ ഐസിസ് ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ ചിലവഴിച്ച മൂന്ന് കോടിയോളം ഡോളര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയതാണെന്നും ഐസിസ് ഭീകരാക്രണങ്ങളില്‍ പരിക്കു പറ്റുന്നവരെ ചികിത്സിക്കുന്നത് ടെല്‍ അവീവ് ആശുപത്രിയിലാണെന്നും അപ്പോള്‍ ആയിരത്തിഅഞ്ഞൂറോളം ഐസിസ്-നസ്‌റ പടയാളികള്‍ ടെല്‍ അവീവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമെല്ലാം അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനായ ഹെന്റി കിസ്സിംഗര്‍ നൂറു വര്‍ഷം നീണ്ടു നില്‍ക്കുന്ന യുദ്ധത്തെക്കുറിച്ചെഴുതിയപ്പോള്‍ എവിടെയെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി മധ്യപൗരസ്ത്യ ദേശത്ത് നാം സുന്നി-ശിയാ സംഘട്ടനങ്ങള്‍ക്ക് തീ കൊടുത്താല്‍ പ്രസ്തുത യുദ്ധങ്ങള്‍ നൂറു വര്‍ഷത്തേക്കെങ്കിലും നീണ്ടു നില്‍ക്കുമെന്നാണ്. 1982ലോ 1984ലോ കിസ്സിംഗര്‍ എഴുതിയതു തന്നെയാണ് ജോര്‍ദാനിലെ അല്‍ഖാഇദ നേതാവായിരുന്ന അബു മുസ്അബ് സര്‍ഖാവി ചെയ്തുകൊണ്ടിരുന്നത്. അമേരിക്കക്കും ഇസ്രയീലിനുമെതിരായി രൂപപ്പെട്ടതെന്ന് വീമ്പു പറയുന്ന ഐസിസ് ഇന്നേവരെ ഒരു അമേരിക്കക്കാരനെയോ ഇസ്രയേലിയെയോ കൊന്നിട്ടില്ലെന്നതും അവരുടെ ആയുധങ്ങളൊന്നും തന്നെ ഈ രാജ്യങ്ങള്‍ക്കു നേരെ തിരിച്ചിട്ടില്ലെന്നതും തന്നെ അവരാണ് ഈ ഭീകരസംഘങ്ങളെ വളര്‍ത്തുന്നത് എന്നതിന് തെളിവാണ്. ‘നാലാം തലമുറ യുദ്ധം’ (Fourth Generation Worfare) എന്ന സങ്കല്‍പത്തിന്റെ സ്ഥാപകനായ ബര്‍ണാര്‍ഡ് ലൂയിസിന്റെ ഉപദേശപ്രകാരം രൂപം കൊണ്ട ഭീകരസംഘങ്ങളാണ് അല്‍ ഖാഇദയും ഐസിസുമെന്ന വസ്തുത അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. മാധ്യമങ്ങളുപയോഗിച്ച് സാധാരണക്കാരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയും പാശ്ചാത്യന്‍ പടയാളികളെ പറഞ്ഞയച്ച് സ്വന്തം രക്തസാക്ഷികളുടെ മൃതശരീരം ഏറ്റുവാങ്ങേണ്ടി വരുന്ന ഗതികേടിനു പകരം പണവും ആയുധവും കൊടുത്തു തങ്ങളിച്ഛിക്കുന്ന രാജ്യങ്ങളില്‍ കൊലയാളി സംഘങ്ങളെ നിയമിക്കുകയും ചെയ്തുകൊണ്ടാണ് പാശ്ചാത്യലോകം പുതിയകാലത്ത് യുദ്ധം ചെയ്യേണ്ടതെന്നാണല്ലോ ലൂയിസിന്റെ ഉപദേശം. മുസ്‌ലിംകളെ കാഫിറുകളായി മുദ്ര കുത്തുകയും അങ്ങനെ സുന്നികളെയും ശിയാക്കളെയുമെല്ലാം കൊന്നൊടുക്കി അമേരിക്കയുടെയും ഇസ്രായീലിന്റെയും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയുമാണ് ഈ കൊലയാളി സംഘങ്ങള്‍ ചെയ്യുന്നത് എന്നാണ് നബീല്‍ നഈം തന്റെ അഭിമുഖത്തില്‍ സമര്‍ത്ഥിക്കുന്നത്.
നബീല്‍ നഈമിന്റെ അഭിമുഖത്തിനു ശേഷമാണ് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ ഇര്‍ന (IRNA) ഐസിസ് അമേരിക്കന്‍ സൃഷ്ടിയാണെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിനെ വിമര്‍ശിക്കുകയും ഇറാന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് 2014 ജൂലൈ 19ന് ടൈം ഒരു വിശദമായ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇറാന്റെ അമേരിക്കന്‍ വിരോധം മാത്രമാണ് ഐസിസ് പാശ്ചാത്യനിര്‍മിത സംഘമാണെന്ന ആരോപണത്തിനു പിന്നിലെന്ന് സമര്‍ത്ഥിക്കുന്നതാണ് ടൈമിന്റെ ടെഹ്‌റാന്‍ കറസ്‌പോണ്ടന്റായ ആരിന്‍ ബേക്കറിന്റെ ലേഖനം. സുന്നീ മതമൗലികവാദികളായ ഐസിസുകാരെ അമേരിക്കന്‍ ഏജന്റുമാരെന്ന് വിളിക്കുവാനുള്ള ശിയാക്കളുടെ ശ്രമം മാത്രമാണ് ഇതിനുപിന്നിലെന്ന് ആരോപിക്കുവാനാണ് ബേക്കര്‍ ശ്രമിച്ചിരിക്കുന്നത്. നബീല്‍ നഈമിന്റെ വെളിപ്പെടുത്തലുകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ പോകാതെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ഇര്‍ന-ടൈം വാഗ്വാദങ്ങള്‍ വഴി വിജയിച്ചുവെന്നു പറയാം.അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയില്‍ പ്രവര്‍ത്തിച്ചിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ 2013ല്‍ പുറത്തുവിട്ട നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രേഖകളിലൊന്നും തന്നെ അമേരിക്കയുടെ സൃഷ്ടിയാണ് ഐസിസ് എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളൊന്നുമില്ലെന്നും ഇപ്പോള്‍ സ്‌നോഡന്റെ പേരില്‍ ആരോ കള്ളക്കഥ മെനയുകയാണെന്നുമെല്ലാം ആരോപണമുന്നയിക്കുന്നവരെ നിരാശരാക്കുന്നതാണ് ഈ വാര്‍ത്ത വന്ന് ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞിട്ടും അദ്ദേഹം യാതൊന്നും പറഞ്ഞിട്ടില്ലെന്ന വസ്തുത. സ്‌നോഡന്‍ മാത്രമല്ല, മറ്റു പല പാശ്ചാത്യന്‍ രാഷ്ട്രീയ വിദഗ്ധന്‍മാരും ഐസിസിനു പിന്നിലുള്ള അമേരിക്കന്‍-ഇസ്രയീല്‍ കരങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന വസ്തുത ഈ ആരോപണം കേവലം ഒരു സുന്നി-ശിയാ തമ്മില്‍തല്ല് മാത്രമായി കാണുന്നവരുടെ വാദത്തെ തകര്‍ക്കുന്നുണ്ട്. അല്‍ ഖാഇദ, ഐസിസ് എന്നീ ഭീകരസംഘങ്ങളെ സൃഷ്ടിച്ചത് അമേരിക്ക തന്നെയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ഗാരിക്കായ് ചെങ്കു ആഗോളവല്‍ക്കരണത്തെക്കുറിച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് വെബ്‌സൈറ്റില്‍ 2014 സെപ്റ്റംബര്‍ 19ന് എഴുതിയ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശവും അതോടനുബന്ധിച്ചുള്ള ശിയാ സ്വാധീനമുള്ള സര്‍ക്കാറിന്റെ സ്ഥാപനവും സുന്നികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കി. സുന്നി പ്രദേശങ്ങളിലെ ഫാക്ടറികള്‍ അടച്ചുപൂട്ടിയതു മൂലമുള്ള വമ്പിച്ച തൊഴിലില്ലായ്മ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ ഭീകരസംഘങ്ങള്‍ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനുപയോഗിച്ചു. എണ്ണയുടെയും ഇസ്രയീലിന്റെയും ചുറ്റും തിരിയുന്ന അമേരിക്കന്‍ മധ്യപൗരസ്ത്യദേശ നിലപാടിനനുസരിച്ച് ആ പ്രദേശത്തെ പരിവര്‍ത്തിപ്പിക്കുവാനും അറബ് രാജ്യങ്ങളെ ഛിദ്രീകരിച്ച് നിര്‍ത്തുവാനും ഐസിസിനെപ്പോലെയുള്ള ഭീകരസംഘങ്ങളെ അമേരിക്കക്ക് ആവശ്യമാണന്നാണ് ഗാരിക്കായി ചെങ്കു എഴുതുന്നത്.മുസ്‌ലിം സമുദായത്തെ കലാപകലുഷിതമായി നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിച്ച ചരിത്രമാണ് ജൂതന്‍മാര്‍ക്കുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്റെ കാലത്തുതന്നെ തുടങ്ങിയതാണ് ഈ ജൂതതന്ത്രം. ഉഥ്മാന്റെയും(റ) അലി(റ)യുടെയും കൊലപാതകത്തില്‍ കലാശിച്ച കലാപങ്ങള്‍ക്കു പിന്നില്‍ ജൂതന്‍മാരുടെ സൃഗലബുദ്ധിയാണ് പ്രവര്‍ത്തിച്ചതെന്ന ചരിത്രം നമുക്ക് പാഠമാകേണ്ടതാണ്. മുസ്‌ലിം സമൂഹത്തിനകത്തു നിന്നുതന്നെ കൊലയാളി ഗ്രൂപ്പുകളെ -ഖവാരിജുകളെയും ശിയാക്കളെയും- സൃഷ്ടിച്ചുകൊണ്ടാണ് തങ്ങളുടെ ഗൂഢതന്ത്രങ്ങള്‍ നടപ്പാക്കാന്‍ ജൂതന്‍മാര്‍ പരിശ്രമിച്ചത്. പ്രസ്തുത പരിശ്രമം തന്നെയാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നതെന്നാണ് മുകളില്‍ പറഞ്ഞ വസ്തുതകള്‍ വ്യക്തമാക്കുന്നത്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ശാന്തിമന്ത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ശാന്തമായി ഇസ്‌ലാമിനെ ലോകത്തിന്റെ മുക്കുമൂലകളിലെത്തിച്ച സ്വഹാബിമാരുടെ മാതൃകയുള്‍ക്കൊണ്ട്, സത്യദീനിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കരുണാവാരിധിയായ അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് കത്തി കാണിച്ചുകൊണ്ടാണെന്ന് പഠിപ്പിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്ന് തിരിച്ചറിയുവാന്‍ പ്രബോധകര്‍ക്ക് കഴിയണം. ലോകങ്ങള്‍ക്കു മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി (സ) പഠിപ്പിച്ച ഇസ്‌ലാമിന്റെ പേരില്‍ ക്രൂരമായ ഗോത്രവര്‍ഗാചാരങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായിരുന്നാലും അവരോട് നിങ്ങളല്ല ഇസ്‌ലാമിന്റെ കാവല്‍ക്കാര്‍ എന്നു പ്രതിഷേധിക്കുവാന്‍ നമുക്ക് ചങ്കൂറ്റമുണ്ടാകണം. ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ അണിഞ്ഞവരോടുള്ള മുസ്‌ലിം മനസ്സിന്റെ സ്‌നേഹം ചൂഷണം ചെയ്ത് ഇസ്‌ലാമിനെ വേട്ട ചെയ്യാനൊരുമ്പെടുന്നവരോട് ഒരു മുസ്‌ലിമിന്റെയും മനസ്സില്‍ സ്‌നേഹത്തിന്റെ ലാഞ്ചന പോലും ഉണ്ടാകരുത്. മതത്തില്‍ നിന്ന് അമ്പിനെപ്പോലെ തെറിച്ചു പോകുന്നവരെന്ന് വിശേഷിപ്പിക്കപ്പെട്ടവരെപ്പറ്റി പ്രവാചകന്‍ (സ) പറഞ്ഞത് അവരുടെ ആരാധനാ കര്‍മങ്ങള്‍ നിങ്ങളെ വിസ്മയിപ്പിക്കുമെന്നായിരുന്നുവെന്ന് നാം ഓര്‍ക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

Friday, 4 September 2015

ശിരോവസ്ത്രം: സമുദായനേതൃത്വം ഉറക്കം വെടിയണം

”വിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍, അങ്ങനെ ധരിക്കുന്നവര്‍ പാലിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ മുഴുവന്‍ പാലിച്ചിട്ടും, പൊതുഖജനാവില്‍ നിന്ന് വമ്പിച്ച പണം ചെലവഴിച്ച് നടത്തുന്ന ഒരു പ്രവേശനപരീക്ഷയില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍
തിരസ്‌കൃതരാവുക എന്നുപറഞ്ഞാല്‍ മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും പൗരന്റെ മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും പരിക്കേല്‍ക്കുക എന്നുതന്നെയല്ലേ അതിന്റെയര്‍ത്ഥം? ഇന്‍ഡ്യന്‍ ഭരണഘടനകൂടിയാണ് പരീക്ഷാ ഹാളില്‍ നിന്ന് എന്റെ കൂടെ പടിയിറക്കപ്പെട്ടത് എന്ന വസ്തുതയെ ആര്‍ക്കാണ് നിഷേധിക്കാനാവുക? ഞാന്‍ നല്ല ഇന്‍ഡ്യക്കാരിയും നല്ല മുസ്‌ലിമും നല്ല സ്ത്രീയുമാകാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വത്വത്തിലുള്ള ഈ മൂന്ന് അടരുകളെയും വേദനിപ്പിച്ച നടപടിയാണ്, നിശ്ചയം ഇന്‍വിജിലേറ്ററുടെയും പിന്‍സിപ്പളിന്റെയും ഭാഗത്തുനിന്നുമുണ്ടായത്.” (ആലിയാ ഫര്‍സാന, ‘ഇല്ല, വിശ്വാസം അഴിച്ചുവെക്കാന്‍ എനിക്കാവില്ല!’, സ്‌നേഹസംവാദം മാസിക, 2015 ഓഗസ്റ്റ്)

ഹിജാബ് ധരിച്ചതിനാല്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുവാന്‍ സമ്മതിക്കാതെ പരീക്ഷാ ഹാളില്‍ നിന്നും അധികൃതര്‍ പുറത്താക്കിയ ആലിയാ ഫര്‍സാനയുടെ വാക്കുകള്‍ നമ്മുടെ മതനിരപേക്ഷ പൗരബോധത്തോടും സമുദായ നേതൃത്വത്തോടും ചില ഗുരുതരമായ ചോദ്യങ്ങളുന്നയിക്കുന്നതാണ്. നല്ല മുസ്‌ലിമും നല്ല സ്ത്രീയുമായി ജീവിക്കാനാഗ്രഹിക്കുന്ന, ഇന്‍ഡ്യയില്‍ ജനിച്ച് ജീവിച്ച് വളരുന്ന ഒരാള്‍ക്ക് ഒരു നല്ല ഇന്‍ഡ്യക്കാരിയായിതന്നെ മരിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുവാന്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ആണയിടുന്ന നീതിന്യായ വ്യവസ്ഥക്കോ നിയമനിര്‍മാണ സഭയിലിരിക്കുന്നവര്‍ക്കോ കാര്യനിര്‍വഹണ സമിതികളിലുള്ളവര്‍ക്കോ കഴിയില്ലെയേന്ന ഗൗരവതരമായ ചോദ്യം. ജനാധിപത്യ ഇന്‍ഡ്യയുടെ ആത്മാവാണ് മതനിരപേക്ഷതയെന്ന് ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ആമുഖം മുതല്‍ അവസാന ഖണ്ഡിക വരെ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രവ്യവഹാരങ്ങള്‍ മതേതരമാവുകയും വ്യക്തിയുടെ മതസ്വാതന്ത്ര്യത്തില്‍ അത് രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് വിഘ്‌നമുണ്ടാക്കാത്തിടത്തോളം രാഷ്ട്രം ഇടപെടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഒരു രാജ്യം മതനിരപേക്ഷമാണെന്ന് പറയാനാവുകയുള്ളു. ഭരണഘടനയിലെ വകുപ്പുകളും ഖണ്ഡികകളുമെല്ലാം ഇന്‍ഡ്യയെ മതനിരപേക്ഷമായി നിലനിര്‍ത്താന്‍ പോകുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും തന്നെയാണ് ഉള്‍ക്കൊളളുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഭാരതചരിത്രത്തില്‍ പലപ്പോഴും മതനിരപേക്ഷതയുടെ പറക്കുന്ന ത്രിവര്‍ണ പതാകക്കു കീഴില്‍ തന്നെ അതിന്റെ ആത്മാവിനെ ഹനിക്കുന്ന നടപടികളുണ്ടായിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലെജിസ്ലേറ്റീവിന്റെയും എക്‌സിക്യൂട്ടീവിന്റെയും പക്ഷത്തുനിന്നുണ്ടായിട്ടുള്ള അത്തരം നടപടികളെ ഭരണഘടന ഉപയോഗിച്ചുകൊണ്ടുതന്നെ പ്രതിരോധിക്കുകയും ഒരു പരിധിവരെ തോല്‍പിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്‍ഡ്യയിലെ മതനിരപേക്ഷ പൗരബോധത്തിനുള്ളത്. വൈകാരികമായ ആന്ദോളനങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് കേവല ഭൂരിപക്ഷത്തിന്റെ സമ്മതിദാനം മതനിരപേക്ഷതയുടെ പാളയത്തിനെതിരായപ്പോഴും നാടിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കഴിയാത്ത രൂപത്തില്‍ ഭരണഘടനയുപയോഗിച്ച് പോരാടാന്‍ മതനിരപേക്ഷ പൗരബോധത്തിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ സ്ഥിതിയതല്ല. ആടുന്നവരും പാടുന്നവരും കളി കാണുന്നവരുമെല്ലാം നഗ്നരാണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണ് ഹിജാബിനെതിരെയുള്ള പുതിയ കരുനീക്കങ്ങളെന്ന വസ്തുത നാം കാണാതിരുന്നുകൂടാ.
നിയമകൂടവും നിര്‍വാഹകസമിതികളിലുള്ളവരുമെല്ലാം മതനിരപേക്ഷതയുടെ കഴുത്തില്‍ കത്തിവെക്കുന്ന ഈ നടപടിക്ക് മുതിര്‍ന്നപ്പോള്‍ പെണ്ണവകാശങ്ങള്‍ക്കുവേണ്ടി അട്ടഹസിക്കുന്നവരുടെയെങ്കിലും വിമതസ്വരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശപ്പെടുകയാണുണ്ടായത്. നാണം മറക്കണമെന്ന് നിര്‍ബന്ധം പിടിച്ച ഒരു പെണ്‍കുട്ടിയോട് അവള്‍ നഗ്നതയാണെന്ന് വിശ്വസിക്കുന്ന ഭാഗങ്ങള്‍ തുറന്നിടാതെ പരീക്ഷയെഴുതാന്‍ അനുവദിക്കുകയില്ലെന്ന് പറയുന്നതിനേക്കാള്‍ വലിയ പെണ്‍വിരുദ്ധതയെന്താണെന്ന് മുതലാളിത്തത്തിന്റെ നക്കാപിച്ചകള്‍ക്കായി ഫെമിനിസം വിളമ്പുന്നവരോട്  ചോദിച്ചിട്ട് കാര്യമൊന്നുമില്ല. പക്ഷേ, ഭാരതത്തിന്റെ മതനിരപേക്ഷത നിലനിര്‍ത്തുന്നതിനായി ചോര കൊടുക്കുമെന്ന് ആണയിടുന്നവരില്‍ നിന്നെങ്കിലും പച്ചയായ ഈ സാംസ്‌കാരിക ഫാഷിസത്തിനെതിരെയുള്ള നടപടികളെന്തെങ്കിലുമെല്ലാം ഇന്‍ഡ്യയെ സ്‌നേഹിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു. പട്ടാളക്യാമ്പിലെ ‘അറ്റന്‍ഷന്‍’ കല്‍പനക്കു ശേഷമുള്ളതിനേക്കാള്‍ ഭീകരമായ അവരുടെ നിശബ്ദത മതനിരപേക്ഷ ഭാരതത്തിന്റെ ഭാവിയെക്കുറിച്ച ഭീഷണമായ സൂചനകളാണ് നല്‍കുന്നത്. ഫാഷിസം  എത്ര സമര്‍ത്ഥമായാണ് അതിന്റെ ശത്രുവിന്റെ മനസ്സുകളെപ്പോലും തങ്ങളുടേതാക്കിത്തീര്‍ക്കുന്നതെന്ന് ഈ നിശബ്ദത നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. മൂന്ന് മണിക്കൂര്‍ നേരം തലമുടി തുറന്നിടുന്നതുകൊണ്ട് ആരുടെയും വിശ്വാസത്തിന് ഒരു കുഴപ്പവുമുണ്ടാവുകയില്ലെന്ന് പറയുവാന്‍ ഇന്‍ഡ്യന്‍ ഭരണഘടനയെ വ്യാഖ്യാനിക്കുകയും അതുപ്രകാരം വിധിപ്രസ്താവങ്ങള്‍ നടത്തുകയും ചെയ്യേണ്ടവരിലെ ഉന്നതസ്ഥാനീയര്‍ തന്നെ ധൃഷ്ടമാകുന്ന സ്ഥിതിവിശേഷം ഇന്‍ഡ്യയെ സ്‌നേഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആചാരപ്രശ്‌നമായി ഹിജാബിനുവേണ്ടിയുള്ള വര്‍ത്തമാനങ്ങളെ കാണാന്‍ ശ്രമിക്കുന്നവര്‍, ഈ പ്രസ്താവനയുടെ അപകടം മനസ്സിലാക്കാത്തവരോ അല്ലെങ്കില്‍ ബുദ്ധിമാന്ദ്യം അഭിനയിക്കുന്നവരോ ആണ്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ മതവിശ്വാസത്തെ ഒരു നിമിഷനേരത്തേക്കെങ്കിലും മാറ്റിവെച്ചുകൊണ്ടേ രാജ്യത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനാവുകയുള്ളൂ എന്നുവന്നാല്‍ അതോടുകൂടിത്തന്നെ കഴിഞ്ഞ കുറേക്കാലമായി നാം കെട്ടിപ്പൊക്കിയുണ്ടാക്കിയ മതനിരപേക്ഷസൗധം തകരുമെന്നതാണ് വസ്തുത. മതനിരപേക്ഷതയെന്നാല്‍ സൗകര്യത്തിനനുസരിച്ച് മതത്തെ അണിയാനും ഊരിവെക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്ന് ഭരണഘടനയെ വ്യാഖ്യാനിക്കുന്നവര്‍ക്കുപോലും തിരിയുന്നില്ലെന്ന് വന്നാല്‍ പിന്നെ നാടിന്റെ സ്ഥിതിയെന്തായിത്തീരും? താന്‍ ശരിയെന്ന് വിശ്വസിക്കുന്ന ആദര്‍ശങ്ങളും അവ പ്രകാരമുള്ള ജീവിതവും പൂര്‍ണമായി ഉള്‍ക്കൊണ്ടുതന്നെ രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവമാകുവാന്‍ പൗരന് സാധിക്കുന്ന സ്ഥിതിവിശേഷമാണ് രാഷ്ട്രമീമാംസയിലെ മതനിരപേക്ഷത. ഭാരതീയ ജനാധിപത്യത്തിന്റെ ആത്മാവാണിത്. ഈ ആത്മാവിനെ ഞെക്കിക്കൊന്നു കഴിഞ്ഞാല്‍ ജനാധിപത്യം മരിക്കും. ജനാധിപത്യത്തിന്റെ മൃതശരീരത്തെ ‘എംബാം’ ചെയ്തു ജീവനുള്ളതാക്കി അവതരിപ്പിക്കുവാന്‍ ഫാഷിസത്തിന്റെ മാര്‍ക്കറ്റിംഗ് വൈദഗ്ധ്യം വഴി കഴിഞ്ഞേക്കും. എന്നാല്‍ ആത്മാവില്ലാത്ത ശരീരം എത്ര സുന്ദരമായി ‘മെയ്ന്റയ്ന്‍’ ചെയ്താലും ജീവന്റെ ലക്ഷണങ്ങളൊന്നും പുറപ്പെടുവിക്കുകയില്ലെന്ന വസ്തുത ഇന്‍ഡ്യയെ സ്‌നേഹിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്!
സിക്ക് പുരുഷന്‍മാര്‍ക്ക് തലപ്പാവും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബും കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രവും ധരിച്ചുകൊണ്ടുതന്നെ പരീക്ഷയെഴുതുവാനും രാഷ്ട്രഘടനയുടെ വ്യത്യസ്ത മേഖലകളില്‍ സേവനമനുഷ്ഠിക്കുവാനും കഴിയുന്ന സ്ഥിതിവിശേഷമാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി ഇന്‍ഡ്യയില്‍ നിലനിന്നിരുന്നത്. പുതിയ സാങ്കേതികവിദ്യകളും അതുപ്രകാരമുള്ള കോപ്പിയടി സംസ്‌കാരവും കൃത്രിമത്വങ്ങളുമുണ്ടാകുമ്പോള്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് കര്‍ശനമായ പരീശോധനാ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടിവരിക സ്വാഭാവികമാണ്. അതുപക്ഷെ, ഇന്‍ഡ്യയുടെ ആത്മാവിനെ തന്നെ തകര്‍ത്തുകൊണ്ടാവരുത് എന്നു മാത്രമേ നാം പറയുന്നുള്ളൂ. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ചിപ്പില്‍ നിന്നുണ്ടാകുന്ന സിഗ്നലുകള്‍ തൊലിയിലെ ന്യൂറോണുകളിലൂടെ വിവരങ്ങള്‍ മസ്തിഷ്‌കത്തിലേക്ക് സംപ്രേഷണം ചെയ്യുന്ന സാങ്കേതിക വിദ്യയുണ്ടായിക്കഴിഞ്ഞാല്‍ വിവസ്ത്രരായേ പരീക്ഷയെഴുതാവൂ എന്ന് വിധിക്കുകയല്ല തലക്ക് വെളിച്ചമുള്ള പരീക്ഷാ നടത്തിപ്പുകാര്‍ ചെയ്യുക. പ്രത്യുത, പ്രസ്തുത സാങ്കേതികവിദ്യയെ മറികടക്കാനാവശ്യമായ മാന്യമായ സംവിധാനങ്ങളുണ്ടാക്കുകയാണ്. പരീക്ഷ തുടങ്ങുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് പരീക്ഷാ ഹാളിലെത്തുകയും ആവശ്യമെങ്കില്‍ നിയമം അനുവദിക്കുന്ന തരത്തിലുള്ള മുഴുദേഹ പരിശോധനക്ക് സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിട്ടും ഹിജാബ് അഴിച്ചുവെച്ചേ പരീക്ഷയെഴുതിക്കൂവെന്ന് വാശിപിടിച്ചവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് മനസ്സിലാക്കാന്‍ ഏറെ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. ഇങ്ങനെ ഉള്ളില്‍ മണ്ണെണ്ണയുമായി നടക്കുന്നവര്‍ക്കാണ് ഭരണഘടനാ വ്യാഖ്യാതാക്കള്‍ തീപ്പൊരി നല്‍കി സഹായിച്ചതെന്നതാണ് ഖേദകരം. ഈ തീപ്പൊരിയുപയോഗിച്ച് ഇത്തരക്കാര്‍ കത്തിച്ചാമ്പലാക്കുക സഹസ്രാബ്ദങ്ങളായി നാം വളര്‍ത്തിക്കൊണ്ടുവന്ന നമ്മുടെ നാടിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെയായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള മിനിമം ബുദ്ധിയെങ്കിലും ന്യായാധിപന്‍മാരുടെ ഉയര്‍ന്ന കസേരയിലിരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതായിരുന്നു.
സാംസ്‌കാരികവും രാഷ്ട്രീയവുമായ നവോത്ഥാനങ്ങള്‍ ഒരേ കരങ്ങളാല്‍ നിര്‍വഹിക്കപ്പെട്ടതാണ് കേരള മുസ്‌ലിംകളുടെ സവിശേഷമായ അസ്തിത്വത്തിനും വ്യതിരിക്തമായ വ്യക്തിത്വത്തിനും നിമിത്തമായതെന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളിലുണ്ടായ പരിണാമത്തെ സൂക്ഷ്മമായി പഠിച്ചാല്‍ ബോധ്യമാകും. ഇസ്‌ലാമിന്റെ ചിഹ്നങ്ങളെല്ലാം സ്വീകരിക്കുകയും ഇസ്‌ലാമികവ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ടുതന്നെ രാഷ്ട്രവ്യവഹാരങ്ങളുടെ വ്യത്യസ്ത മേഖലകളില്‍ ജ്വലിച്ച നിരവധി പേരെ സൃഷ്ടിക്കുവാന്‍ കേരള മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കിയാല്‍ പിന്നോക്കാവസ്ഥക്കുള്ള പരിഹാരവും രാഷ്ട്രീയമായ മുന്നേറ്റവുമാകുമെന്ന വസ്തുത മുസ്‌ലിംകളെക്കാള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശാത്രവത്തോടെ പരിഗണിക്കുന്നവര്‍ക്ക് നന്നായറിയാം. മെഡിക്കല്‍ പ്രവേശന പരീക്ഷകളിലും സിവില്‍ സര്‍വീസ് പരീക്ഷകളിലും ഹിജാബ് ധരിച്ച പെണ്‍കുട്ടികളും നെരിയാണിക്കുമേല്‍ തുണിയുടുക്കുന്ന ആണ്‍കുട്ടികളും റാങ്കുകള്‍ നേടുന്ന കേരളീയ സ്ഥിതിവിശേഷം മറ്റ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കയോടെ നോക്കിക്കാണുന്നവര്‍ പരീക്ഷാ നടത്തിപ്പുകാരായിത്തീരുന്ന ദുര്യോഗത്തില്‍ നിന്നാണ് തുണിയുടുക്കാതെ പരീക്ഷയെഴുതണമെന്ന തരത്തിലുള്ള കല്‍പനകളുണ്ടാവുന്നത്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ക്രിയാത്മകമായി എങ്ങനെ രാഷ്ട്രവ്യവഹാരങ്ങളിലേര്‍പ്പെടാമെന്നതിന് കേരളത്തേക്കാള്‍ നല്ലൊരു മാതൃകയില്ല. തങ്ങളുടെ മതവിശ്വാസവും കര്‍മങ്ങളും സ്വഭാവങ്ങളും വസ്ത്രധാരണവും വിശുദ്ധിയുമെല്ലാം നിലനിര്‍ത്തിക്കൊണ്ട് അവയില്‍ ഒരല്‍പം പോലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ, വിദ്യാഭ്യാസ രംഗത്തും രാഷ്ട്രപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്നുപോകുവാന്‍ കഴിയുന്ന സ്ഥിതിയുണ്ടായതുകൊണ്ടാണ് കേരള മുസ്‌ലിംകള്‍ക്ക് ജനാധിപത്യലോകത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകയാകാനായത്. പരീക്ഷാ നടത്തിപ്പിന്റെ പേരില്‍ വിശ്വാസത്തെ അഴിച്ചുവെക്കണമെന്ന് പറയുന്നവര്‍ക്ക് ഈ മാതൃക ആവര്‍ത്തിക്കപ്പെടുന്നതിനോടാണ് വിരോധമുള്ളത്. പ്രസ്തുത വിരോധം പക്ഷെ, ജനാധിപത്യത്തിന്റെ അടിവേരാണ് മാന്തുന്നതെന്ന വസ്തുത ആട്ടം കാണുന്നവരിലെ ‘ശുദ്ധഗതി’ക്കാരില്‍ പലര്‍ക്കും മനസ്സിലാകുന്നല്ലെന്നതാണ് ദുഃഖകരം.
ന്യൂനപക്ഷ രാഷ്ട്രീയ നവോത്ഥാനത്തിന്റെ ചരിത്രമുറങ്ങുകയും വര്‍ത്തമാനം പൊടിപൊടിക്കുകയും ചെയ്യുന്ന കേരളത്തില്‍പോലും മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് അഴിച്ചുവെച്ച് പരീക്ഷയെഴുതേണ്ടി വന്നുവെന്നതും ഹിജാബ് അഴിക്കാന്‍ സന്നദ്ധരല്ലാത്തവര്‍ക്ക് പരീക്ഷാഹാളില്‍ നിന്ന് പുറത്തുപോകേണ്ടി വന്നുവെന്നതും അപമാനകരമാണ്. പ്രസ്തുത അപമാനഭാരം വഹിക്കേണ്ടത് ആരെല്ലാമാണെന്ന് സമുദായനേതൃത്വം തീരുമാനിക്കട്ടെ. അതെന്തായിരുന്നാലും, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് മുസ്‌ലിമായി ജീവിക്കാനാഗ്രഹിക്കുന്നവരെ പരീക്ഷയെഴുതാന്‍ സമ്മതിക്കാതിരുന്നവര്‍, അവര്‍ ആരായിരിക്കട്ടെ, അവര്‍ക്കെതിരെ ശക്തമായ നിയമനപടികളുമായി മുന്നോട്ടുപോകുവാന്‍ സമുദായനേതൃത്വത്തിന് ബാധ്യതയുണ്ട്. ഹിജാബ് ധരിക്കുന്നവര്‍ക്ക് അതു ധരിച്ചുകൊണ്ടുതന്നെ പ്രധാനമന്ത്രിയും പ്രസിഡന്റും വരെയാകുന്നതിനെക്കുറിച്ച് സ്വപ്‌നം കാണുവാനെങ്കിലും കഴിയുന്ന അവസ്ഥയുണ്ടാവുമ്പോഴേ ന്യൂനപക്ഷ രാഷ്ട്രീയ നവോത്ഥാനം അതിന്റെ ധര്‍മം നിര്‍വഹിക്കുന്നുവെന്ന് പറയാനാകൂ. ഇപ്പോള്‍ ഉണ്ടായതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുവാന്‍ സമുദായനേതൃത്വത്തിന് കഴിയേണ്ടതുണ്ട്. അതു ചെയ്യാതിരുന്നാല്‍ തങ്ങളുടെ അലസതയയുടെ ചെറുവാതിലിലൂടെ സമുദായത്തിനകത്തേക്ക് കടക്കുക തീവ്രവാദമായിരിക്കുമെന്ന് തിരിച്ചറിയുവാന്‍ സമകാലിക സംഭവങ്ങള്‍ നേതൃത്വത്തിന് പാഠമാവേണ്ടതുണ്ട്. തീവ്രവാദം സമുദായത്തെ ഉദ്ധരിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്യുന്നതെന്നാണല്ലോ ചരിത്രത്തിന്റെ പാഠം

Thursday, 6 August 2015

സാമ്പത്തിക പ്രതിസന്ധി വീണ്ടും ചർചയാകുമ്പോൾഇന്നത്തെ സാമ്പത്തികക്രമം ഈ രൂപത്തില്‍ തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ 1930ന്റെ തുടക്കത്തില്‍ ലോകത്ത് സംജാതമായതുപോലെയുള്ള മഹാമാന്ദ്യമാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഗവര്‍ണറും ലോകപ്രസിദ്ധ സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്റെ പ്രസ്താവനയെ ഖണ്ഡിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ഔദ്യോഗികമായി പുറത്തിറക്കിയ ധവളപത്രത്തെക്കുറിച്ച ദി എക്കണോമിക് ടൈംസ് വാര്‍ത്ത വന്നത് 2015 ജൂണ്‍ 28നാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സാമ്പത്തികകാര്യ വിദഗ്ധനായ അംബ്രോജിയോ സിസോ ബിയാല്‍ചിയും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അലക്‌സാഡ്രോ കറബൂക്കിയും കൂടി രചിച്ച പത്രം സാമ്പത്തിക ഊദാരീകരണത്തെക്കുറിച്ച രഘുറാം രാജന്റെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുകയല്ലാതെ വരാന്‍ പോകുന്ന അപകടത്തിന്റെ സാധ്യത നിഷേധിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഗ്രീസ്, തങ്ങളോട് യൂറോപ്യന്‍ കമ്മീഷനും, യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടും കൂടി നിര്‍ദേശിച്ചിരിക്കുന്ന സാമ്പത്തിക അച്ചടക്ക വ്യവസ്ഥകള്‍ അംഗീകരിക്കുവാന്‍ സാധ്യമല്ലെന്ന് ഹിതപരിശോധനയിലൂടെ വ്യക്തമാക്കിയത് മുതലാളിത്ത ലോകത്ത് സ്വന്തം സാമ്പത്തികക്രമത്തെക്കുറിച്ച് അസംതൃപ്തി മാത്രമല്ല അസഹിഷ്ണുത കൂടി വളര്‍ന്നുവരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളെയാണ് അടുത്തതായി പ്രതിസന്ധി ബാധിക്കാന്‍ പോകുന്നതെന്ന വിദഗ്ധരുടെ വിലയിരുത്തല്‍ ഭീതിജനകമാണ്. വരാന്‍പോകുന്ന അപകടത്തെ വാക്പയറ്റിന്റെ സൂത്രങ്ങള്‍കൊണ്ട് അടച്ചുകളയാമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങള്‍ ശ്രവിക്കുന്നതിനുപകരം യഥാര്‍ത്ഥ പരിഹാരത്തിലേക്ക് നടന്നടുക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. അല്ലെങ്കില്‍ തൊഴിലില്ലായ്മയും പട്ടിണിയും ദുരിതങ്ങളും നിറഞ്ഞ നാളെയെ സ്വീകരിക്കേണ്ട ഗതികേടാണ് നമുക്ക് വന്നുഭവിക്കുക; 1929കളില്‍ തുടങ്ങിയ മഹാമാന്ദ്യം നമുക്ക് നല്‍കുന്ന ചരിത്രാവബോധം അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
പ്രശ്‌നങ്ങള്‍ക്ക് രണ്ടുരീതിയിലുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടാറുണ്ട്. ഒന്നാമത്തേത് പ്രശ്‌നത്തിന്റെ ബാഹ്യവശം മാത്രം പരിശോധിച്ച് പെട്ടെന്നുതന്നെ പരിഹാരം കാണുന്ന രീതിയാണ്. യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നമെന്താണെന്നും അതിന്റെ വേരുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെയാണെന്നും മനസ്സിലാക്കിക്കൊണ്ട് പരിഹാരം കാണുന്ന രീതിയാണ് രണ്ടാമത്തേത്. പുറമെ മാത്രം പരിശോധിച്ചുകൊണ്ടുള്ള പരിഹാരനിര്‍ദേശങ്ങള്‍ക്ക് സ്ഥായീഭാവമുണ്ടാവുകയില്ല. പ്രശ്‌നത്തിന് പരിഹാരമായി എന്നു തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥ പ്രശ്‌നം എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും. വേദന സംഹാരികള്‍ കഴിച്ച് തലവേദന അകറ്റുന്നതുപോലെ മാത്രമുള്ളതാണ് ഇത്തരം പരിഹാരങ്ങള്‍. തലയ്ക്കകത്തുള്ള മുഴയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും ആ മുഴയെക്കുറിച്ച് അറിയിക്കുന്ന സിഗ്നല്‍ മാത്രമാണ് വേദനയെന്നും മനസ്സിലാക്കാതെയുള്ള പരിഹാരങ്ങള്‍ക്ക് തല്‍ക്കാലത്തേക്കുള്ള ശാന്തി പ്രധാനം ചെയ്യാന്‍ മാത്രമേ കഴിയൂ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മുതലാളിത്തലോകത്തു നിന്ന് നിര്‍ദശിക്കപ്പെടുന്ന സങ്കീര്‍ണമായ ഗണിതക്രിയകളുടെ അകമ്പടികളോടുകൂടെയുള്ള സമവാക്യങ്ങള്‍ക്ക് ഒരു പാരാസെറ്റമോള്‍ ഗുളികയുടെ ഫലം മാത്രമേ നല്‍കാനാവൂ. മുഴയെ മനസ്സിലാക്കാതെയുള്ള ചികിത്സ കൂടുതല്‍ സങ്കീര്‍ണമായ പതനങ്ങളിലേക്കുള്ള വാതായനം മാത്രമായിരിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

Ads by MacVxAd Options
ഏതൊരു സമൂഹത്തിലായിരുന്നാലും സാമ്പത്തിക പ്രതിസന്ധി നേരിടാതിരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട് ഇസ്‌ലാം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് മുക്തമാകുവാനും സംശുദ്ധമായ സാമ്പത്തിക ജീവിതം നയിക്കുവാനും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതുവഴി സാധിക്കും. അത്തരം നിര്‍ദ്ദേശങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ സാമ്പത്തിക ക്രമത്തെത്തന്നെ സമൂലമായി സംസ്‌കരിക്കുന്നതിനുള്ള വിധിവിലക്കുകളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സമൂഹത്തിനുകൂടി ഉത്തരവാദിത്വമുള്ള പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ പലതും ഏതൊരു സമൂഹത്തിലും പ്രായോഗികവല്‍ക്കരിക്കുവാനും അതുവഴിയുള്ള സാമൂഹ്യസുരക്ഷ നേടിയെടുക്കുവാനും കഴിഞ്ഞേക്കും. എന്നാല്‍ അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സാമൂഹ്യധര്‍മ്മം പൂര്‍ണമായി നിര്‍വഹിക്കപ്പെടണമെങ്കില്‍ ഇസ്‌ലാമിക സാമൂഹ്യസംവിധാനം വേണ്ടിവരും. സകാത്ത് വ്യവസ്ഥിതിയുടെ പൂര്‍ണാര്‍ത്ഥത്തിലുള്ള പ്രായോഗികവല്‍ക്കരണവും നിയമങ്ങളിലൂടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ദൂരീകരണവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
മനുഷ്യരെ ഇഹപരവിജയത്തിലേക്ക് നയിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യമനസ്സുകള്‍ക്കകത്ത് മാറ്റങ്ങളുണ്ടാക്കിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ പ്രയോഗവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നത്. വ്യക്തിയുടെ മനസ്സിനും ശരീരത്തിനും സൗഖ്യം നല്‍കുകയും കുടുംബത്തിനകത്ത് ശാന്തി നിലനില്‍ക്കുകയും സമൂഹത്തില്‍ നീതിയും സമാധാനവും നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഇസ്‌ലാമിക നിയമങ്ങളുടെ പ്രയോഗവല്‍ക്കരണം നിമിത്തമാകുന്നു. എന്നാല്‍ ഇതെല്ലാം ആരംഭിക്കുന്നത് വ്യക്തിയുടെ മനസ്സിനകത്തേക്ക് സ്രഷ്ടാവിനെക്കുറിച്ച കൃത്യമായ ബോധവും മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള വ്യക്തമായ അറിവും സന്നിവേശിപ്പിച്ചുകൊണ്ടാണ്. വിശ്വാസത്തില്‍ നിന്നാരംഭിച്ച് മരണാനന്തര ജീവിതത്തിലെ സ്വര്‍ഗപ്രവേശത്തിലെത്തുന്നതാണ് മുസ്‌ലിമിന്റെ ജീവിതസരണി. ഈ സരണിയില്‍ സ്വാഭാവികമായും വന്നുഭവിക്കുന്നതാണ് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമെല്ലാം ശാന്തിയും സമാധാനവും. സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ജീവിതത്തെ കരുപ്പിടിപ്പിക്കുമ്പോള്‍ ഇതെല്ലാം സ്വാഭാവികമായും ഉണ്ടായിത്തീരുമെന്നര്‍ത്ഥം.
മുസ്‌ലിമിന്റെ ജീവിതം അവനുമാത്രമല്ല, ചറ്റുപാടിനും ഗുണദായകമാവുമെന്നതില്‍ സംശയമില്ല. ഒരു കുടുംബത്തില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിമായി ജീവിച്ചിരിക്കുന്നതെങ്കിലും അവന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ ഗുണഫലങ്ങള്‍ കുടുംബത്തിന് മൊത്തത്തില്‍ ഉപകാരപ്രദമായിരിക്കും. ഇതേപോലെത്തന്നെയാണ് സമൂഹത്തിനും. ഇലപൊഴിയുകയോ മറ്റു പ്രയാസങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാത്തതും എല്ലാ സമയത്തും കനി നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മരത്തോടാണ് മുഹമ്മദ് നബി (സ) മുസ്‌ലിമിനെ ഉപമിച്ചിട്ടുള്ളത് (ബുഖാരി, മുസ്‌ലിം) എന്നതില്‍ നിന്നുതന്നെ അവന്റെ സാന്നിദ്ധ്യം സമൂഹത്തിന് എത്രത്തോളം ഉപകാരപ്പെടുന്നതായിരിക്കുമെന്ന് വ്യക്തമാണ്. മുസ്‌ലിമിന്റെ മതവും ജീവിതവും സംസ്‌കാരവുമെല്ലാം മറ്റുള്ളവര്‍ക്കുകൂടി ഗുണദായകമായിരിക്കുമെന്നര്‍ത്ഥം.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് അതിന്റെ സാമ്പത്തിക നിയമങ്ങള്‍. അവ പൂര്‍ണമായി പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുക ഇസ്‌ലാമിക വിശ്വാസവും കര്‍മ്മമാര്‍ഗങ്ങളും സ്വീകരിച്ചവര്‍ക്കു തന്നെയാണ്. എന്നാല്‍ പ്രസ്തുത നിയമങ്ങള്‍ സ്വീകരിക്കപ്പെടുന്നതുവഴി ഉണ്ടാകുന്ന സാമൂഹ്യമാറ്റങ്ങളുടെ ഗുണഭോക്താക്കളാവാന്‍ എല്ലാവര്‍ക്കും കഴിയും. മാത്രവുമല്ല, സാമ്പത്തിക ക്രമത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പഠനവിധേയമാക്കുകയും അവയുടെ വെളിച്ചത്തില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സാമ്പത്തിക നിലപാടുകളെ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുകയും ചെയ്യാന്‍ ഇസ്‌ലാമികാദര്‍ശം സ്വീകരിക്കാത്തവര്‍ക്കുപോലും കഴിയും. മുതലാളിത്തത്തിന്റെ പ്രതിസന്ധിക്ക് അതിന്റെ തന്നെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ ഏറെ ഉന്നയിക്കപ്പടുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ശാശ്വത പരിഹാരം പ്രദാനം ചെയ്യുന്നില്ലെന്ന തിരിച്ചറിവ് ഇത്തരമൊരു പരിശോധനയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്.
സമൂഹം പ്രയാസപ്പെടുമ്പോള്‍ പ്രസ്തുത പ്രയാസത്തില്‍നിന്ന് സഹജീവികളെ രക്ഷപെടുത്തുന്നതിനായി പരിശ്രമിക്കേണ്ടത് മുസ്‌ലിംകളുടെ ഉത്തരവാദിത്തമാണ്. ദൈവിക മാര്‍ഗദര്‍ശനവും അതു മുന്നോട്ടുവെക്കുന്ന സാമ്പത്തിക നിര്‍ദ്ദേശങ്ങളും ആധുനിക മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നതാണ് എന്ന് തിരിച്ചറിയുന്ന മുസ്‌ലിം പ്രസ്തുത പരിഹാര നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ബാധ്യസ്ഥനാണ്. സമാനമായൊരു സാഹചര്യത്തില്‍ ഖജനാവിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യൂസുഫ് നബി (അ)യുടെ മാതൃക മുസ്‌ലിംകളുടെ മുമ്പിലുണ്ട്. രാജാവ് കണ്ട സ്വപ്‌നത്തിന്റെ വ്യാഖ്യാനമായി സമൃദ്ധിയുടെ ഏഴ് വര്‍ഷം വരുവാനുണ്ടെന്നും അതിനുശേഷം ക്ഷാമത്തിന്റെ ഏഴു വര്‍ഷമുണ്ടാവുമെന്നും സമൃദ്ധി വര്‍ഷങ്ങളില്‍ സൂക്ഷിച്ചുവെച്ചതില്‍ നിന്നാണ് ക്ഷാമവര്‍ഷങ്ങളില്‍ ഉപയോഗിക്കുകയെന്നുമെല്ലാം രാജാവിനെ അറിയിച്ചശേഷം യൂസുഫ് നബി (അ) പറഞ്ഞത് ”താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. ഞാനൊരു വിവരമുള്ള സൂക്ഷിപ്പുകാരനായിരിക്കും, തീര്‍ച്ച” (ക്വുര്‍ആന്‍ 12 : 55) എന്നായിരുന്നു. ഖജനാവിന്റെ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ടാല്‍ ദൈവികബോധനപ്രകാരം അത് കൈകാര്യം ചെയ്താല്‍ ക്ഷാമവര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് ക്ഷേമമുണ്ടാകുന്ന തരത്തിലുള്ള സംവിധാനങ്ങളുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് ഉത്തരവാദിത്തമേറ്റെടുക്കുവാനുള്ള യൂസഫ് നബി (അ)യുടെ സന്നദ്ധതയില്‍ നമുക്ക് കാണാനാകുന്നത്. ലോകം പ്രതിസന്ധിയുടെ കയ്പ്പ് അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവികബോധനപ്രകാരമുള്ള പരിഹാരങ്ങളുണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കേണ്ടത് അക്കാര്യം മനസ്സിലാക്കിയവരുടെ ബാധ്യതയാണെന്നര്‍ത്ഥം. ഇസ്‌ലാമിക പ്രബോധകര്‍ക്ക് വലിയ ബാധ്യതയാണ് ഈ രംഗത്തുള്ളതെന്ന് ചുരുക്കം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).

Wednesday, 29 July 2015

യോഗ: നിര്‍ബന്ധത്തിന്റെ മതവും രാഷ്ട്രീയവും

യോഗയും സൂര്യനമസ്‌കാരവും നിര്‍ബന്ധമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇന്‍ഡ്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നതാണെന്ന ലക്‌നൗവില്‍വെച്ച് ജൂണ്‍ ഏഴിന് ചേര്‍ന്ന ഓള്‍ ഇന്‍ഡ്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗത്തിന്റെ പ്രസ്താവന സൃഷ്ടിച്ച മാധ്യമചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല. ഇന്‍ഡ്യയില്‍ വളര്‍ന്നുവന്ന ഒരു വ്യായാമമുറ മാത്രമാണ് യോഗയെന്നും അത് ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍വെച്ച് യോഗ പഠിപ്പിക്കുന്നത് എതിര്‍ക്കേണ്ടതില്ലെന്നും ന്യായീകരിക്കുന്ന മതനിരപേക്ഷതയുടെ മുഖംമൂടിയണിഞ്ഞവര്‍ക്ക് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് അശോക് സിംഗാള്‍ മറുപടി നല്‍കിയിട്ടുണ്ട്. വൈദികസംസ്‌കാരവും സനാതനധര്‍മവുമാണ് ഭാരതരാഷ്ട്രത്തിന്റെ വേരുകളെന്നും അവ നടപ്പാക്കുന്നതില്‍നിന്ന് തടയാന്‍ ആര്‍ക്കുമാവില്ലെന്നുമാണ്, ജൂണ്‍ 15ന് പേഴ്‌സണല്‍ ലോ ബോര്‍ഡ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി യോഗയും സൂര്യനമസ്‌കാരവും അടിച്ചേല്‍പിച്ചുകൊണ്ട് ഇന്‍ഡ്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗരൂകരാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുസ്‌ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെഴുതിയ കത്തിനോട് പ്രതികരിച്ചുകൊണ്ട് സിംഗാള്‍ പറഞത്. യോഗയുടെ വേര് സ്ഥിതിചെയ്യുന്നതെവിടെയാണെന്നും നിര്‍ബന്ധിതമായി അത് നടപ്പാക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നും പി. ടി. ഐക്ക് വിശ്വഹിന്ദു പരിഷത്ത് നേതാവ് നല്‍കിയ അഭിമുഖത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. യോഗയുടെ ഭാഗമായി വളര്‍ന്നുവന്ന വ്യായാമങ്ങളില്‍ ചിലവ ശരീരത്തിന് ഗുണമുണ്ടാക്കുന്നതാവാമെന്ന വാദത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. ഒരു കേവലവ്യായാമമെന്ന നിലയില്‍ ഏതെങ്കിലുമൊരു യോഗാസനം പരിശീലിക്കുന്നത് മതവിരുദ്ധമാണെന്ന് മുസ്‌ലിം പണ്ഡിതന്‍മാരൊന്നും പറഞ്ഞിട്ടുമില്ല. വിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന നിലയില്‍ ഹിന്ദുത്വസര്‍ക്കാര്‍ യോഗാപരിശീലനം അടിച്ചേല്‍പിക്കുമ്പോള്‍ അതിന് മതത്തിന്റെ ചുവയുണ്ടാകുമെന്നുറപ്പാണ്. സിംഗാളിനെപ്പോലുള്ളവരുടെ വര്‍ത്തമാനങ്ങളില്‍ അത് പ്രകടവുമാണ്. അതുകൊണ്ടാണ് രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധിത യോഗാപരിശീലനത്തെ എതിര്‍ക്കുന്നത്. യോഗദര്‍ശനത്തിന്റെ ആചാര്യനായ പതജ്ഞലിയുടെ യോഗസൂക്തങ്ങളുടെ വെളിച്ചത്തില്‍ പില്‍ക്കാലത്ത് നിര്‍ദേശിക്കപ്പെട്ട നൂറ്റിയിരുപത് ആസനങ്ങളിലേതെങ്കിലുമുള്ള വ്യായാമമുറകളോടുള്ളതല്ല ഈ എതിര്‍പ്പ്; പ്രത്യുത, വ്യായാമത്തിന്റെ പേരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വസംസ്‌കാരത്തോടാണ്. പൗരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന ആസ്തിക ദര്‍ശനങ്ങളിലൊന്നാണ് യോഗദര്‍ശനം. ഈശ്വരനെയും വേദങ്ങളെയും അംഗീകരിക്കുന്ന ദര്‍ശനങ്ങളെയാണ് ഹിന്ദുക്കള്‍ ആസ്തികമെന്ന് വിളിച്ചത്. പതജ്ഞലി മുനിയുടെ യോഗസൂത്രങ്ങളാണ് യോഗദര്‍ശനത്തിന്റെ അടിസ്ഥാനപ്രമാണമായി വ്യവഹരിക്കപ്പെടുന്നത്. ചേതനാതത്വമാണ് പുരുഷനെന്നും പരിണാമധര്‍മത്തോടുകൂടിയ അചേതനവസ്തുവാണ് പ്രകൃതിയെന്നും പുരുഷവിശേഷനാണ് ഈശ്വരനെന്നും പഠിപ്പിക്കുന്ന യോഗദര്‍ശനം പുരുഷനും പ്രകൃതിയും തമ്മിലുള്ള ബന്ധനത്തിന് കാരണമായ അവിദ്യ നശിച്ച് പുരുഷ-പ്രകൃതി സംയോഗം അപ്രത്യക്ഷമാകുന്ന കൈവല്യം കരഗമതമാകുന്നതിനു വേണ്ടിയുള്ള പാതയെന്താണെന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്. കൈവല്യമാണ് യോഗത്തിന്റെ ലക്ഷ്യം. പുരുഷന്‍ പ്രകൃതിയില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമാണെന്ന വിവേകപൂര്‍ണമായ ജ്ഞാനമുണ്ടാകുമ്പോള്‍ മാത്രമാണ് കൈവല്യമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുകയെന്ന് സമര്‍ത്ഥിക്കുകയും പ്രസ്തുതലക്ഷ്യസാക്ഷാത്കാരത്തിന്റെ മാര്‍ഗമായി യോഗയെ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് പതജ്ഞലി മഹര്‍ഷിയുടെ യോഗസൂത്രങ്ങള്‍. 51 സൂത്രങ്ങളുള്ള സമാധി പാദം, 55 സൂത്രങ്ങളുള്ള സാധനാപാദം, 55 സൂത്രങ്ങളുള്ള വിഭൂതി പാദം, 34 സൂത്രങ്ങളുള്ള കൈവല്യപാദം എന്നിങ്ങനെ നാല് പാദങ്ങളായാണ് യോഗസൂത്രങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. സമാധിയുടെ സ്വരൂപം, അതിന്റെ വിഭാഗങ്ങളും അവാന്തരവിഭാഗങ്ങളും, അവയുടെ ലക്ഷണങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗമാണ് സമാധി പാദം. സാധനാ പാദത്തില്‍ സമാധി പ്രാപ്തമാക്കുവാനുള്ള വ്യത്യസ്തങ്ങളായ സാധനകളാണ് വിശദീകരിച്ചിരിക്കുന്നത്. യോഗത്തിന്റെ അന്തരംഗ സാധനകളായ ധാരണ, ധ്യാനം, സമാധി എന്നിവയെപ്പറ്റിയാണ് വിഭൂതി പാദത്തിലുള്ളത്. സാധനകളാല്‍ സിദ്ധി ലഭിക്കുന്ന യോഗിക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും യോഗയുടെ ആത്യന്തികലക്ഷ്യമായ കൈവല്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് അവസാനത്തെ കൈവല്യപാദം. ഹൈന്ദവ വേദസംഹിതകളുടെ വെളിച്ചത്തിലുള്ള ഈശ്വരസാക്ഷാത്കാരത്തിനായി പതജ്ഞലിമുനി നിര്‍ദേശിക്കുന്ന സാധനകളാണ് യോഗസൂക്തങ്ങളിലുള്ളതെന്ന് സാരം. യമം, നിയമം, ആസനം, പ്രാണയാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെയുള്ള എട്ട് അംഗങ്ങളിലൂടെ കടന്നുവന്ന് കൈവല്യത്തിലെത്തിക്കുകയാണ് യോഗാഭ്യാസങ്ങളുടെ ലക്ഷ്യമെന്ന് യോഗസൂത്രങ്ങള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. യോഗ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് പറയുന്നവര്‍ പതജ്ഞലിയുടെ യോഗസൂത്രങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ്. ഈശ്വരസാക്ഷാത്കാരത്തിന് വേദങ്ങളുടെ വെളിച്ചത്തില്‍ നിര്‍ധരിക്കപ്പെട്ട സാധനകള്‍ എങ്ങനെയാണ് ഹിന്ദുമതത്തിന്റെ ഭാഗമാവാതിരിക്കുക?! പതജ്ഞലിയും പിന്‍ഗാമികളും നിര്‍ദേശിച്ച ചിട്ടയില്‍ പ്രസ്തുത സാധനകളനുഷ്ഠിക്കുവാന്‍ വേദസംഹിതകളുടെ ശ്രുതിപ്രാമാണ്യത്തില്‍ അടിയുറച്ചുവിശ്വസിക്കുന്നവര്‍ക്കേ കഴിയൂവെന്നുറപ്പാണ്. യോഗപരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹിന്ദുത്വസര്‍ക്കാര്‍ ശഠിക്കുന്നതുമൂലം ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷനൂലിഴകള്‍ പൊട്ടുകയാണുണ്ടാവുകയെന്ന് നാടിനെ സ്‌നേഹിക്കുന്നവര്‍ പറയുന്നത് അതുകൊണ്ടാണ്. ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്നതാണ് യോഗാസനങ്ങളെന്ന വാദത്തെപ്പോലെത്തന്നെ അവയുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്യുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. യോഗയുടെ ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പഠനങ്ങളില്‍ പലതും അതിശയോക്തിപരവും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടാത്തവയുമാണെന്ന വാദവുമുണ്ട്. യോഗ പരിശീലിക്കുന്നവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എക്‌സര്‍സൈസ് നടത്തിയ പഠനങ്ങള്‍ ഹൃദയത്തിന് യോഗകൊണ്ട് കാര്യമാത്രപ്രസക്തമായ ഗുണങ്ങളൊന്നുമില്ലെന്നാണ് വ്യക്തമാക്കിയത്. നട്ടെല്ലിനും ഡിസ്‌കിനും തകരാറു വരുത്തുന്നതാണ് പല യോഗാസനങ്ങളെന്നും മുട്ടുമടക്കി പിറകോട്ടിരിക്കുന്ന ആസനങ്ങളാല്‍ മെനിസ്‌കസ് കാര്‍ട്ടിലേജ് ക്ഷതങ്ങളുണ്ടാകാമെന്നും വിമര്‍ശനങ്ങളുണ്ട്. കഴുത്തിന് ആയാസമുണ്ടാക്കുന്ന ശീര്‍ഷാസന സമയത്ത് തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദം വര്‍ധിക്കും എന്നതിനാല്‍ അത് അപകടകരമാവാമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2004 മുതല്‍ 2008 വരെയുള്ള കാലയളവില്‍ യോഗയുമായി ബന്ധപ്പെട്ട് പതിനായിരത്തോളം ക്ഷതക്കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അമേരിക്കന്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പറയുന്നു. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത വ്യായാമങ്ങളാണ് യോഗയിലുള്ളതെന്ന് കരുതുന്നവര്‍ക്ക് അതില്‍നിന്ന് മാറിനില്‍ക്കാന്‍ അനുവാദം നല്‍കാതെ നിര്‍ബന്ധിതമായി അത് അടിച്ചേല്‍പിക്കുന്നത് ഫാഷിസമല്ലെങ്കില്‍ മറ്റെന്താണ്?! ഇനി ഒരു വ്യായാമമെന്ന നിലയ്ക്ക് യോഗയുടെ നന്മകള്‍ അംഗീകരിച്ചാല്‍തന്നെ അത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധിതമായി നടപ്പിലാക്കാനുള്ള നീക്കത്തിനുപിന്നിലുള്ള ഹിന്ദുത്വ അജണ്ട അതുമൂലം ഇല്ലാതാകുന്നില്ല എന്നതല്ലേ വാസ്തവം? ഭാവി തലമുറയുടെ ആരോഗ്യസുരക്ഷയെന്നതിനേക്കാളധികം ഭാരതീയപൈതൃകത്തിന്റെ വ്യായാമമുറകളിലേക്കുള്ള തിരിച്ചുപോക്കാണ് ഈ ഉദ്യമം ലക്ഷ്യമാക്കുന്നതെന്ന, ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ഹിന്ദുത്വ സംഘടനാ പ്രതിനിധികളുടെ അഭിപ്രായപ്രകടനങ്ങള്‍ ഇതിന്റെ അപകടം വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഇന്‍ഡ്യയിലെ സാധാരണക്കാരുടെ വ്യായമമായി ചരിത്രത്തിലെവിടെയും യോഗ നിലനിന്നിട്ടില്ലയെന്നതാണ് വാസ്തവം. 195 സൂത്രങ്ങളിലായി പതജ്ഞലി മുനി അവതരിപ്പിക്കുന്ന അഷ്ടാംഗയോഗം കേവലം സന്യാസിമഠങ്ങളില്‍ മാത്രമാണ് അനുഷ്ഠിക്കപ്പെട്ടുപോന്നിരുന്നതെന്നാണ് മനസ്സിലാകുന്നത്. രാജാക്കന്‍മാര്‍പോലും പൗരാണിക ഭാരതത്തില്‍ യോഗ അനുഷ്ഠിച്ചിരുന്നതായി വ്യക്തമാക്കുന്ന രേഖകളൊന്നുമില്ല. ക്രിസ്താബ്ദം പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഗോരക്ഷാനന്ദ യോഗിയാണ് യോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന പ്രഥമ വ്യക്തി. അദ്ദേഹത്തിന്റെ ഗോരക്ഷസംഹിത, സിദ്ധാസിദ്ധാന്തപദ്ധതി, ഗോരക്ഷതക, യോഗമാര്‍തന്‍ദ, യോഗചിന്താമണി എന്നീ ഗ്രന്ഥങ്ങളിലാണ് ഇന്നു പ്രചരിക്കുന്ന യോഗാസനമുറകളെക്കുറിച്ച പ്രാഥമിക പരാമര്‍ശങ്ങളുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സ്വത്മരാമയോഗിയുടെ ഹഠയോഗപ്രദീപിക, പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഘേരന്ദയോഗിയുടെ ഘേരന്ദ സംഹിത, പതിനേഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ശിവസംഹിത എന്നീഗ്രന്ഥങ്ങളിലാണ് ഹംയോഗമുറകളിലധികവും വിവരിക്കപ്പെട്ടിരിക്കുന്നത്. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച തിരുമലൈ കൃഷ്ണമാചാര്യയാണ് യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമായി അവതരിപ്പിക്കുകയും ചെയ്തത്. മൈസൂര്‍ രാജാവായിരുന്ന കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച് കൃഷ്ണമാചാര്യയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തതോടെയാണ് യോഗക്ക് ഔദ്യോഗിക സ്വരമുണ്ടാവുകയും സന്യാസിവ്യായാമത്തില്‍നിന്ന് ജനകീയവ്യായാമമായിത്തീരുന്നതിന്റെ പ്രഥമ പടി കടക്കുകയും ചെയ്തത്. കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി. കെ. എസ് അയ്യങ്കാര്‍, മകന്‍ ടി.കെ.വി ദേശികാചാര്‍, ശിഷ്യന്‍ കെ.പട്ടാഭി ജോയിസ് എന്നിവരാണ് യോഗയെ വിദേശത്ത് എത്തിക്കുകയും പാശ്ചാത്യനാടുകളില്‍ അതിന് പ്രചാരം നല്‍കുകയും ചെയ്തത്. ഇന്നുകാണുന്ന രീതിയില്‍ യോഗാസനങ്ങള്‍ക്ക് പ്രചാരം കിട്ടിയിട്ട് ഒരു നൂറ്റാണ്ടുമാത്രമേ ആയിട്ടുള്ളുവെന്നും പൗരാണിക ഭാരതത്തില്‍ സാധാരണക്കാരുടെ വ്യായാമമായി ഒരിക്കലും യോഗ നിലനിന്നിട്ടില്ലെന്നുമാണ് ഇവ വ്യക്തമാക്കുന്നത്. യോഗാസനങ്ങളിലെ നന്മകളെയെല്ലാം നിഷേധിക്കാനോ അവകൊണ്ട് യാതൊരുവിധ ഉപകാരവുമില്ലെന്ന് സ്ഥാപിക്കാനോ വേണ്ടിയല്ല ഇത് എഴുതുന്നത്. മതത്തിന്റെ അടിത്തറയില്‍ വളര്‍ന്നുവന്ന വ്യത്യസ്ത വൈജ്ഞാനിക ശാഖകള്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്. അവയില്‍ ചിലവ ജനങ്ങള്‍ക്ക് ഏറെ നന്മകള്‍ പ്രദാനം ചെയ്തിട്ടുമുണ്ട്. അഥര്‍വവേദത്തിന്റെ ഉപവേദമായി വളര്‍ന്നുവന്ന ആയുര്‍വേദം ഉദാഹരണം. മതച്ഛായയോടുകൂടി വളര്‍ന്നുവന്നതാണെങ്കിലും ആളുകള്‍ക്ക് ഏറെ ഉപകാരമുണ്ടാക്കിയ ഒരു വൈദ്യസമ്പ്രദായമാണിത്. അതിലെ മതാംശം പരിഗണിക്കാതെ ചികിത്സാശാസ്ത്രമെന്ന നിലയ്ക്ക് ആയുര്‍വേദത്തെ അംഗീകരിക്കുന്നവരാണ് മുസ്‌ലിംകളടക്കമുള്ള സകല ഭാരതീയരും. മതത്തിന്റെ തണലിലും അടിത്തറയിലും വളര്‍ന്നുവന്നതാണ് എന്ന വസ്തുത ആയുര്‍വേദത്തിന്റെ നന്മകളെ അംഗീകരിക്കുന്നതിന് ആര്‍ക്കും തടസ്സമായിട്ടില്ല. യോഗയുടെ സ്ഥിതിയും തഥൈവ. എന്നാല്‍, യോഗയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരുതരം സാംസ്‌കാരിക അധിനിവേശത്തിന് സംഘ് പരിവാരവും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ അതിന്റെ പിന്നിലുള്ള ‘ഉദ്ദേശ്യശുദ്ധി’ ആര്‍ക്കും മനസ്സിലാക്കാനാവും. മതനിരപേക്ഷ ഭാരതത്തെ തകര്‍ത്ത് മതാധിഷ്ഠിത സാമൂഹികഘടന-കൃത്യമായി പറഞ്ഞാല്‍ വര്‍ണാശ്രമ വ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹ്യസംവിധാനം-സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള തത്രപ്പാടുകളായേ യോഗനിര്‍ബന്ധീകരണത്തെപ്പോലെയുള്ള നടപടികളെ കാണാനാവൂ. ഇന്‍ഡ്യയുടെ ആത്മാവിനെ തകര്‍ക്കുന്ന ഇത്തരം നടപടികളെ തോല്‍പിക്കേണ്ടത് നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരുടെയും കടമയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

Monday, 9 March 2015

നമ്മുടെ മക്കള്‍ എങ്ങനെ പഠിക്കണം?

''എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്''. അബൂഹുറയ്‌റ(്യ) നിവേദനം ചെയ്ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീഥ്. ഇസ്‌ലാമാണ് പ്രകൃതിമതമെന്നും മാതാപിതാക്കളും സാഹചര്യങ്ങളുമാണ് മനുഷ്യരെ പ്രകൃതിപൂജകരും ബഹുദൈവാരാധകരുമാക്കിത്തീര്‍ക്കുന്നതെന്നും വ്യക്തമാക്കുന്ന നബിവചനം. ജന്മപാപമെന്ന ക്രൈസ്തവ മിഥ്യയെ തകര്‍ക്കുന്ന തിരുമൊഴി. ഇതിനെല്ലാം അപ്പുറത്ത്, കുട്ടിയുടെ സ്വഭാവരൂപീകരണത്തിലും വിശ്വാസദൃഢീകരണത്തിലും മാതാപിതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതല്ലേ ഈ പ്രവാചകാധ്യാപനം? വിദ്യാലയങ്ങള്‍ തുറക്കുകയും കുട്ടികളെല്ലാം പള്ളിക്കുടങ്ങള്‍ക്കനുസരിച്ച് മെരുങ്ങുകയും ചെയ്തുകഴിഞ്ഞ ഈ അവസരത്തില്‍ പ്രസിദ്ധമായ ഈ നബിവചനത്തിന്റെ അത്തരമൊരു പരിപ്രേക്ഷ്യമുള്ള അവലോകനവും പഠനവും അനിവാര്യമാണെന്ന് തോന്നുന്നു. 
കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാ-ണ് മൂന്നുവയസ്സുവരെ-യുള്ള പ്രായമെന്ന് അ-റിയാവുന്ന എത്ര മാ-താപിതാക്കളുണ്ട് നമു-ക്കിടയില്‍? ഈ പ്രായത്തിലാണ് തനി-ക്കു ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച കൃത്യമായ അടിസ്ഥാന വിവര-ങ്ങള്‍ കുട്ടി ശേഖരിക്കുന്നത്. ബോധപൂര്‍വമല്ലാതെ നടക്കുന്ന ഈ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന കാര്യങ്ങളെയെല്ലാം മനുഷ്യന്‍ വിലയിരുത്തു ന്നത്. മനുഷ്യമസ്തിഷ്‌കത്തെ ഒരു കംപ്യൂട്ടറിനോട് ഉപമിക്കാമെങ്കില്‍ ജനിക്കുമ്പോള്‍ അവന് ലഭിക്കുന്നത് കേവലം ഹാര്‍ഡ്‌വെയര്‍ മാത്രമാണ്. ആദ്യത്തെ മൂന്നുവയസ്സിനുള്ളിലാണ് പ്രസ്തുത ഹാര്‍ഡ്‌വെയറിനകത്തെ പ്രോഗ്രാമിംഗ് രൂപപ്പെ-ടുന്നത്. തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച കേവലവിവരം മാത്രമല്ല; പ്രസ്തുത ലോകത്ത് തന്റെ സ്ഥാനമെന്താണെന്നും ആ സ്ഥാനത്തിനനുസരിച്ച് താന്‍ എങ്ങനെ പ്രതികരിക്കണമെന്നു-മെല്ലാമുള്ള 'അറിവുകള്‍' അവന്‍ അറിയാതെത്തന്നെ ഈ പ്രായത്തിനുള്ളില്‍ അവന്റെ തലച്ചോറ് സ്വാംശീകരിച്ചിരിക്കും. ഈ അറിവിന്റെ അടിസ്ഥാനത്തിലേ പിന്നെയവന് ലോകത്തെ കാണാനാവൂ. മാതാവിന്റെ മടിത്തട്ടാണ് ഈ അറിവിനാവശ്യമായ അടിത്തറയൊരുക്കുന്നത്. മുലപ്പാലിനോടൊപ്പം താന്‍ എന്താണെ-ന്നും എങ്ങനെയാവണമെന്നുമുള്ള വിവരങ്ങള്‍ കൂടി മാതാവിന്റെ മടിത്തട്ടില്‍നിന്ന് അവന്‍ നേടിയെടുക്കുന്നു. 'വിഡ്ഢിപ്പെട്ടി'കൡലെ ക്രിമിനല്‍ കാഴ്ചകളും കലാപങ്ങളും കണ്ടുവളരുന്ന കുട്ടി സാമൂഹ്യദ്രോഹിയാകുന്നുവെങ്കില്‍ അതിന് അവനെ മാത്രം കുറ്റം പറയുന്നതൂകൊണ്ട് കാര്യമൊന്നുമില്ല. നടേ പറഞ്ഞ പ്രവാചക വചനത്തിന്റെ വരുതിയില്‍ സാമൂഹ്യദ്രോഹികളെയും ക്രിമിനലുകളെയും അടയിരുന്ന് ജനിപ്പിക്കുന്ന മാതാപിതാ-ക്കള്‍കൂടി വരുന്നില്ലേയെന്ന് നാം ചിന്തിക്കണം.
ബോധപൂര്‍വം കാര്യങ്ങളെക്കുറിച്ച അറിവ് സമ്പാദിക്കുന്നത് മൂന്നു മുതല്‍ ആറുവരെ വയസ്സുകള്‍ക്കിടയിലാണ്. ഈ സമയത്താണ് നാം അവരെ സ്‌കൂളിലേക്കയക്കുന്നത്.
നല്ല സ്‌കൂളുകളില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കണമെന്ന് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുകയും വേണം. എന്നാല്‍ നല്ല സ്‌കൂളിന്റെ നിര്‍വചനമെന്താണ്? ഭാഷയും ഗണിതവും ശാസ്ത്രവും നന്നായി ൈകകാര്യം ചെയ്യുന്ന അധ്യാപകരുടെ ശിക്ഷണത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ വളരണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ തന്നെ ഇസ്‌ലാമികമായ സംസ്‌കാരവും മുസ്‌ലിമാണെന്നതില്‍ ഔന്നത്യബോധം നല്‍കുന്നതുമായ ഒരു വിദ്യാഭ്യാസാന്തരീക്ഷത്തിലായിരിക്കണം അവരുടെ വളര്‍ച്ചയെ-ന്നുകൂടി നാം ആഗ്രഹിക്കേണ്ടതല്ലേ? ബഹുദൈവാ-രാധനയോട് ബഹുമാനവും ഇസ്‌ലാമികമൂല്യങ്ങളോട് വെറുപ്പും മുസ്‌ലിമാ-ണെന്നതില്‍ പതിതബോധവും സൃഷ്ടിക്കുന്ന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എത്ര നന്നായി ഭാഷാപഠനവും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും പകര്‍ന്നു നല്‍കുന്നു-ണ്ടെങ്കിലും അവിടേക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയക്കു-ന്നവര്‍കൂടി നടേ പറഞ്ഞ ഹദീഥിലെ മാതാപിതാക്കളുടെ വരുതിയിലല്ലേയെന്ന് നാം ആലോചിക്കണം.
അടിസ്ഥാനപരമായി വിദ്യാഭ്യാസത്തെക്കുറിച്ച നമ്മുടെ കാഴ്ച-പ്പാടുതന്നെ മാറേണ്ടതുണ്ട്. ഭിഷഗ്വരനെയും സാങ്കേതിക വിദഗ്ധനെയും ഉദ്യോഗസ്ഥനെയുമെല്ലാം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മമെന്ന പൊതുധാരണയ്ക്കനുസരിച്ച് ചിന്തിക്കേണ്ടവനല്ല മുസ്‌ലിം. മനുഷ്യനെ വളര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മം. കേവല ശരീരമല്ല മനുഷ്യനെന്നും അവനെ അവനാക്കുന്നത് ആത്മാവാണെന്നും മനസ്സിലാക്കു-വാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആത്മീയമായ ഔന്നത്യ-ത്തിന് ഖൂര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്നതല്ലാത്ത മറ്റെ-ന്തെങ്കിലും മാര്‍ഗമുണ്ടെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ മനുഷ്യാസ്തിത്വത്തിന്റെ പൂര്‍ണ വളര്‍ച്ചയ്ക്ക് ഇസ്‌ലാമികമൂല്യങ്ങള്‍ പാലിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ തന്നെ വിദ്യ അഭ്യസിപ്പിക്കപ്പെടണം. പ്രസ്തുത അന്തരീക്ഷം വീടുകളില്‍ സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയണം. ഇസ്‌ലാമികമൂല്യങ്ങളുള്‍ക്കൊ-ള്ളുന്ന അന്തരീക്ഷത്തിലിരുന്ന് ഭാഷയും ശാസ്ത്രവും ഗണിതവു-മെല്ലാം ഏറ്റവും നന്നായിത്തന്നെ പഠിപ്പിക്കപ്പെടുന്നവരാ-യിത്തീരണം നമ്മുടെ മക്കള്‍. അത്തരത്തിലുള്ള അന്തരീക്ഷമുള്ള സ്ഥാപനങ്ങള്‍ ഉണ്ടായി വരണം. എങ്കില്‍ മാത്രമെ ജൂത-ക്രൈസ്തവരുടെ പതിതാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

നന്മയുടെ വക്താക്കളാവുക

മാഞ്ചസ്റ്ററിലെ 'മ്യൂസിയം ഓഫ് സയന്‍സ് ആന്റ് ഇന്‍ടസ്ട്രി'യില്‍ ഇപ്പോള്‍ ഒരു പ്രത്യേക പവലിയനുണ്ട്.  “1001-INVENTIONS-MUSLIM HERITAGE IN OUR WORLD” എന്നാണ് പവലിയന്റെ പേര്. “FOUNDATION FOR SCIENCE, TECHNOLOGY AND CIVILISATION” എന്ന സംഘടനയാണ് പവലിയന്റെ സംഘാടകര്‍. യൂറോപ്പും പാശ്ചാത്യലോകവും ഇരുട്ടില്‍ തപ്പിയിരുന്ന കാലത്ത് മുസ്‌ലിം ലോകം നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുന്നതാണ് പവലിയന്‍. സുന്ദരവും ശാസ്ത്രീയവുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പവലിയന്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. മുസ്‌ലിംകളല്ലാത്ത നിരവധിപേര്‍ പവലിയന്‍ സന്ദര്‍ശിക്കുകയും ശാസ്ത്രചരിത്രത്തിലെവിടെയും അവര്‍ കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍ കണ്ട് അത്ഭുതം കൂറുകയും ചെയ്യുന്നുണ്ട്. ഭീകരരും അപരിഷ്‌കൃതരുമായി പരിചയപ്പെടുത്തപ്പെടുന്ന മുസ്‌ലിം ലോകത്തിന് ഇങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നുവെന്ന് അറിയുന്നതുതന്നെ യൂറോപ്യന്‍മാര്‍ക്ക് അത്ഭുതകരമാണ്. പരിശുദ്ധ ഖുര്‍ആനിന്റെ അഹ്വാനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് മുസ്‌ലിംലോകം ശാസ്ത്രീയമായ ഗവേഷണ ങ്ങള്‍ നടത്തിയതെന്ന് അറിയുമ്പോള്‍ ഖുര്‍ആനിനെക്കുറിച്ച് പഠിക്കു-വാനും മനസ്സിലാക്കുവാനുമുള്ള ത്വര അവരുടെ കണ്ണുകളില്‍ കാണാനാവും. പ്രസിദ്ധമായ മ്യൂസിയം ഓഫ് സയന്‍സ് ആന്റ് ഇന്‍ടസ്ട്രിയിലാണ് ഇത് സ്ഥാപിക്ക-പ്പെട്ടിരിക്കുന്നത് എന്നതി-നാല്‍ തന്നെ പറഞ്ഞിരി-ക്കുന്ന കാര്യങ്ങളുടെ വിശ്വസനീയ-തയില്‍ സംശയിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ.
മുസ്‌ലിംകള്‍ പ്രാകൃതരും ആധുനിക സമൂഹത്തില്‍ ജീവിക്കുവാന്‍ കൊള്ളരുതാത്തവരുമാണ് എന്ന പ്രചരണങ്ങള്‍ ശക്തമായി-ക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്ന-തെന്ന് ഏറെ ശ്രദ്ധേയമാണ്. മുസ്‌ലിംലോകം ഉല്‍പാദിപ്പി-ക്കുന്നത് ഭീകരവാദികളെ മാത്രമാണെന്ന പാശ്ചാത്യ മീഡിയയുടെ പ്രചാരണങ്ങള്‍ക്ക് ശക്തവും സൃഷ്ടിപരവുമായ മറുപടിയാണ് ഈ പ്രദര്‍ശനം. ഇംഗ്ലണ്ടിലുള്ള വ്യത്യസ്ത യൂനിവേഴ്‌സിറ്റികളിലെ ശാസ്ത്രാധ്യാപകരുടെയും ശാസ്ത്ര-ചരിത്ര ഗവേഷകരുടെയും സേവനവും സഹായവും സ്വീകരിച്ചുകൊണ്ട് സംവിധാനിച്ച ഈ പ്രദര്‍ശനം അതിന്റെ സാങ്കേതിക മികവുകൊണ്ടും സംവേദനക്ഷമതകൊണ്ടും കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും മുസ്‌ലിം ലോകത്തിന്റെ സംഭാവനകള്‍ അംഗീകരിക്കാതിരിക്കാന്‍ അവര്‍ക്ക് സാധ്യമല്ലാത്തവിധം അക്കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, മുസ്‌ലിംകളെ അപകര്‍ഷതാബോധത്തില്‍ നിന്ന് കരകയറ്റുകയും തങ്ങളുടെ ഭൂതകാലത്തുണ്ടായിരുന്ന ഉജ്വല പാരമ്പര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ഖുര്‍ആനിന്റെ സന്ദേശം മുറുകെപിടിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച അറിവും ഖുര്‍ആനിന്റെ ഉജ്വ ലതയെക്കുറിച്ച ബോധ്യവും നല്‍കുന്നുണ്ട് ഈ പ്രദര്‍ശനം.
മുസ്‌ലിംകളെ വികൃതവല്‍ക്കരിക്കുവാന്‍ വേണ്ടിയുള്ള ശത്രുക്കളുടെ പരിശ്രമങ്ങ ള്‍ക്ക് തെളിവു നല്‍കുന്ന രൂപത്തിലുള്ള മുസ്‌ലിം പ്രതികരണങ്ങള്‍ക്ക് നടുവില്‍ തികച്ചും സൃഷ്ടിപരവും മുസ്‌ലിംകള്‍ക്ക് ഔന്നത്യബോധവും അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനുള്ള പ്രചോദനം നല്‍കുന്ന-തുമായ ഇത്തരം പരി പാടികള്‍ മാതൃകാപരവും വേറിട്ടു നില്‍ക്കുന്നതുമാണ്. ഡെന്‍മാര്‍ക്കില്‍ കാര്‍ട്ടൂണ്‍ പ്രശ്‌നമുണ്ടാ-യപ്പോള്‍ തങ്ങളനുഭവിക്കുന്ന ആദര്‍ശപരവും സാമൂഹികവുമായ പീഡ നങ്ങള്‍ക്ക് നടുവിലും പ്രവാചകനെ(ല)ക്കുറിച്ച് ഡാനിഷ് പുസ്തകം പുറത്തിറക്കി സൗജന്യമായി സകല വീടുക-ളിലുമെത്തിച്ചുകൊടുത്ത് മാതൃക കാണിച്ച അവിടെയുള്ള മുസ്‌ലിംകള്‍ സ്വീകരിച്ച മാര്‍ഗവും ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്. മുസ്‌ലിംകളെ പ്രകോപിപ്പിക്കുവാനും ഇരകളാക്കിത്തീര്‍ക്കുവാനും വേണ്ടിയുള്ള സമര്‍ഥമായ കെണികളൊരുക്കുന്നവരുടെ മുമ്പില്‍ ഈ 'ഈ കെണികളില്‍ വീഴുന്നവരല്ല തങ്ങള്‍' എന്ന് തെളിയിച്ചുകൊടുക്കേണ്ടവരാണ് മുസ്‌ലിംകള്‍. മുസ്‌ലിം ലോകത്ത് ഉയര്‍ന്നു കാണുന്ന സൃഷ്ടിപരവും പ്രബോധന പ്രധാനവുമായ മുന്നേറ്റങ്ങള്‍ കാണുമ്പോള്‍ മുസ്‌ലിംകള്‍ ശത്രുവിനെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുമെന്ന് മനസ്സിലാവുന്നു. ഏത് പ്രതികൂലമായ കാലാവസ്ഥയെയും പ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മുസ്‌ലിംകളില്‍ ചിലരുടെ കാല്‍വെപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രബോധ-നമാണ് തങ്ങളുടെ ദൗത്യമെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസ്തുത കാല്‍വെപ്പുകളുണ്ടാവുന്നത്. മുഹമ്മദ് നബി(ല)യുടെ മാതൃകയുള്‍ക്കൊള്ളുന്നവര്‍ ചെയ്യേണ്ടത് ഏത് അവസരങ്ങളെയും ഇസ്‌ലാം മറ്റുള്ളവര്‍ക്ക് എത്തിക്കുവാനുള്ള മാര്‍ഗമാക്കിത്തീ-ര്‍ക്കുകയാണ്. ബൗദ്ധികവും വിഭവപരവുമായി ഏറെ മുന്നിലുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന് ഈ രൂപത്തിലുള്ള പ്രബോധന സംരംഭങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയണം. ഇസ്‌ലാമിനെ തമസ്‌കരിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് നാം മറുപടി പറയേണ്ടത് അങ്ങനെയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).